Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമല്ല അവരുടെ പ്രശ്‌നം, ജനാധിപത്യമാണ്

ഫറോവയോട് ആരോ പറഞ്ഞത്രേ ‘നിന്റെ അന്തകന്‍ അങ്ങ് കിഴക്കു ജനിക്കാന്‍ പോകുന്നു’. അതിനുള്ള പരിഹാരം ഫറോവ കണ്ടത് ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളെയും അപ്പോള്‍ തന്നെ കൊന്നു കളയുക എന്നതായിരുന്നു. എന്നിട്ടും ഫറോവയുടെ അന്തകന്‍ ഫറോവയുടെ കൊട്ടാരത്തില്‍ തന്നെ വളര്‍ന്നു എന്നാണ് ചരിത്രം. അക്രമികള്‍ക്ക് എപ്പോഴും പൊതുജനത്തെ സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. എല്ലാ ശബ്ദങ്ങളും നീക്കങ്ങളും തങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അതാണിപ്പോഴും ഈജിപ്തില്‍ നടക്കുന്നത്. ബ്രദര്‍ ഹുഡിനെ മാത്രമല്ല എല്ലാവരെയും ഇന്ന് ഭരണകൂടം ഭയക്കുന്നു.

സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 2011ലെ പ്രക്ഷോഭത്തിന്റെ ഭാഗമായ പ്രമുഖ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ട് പേരെയെങ്കിലും ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുതിയ വാര്‍ത്ത. ‘എതിര്‍പ്പുകളോ സ്വതന്ത്ര റിപ്പോര്‍ട്ടിംഗോ അനുവദിക്കാത്ത ഒരു ഓപ്പണ്‍ എയര്‍ ജയില്‍’ എന്നാണ് ഈജിപ്തിനെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ വിശേഷിപ്പിച്ചത്. അറസ്റ്റിലായവര്‍ മുസ്‌ലിം ബ്രദര്‍ഹുഡിനോട് അടുപ്പമുള്ളവരാണെന്ന ആരോപണവും ഭരണകൂടം മുന്നോട്ടു വെക്കുന്നു. ‘മതേതര ഈജിപ്ഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി’ യുടെ നേതാവും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരേ സമയത്തു തന്നെ ഹുസ്‌നി മുബാറക്കിനെയും മുര്‍സിയെയും അവര്‍ എതിര്‍ത്തിരുന്നു. അവരുടെ നിലപാടും ബ്രദര്‍ ഹുഡിന്റെ നിലപാടുകളും പല കാര്യത്തിലും ഭിന്നമാണ്. എന്നിട്ടും ബ്രദര്‍ഹുഡിനെ സഹായിക്കുന്നു എന്ന രീതിയിലാണ് അറസ്റ്റുകള്‍ നടക്കുന്നത്.

മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ രഹസ്യ രീതികളിലൂടെ പ്രവര്‍ത്തിക്കുന്ന 19 കമ്പനികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞതായും ലക്ഷ്യമിട്ടതായും അധികാരികള്‍ പറഞ്ഞു. വിപ്ലവത്തിന് ആക്കം കൂട്ടുന്നതോടൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമാസക്തവും ക്രമരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരണ നല്‍കുക എന്നതാണ് ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ ചാര്‍ത്തിയ കുറ്റം. ഈജിപ്തിന് പുറത്തുള്ള അഞ്ചു പ്രമുഖരെയും സര്‍ക്കാര്‍ ഇതില്‍ പങ്കു ചേര്‍ക്കുന്നു. വിദേശത്തിരുന്നു അവരും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുന്നു എന്നതാണ് അവര്‍ക്കെതിരെ ചാര്‍ത്തിയ കുറ്റം. ബ്രദര്‍ഹുഡുമായി ഒരു നിലയിലും യോജിക്കാത്ത പലരെയും ഭരണകൂടം അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിസിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് പോലും അതില്‍ ഉള്‍പ്പെടുന്നു. നാട്ടില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടക്കാന്‍ സിസി ഭരണകൂടം സമ്മതിക്കുന്നില്ല. എല്ലാ ശബ്ദവും ഭീകരമായി അവര്‍ ചിത്രീകരിക്കുന്നു.

ഒരിക്കല്‍ ഇതേ കാരണം പറഞ്ഞു ബ്രദര്‍ ഹുഡിനെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്തപ്പോള്‍ ലോകത്തുള്ള എല്ലാ മതേതരക്കാരും സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരും ഈ വിഷയത്തില്‍ കാര്യമായ ഒരു അഭിപ്രായവും പറഞ്ഞില്ല. മതമൗലികതാ വാദം എന്ന നിലയിലാണ് അന്ന് എല്ലാവരും സര്‍ക്കാരിനെ പിന്തുണച്ചത്. സീസി സര്‍ക്കാരിന്റെ വിഷയം ബ്രദര്‍ ഹുഡല്ല ജനാധിപത്യമാണ് എന്ന തിരിച്ചറിവ് ലഭിക്കാന്‍ പലര്‍ക്കും പുതിയ അനുഭവം വേണ്ടി വന്നു. മുര്‍സിയുടെ മരണം സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് ഒരു പുതിയ ഞെട്ടല്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തു നടക്കുന്ന മനുഷ്യാവകാശ നിശേഷങ്ങളുടെ അവസാന അടയാളമായി മുര്‍സിയെ ബ്രദര്‍ ഹുഡ് മാത്രമല്ല ഇപ്പോള്‍ ഉയര്‍ത്തി കാണിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഭാവിയില്‍ എതിര്‍പ്പുകള്‍ വരാന്‍ സാധ്യതയുള്ള എല്ലാ വഴികളും മുന്‍കൂട്ടി തന്നെ സീസി ഭരണകൂടം അടക്കുന്നത്.

‘ഈജിപ്ഷ്യന്‍ അധികാരികളുടെ ആസൂത്രിതമായ പീഡനവും അവരെ വിമര്‍ശിക്കാന്‍ തുനിയുന്ന ഏതൊരാള്‍ക്കും ക്രൂരമായ അടിച്ചമര്‍ത്തലും’ എന്നാണ് വിഷയത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരിച്ചത്. ‘ഒരു സംശയവുമില്ലാതെ ഈജിപ്തിനെ ഒരു തുറന്ന ജയില്‍ എന്ന് വിളിക്കാം’ എന്ന് പറഞ്ഞത് ആംനസ്റ്റിയുടെ നോര്‍ത്ത് ആഫ്രിക്ക ഗവേഷണ ഡയറക്ടര്‍ മഗ്ദലീന മുഗ്രാബിയാണ്.

മുന്‍ പ്രസിഡന്റ് തടവറയില്‍ നേരിട്ട ഭീകര ശിക്ഷ രീതികള്‍ പലതും ഇപ്പോള്‍ പുറത്തു വരുന്നു. തലകീഴാക്കി കെട്ടിയിട്ടു എന്നൊക്കെ പലരും റിപ്പോര്‍ട് ചെയ്യുന്നു. തടവറയില്‍ കഴിഞ്ഞിരുന്ന മുര്‍സിയെ ഒരിക്കലും മറ്റാരുമായും സംസാരിക്കാന്‍ പോലും ഭരണകൂടം അനുവദിച്ചില്ല. മൂസയും ഫറോവയും എന്നും മിസ്റിന്റെ നാട്ടില്‍ പുനര്‍ജനിക്കും. അത് കൊണ്ട് തന്നെ അവര്‍ തങ്ങളുടെ അന്തകരെ കുറിച്ച് എപ്പോഴും വേവലാതി കൊള്ളുന്നു. സാക്ഷാല്‍ ഫറോവ പരാജയപ്പെട്ടിടത്തു അഭിനവ ഫറോവമാര്‍ എത്രകാലം പിടിച്ചു നില്‍ക്കും എന്നതാണ് നമുക്ക് ചോദിക്കാനുള്ളതും.

Related Articles