Columns

ഭൂമിയെ പിളർത്തുന്നവർ?

ഭൂമിയെ പിളർത്താൻ ശ്രമിച്ച മുനുഷ്യരെ കൊണ്ട് നിബിഡമാണ് ചരിത്രം. ഭൂമിയെ അധീനപ്പെടുത്താനും കലാകാലത്തേക്കും വാഴാനും മോഹിച്ച എത്രയെത്ര പേർ ചരിത്രത്തിൽ കഴിഞ്ഞു പോയി. അത്തരക്കാരിൽ അധികവും രാജാക്കന്മാരായിരുന്നു. ഭൂമിയിൽ ശ്വാശ്വതീകരണം നേടാനായി എന്തെല്ലാം വേലകളായിരുന്നു അവർ ഇറക്കിയത്. പക്ഷെ സത്യമാവട്ടെ ഒരഹങ്കാരിയും ഈ ഭൂമിയിൽ ഇന്ന് വരെ വിജയിച്ചിട്ടില്ല. ചരിത്രത്തിൽ വെറും കരിക്കട്ടയുടെ വില മാത്രമേ അവർക്കിപ്പോൾ ഒള്ളൂ.

ഭൂമിയിൽ അഹങ്കരിക്കുന്നത്തിന്റെ അർത്ഥ ശൂന്യതയെ വിശദീകരിക്കുന്ന പരാമർശങ്ങൾ വേദ ഗ്രന്ഥങ്ങളിൽ ധാരാളമായി വന്നിട്ടുണ്ട്. ആ ഇനത്തിൽ പെട്ട പരിശുദ്ധ ഖുർആനിന്റെ ഒരു വാചകം ഇങ്ങനെയാണ്.

“നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച”.

അഹങ്കരിച്ച സമൂഹങ്ങളെ നശിപ്പിച്ചതിന്റെ വിവരണങ്ങളും ഖുർആനിൽ വന്നിട്ടുണ്ട്. അതിൽ പുരാവസ്തു ഗവേഷകരും മറ്റും ശരി വെച്ച ഒരു പരാമർശം കാണാം.

“എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍!”. ഖുർആൻ. അധ്യായം 22, സൂക്തം 45.

Also read: ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?

ഒരു സംഭവ കഥയിലേക്ക് വരാം

ക്രിസ്തുവിനു മുമ്പ് ഇന്ത്യ ഭരിച്ച നമ്മുടെ അശോക മഹാ ചക്രവർത്തിയുടെ ഒക്കെ സമകാലികനായ ഒരു ചൈനീസ് രാജാവിന്റെ കഥയാണ്. ബിസി 246 ൽ വാങ്‌ ചെങ് എന്ന പേരിലായിരുന്നു അദ്ദേഹം അധികാരമേറ്റത്. എന്നാൽ പിന്നീട് ലോകത്തെ ആദ്യത്തെ ഭരണാധികാരി എന്നർത്ഥമുള്ള ഷി ഹുവാങ് ഡി എന്ന പേർ സ്വീകരിച്ചു. ക്വിൻ രാജ വംശം ഇദ്ദേഹമാണ് സ്ഥാപിച്ചത്. അഹന്തക്ക് കയ്യും കാലും വെച്ച ഒരു ഭരണാധികാരിയായിരുന്നു. താനാണ് ലോകത്തെ ആദ്യത്തെ ഭരണാധികാരിയെന്നു വാങ്‌ ചെങ് പ്രഖ്യാപിച്ചു. സത്യമാവട്ടെ ഈ രാജാവിന് മുമ്പത്തെ ചൈനക്ക് തന്നെ അറിയപ്പെട്ട 2000 വർഷത്തെ ചരിത്രമുണ്ടായിരുന്നു. രാജാവ് പക്ഷെ അതൊന്നും ഗൗനിച്ചില്ല. താൻ അധികാരമേൽക്കുന്നതിനു മുമ്പു സംഭവിച്ച സകലതിനെയും മായ്ച്ചു കളയാൻ തീരുമാനിച്ചു. ഭൂത കാലത്തെ പാടെ മറന്നു കളയാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പൂർവ കാലത്തു രചിക്കപ്പെട്ട മരുന്ന് സംബന്ധമായവയൊഴിച്ചു മറ്റെല്ലാ പുസ്തകങ്ങളും ചുട്ടുകരിക്കാൻ കല്പന പുറപ്പെടുവിച്ചു. ചൈനയിൽ എക്കാലത്തും ആദരിക്കപ്പെട്ട കൺഫ്യൂഷ്യസിന്റെ പുസ്തകങ്ങൾ വരെ കത്തി ചാമ്പലായി. വിലപ്പെട്ട പുസ്തകങ്ങൾ പൂഴ്ത്തിവെച്ചു സംരക്ഷിക്കാൻ ശ്രമിച്ച 460ൽ പരം വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പണ്ഡിതന്മാരെ ജീവനോടെ ചുട്ടെരിച്ചു. രാഷ്ട്രീയ എതിരാളികളെ ക്രൂരമായി അടിച്ചമർത്തി. ഗ്രന്ഥങ്ങൾ കത്തിക്കുകയും പണ്ഡിതരെ കുഴുച്ചുമൂടുകയും ചെയ്യുക എന്ന സംഭവവും ഇതിന്റെ ഭാഗമായിരുന്നു.

ഭൂമിയിൽ ശാശ്വതമായി വസിക്കാനുള്ള അതിയായ ആഗ്രഹം കാരണം മരണത്തെ ഈ ചക്രവർത്തി അങ്ങേയറ്റം ഭയപ്പെട്ടു. നിത്യ ജീവൻ നേടാനുള്ള വഴികൾ അന്വേഷിച്ചു ഒട്ടനവധി യാത്രകൾ നടത്തി. ഒന്നും ഫലം കാണാതെ വന്നപ്പോൾ ആയിരം പേരടങ്ങുന്ന ഒരു സംഘത്തെ നിത്യ ജീവൻ കൈവരിക്കാനുള്ള മരുന്ന് തേടി പിടിക്കുന്നതിനായി കപ്പൽ കയറ്റി വിട്ടു. മരുന്നില്ലാതെ തിരിച്ചു വന്നാൽ കൊല്ലപ്പെടുമെന്ന ഭയം നിമിത്തം സംഘം പക്ഷെ പിന്നീട് ഒരിക്കലും ചൈനയിലേക്ക് തിരിച്ചു വന്നില്ല. അവർ ജപ്പാനിൽ കുടിയേറി താമസമാക്കി.

ഭൂമിക്കടിയിൽ ഗർത്തങ്ങളും തുരങ്കങ്ങളും നിർമ്മിച്ച്‌ അവയിൽ ഒളിച്ചു വസിച്ചും മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനുള്ള പല വിഫല ശ്രമങ്ങളും രാജാവ് നടത്തുകയുണ്ടായി. സംഭവിച്ചതാവട്ടെ കേവലം അമ്പതാമത്തെ വയസ്സിൽ മരണം അദ്ദേഹത്തെ കീഴ്പെടുത്തി.

മരണത്തിനു ശേഷമുള്ള തന്റെ സംരക്ഷണത്തിനും രാജാവ്സം വിധാനമേർപ്പെടുത്തിയിരുന്നു. ഷി ഹുവാങ് ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ നിന്ന് ഇരുന്നൂറോളം യോദ്ധാക്കളുടെ കളിമണ്‍ പ്രതിമകള്‍ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 12 കളിമണ്‍ കുതിരകള്‍, രണ്ട് രഥങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കല വാളുകള്‍, വില്ലുകള്‍, നിറമുള്ള പരിചകള്‍ എന്നിവയും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഈ യോദ്ധാക്കൾ കാണപ്പെട്ടത്. ഒരു സംഘം തൂണുകള്‍ വഹിക്കുന്നു, മറ്റേ സംഘം വില്ലുകള്‍ വഹിക്കുന്നു.

Also read: ഇസ്‌ലാം വംശീയതയോട് പോരാടിയത് ?

ഷി ഹുവാങ് ചക്രവര്‍ത്തിയുടെ ക്രൂരതകൾ ചൈനയുടെ പിന്നീടുള്ള ചരിത്രത്തിൽ പലപ്പോഴും ഓർമിക്കപ്പെട്ടിട്ടുണ്ട്. ചൈനയുടെ നന്മക്ക് വേണ്ടി ഷി ഹുവാങ് ചക്രവര്‍ത്തി 460 പേരെ മാത്രമാണ് കൊന്നതെങ്കിൽ ഞങ്ങൾ 46000 പേരെ ചുട്ടു കൊന്നതായി സാംസ്‌കാരിക വിപ്ലവ കാലത്തു മാവോ സേതുങ് നടത്തിയ പ്രസ്താവനയാണ് ഇതിൽ ഏറ്റവും പ്രശസ്തമായത്.

ഭൂമിയെ പിടിച്ചടക്കാനോ പിളർത്താനോ ഭൂമിയിൽ സ്ഥിരമായി വസിക്കാനോ ആർക്കും സാധ്യമല്ല. പകരം സംഭവിക്കുന്നതാവട്ടെ ഏതൊരു ശക്തനും ഒരു നാൾ മരിച്ചു മണ്ണടിയും. പിന്നീടവരുടെ ഒരു നേരിയ  ശബ്ദം പോലും പുറത്തു കേൾക്കുകയില്ല. താഴെ കൊടുത്ത ഖുർആൻ സൂക്തങ്ങൾ ഈ യാഥാർഥ്യമാണ് അടിവരയിടുന്നത്.

19:98 ” ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?”.

32:26 “ഇവര്‍ക്ക് മുമ്പ് നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട്‌. എന്ന വസ്തുത ഇവര്‍ക്ക് നേര്‍വഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നല്ലോ. തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. എന്നിട്ടും ഇവര്‍ കേട്ട് മനസ്സിലാക്കുന്നില്ലേ? “.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker