Current Date

Search
Close this search box.
Search
Close this search box.

ട്രംപ് ഇപ്പോൾ ഒരു നാട്ടക്കുറിയാണ്

“ഇന്നലെ മാത്രം നാലായിരം പേരാണ് അമേരിക്കയിൽ കൊറോണ കാരണം മരണപ്പെട്ടത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ സംഖ്യ എന്ന് പറയാം . അതെ സമയം ജോലി ഇല്ലാത്ത യുവാക്കളുടെ എണ്ണം വർധിച്ചു വരുന്നു. ഇതാണ് ട്രംപ് യുഗത്തിന്റെ ബാക്കിപത്രം. അത് തന്നെയാകും ബൈഡൻ യുഗത്തിന്റെ പ്രതീക്ഷയും”,. ബി ബി സി നോർത്ത് അമേരികൻ എഡിറ്റർ ജോണ് സോപൽ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനു ഇനി പ്രസിഡന്റ് കസേരയിൽ അവശേഷിക്കുന്നത് പന്ത്രണ്ട് ദിവസം മാത്രം. പക്ഷെ അതിനെ “ നീണ്ട പന്ത്രണ്ടു ദിനങ്ങൾ” എന്നാണ് ബി ബി സി വിശേഷിപ്പിച്ചത്‌. ട്രംപ് മാന്യമായി രാജിവെച്ചു പോകുക അല്ലെങ്കിൽ “ ഇംപീച്” ചെയ്യുക എന്നതാണ് കോണ്ഗ്രസ് സ്പീക്കർ നാൻസി പെലോസി മുന്നോട്ടു വെക്കുന്ന പരിഹാര മാർഗം. കഴിഞ്ഞ ദിവസം ഉണ്ടായ അനിഷ്ട സംഭവങ്ങൾ കാരണം ട്രംപ് ‌ ക്യാമ്പിൽ നിന്നും ഒരു പാട് പേർ രാജി വെച്ച് പുറത്തു പോയിട്ടുണ്ട്. ട്രംപിനെ പുറത്താക്കണം എന്ന കാര്യത്തിൽ ചില റിപബ്ലിക് നേതാക്കളും യോജിക്കുന്നു എന്നാണ് അമേരിക്കൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് തുടരുകയാണെങ്കിൽ റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ രാജിവെക്കുമെന്ന്അലസ്ക സെനറ്റർ Lisa Murkowski തുറന്നടിച്ചു. താൻ അമേരിക്കൻ പ്രസിഡന്റ് പദവിക്ക് യോജിക്കാത്തയാളാണ് എന്ന് ട്രംപ് തെളിയിച്ചു എന്നതാണ് ഉന്നയിക്കപ്പെടുന്ന ആരോപണം.

മറ്റൊരു ഗുരുതര വിഷയം കൂടി സ്പീക്കർ പെലോസി മുന്നോട്ട് വെക്കുന്നു. അമേരിക്കൻ നിയമ പ്രകാരം സൈന്യത്തിന്റെ ഉത്തരവാദിത്തവും ന്യൂക്ലിയർ ആയുധങ്ങളും പ്രസിടന്റിന്റെ നിയന്ത്രണത്തിലാണ്. അത് രണ്ടും നിയന്ത്രിക്കാൻ കഴിയാത്ത ആളാണ്‌ ട്രംപ് . ഈ വിഷയം അവർ സംയുക്ത സേനാ മേധാവി മാർക്ക്‌ മില്ലരുമായി സംസാരിച്ചിരുന്നു. അധികാരം നഷ്ടമാകുന്നു എന്ന കാരണത്താൽ സ്വന്തം നാട്ടിൽ തന്നെ കലാപത്തിനു ആഹ്വാനം ചെയ്ത ഒരു പ്രസിഡന്റ് ഭാവിയിൽ എന്തെല്ലാം ചെയ്യില്ല എന്ന ആശങ്കയിലാണ് അമേരിക്കൻ ജനത. അതെ സമയം പെന്റഗണിനെ കൊണ്ട് കോണ്ഗ്രസ്സിന്റെ പണി ചെയ്യിക്കാൻ നോക്കരുത് എന്ന രീതിയിലാണ് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം എന്ന് ന്യൂയോർക്ക് ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നു. “ ട്രംപ് ‌ ഇപ്പോഴും സൈന്യത്തിന്റെ comendar in chief ആണ്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കിയില്ലെങ്കിൽ സൈന്യത്തിന് അദ്ദേഹത്തിന്റെ നിയമപരമല്ലാത്ത കൽപ്പനകളും കേൾക്കേണ്ടി വരും. പ്രസിഡന്റിന്റെ കൽപ്പനകൾ നിഷേധിക്കുക എന്നത് അമേരിക്കൻ നിയമ പ്രകാരം കുറ്റകരമാണ്. അത് മറ്റൊരു സൈനിക അട്ടിമറിയായും വിലയിരുത്തപ്പെടും” . ഇതാണ് സൈന്യം കൈകൊണ്ട നിലപാട്.

നിലവിലുള്ള പ്രസിഡന്റ് രാജി വെക്കുകയോ മരിക്കുകയോ അല്ലെകിൽ അദ്ദേഹത്തെ മാറ്റേണ്ട അവസ്ഥ വന്നാലോ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുക്കാൻ അമേരിക്കൻ ഭരണ ഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി വൈസ് പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. ട്രംപിന്റെ കാര്യത്തിൽ അത് നടപ്പാക്കണം എന്ന് പറയുന്നവരും അമേരിക്കയിൽ വർധിച്ചു വരുന്നു. അതെ സമയം ഇമ്പീച്ച്മെന്റ് എന്ന ആശയവുമായി കോണ്ഗ്രസ് മുന്നോട്ടു പോകുന്ന സമയത്ത് അത്തരം ധൃതി പിടിച്ച നിലപാടുകൾ വേണ്ടെന്നു പറയുന്നവരുമുണ്ട്‌. അതെ സമയം എന്തും കോണ്ഗ്രസ് തീരുമാനിക്കട്ടെ എന്നാണ് നിയുക്ത പ്രസിഡന്റ് പറയുന്നത്. Capitol Hill ലേക്ക് നടന്ന ആക്രമസക്തമായ പ്രതിഷേധം ട്രംപും തള്ളിപ്പറഞ്ഞിട്ടുണ്ട്. “ അക്രമികൾ നമ്മുടെ നാടിനെ പ്രതിനിധീകരിക്കുന്നില്ല” എന്ന ഒഴുക്കൻ പ്രസതാവന അമേരിക്കൻ ജനത വിശ്വസിച്ചു എന്ന് പറയാൻ കഴിയില്ല. അടുത്ത പ്രസിഡന്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു ഉണ്ടാവില്ല എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെ വന്നാൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ പുതിയ ചരിത്രമായി അത് മാറും.

ട്രംപ് ‌ അമേരിക്കൻ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുന്ന ചിത്രമാണ്‌ ഇപ്പോൾ കണ്ടു വരുന്നത്. ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും സ്വയം പുറത്ത് പോയിരിക്കുന്നു. ലോക നേതാക്കൾ തന്നെ ആക്രമത്തെ ശക്തമായി അപലപിച്ചു എന്നത് ഒരർത്ഥത്തിൽ ട്രംപിന്റെ നേർക്കുള്ള പ്രതിഷേധംമായി അമേരിക്കൻ മാധ്യമങ്ങൾ രേഖപ്പെടുത്തുന്നു. ജനാധിപത്യത്തെ അക്രമം കൊണ്ട് തോൽപ്പിക്കാൻ കഴിയില്ല. ജനാധിപത്യം ജനത്തിന്റെ ഇച്ചയാണ് പ്രകടിപ്പിക്കുന്നത്. ആര് അധികാരത്തിൽ വന്നാലും പെട്ടെന്നൊന്നും അമേരിക്കൻ പോളിസികൾ മാറാൻ പോകുന്നില്ലെന്ന് ലോകം മനസ്സിലാക്കുന്നു. പക്ഷെ പ്രസിഡന്റ് എന്ന നിലയിൽ അമേരിക്കൻ പോളിസിക്ക് മേലെയായി ട്രംപ് സ്വയം കൊണ്ട് വന്ന പലതുമുണ്ട്. അക്കാര്യങ്ങളിൽ ഒരു മാറ്റം ലോകം പ്രതീക്ഷിക്കുന്നു. അധികാരമില്ലാത്ത അവസ്ഥ ട്രംപിനെ സംബന്ധിച്ചിടത്തോളം ഭയാനകമാണ്. കേസുകൾ തന്നെ പിടി കൂടുമോ എന്ന ചിന്ത ട്രംപിനെ അലട്ടുന്നുണ്ട് എന്നും പറയപ്പെടുന്നു. ഭാവിയിൽ ഒരിക്കൽ പോലും ട്രംപ് പ്രസിഡന്റ് സ്ഥാനത്തു വരില്ല എന്നുറപ്പാക്കണം എന്ന നിലയിലും ആളുകൾ പ്രതികരിക്കുന്നുണ്ട്.

Capitol Hill ലേക്ക് നടന്ന പ്രതിഷേധം റിപബ്ലിക് പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നത്രെ. അതിൽ ആക്രമികൾ കടന്നു കൂടി എന്നതാണ് വിശദീകരണം. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പതാക പ്രസ്തുത കൂട്ടായ്മയിലുണ്ടായിരുന്നു. അത് അമേരിക്കയിൽ ചർച്ചയായില്ലെങ്കിലും ഇന്ത്യയിൽ ചൂടേറിയ ചർച്ചക്ക് കാരണമായിട്ടുണ്ട്. ഇന്ത്യൻ പതാക വീശിയ വ്യക്തി ശശി തരൂറുമായി അടുത്ത ബന്ധമുള്ളയാൾ എന്ന രീതിയിലാണ്‌ സംഘ പരിവാർ ആ വിഷയത്തെ അവതരിപ്പിക്കുന്നത്‌. മുസ്ലിം വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയിലെ സംഘ പരിവാറിന്റെ സ്നേഹം പിടിച്ചു പറ്റാൻ ട്രംപിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേരിക്കൻ ഇന്ത്യക്കാരുടെ വോട്ടു സ്വരൂപിക്കാൻ ട്രംപ് മോഡിയുടെ സഹായം തേടിയ വിവരം ഒരു പരസ്യമായ കാര്യമാണ്. അതിലപ്പുറം മറ്റൊരു വായന കൂടി അതിനു സാധ്യമാണ്. മോഡി കാലത്ത് ഇന്ത്യയിൽ സംഘ പരിവാർ കൂടുതൽ ആക്രമണം കാണിക്കുന്നത് പോലെ ട്രംപ് കാലത്ത് അമേരിക്കയിലും കൃസ്ത്യൻ വലതു പക്ഷ തീവ്രത വർധിച്ചു വന്നിട്ടുണ്ട്. നമ്മുടെ കേരളത്തിൽ പോലും അടുത്തിടെ വർധിച്ചു വരുന്ന ഇസ്ലാമോഫോബിയയുടെ വേരുകൾ അമേരിക്കയിൽ കണ്ടെത്താം എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്‌.

അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിൽ സംഘ പരിവാർ കൂടുതൽ ശക്തമായി ഭരണത്തുടർച്ച നേടിയ കഥയാണ് ഇന്ത്യക്ക് പറയാനുള്ളത്. അതെ സമയം നാല് വര്ഷം കൊണ്ട് വംശീയ വാദിയായ പ്രസിഡന്റിനെ മുക്കിലിരുത്താൻ ആർജവം കാണിച്ചു എന്നതാണ് അമേരിക്കൻ ചരിത്രം. ആർക്കാണ് കൂടുതൽ ജനാധിപത്യ സംസ്കാരം എന്നതിനു ഇതിലും വലിയ തെളിവ് ആവശ്യം വരുന്നില്ല.

Related Articles