Columns

കുഞ്ഞു മനസ്സുകളിലും വര്‍ഗീയത കുത്തിവെക്കാന്‍ ശ്രമിക്കുന്നവര്‍

54 ബില്ല്യന്‍ വിറ്റുവരവുള്ള ഒരു British-Dutch company. തലസ്ഥാനം മുംബൈയില്‍. ലോകത്തിലെ 35ാളം പ്രമുഖ ബ്രാന്‍ഡുകള്‍ അവരുടെതായിട്ടുണ്ട്. ഇന്ത്യയില്‍ അവരുടെ ഉല്‍പ്പന്നമാണ് 65% ആളുകളും ഉപയോഗിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശ വാദം. ഇരുപതിനായിരത്തോളം ജോലിക്കാര്‍ നേരിട്ടും മൂന്നു ലക്ഷത്തോളം ആളുകള്‍ പരോക്ഷമായും കമ്പനിയെ ആശ്രയിച്ചു ജീവിക്കുന്നു എന്നും അവര്‍ അവകാശപ്പെടുന്നു. ഇന്ത്യക്ക് പുറമേ പാകിസ്ഥാനിലും ശ്രീലങ്കയിലും മറ്റു രാജ്യങ്ങളിലും അവര്‍ക്ക് ശാഖകളുണ്ട്. അന്താരാഷ്ട്ര മേഖലയില്‍ അവരുടേതായി നിരവധി പ്രമുഖ ഉല്‍പ്പന്നങ്ങളും നിലവിലുണ്ട്. കച്ചവടം മാത്രമാണ് അവരുടെ പ്രാഥമിക താല്‍പര്യം.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക എന്നതാണ് പരസ്യങ്ങളുടെ കാതല്‍. പലപ്പോഴും കമ്പനികള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ വിവാദ പരസ്യങ്ങള്‍ പുറത്തിറക്കും. അതു കൊണ്ട് കമ്പനികള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ പരസ്യമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മതം പോലെ കച്ചവട സാധ്യതയുള്ള മറ്റൊന്നുമില്ല എന്നത് ആദ്യം തിരിച്ചറിഞ്ഞതും കച്ചവടക്കാരാണ്. നാട്ടിലെ പല മത ആഘോഷങ്ങളും ആചാരങ്ങളും അവരുടെ വകയാണ്. നമ്മുടെ ഗ്രാമങ്ങളില്‍ പോലും പുതിയ മത ചിഹ്നങ്ങള്‍ രൂപപ്പെടുത്തുന്നത് കച്ചവടക്കാര്‍ തന്നെയാണ്. ഇനി മന:പൂര്‍വമല്ലാതെ പുറത്തിറക്കിയ പരസ്യം വിവാദമായാലും നേട്ടം അവര്‍ക്കുതന്നെ. യാതൊരു ചിലവുമില്ലാതെ പരസ്യം ലക്ഷക്കണക്കിന് ആളുകളിലേക്കെത്തും.

മതം പലര്‍ക്കും ഒരു വികാരം മാത്രമാണ്. ആ വികാരത്തെ മനസ്സിലാക്കാന്‍ കഴിയുന്നു എന്നിടത്താണ് പലപ്പോഴും രാഷ്ട്രീയക്കാരും കച്ചവടക്കാരും രക്ഷപ്പെടുന്നത്. സര്‍ഫ് എക്‌സല്‍ പുതിയ പരസ്യം കൊണ്ട് പറയാന്‍ ആഗ്രഹിക്കുന്നത് എത്ര വലിയ കറയും കളയാന്‍ അവരുടെ ഉത്്പ്പന്നതിനു കഴിയും എന്നത് തന്നെയാണ്. അത് പറയാനുള്ള ഒരു കാരണമാണ് ബാക്കി പരസ്യം. രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സ് എന്ന നല്ല വശത്തിനപ്പുറം അതില്‍ മത വികാരവും വര്‍ഗീയതയും കാണാന്‍ കഴിയുന്ന മനസ്സുകളുടെ ഇന്ത്യ എന്നതാണ് ഈ വിഷയത്തില്‍ നമ്മെ ഭയപ്പെടുത്തുന്ന കാര്യം. തന്റെ കൂട്ടുകാരന്റെ വസ്ത്രത്തില്‍ ചായം പുരളാതെ പള്ളിയില്‍ എത്തിക്കുക എന്ന നല്ല മനസ്സിനെ കാണാന്‍ കഴിയാത്ത വക്ര ബുദ്ധികള്‍ അതിലെ ‘ലവ് ജിഹാദിനെ’ കാണുന്നു. പ്രേമം എന്ന വാക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്ത മനസ്സുകളില്‍ വികലമായ വര്‍ഗീയത കുത്തി നിറക്കാന്‍ ആഗ്രഹിക്കുന്ന പലരും നാട്ടിലുണ്ടെന്ന തിരിച്ചറിവാണ് നല്ല മനുഷ്യര്‍ക്ക് ഈ വിവാദം നല്‍കേണ്ട പാഠം.

അയല്‍ വീടുകളിലെ കുട്ടികള്‍ തമ്മില്‍ സാഹോദര്യവും സൗഹൃദവും പാടില്ല എന്ന സന്ദേശവും വര്‍ഗീയ വാദികള്‍ സമൂഹത്തിനു നല്‍കുന്നു. വംശീയതയാണ് ഫാസിസത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഫാസിസവും അതില്‍ നിന്ന് മുക്തമല്ല. സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക എന്നത് മാത്രമല്ല അന്യന്റെ വിശ്വാസത്തെ അംഗീകരിക്കുക എന്നത് കൂടി വിശ്വാസത്തിന്റെ ഭാഗമാണ്. എന്നെ പോലെ അയാള്‍ക്കും അയാളുടെ മതവും വിശ്വാസവും ആചരിക്കാനും കൊണ്ട് നടക്കാനും അവകാശമുണ്ടെന്ന തിരിച്ചറിവ്. അതില്ല എന്നതാണു ഫാസിസം പറഞ്ഞു വരുന്നത്. തന്റെ കൂട്ടുകാരനെ സുരക്ഷിതമായി പള്ളിയില്‍ എത്താനുള്ള വഴി തേടുന്ന കൂട്ടുകാരിയുടെ ഉയര്‍ന്ന മനസ്സാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. കച്ചവടമാണ് ആവശ്യമെങ്കിലും അതിനു പിന്നിലെ വിശാല മനസ്സിനെ നാം കാണാതിരിക്കരുത്. വളര്‍ന്നു വരുന്ന തലമുറയെ നാം പഠിപ്പിക്കേണ്ടത് ഈ ഉയര്‍ന്ന വിശാലതയാണ്. പരസ്പരം ബഹുമാനിക്കുന്ന സംസ്‌കാരം.

മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് സംഘപരിവാര്‍ നിഘണ്ടുവില്‍ കാണാത്ത പദമാണ്. മറ്റുളളവരെ അവമതിക്കുക എന്നതാണു അവര്‍ പഠിപ്പിക്കുന്ന പാഠം. ആളുകള്‍ മനസ്സ് തുറന്നു ജീവിക്കാന്‍ മുതിര്‍ന്നാല്‍ തീരുന്നതാണ് സംഘ പരിവാര്‍ ആശയങ്ങള്‍. കുട്ടികളുടെ മനസ്സില്‍ പോലും അന്യ മത വിദ്വേഷം വളരണം എന്ന് ശഠിക്കുന്ന വിഭാഗത്തിന് ഒരു പരസ്യം പോലും അംഗീകരിക്കാന്‍ കഴിയില്ല.

പരസ്യത്തിലൂടെ നേടേണ്ട ലാഭം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നേടിയിരിക്കുന്നു. ഒരു വിഭാഗം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം അത് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. അവിടെയാണു കുത്തകകള്‍ രക്ഷപ്പെടുന്നത്. കുഞ്ഞു മനസ്സുകളില്‍ പൈശാചികത കുത്തിനിറക്കുമ്പോള്‍ വര്‍ഗീയ വാദികളും വിജയിക്കുന്നു. നല്ല മനുഷ്യര്‍ രണ്ടിടത്തും തോറ്റു പോകുകയും ചെയ്യുന്നു. ആ തോല്‍വി സമ്മതിക്കാതിരിക്കുക എന്നതാണു നമുക്ക് ചെയ്യാന്‍ കഴിയുന്നതും.

Facebook Comments
Show More

Related Articles

Back to top button
Close
Close