Current Date

Search
Close this search box.
Search
Close this search box.

ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നവർ

ജാതി, വർഗം, വംശം, ഭാഷ എന്നിവയുടെ പേരിലുള്ള എല്ലാവിധ വിഭാഗീയതകൾക്കും വിവേചനങ്ങൾക്കും വിഭജനങ്ങൾക്കും ഇസ്ലാം എതിരാണ്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയും അവയ്ക്കെല്ലാം എതിരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി സാമുദായികതയെ അനുകൂലിച്ച് പാകിസ്ഥാൻ വാദത്തെ പിന്തുണച്ചപ്പോഴും ജമാഅത്തെ ഇസ്ലാമി അതിനെ എതിർക്കുകയാണല്ലോ ഉണ്ടായത്. പിന്നീട് കിഴക്കൻ പാകിസ്ഥാൻ വിഘടന വാദമുയർത്തിയപ്പോൾ പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി അതിനോട് വിയോജിച്ചു. കുഞ്ഞിക്കണ്ണൻ ആരോപിക്കുന്ന പോലെ അത് സങ്കുചിത ദേശീയ ഭ്രാന്തിൻറെ പേരിലായിരുന്നില്ല. ഭാഷയുടെയും മറ്റും പേരിലുള്ള വിഭജനത്തോടുള്ള ആശയപരമായ വിയോജിപ്പിൻറെ പേരിലായിരുന്നു. ഇസ്ലാമികാദർശം അംഗീകരിച്ച ഒരു രാജ്യം രണ്ടായി പിളരുന്നതിനോട് വിയോജിച്ചത് തികച്ചും ന്യായവും സ്വാഭാവികവുമാണ്. ചൈനയെ വെട്ടിമുറിച്ച് മറ്റൊരു രാജ്യമുണ്ടാക്കുന്നതിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുകൂലിക്കുമോ?

ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് വിട്ടുപോകാൻ കാരണമായത് ജമാഅത്തിൻറെ കഠിന ശത്രുവും സെക്കുലരിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടവനുമായിരുന്ന ഭൂട്ടോ, 1970 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കിഴക്കൻ പാകിസ്ഥാനിലെ മുജീബ്റഹ്മാനെ രാജ്യത്തിൻറെ അധികാരമേല്പിക്കാൻ തയ്യാറാവാതിരുന്നതാണ്. പാകിസ്താൻ ജമാഅത്തെ ഇസ്ലാമി ഭൂരിപക്ഷം കിട്ടിയ കക്ഷിയെ അധികാരമേൽപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. (ആഈൻ വാരിക, ലാഹോർ 1971 ജനുവരി 8)

കിഴക്കൻ പാകിസ്ഥാൻ വേറിട്ട് പോകാൻ തീരുമാനിച്ചാൽ സൈനികശക്തി കൊണ്ട് അതിനെ തടഞ്ഞുനിർത്താൻ സാധ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി ഭരണകൂടത്തിന് മുന്നറിയിപ്പു നൽകുകയും ചെയ്തു. (അതേ വാരിക 1971 മാർച്ച് 12.)

ജമാഅത്ത് എത്രമേൽ ജനാധിപത്യ മര്യാദ പുലർത്തുന്ന പ്രസ്ഥാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പാകിസ്ഥാൻ പ്രസിഡൻറ് യഹ്‌യാഖാൻ കിഴക്കൻ പാകിസ്ഥാനിലേക്ക് ഒരുലക്ഷത്തോളം പട്ടാളക്കാരെ അയച്ചു. അവർ ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. 1971 ഡിസംബർ 3 ന് പാക്കിസ്ഥാൻ സൈനിക മേധാവി ഇന്ത്യൻ കമാൻഡറുടെ മുമ്പിൽ കീഴടങ്ങി. അങ്ങിനെ ബംഗ്ലാദേശ് പിറവിക്ക് വഴിയൊരുങ്ങി. അതോടെ മുജീബ്റഹ്മാൻ തൻറെ അവാമി ലീഗൊഴിച്ചുള്ള എല്ലാ പാർട്ടികളെയും നിരോധിച്ച് ഏകകക്ഷി ഭരണം സ്ഥാപിച്ചു. 1972 ൽ യുദ്ധ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാനായി രണ്ട് നിയമങ്ങൾ പാസാക്കി. അവ ഉപയോഗിച്ച് 37471 പേർക്കെതിരെ കുറ്റമാരോപിച്ചു. എന്നാൽ 2748 പേർക്കെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചത്.

1973 ൽ മറ്റു രാഷ്ട്രീയ പാർട്ടികളോടൊപ്പം നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിക്ക് പ്രവർത്തനാനുമതി ലഭിച്ചത് 1978 ൽ ബംഗ്ലാദേശ് പ്രസിഡണ്ടായ സിയാഉറഹ്മാൻറെ കാലത്താണ്. അവിടത്തെ അന്നത്തെ ഭരണകക്ഷിയായ അവാമി പാർട്ടിയുടെ പ്രസിഡണ്ടായിരുന്ന ഇർഷാദ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഹസീന തന്നെ 1990 ൽജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള അഞ്ച് പാർട്ടികളുമായി ചേർന്ന് മുന്നണിയുണ്ടാക്കി.

2001ൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ഭരണത്തിൽ പങ്കാളിയായി. അതിൻറെ അമീർ മുത്വീഉറഹ്മാൻ കാർഷിക വ്യവസായ മന്ത്രിയും സെക്രട്ടറി അലി അഹ്സൻ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായി. ഇത്തരമൊരു സംഘടനയുടെ നേതാക്കളെയാണ് രാഷ്ട്രത്തിൻറെ പിറവിയുടെ കാലത്ത് കുറ്റം ചെയ്തുവെന്ന് ആരോപിച്ച് 40 കൊല്ലത്തിന് ശേഷം വിചാരണാ പ്രഹസനം നടത്തി ക്രൂരമായി കൊലപ്പെടുത്തുന്നത്. 91 വയസ്സുള്ള പ്രൊഫസർ ഗുലാം അഅസമിന് 90 കൊല്ലം തടവ് ശിക്ഷ വിധിച്ചതിൽ നിന്ന് തന്നെ ട്രൈബ്യൂണലിൻറെ സ്വഭാവം മനസ്സിലാക്കാമല്ലോ.

1990 ൽ സഖ്യകക്ഷയായിരുന്ന ജമാഅത്തെ ഇസ്ലാമിയെ 20 കൊല്ലത്തിനു ശേഷം ബംഗ്ലാദേശിൻറെ പിറവിയുടെ കാലത്ത് കുറ്റകൃത്യങ്ങൾ ചെയ്തെന്ന് ആരോപിച്ച് അതേ മുന്നണിയുടെ നേതാവ് നിരോധിക്കുകയും അതിൻറെ നിയന്ത്രണത്തിലുള്ള പലിശരഹിത ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ആതുരസേവന കേന്ദ്രങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേക ട്രൈബ്യൂണലുണ്ടാക്കി പതിനാലും പതിനാറും പതിനെട്ടും വയസ്സിൽ കൊലയും കലാപവും സൃഷ്ടിച്ചെന്ന് തീർത്തും വ്യാജമായ കുറ്റങ്ങൾ ആരോപിച്ച് 40 കൊല്ലത്തിനു ശേഷം വിചാരണാ പ്രഹസനം നടത്തി വധശിക്ഷക്ക് വിധേയമാക്കി. ബംഗ്ലാദേശിൻറെ പിറവിയുടെ നാളുകളിൽ കുറ്റം ചെയ്ത സംഘടനയാണെങ്കിൽ എങ്ങനെയാണ് അതിനെ സഖ്യ കക്ഷിയാക്കുകയും ഭരണത്തിൽ പങ്കാളിയാക്കുകയും ചെയ്യുക?

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഒമ്പതര കോടിയെ കൊന്നൊടുക്കിയ പോലെ തൻറെ അധികാരത്തിന് ഭീഷണിയാവുമെന്ന് ഭയന്ന് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെയാണ് കുഞ്ഞിക്കണ്ണൻ മഹത്തായ കൃത്യമായി എടുത്തുപറയുന്നത്. ഇതിനെല്ലാം ഉദ്ധരിക്കുന്ന തെളിവോ ഈ ക്രൂരകൃത്യങ്ങൾ നടത്തുന്നവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലെ റിപ്പോർട്ടുകളും ലേഖനങ്ങളും.
അതിലൂടെ താൻ സ്റ്റാലിനിസ്റ്റായ കമ്യൂണിസ്റ്റാണെന്ന് തെളിയിക്കുകയാണ് കുഞ്ഞിക്കണ്ണൻ.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഒട്ടേറെ നുണക്കഥകളും പ്രസ്തുത പുസ്തകത്തിൽ എഴുതി വെച്ചിട്ടുണ്ട്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കള്ളവും പറഞ്ഞ് പ്രചരിപ്പിക്കാമല്ലോ.
(ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച ആരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ അശ്റഫ് കീഴുപറമ്പ് എഡിറ്റ് ചെയ്ത് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച “തൂക്കിലേറ്റുന്നത് നീതിയും ജനാധിപത്യവും എന്ന പുസ്തകം കാണുക)

Related Articles