Current Date

Search
Close this search box.
Search
Close this search box.

സമരക്കളങ്ങളില്‍ വഴിപിരിയുന്നവര്‍

ധര്‍‌മ്മം പുലരുന്നതിനു വേണ്ടിയുള്ള അക്ഷീണ പ്രയത്‌‌നങ്ങള്‍ക്കിടയില്‍ എത്രയോ ധര്‍‌മ്മ സമര മൈതാനങ്ങളുടെ ചരിത്രങ്ങള്‍ വായിച്ചു പോകാനാകും. വഴി പിരിഞ്ഞവര്‍ അണി ചേരുന്നതും,വരിയില്‍ നിന്നും പിരിഞ്ഞ് പോകുന്നവരും,ലക്ഷ്യംമറന്നു പിന്തിരിയുന്നവരും, ഒളി അജണ്ടയില്‍ അഴുകി ഒഴുകുന്നവരും തുടങ്ങിയ കഥകളുടെ കലവറകള്‍ ചരിത്രങ്ങളില്‍ കാണാം. ഒരു പുതുമയും ഇല്ലാത്ത കഥകള്‍. ചരിത്ര ഗാഥകളിലെ തനിയാവര്‍‌ത്തനങ്ങള്‍.

ചരിത്രാഖ്യായികകളിലും വേദ ഗ്രന്ഥങ്ങളിലും ഇത്തരം സന്ദര്‍‌ഭങ്ങള്‍ ധാരാളമുണ്ട്‌. ചരിത്രാതീത ചരിത്രാധീന കാലങ്ങള്‍;  അഹങ്കാരികളുടെ അതിദയനീയമായ പര്യവസാന പരമ്പരകാളാലും ദൈവ പ്രോക്തരായ പ്രവാചകന്മാരുടെ മാനുഷികമായ സമീപനങ്ങളുടെ ഹൃദയാവര്‍‌ജ്ജകമായ ഇടപെടലുകളുടെ പുഷ്‌കലമായ കാഴ്‌ചകളാലും സമ്പന്നമത്രെ.

അഹങ്കാരത്തിന്റെ പരിണിതി: പൈശാചികതയുടെ ആള്‍‌രൂപമായ ഫിര്‍ഔന്‍ ഒരു പ്രതീകമാണ്‌. അതിഭീകരനായ ഒരു സ്വേഛാധിപതി വാണരുളിയതും വിധിയുടെ കാവ്യനീതിയില്‍ മുങ്ങിനശിച്ചൊടുങ്ങിയതും ചരിത്രം സാക്ഷി.അടിച്ചമര്‍‌ത്തപ്പെട്ട ഒരു സമൂഹത്തെ തൊട്ടുണര്‍‌ത്തിയതും, കൈപിടിച്ചുയര്‍‌ത്തിയതും, ദിശകാണിച്ചതും, സുരക്ഷിതമായ പ്രദേശത്തേക്ക്‌ വഴി നടത്തിയതും മോശ പ്രവാചകനായിരുന്നു.ചെങ്കടല്‍ തിരമാലകള്‍ രൗദ്രഭാവം പൂണ്ട്‌ ലോകം കണ്ട അഹങ്കാരിയുടെ കഥ കഴിച്ചെന്നു മാത്രമല്ല ആ ഭീമാകാരന്റെ പൂര്‍‌ണ്ണകായ മൃത ശരീരം ലോകത്തിന്റെ മുമ്പില്‍ അഹങ്കാരികള്‍‌ക്ക്‌ പാഠമാക്കി അവശേഷിപ്പിച്ചുവെന്നതും അതി വിശിഷ്‌ടമായ ചരിത്ര സാക്ഷ്യമത്രെ.

ധര്‍മ്മ ബോധം: ധര്‍‌മ്മവും അധര്‍‌മ്മവും വേര്‍‌തിരിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ നിര്‍‌ണ്ണായക പോരാട്ടം കഴിഞ്ഞ്‌ ‘മക്കാ വിജയം’ പ്രഖ്യാപിക്കപ്പെട്ട രാത്രി.പോരാളികളും യുദ്ധത്തടവുകാരും തങ്ങളുടെ കൂടാരങ്ങളില്‍ വിശ്രമിക്കുകയാണ്‌.പ്രവാചക പ്രഭുവിന്റെ ഖൈമയില്‍ വിളക്കണഞ്ഞിരുന്നില്ല. അനുചരന്മാരില്‍ പ്രമുഖനായ സ്വഹാബി പ്രവാചക സന്നിധിയിലെത്തി കാര്യം തിരക്കി.അഥവാ ഏറെ സന്തോഷ ദായകമായ ഈ രാത്രിയിലും തിരുമേനി ഉറങ്ങാന്‍ വൈകുന്നതിന്റെ കാരണം അന്വേഷിച്ചു.പോരാട്ടത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരുടെ അസ്വസ്ഥതകള്‍ അവരുടെ വിങ്ങലുകള്‍ നിദ്രാ വിഹീനനാക്കുന്നു എന്നായിരുന്നു തിരു ദൂതരുടെ മധു മൊഴി.അതൊക്കെ ശത്രു വിഭാഗത്തിന്റെ രോദനങ്ങളാണെന്നു സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രവാചക ശ്രേഷ്‌ഠന്‍ അല്‍‌പം ഗൗരവ ഭാവത്തില്‍ പ്രതികരിച്ചു.’നൊമ്പരങ്ങള്‍‌ക്കെന്ത്‌ ശത്രുവും മിത്രവും’

കാര്യം ഗ്രഹിച്ച ഉത്തമ സഹചാരിയും സം‌ഘവും യുദ്ധത്തടവുകാര്‍‌ക്ക്‌ ആവശ്യമുള്ള പരിചരണങ്ങളും പരിലാളനകളും നല്‍‌കി സമാശ്വസിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്‌തു കൊടുത്തു.എല്ലാവരും ശാന്തമായി ഉറങ്ങി എന്നുറപ്പ്‌ വരുത്തിയതിനു ശേഷമായിരുന്നുവത്രെ ആ മഹാനുഭാവന്‍ വിരിപ്പിലേയ്‌ക്ക്‌ വിശ്രമിക്കാന്‍ പോയത്‌. ധര്‍മ്മ സമര കാഹളം മുഴക്കി പോരാട്ടത്തിനിറങ്ങും മുമ്പ്‌ നല്‍‌കപ്പെട്ട ഉപദേശ നിര്‍‌ദേശങ്ങള്‍ വര്‍‌ത്തമാന കാലത്തെ അന്തര്‍ ദേശീയ നിയമാവലികളെക്കാളും ഒരു നൂറു പണത്തൂക്കം മുമ്പില്‍ തന്നെയാണ്‌.സമര ഭൂമികയിലാണെങ്കിലും സം‌രക്ഷിക്കപ്പെടേണ്ടവയെ വളരെ കൃത്യമായി അക്കമിട്ട്‌ പറഞ്ഞിരിക്കുന്നു.

ആരാധനാലയങ്ങള്‍,ആരാധ്യവസ്‌തുക്കള്‍,ആദരണീയരായ വ്യക്തിത്വങ്ങള്‍,വൃദ്ധന്മാര്‍, അബലകള്‍,അമ്മമാര്‍,കുട്ടികള്‍,പൊതു മുതലുകള്‍,കൃഷി സ്ഥലങ്ങള്‍,മലകള്‍, മരങ്ങള്‍, താഴ്‌വരകള്‍,ശുദ്ധജല ഉറവിടങ്ങള്‍,കാലികള്‍ തുടങ്ങിയ ചേതനവും അചേതനുവുമായ കാര്യങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ഓര്‍‌മ്മപ്പെടുത്തപ്പെട്ട സമര ചരിത്ര മുഹൂര്‍‌ത്തങ്ങള്‍ സ്‌മരണീയമത്രെ. പക്ഷം പിരിഞ്ഞ്‌ യുദ്ധ സന്നാഹ വേളയില്‍ പോലും മാനവിക മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലെ വിശ്വാസിയുടെ പ്രതിബദ്ധത ഒരു കടുത്ത നിഷേധിയെപ്പോലും വിസ്‌മയിപ്പിച്ചു കളയും.

ദൈവ പ്രോക്തരായ പ്രവാചകന്മാരും അവരുടെ പിന്മുറക്കാരും മാനവിക മാനുഷിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും ധര്‍‌മ്മാധര്‍‌മ്മങ്ങളുടെ പരിപാലനത്തില്‍ സൂക്ഷ്‌മത പുലര്‍‌ത്തുന്നവരുമത്രെ.പൈശാചികതയുടെ താണ്ഡവ നര്‍‌ത്തന രം‌ഗങ്ങളില്‍ അവരുണ്ടാകുകയില്ല.കുപ്രചരണങ്ങളും കിം‌വദന്തികളും ഒരു പക്ഷെ സൃഷ്‌ടിച്ചെടുക്കുന്ന ധൂമകേതുക്കള്‍; അക്ഷര ശൂദ്ധി വരുത്തിയ നന്മയുടെ തിരിനാളങ്ങള്‍‌ക്ക്‌ വഴിമാറിക്കൊടുക്കാതിരിക്കാന്‍ സാധ്യമാകുകയും ഇല്ല.

എത്ര മഹത്തായ ദൗത്യമാണെങ്കിലും ലക്ഷ്യവും മാര്‍‌ഗ്ഗവും മാത്രമല്ല മാനസികമായ ഭാവം പോലും ശുദ്ധമായിരിക്കണം. ഇവിടെയാണ്‌ ശൗര്യം നഷ്‌ടപ്പെട്ട നിര്‍‌മ്മിത പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കളും;ശുദ്ധമായ ആദര്‍‌ശ പ്രതിബദ്ധതയുള്ള നിസ്വാര്‍‌ഥരായ സാര്‍‌ഥ വാഹക സം‌ഘവും വിമോചന സമരക്കളങ്ങളില്‍ വഴി പിരിയുന്നത്.

Related Articles