Current Date

Search
Close this search box.
Search
Close this search box.

സുഡാനിൽ പ്രതിസന്ധി ഗുരുതരം; പക്ഷെ ഇതൊരവസരവുമാണ്

പല യുദ്ധങ്ങളുടെ വേദിയാണ് സുഡാൻ എന്ന് പറയാറുണ്ട്. ആ തിക്ത യാഥാർഥ്യം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് സുഡാനി തലസ്ഥാനമായ ഖർത്തൂമിലെ ഏഴ് ദശലക്ഷം താമസക്കാർ.  ഈ തലസ്ഥാന നഗരിയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ പൊരിഞ്ഞ പോര് നടക്കുകയാണ്. ഈ താമസക്കാരിൽ പലരും യുദ്ധം കാരണം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പറിച്ചെറിയപ്പെട്ടവരും ആ നരകത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തോടെ  ഇങ്ങോട്ട് കുടിയേറിയവരുമാണ്.

ജനസാന്ദ്രമായ ഈ തലസ്ഥാന നഗരി വലിയൊരു മനുഷ്യ ദുരന്തത്തിന്റെ വക്കിലാണ്. നേരത്തെ തന്നെ ദുർബലമായ ആരോഗ്യ മേഖല ഇപ്പോൾ നിശ്ചലമായിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും നിന്നു പോയിരിക്കുന്നു. ഭക്ഷണവും അൽപ്പം മാത്രമേ എത്തിച്ചേരുന്നുള്ളൂ.

മുൻ പ്രസിഡന്റ് ഉമറുൽ ബശീറിന്റെ അവസാന വർഷങ്ങളിൽ ഭരണ സംവിധാനം ശിഥിലമാവാൻ തുടങ്ങിയിരുന്നു. 2019 -ൽ ഉമറുൽ ബശീർ പുറത്താക്കപ്പെട്ടപ്പോൾ അരാജകത്വം രൂക്ഷമായി. അതിന്റെ സ്വാഭാവിക പരിണതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ.

സ്വാതന്ത്ര്യം ലഭിച്ചത് മുതൽ കലാപങ്ങളുടെയും ആഭ്യന്തര യുദ്ധങ്ങളുടെയും ഒരു പരമ്പര തന്നെ സുഡാൻ അഭിമുഖീകരിക്കുകയുണ്ടായി. സാമൂഹിക ഘടനയെയും ഭരണ സംവിധാനത്തെയും അത് വിഘടിപ്പിച്ചു കൊണ്ടിരുന്നു. സംഘർഷങ്ങൾ വംശീയ പോരുകൾക്ക് തീ പകർന്നു. രാഷ്ട്രീയക്കാർ രാഷ്ട്രീയ ഭിന്നതകളെ ഗോത്ര ധ്രുവീകരണത്തിലേക്ക് വഴി തിരിച്ചു വിട്ടു. വിഭവങ്ങൾക്ക് മേലുള്ള മത്സരത്തെ സൈനികവൽക്കരിച്ചു. പഴയ കുടിപ്പകകളെയൊക്കെ ഊതിക്കത്തിച്ചു.

ഒപ്പം ഖാർത്തൂമിൽ മിലീഷ്യകൾ പെറ്റു പെരുകുന്നുണ്ടായിരുന്നു. ഇതൊടുവിൽ എത്തിച്ചേർന്നത് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RS F) എന്ന ഭീകര മിലീഷ്യയുടെ ആവിർഭാവത്തിലേക്കാണ്. കഴുകക്കണ്ണുകളുള്ള ഈ ‘കുടുംബ കച്ചവടം’ ഇപ്പോൾ സുഡാനിൽ മാത്രമല്ല, ആ മേഖലയിൽ തന്നെ വലിയ സ്വാധീന ശക്തിയായി മാറിയിരിക്കുന്നു. ആർ.എസ്.എഫിന്റെ വേരുകൾ എത്തി നിൽക്കുന്നത് 2003 – ലെ ഒരു നിയമനത്തിലാണ്. ആ വർഷമാണ് ഈ അർധ സൈനിക മിലീഷ്യയുടെ ചുമതല ഇപ്പോഴത്തെ അതിന്റെ തലവനായ ‘ഹമീദത്തി’ എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് ഹമദാൻ ദഖ്ലുവിനെ ഏൽപ്പിക്കുന്നത്. ഹമീദത്തിയുടെ കുടുംബക്കാരൻ കൂടിയായ മൂസ ഹിലാൽ ഇതിനുള്ള ചിട്ടവട്ടങ്ങൾ ഒരുക്കി. ദാർഫുർ മേഖലയിൽ കലാപം അടിച്ചമർത്താൻ അന്നത്തെ പ്രസിഡന്റ് ഉമറുൽ ബശീർ നിയമിച്ച ഗോത്ര മിലീഷ്യ കമാൻഡറായിരുന്നു മൂസ ഹിലാൽ. തന്നെ വളർത്തിക്കൊണ്ട് വന്ന ഇയാളെ മറികടന്നുള്ള വളർച്ചയായിരുന്നു ഹമീദത്തിയുടേത്. 2013-ൽ മൂസ ഹിലാൽ, ഉമറുൽ ബശീറുമായി വഴി പിരിഞ്ഞപ്പോൾ, ദാർഫുറിൽ പോരാടിയ മിലീഷ്യകളെ ചേർത്ത് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് ഇന്നത്തെ രൂപത്തിൽ പുനസംഘടിപ്പിക്കാൻ ഉമറുൽ ബശീർ ഉത്തരവിടുകയായിരുന്നു. അതിന്റെ പൂർണ്ണ ചുമതല ഹമീദത്തിയെ ഏൽപ്പിക്കുകയും ചെയ്തു.

2015 ആയപ്പോഴേക്കും ഈ അർധ സൈനിക മിലീഷ്യ സുഡാനി സൈന്യത്തിലെ ഏറ്റവും വലിയ മിലിട്ടറി വിംഗ് ആയി മാറിക്കഴിഞ്ഞിരുന്നു. യമൻ യുദ്ധത്തിൽ സഊദിയോടൊപ്പം ഈ വിംഗ് ചേർന്ന് പ്രവർത്തിച്ചിരുന്നു.

ഈ സൈനിക വിംഗുകളുടെ ഏകോപനം നിർവഹിച്ചിരുന്നത് ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ആയിരുന്നു. ദാർഫുറിൽ

ഇദ്ദേഹം ഹമീദത്തിയുമായി വർഷങ്ങളോളം ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹമാണിപ്പോൾ സുഡാനി സൈന്യത്തിന്റെ സർവ സൈന്യാധിപൻ. പുറം ശക്തികളുമായും ഇരുവരും ഉറ്റ സൗഹൃദത്തിലായിരുന്നു. എന്നാൽ യമൻ യുദ്ധത്തിൽ പങ്കെടുക്കുക വഴി വലിയ തുക കൈപ്പറ്റാനായത് ഹമീദത്തിക്കാണ്.

2017-ൽ ഒരു നിയമം കൊണ്ടുവന്നു. അത് പ്രകാരം ആർ.എസ്.എഫിനെ സൈന്യത്തിന്റെ ഔദ്യോഗിക ഘടകമാക്കി. പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സൈന്യം. ഉമറുൽ ബശീർ ഖർത്തൂമിൽ വരെ ആർ.എസ്.എഫിന് താവളങ്ങൾ അനുവദിച്ചു. കാരണം ഔദ്യോഗിക സൈന്യത്തെ അദ്ദേഹത്തിന് അത്ര വിശ്വാസമില്ലായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും ജനരോഷം ഇളകി മറിയുകയും ചെയ്തിരുന്നു. ഈ അവസരം മുതലെടുത്ത് ഹമീദത്തി കൂടുതൽ കരുത്ത് നേടി. പണവും വാരിക്കുട്ടി. പല നിലക്കും സുഡാനിലെ ഏറ്റവും സമ്പന്നനായ വ്യക്തി ആയിത്തീരുകയും ചെയ്തു.

ഒരു കുപ്രസിദ്ധ മിലീഷ്യയെ ഈ വിധം അധികാരത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രതിഷ്ഠിച്ചത് രാജ്യത്തിന്റെ അഖണ്ഡതയെ വലിയ തോതിൽ പരിക്കേൽപ്പിച്ചു. രാജ്യത്തിന് പുറത്തുള്ള ശക്തികൾക്കും കയറിക്കളിക്കാൻ ഇത് അവസരമൊരുക്കുകയും ചെയ്തു. അത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിലയിലെത്തി. രാജ്യത്തിന്റെ അധികാരസീമ അത് വെട്ടിക്കുറക്കുകയും ചെയ്തു. ‘ഒരു നിർണ്ണിത സ്ഥലത്ത് നിയമാനുസൃതമായി ഭൗതിക ശക്തി പ്രയോഗിക്കാൻ സമ്പൂർണ്ണ അധികാരമുള്ള ഘടന’ എന്ന മാക്സ് വെബറുടെ സ്റ്റേറ്റിനെക്കുറിച്ച നിർവചനം വെച്ച് പറഞ്ഞാൽ, ഇക്കാര്യത്തിൽ പണ്ടേക്കും പണ്ടേ ഒരു പാട് പോരായ്മകളുണ്ട് സുഡാൻ എന്ന സ്റ്റേറ്റിന്.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉമറുൽ ബശീർ പുറത്താക്കപ്പെട്ടത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. ജനകീയ വിപ്ലവത്തിന് നേതൃത്വം നൽകിയവരിൽ പലർക്കും സൈന്യത്തെ വിശ്വാസമില്ലാതിരുന്നത് കൊണ്ട് അവർ ആർ.എസ്.എഫിനെയും അതിന്റെ ആടിക്കളിക്കുന്ന കമാണ്ടറെയും കൂടുതലായി ആശ്രയിച്ചു.

2019 ആഗസ്റ്റിൽ ഒരു ഇടക്കാല  കൗൺസിലിന് രൂപം നൽകി ഭരണം ആ താത്കാലിക സമിതിയെ ഏൽപ്പിച്ചപ്പോൾ അതിന്റെ ഡെപ്യൂട്ടി ഹമീദത്തി ആയിരുന്നു. ഒരു വൈസ് പ്രസിഡന്റിന്റെ അധികാരമാണ് അയാൾക്ക് ഉണ്ടായിരുന്നത്. ഇത് അയാളുടെ അത്യാഗ്രഹങ്ങളെ പൊലിപ്പിച്ചതേയുള്ളൂ. പിന്നെ അയാൾ തന്റെ കീഴിലുള്ള ആർ.എസ്.എഫിനെ റഗുലർ ആർമിയോളം വളർത്തി. അത്യാധുനിക ആയുധങ്ങൾ കൈവശമുള്ള ഒരു ലക്ഷം അംഗ സംഖ്യയുള സൈനിക ട്രൂപ്പായി അത് മാറി. 2013-ൽ അതിന്റെ എണ്ണം അയ്യായിരം മാത്രമായിരുന്നു. ഖർത്തുമിൽ അതിന് നിരവധി താവളങ്ങളുണ്ട്; അത് പോലെ 17 സംസ്ഥാനങ്ങളിലും.

മെറോവി എയർ പോർട്ട് ഏറ്റെടുത്ത് അതിനെ മിലിട്ടറി ആവശ്യങ്ങൾക്കായി മാറ്റാനുള്ള നീക്കമാണ് ഹമീദത്തി ഏറ്റവും ഒടുവിലായി നടത്തിയത്. റഗുലർ ആർമിയുടെ ആയുധപ്പുരക്ക് തുല്യമായതൊന്ന് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു വർഷങ്ങളായി അയാൾ. പൈലറ്റുമാരെ പരിശീലനത്തായി വിദേശത്തയക്കുകയും ഫൈറ്റർ ജെറ്ററുകൾ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു എയർ ഫീൽഡും അയാൾക്ക് വേണ്ടിയിരുന്നു. സുഡാനി സേനക്കത് ഒടുവിലത്തെ പിടിവള്ളിയായിരുന്നു.

ആർ.എസ്.എഫ് പരിധി വിടുന്നു എന്ന് പല ഉയർന്ന സൈനിക ഉദ്യോഗസ്ഥരും നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. അതിന്റെ വിദേശ ബാന്ധവങ്ങളും അത് നടത്തുന്ന ആഭ്യന്തര ചരടുവലികളും അവർ ശ്രദ്ധയിൽ പെടുത്തി. ജനകീയ പ്രക്ഷോഭ മുന്നണിയായ ഫോഴ്സസ് ഓഫ് ഫ്രീഡം ആന്റ് ചേഞ്ച് സൈന്യത്തെ അഴിച്ച് പണിയണമെന്ന് ആവശ്യപ്പെട്ടത് മറ്റൊരു മുന്നറിയിപ്പായിരുന്നു. പക്ഷെ ആർ.എസ്.എഫിനെ പിരിച്ചു വിടുന്നത് പോയിട്ട്, അതിനെ സിവിലിയൻ ഭരണത്തിന് കീഴിലാക്കാൻ പോലും കഴിയുമായിരുന്നില്ല. അതൊരു ഗോത്ര, അർധ – സ്വകാര്യ മിലീഷ്യയായി നിലനിന്നു. ദഖ്ലു കുടുംബം അത് വെച്ച് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കി. വംശഹത്യാ കുറ്റങ്ങളിൽ ഈ മിലീഷ്യ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച നിലയിലുമാണ്. ഇവരെ മുമ്പിലേക്ക് നിർത്തിയാണ് ചില വിദേശ ഏജൻസികൾ ‘നല്ല ഭരണ’വും ‘ജനാധിപത്യവൽക്കരണ’ വും സ്വപ്നം കാണുന്നത് ! 2019 ജൂൺ മൂന്നിന് സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊന്നൊടുക്കിയതിലും വലിയ പങ്ക് വഹിച്ചത് ഈ മിലീഷ്യയാണ്.

ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളിൽ ജന അധിവാസ മേഖലകളെ ഉന്നം വെക്കുന്നത് ഈ മിലീഷ്യയാണ്. സുഡാൻ അഭിമുഖീകരിക്കുന്നത് അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ്. ഒപ്പം ഇത് അവർക്ക് മുമ്പിൽ തുറക്കപ്പെട്ട ഒരു അവസരവുമാണ്. യുദ്ധത്തിൽ ആർ.എസ്.എഫ് വിജയിക്കുകയോ തോൽപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ അവർ അധികാര സ്ഥാനങ്ങളിൽ വീണ്ടുമെത്തും. സംഘട്ടനം തുടങ്ങിക്കഴിഞ്ഞതിനാൽ ആർ.എസ്.എഫിനെ തൂത്തെറിയാനുള്ള അവസരം കൂടിയാണിത്. സംഭാഷണങ്ങളിലൂടെ അത് സാധ്യമാവില്ല. സൈന്യം ഒന്നിച്ച് നിൽക്കുക എന്നതാണ് പ്രധാനം. രാഷ്ട്രീയ ഭിന്നത ധ്രുവീകരണമായി കലാശിച്ച സുഡാനിൽ സൈന്യത്തിന്റെ ഒന്നിച്ച് നിൽപ്പ് രാഷ്ട്രീയ നേതാക്കളെയും ഒന്നിപ്പിച്ചേക്കാം.

പ്രശ്നത്തിൽ ഇടപെടുന്ന മേഖലാ – അന്താരാഷ്ട മധ്യസ്ഥൻമാർ ഒരു കാര്യം ശ്രദ്ധിക്കണം. ഇത് വരെ തുടർന്നു പോന്ന അവസ്ഥ പുനസ്ഥാപിക്കാനല്ല അവർ ശ്രമിക്കേണ്ടത്. ഖർത്തൂമിൽ നിന്നും ഭരണ പ്രക്രിയയിൽ നിന്നും ആർ.എസ്.എഫിനെ മാറ്റി നിർത്താനാവണം അവരുടെ ശ്രമം.

വിവ. അശ്റഫ് കീഴുപറമ്പ്

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles