Current Date

Search
Close this search box.
Search
Close this search box.

മരിച്ചവരെ ജീവിപ്പിച്ച കറാമത്തുകാര്‍

അടുത്ത വീട്ടിലെ അസുഖ ബാധിതയായ വല്യുമ്മയെ സന്ദര്‍ശിച്ചുസാഫിര്‍ക്ക പറഞ്ഞു ‘അവരെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു’. ‘ബോധമില്ലാതെ കിടക്കുന്ന അവരെങ്ങനെ നിന്നെ കെട്ടിപ്പിടിക്കും’ എന്ന് ചോദിച്ചപ്പോള്‍ കയ്യില്‍ പിടിച്ചു എന്നായി. ആളുകള്‍ വരുന്നത് തന്നെ അറിയാത്ത അവരെങ്ങനെ കയ്യില്‍ പിടിക്കും എന്ന ചോദ്യത്തിനു മുഖത്ത് നോക്കി ചിരിച്ചു എന്നാക്കി മാറ്റി. ചോദ്യം തുടര്‍ന്നപ്പോള്‍ അദ്ദേഹം ആ വഴിക്ക് തന്നെ പോയിട്ടില്ല എന്ന സത്യം പുറത്തു വന്നു.

കേരളത്തില്‍ പലരും ഇങ്ങിനെ തിരിച്ചു ചോദിച്ചാല്‍ തീരുന്നതാണ് പല കറാമത് പുരാണങ്ങളും. മരിച്ച വ്യക്തിയെ ജീവിപ്പിച്ച കറാമത്താണ് ഇപ്പോഴത്തെ താരം. അങ്ങിനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ നിഷേധിച്ചപ്പോള്‍ അത് പ്രച്ചരിപ്പിച്ചവര്‍ മാപ്പിരക്കുന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ കാണുന്നത്. നാം മനസ്സിലാക്കിയ വലിയ്യ് ജനിക്കുന്നത് വിശ്വാസവും ജീവിത വിശുദ്ധിയും ഒന്നിച്ചു ചേരുമ്പോള്‍ മാത്രം ജനിക്കുന്നതാണ്. അത്ഭുത പ്രവര്‍ത്തനം എന്നത് ഒരാള്‍ വലിയ്യാണ് എന്നതിന് തെളിവായി ഇസ്ലാം അംഗീകരിക്കുന്നില്ല. അയാളുടെ ജീവിതവും കൂടി ചേര്‍ത്ത് വെക്കണം എന്നാണു ഇസ്ലാമിക മാനം.

മരണപ്പെട്ടവരെ ജീവിപ്പിക്കുക എന്നത് ഈസാ നബി(അ)ക്ക് നല്‍കിയ അമാനുഷിക കഴിവായി ഖുര്‍ആന്‍ പറയുന്നു. ഒരാള്‍ മരിക്കുക എന്നത് അല്ലാഹു തീരുമാനിച്ച കാര്യമാണ്. മരണത്തിന്റെ സമയത്തില്‍ നിന്നും മുന്നോട്ടോ പിന്നോട്ടോ ആരും പോകില്ല എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. അപ്പോള്‍ ഒന്നുകില്‍ മരിച്ച വ്യക്തി ശരിയായ രീതിയില്‍ മരിച്ചു കാണില്ല. അങ്ങിനെ പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. അത്തരം ആളുകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുമുണ്ട്. മരണപ്പെട്ട വ്യക്തിയുടെ കാര്യത്തില്‍ ജീവിച്ചിരിക്കുന്നവര്‍ അശക്തരാണ് എന്നതാണ് ഇസ്‌ലാമിക വീക്ഷണം. പക്ഷെ അങ്ങിനെ ജീവിപ്പിച്ച കഥകള്‍ നാട്ടില്‍ പറന്നു നടക്കുന്നു.

ഒരാളെ അള്ളാഹു വലിയ്യായി തിരഞ്ഞെടുക്കുന്നത് അയാളുടെ വിശ്വാസവും പ്രവര്‍ത്തനവും നോക്കിയാണ്. പ്രവാചകന്മാരെ അള്ളാഹു പ്രത്യേകമായി തിരഞ്ഞെടുക്കുന്നു. അതിനു ഒന്നാമത്തെ നിബന്ധന അദ്ദേഹം തന്റെ നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക എന്നതാണ്. നിര്‍ബന്ധ ബാധ്യത എന്ന് പറഞ്ഞാല്‍ കേവലം നിര്‍ബന്ധ ആരാധന കര്‍മം എന്ന വീക്ഷമാണ് പലപ്പോഴും നല്‍കപ്പെടുക. അതെ സമയം ഒരാളില്‍ വന്നു ചേരുന്ന എല്ലാ ബാധ്യതകളും എന്ന് വായിക്കണം. കുടുംബം സമൂഹം വ്യക്തി എന്നി നിലകളില്‍ വരുന്ന ബാധ്യതകള്‍ എന്നര്‍ത്ഥം. ശേഷം ഐചികമായ കാര്യങ്ങള്‍ കൂടി ചെയ്യണം. അപ്പോഴാണ് അടുപ്പം പൂര്‍ത്തിയാവുക. അങ്ങിനെ അല്ലാഹുവിലേക്ക് അടുത്തവരാണ് പ്രവാചകന്റെ അനുയായികള്‍. മരിച്ച ആരെയും അവര്‍ ജീവിപ്പിച്ചതായി നമുക്കറിയില്ല. തന്റെ അടുത്തയാളുകളുടെ മരണത്തില്‍ പോലും പ്രവാചകന്‍ നിസ്സഹായത കാണിച്ചു. ജനനവും മരണവും അല്ലാഹുവിന്റെ കൈകളില്‍ മാത്രം എന്നതാണ് ഇസ്ലാമിക വിശ്വാസം. അല്ലാഹു രബ്ബാണ് എന്ന വിശ്വാസത്തിന്റെ കൂടെ ഭാഗമായി അത് മനസ്സിലാക്കപ്പെടുന്നു. അള്ളാഹു മരിപ്പിച്ചതിനെ മനുഷ്യന്‍ ജീവിപ്പിക്കുന്നു എന്നത് എന്തായാലും ഇസ്ലാമാകാന്‍ ഇടയില്ല.

ജനത്തിന്റെ വിശ്വാസം തെറ്റിക്കുന്നതില്‍ പൗരോഹിത്യം പണ്ടും മുന്നിലാണ്. ഇന്നും അങ്ങിനെ തന്നെ. ഇസ്ലാം മതം മനുഷ്യരുടെ പരലോകം പോലെ അവരുടെ ഇഹലോകവും പ്രാധാന്യമായി കാണുന്നു. അത് കൊണ്ടാണ് പരലോകത്ത് ഗുണം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ ആരാധനക്കപ്പുറം സേവന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞതും. സ്വര്‍ഗത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അത് കൊണ്ടാണ് അടിമ മോചനവും പട്ടിണി മാറ്റലും അഗതികളെ സഹായിക്കലും ഊന്നി പറഞ്ഞത്. അത് ചെയ്തു കൊണ്ടാണ് മുന്‍ഗാമികള്‍ സ്വര്‍ഗം വാങ്ങിയത്. അതെ സമയം ഇന്നത്തെ ഉപദേശങ്ങളില്‍ അധികവും ഇത്തരം കഥകളുടെ കൂടാരമാണ്. ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ കെട്ടി എഴുന്നേല്‍പ്പിക്കുമ്പോള്‍ കേള്‍വിക്കാര്‍ ഒന്ന് അമര്‍ത്തി മൂളിയാല്‍ പലരും തിരുത്തും.

പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞ ഐതിഹ്യം തിരുത്താന്‍ തലമുറ മുന്നോട്ടു വന്നത് ശ്ലാഘനീയമാണ്. അത് കൊണ്ട് തന്നെ ഒരു തട്ടിപ്പ് പുറത്തായി. ഇത്തരം ഇല്ലാ കഥകള്‍ അപ്പപ്പോള്‍ നിഷേധിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നാല്‍ തീരുന്നതാണ്. അല്ലാഹുവിന്റെ ഔലിയാകള്‍ അമര്‍ ചിത്ര കഥയിലെ കഥാപാത്രങ്ങളല്ല. അവര്‍ ദീനിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ശരീഅത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്തവരെ വിളിക്കാന്‍ കഴിയുന്ന പേരുമല്ല വലിയ്യ്. ഇസ്ലാമിനെ പ്രമാണങ്ങളില്‍ നിന്നും പഠിക്കാത്ത കാലത്തോളം ഇത്തരം തട്ടിപ്പുകള്‍ നിലനില്‍ക്കും എന്നെ പറയാന്‍ കഴിയൂ.

Related Articles