Current Date

Search
Close this search box.
Search
Close this search box.

മുടിവെള്ളം വീണ്ടും വിപണയിലെത്തുമ്പോള്‍

ഖുതുബക്ക് വാള് എടുക്കണമോ വേണ്ടയോ എന്നതായിരുന്നു തര്‍ക്കം. തര്‍ക്കം കേട്ട് നിന്ന ഒരാള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്നു ചോദിച്ചത് ‘വാള്‍ എടുക്കണമോ വേണ്ടയോ എന്നതു അവിടെ നില്‍ക്കട്ടെ, ആദ്യം ഈ വാളിന് ലൈസന്‍സ് ഉണ്ടോ’ എന്നായിരുന്നു.

മുടിവെള്ളത്തിന് വേണ്ടി ആളുകള്‍ റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി എന്നതാണ് പുതിയ വാര്‍ത്ത. പ്രവാചക മുടിയുടെ വെള്ളത്തിന് പുണ്യമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്ക് മുമ്പ് തീരുമാനമാകേണ്ടത് ആ പേരില്‍ ഇപ്പോള്‍ മര്‍ക്കസില്‍ ഉണ്ടെന്നു പറയുന്ന മുടിയുടെ അവസ്ഥയെ കുറിച്ചാണ്. പ്രവാചകന്റേതായ ഒരു അവശേഷിപ്പും ആ രീതിയില്‍ ലോകത്തു ലഭിക്കാനില്ല എന്നതാണ് ചരിത്രം. പ്രവാചകനില്‍ നിന്നുള്ള എന്തിനും കൃത്യമായാ രേഖ ആവശ്യമാണ്. ആ രേഖ വരുന്നത് വരെ അത് വിശ്വസിക്കാന്‍ കഴിയില്ല. ആരുടെ മുടി എന്ന കാര്യത്തില്‍ തന്നെ ഇതുവരെ ഒരു തീരുമാനം വന്നിട്ടില്ല. മുടിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെയാണ്.

പ്രവാചകനില്‍ നിന്നും എന്നും നിലനില്‍ക്കേണ്ട എല്ലാം അള്ളാഹു സൂക്ഷിക്കും എന്നുറപ്പാണ്. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഇത്തരം മുടികളെ കുറിച്ച് പറയുന്നുണ്. പക്ഷെ പ്രവാചകന്‍ ജനിച്ച നാട്ടില്‍ അങ്ങിനെ ഒന്ന് ഇപ്പോഴുണ്ടോ എന്നറിയില്ല. പ്രവാചകന്‍ മരണപ്പെട്ടത് ആയിഷ (റ)യുടെ വീട്ടിലാണ്. അതിന്റെ പുണ്യം മനസ്സിലാക്കി അന്ന് തന്നെ അന്നത്തെ ഇസ്ലാമിക ഭരണകൂടം പ്രവാചകന്റെ നീക്കിയിരിപ്പൊക്കെ സൂക്ഷിക്കേണ്ടതായിരുന്നു. കാരണം പിന്നെ അധികാരത്തില്‍ വന്നതക്കൊ എല്ലാവരേക്കാളും കൂടുതല്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അങ്ങിനെ പ്രവാചക സൂക്ഷിപ്പുകള്‍ കൂട്ടി വെക്കാന്‍ മരുമകന്‍ അലിയുടെ ഭാഗത്തു നിന്നും ഒരു നീക്കം ഉണ്ടായതായി തെളിവില്ല.

പ്രവാചക അവശേഷപ്പിന്റെ കാര്യങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പ്രവാചകന്‍ അനുഗ്രഹമാണ് എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് അന്യായമായ രീതിയിലൂടെ പണ സമ്പാദനത്തിനുള്ള അനുഗ്രഹമാണ് എന്ന് തെറ്റിദ്ധരിക്കരുത്. പ്രവാചക മുടിയിട്ട വെള്ളത്തിന്റെ പുണ്യം തേടിയാണ് ആയിരങ്ങള്‍ എത്തിയിട്ടുള്ളത്. ഒരു സമുദായത്തിന്റെ അവസ്ഥയാണ് അത് കാണിക്കുന്നതും. പ്രവാചക മുടി കത്തില്ല എന്നായിരുന്നു ഇവരുടെ നിലപാട്. അത് പോലെ പ്രവാചക മുടിക്ക് നിഴലില്ലെന്നും. അത് വെറും വ്യാജമായ ആരോപണം മാത്രം. പ്രവാചകന്മാര്‍ക്ക് മുറിവേറ്റിട്ടുണ്ട്. അസുഖം വന്നിട്ടുണ്ട്. നിഴലില്ലാത്ത പ്രവാചകന്‍ എന്നൊരു പ്രയോഗം ആരും നടത്തിയതായി എവിടെയും കണ്ടില്ല. അതെല്ലാം പിന്നീട് തങ്ങളുടെ വ്യാജ മുടിക്ക് തെളിവുണ്ടാക്കാന്‍ കെട്ടിച്ചമച്ച കാര്യങ്ങളാണ്.

പ്രവാചകന്‍ തന്റെ മുടിയിട്ടു വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിച്ചു എന്ന് തെളിയിക്കുന്ന ഒന്നും നാം കണ്ടില്ല. പ്രവാചകന്റെ അപൂര്‍വം ചില സ്വഹാബികള്‍ തിരുശേഷിപ്പുകള്‍ കൈവശം വെച്ചുവെന്നല്ലാതെ അവരാരും പുണ്യം വിതരണം ചെയ്യാനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്സ്വയിലോ ഏതെങ്കിലും കാലത്ത് തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചതിനും ചരിത്ര രേഖകളില്ല. തിരുശേഷിപ്പുകള്‍ പുണ്യം നേടാനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അവ ഏത് നിലക്കും സൂക്ഷിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായത് മുസ്ലിം ലോകം തീര്‍ഥാടന കേന്ദ്രമായി കരുതുന്ന ഈ മൂന്ന് പള്ളികളിലായിരുന്നുവല്ലോ.

പൗരോഹിത്യം ഒന്നിനെയും വെറുതെ വിടില്ല എന്നുറപ്പാണ്. പാമര ജനത്തിന്റെ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ അവര്‍ പല വഴികളും കണ്ടെത്തും. പുണ്യം കാശു കൊടുത്തു നേടാന്‍ കഴിയും എന്നവര്‍ ജനത്തെ ബോധിപ്പിക്കും. അതെസമയം ഇസ്ലാമിലെ പുണ്യം കിട്ടാന്‍ കുറുക്കു വഴികളില്ല, മേടിക്കാന്‍ ആളുള്ളപ്പോള്‍ വില്‍ക്കുന്നവന് എന്ത് കാര്യം എന്നത് പോലെ കുടിക്കാനും വരിനില്‍ക്കാനും പാമരന്മാര്‍ ഉണ്ടെങ്കില്‍ വില്‍ക്കുന്ന പുരോഹിതന് എന്ത് കാര്യം.
വാള് മരത്തിന്റേതാണ് എന്ന് മനസ്സിലായപ്പോള്‍ പോലീസ് തിരിച്ചുപോയി. മുടി ആരുടേത് എന്ന് പാമരന്മാര്‍ ചോദിക്കില്ല എന്ന അടിയുറച്ച വിശ്വാസം അവര്‍ക്കുണ്ട്. അത്‌കൊണ്ടു തന്നെ കച്ചവടം പൊടിപൊടിക്കും.

Related Articles