Current Date

Search
Close this search box.
Search
Close this search box.

അതിനെ ‘വിശുദ്ധ കൊള്ള’യെന്ന് വിളിക്കാനാവില്ലല്ലോ

ഒരു രാജ്യത്തിന്റെ പണം അവിടത്തെ ജനങ്ങളുടെ പണമാണ്. അത് അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കാനുള്ളതാണ്. മറ്റേതെങ്കിലും രാജ്യം അത് പിടിച്ചെടുത്ത് സ്വേഛാപരമായി ഉപയോഗിച്ചാല്‍ അതിനെ വിളിക്കേണ്ടത് ശുദ്ധ കൊള്ളയെന്നാണ്. അമേരിക്കയും ഇസ്രായിലുമൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതിനെ ‘വിശുദ്ധ കൊള്ള’യെന്ന് വിളിക്കാനാവില്ലല്ലോ.

അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക കൊള്ളയടിച്ച കോടിക്കണക്കിന് ഡോളറുകള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷം നീണ്ട അധിനിവേശത്തിനുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പടിയിറങ്ങിയ ഉടനെയാണ് അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (DAB) 710 കോടി ഡോളര്‍ പണം അമേരിക്ക മരവിപ്പിച്ചത്. അത് തിരികെ നല്‍കാനുള്ള താലിബാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞുനിന്ന ബൈഡന്റെ ഉദ്ദേശ്യം ഇതോടെ വ്യക്തമായിരിക്കുന്നു.

പാവപ്പെട്ടവന്റെ മടിശ്ശീല പിടിച്ചുപറിച്ച് ചില്ലിക്കാശെടുക്കുന്ന ജമ്മിയുടെ ഏര്‍പ്പാടാണ് ബൈഡന്‍ നടപ്പാക്കാന്‍ പോകുന്നത്. അഫ്ഗാനികള്‍ നല്‍കിയ നികുതിപ്പണം ഉള്‍പ്പെടെയുള്ള ഈ 710 കോടി ഡോളര്‍ 9/11 ലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും ബാക്കി പണം അഫ്ഗാനിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനുമാണ് ബൈഡന്റെ ഉത്തരവ്.
9/11നു പിന്നില്‍ അല്‍ ഖായിദയാണെന്നും അതിന്റെ തലവന്‍ ഉസാമ ബിന്‍ലാദിന് താവളമൊരുക്കിയെന്നും ആരോപിച്ചായിരുന്നല്ലോ അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തിയത്. ലോക വ്യാപാര കേന്ദ്രം തകര്‍ത്തതിനു പിന്നില്‍ താലിബാനാണെന്ന അഭിപ്രായം അധിനിവേശത്തിന് ആഹ്വാനം ചെയ്ത ബുഷിനും പോലും ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ 9/11 ആക്രമണവുമായി പുലബന്ധം പോലുമില്ലാത്ത അഫ്ഗാനികളുടെ പണം ഇമ്മട്ടില്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കക്ക് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യം പ്രസക്തമാണ്.

അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ അറിയാത്തവരായി ആരുമുണ്ടാകില്ല. മടങ്ങി പോകുമ്പോൾ ബഗ്രാം താവളത്തിലെ ഇളക്കിക്കൊണ്ടു പോകാവുന്നതൊക്കെ പറിച്ചെടുത്ത് പോയവരാണ് അമേരിക്കന്‍ സൈനികര്‍. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പോകുന്ന താലിബാന്‍ ഭരണകൂടത്തെ പരമാവധി ഉപദ്രവിക്കാനും അതുവഴി അഫ്ഗാന്‍ ജനതയെ ദുരിതത്തിലേക്ക് തള്ളിവിടാനുമായി പല പരിപാടികളും അമേരിക്കന്‍ ഭരണകൂടം ആസൂത്രണം ചെയ്തിരുന്നു. അക്കൂട്ടത്തില്‍പെട്ടതാണ് ഇതും. രണ്ടേകാല്‍ കോടിയോളം അഫ്ഗാനികള്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് ഐക്യരാഷ് ട്ര സഭയുടെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കിയത് ഈയ്യിടെയാണ്. അപ്പോഴാണ് ആ രാജ്യത്തിലെ പട്ടിണിപ്പാവങ്ങളുടെ പണം ബൈഡനും കൂട്ടരും കീശയിലാക്കാന്‍ നോക്കുന്നത്.

ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് അല്‍ ഖാഇദയാണെന്ന് ആരോപിച്ച് അതിന്റെ നേതാവിനെ വളരെ തന്ത്രപരമായ നീക്കത്തിലൂടെ വധിച്ചിരുന്നല്ലോ അമേരിക്ക. ഇതേ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് അല്‍ ഖാഇദയുടെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി അവ കണ്ടുകെട്ടാനും അമേരിക്കക്ക് സാധിക്കേണ്ടതല്ലേ? അതിന് തുനിയാതെ പാവപ്പെട്ട ഒരു രാജ്യത്തിന്റെ മേക്കിട്ടു കയറുന്നത് എന്തു വൃത്തികെട്ട നിലപാടാണ്?

അഫ്ഗാനിസ്ഥാനില്‍നിന്ന് തടഞ്ഞുവെക്കപ്പെട്ട പണം തങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് 9/11ല്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ബൈഡന്റെ തീരുമാനം. എന്നാല്‍ കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല, 2013ല്‍ ഇതുസംബന്ധിച്ച മറ്റൊരു കേസില്‍ താലിബാന് എതിരെ ഒരു വിധി വന്നിരുന്നു. താലിബാൻ മാത്രമല്ല, സദ്ദാം ഹുസൈന്‍, ഇറാനിലെ ആയത്തുല്ല അലി ഖാംനഇ, ലെബനാനിലെ ഹിസ്ബുല്ല എന്നിവരൊക്കെ അല്‍ ഖാഇദക്കൊപ്പം കേസില്‍ പ്രതികളാണ്. കൗതുകകരമെന്നു പറയട്ടെ, മേല്‍പറഞ്ഞ കക്ഷികളൊക്കെ കടുത്ത അല്‍ ഖാഇദ വിരുദ്ധരുമാണ്. ഇനി ഏതെങ്കിലും അമേരിക്കന്‍ കോടതി ഇവരില്‍നിന്നൊക്കെ നഷ്ടപരിഹാരം ഈടാക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും ബൈഡന്‍ ഇറങ്ങിപ്പുറപ്പെടുമോ?

ചോദ്യങ്ങള്‍ ഇവിടെയും അവസാനിക്കുന്നില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും യെമനിലും മറ്റു പലയിടങ്ങളിലുമായി ബോംബിട്ടും മിസൈല്‍ അയച്ചും അമേരിക്ക നിഷ്ഠൂരം കൊന്നൊടുക്കിയ നിരപരാധികളുടെ കുടുംബങ്ങള്‍ ഇത്തരം നഷ്ടപരിഹാരങ്ങള്‍ക്ക് അര്‍ഹരല്ലേ? 9/11 ല്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങുവരും അവരുടെ എണ്ണം. ഇതേ ന്യായം വെച്ച് ലോക പോലീസുകാരന്റെ ട്രഷറിയില്‍ കയ്യിടാന്‍ ആര്‍ക്കുമാവില്ലല്ലോ! 1988 ജൂലൈ 3ന് ഇറാന്‍ എയറിന്റെ എയര്‍ ബസ് ഇനത്തില്‍പെട്ട വിമാനം ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നയുടന്‍ മിസൈല്‍ വിട്ട് 290 യാത്രക്കാരെയും കൊന്നിട്ട് ഇന്നോളം മാപ്പു പറഞ്ഞിട്ടില്ല അമേരിക്ക. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു പോലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോയി.

അന്യനാട്ടുകാരുടെ പണം കൊള്ളയടിക്കുന്ന കാര്യത്തില്‍ അമേരിക്കയുടെ ശിങ്കിടിയായ ഇസ്രായിലും പിന്നിലല്ല. ഫലസ്ത്വീന്‍ അതോറിറ്റി തെരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തിലെത്തിയതോടെ കസ്റ്റംസ് തീരുവ ഇനത്തില്‍ ഫലസ്ത്വീന് നല്‍കേണ്ട പണം അമേരിക്കയുടെ നിര്‍ദേശാനുസരണം വര്‍ഷങ്ങളോളം പിടിച്ചുവെച്ചു. ഒടുവില്‍ അത് നല്‍കിയത് ഹമാസിന്റെ എതിരാളികളായ പ്രസിഡന്റ് മഹ് മൂദ് അബ്ബാസിന്റെ റാമല്ല ആസ്ഥാനമായുള്ള ഫലസ്ത്വീന്‍ അതോറിറ്റിക്ക്. ഇസ്രായിലി ജയിലുകളിലുള്ള ഫലസ്ത്വീനികളുടെ കുടുംബങ്ങൾക്ക് അതോറിറ്റി മാസാന്തം ചിലവിന് നല്‍കുന്നുവെന്ന് ആരോപിച്ച് പ്രസ്തുത തുകയില്‍നിന്ന് അഞ്ചു ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു!

ഗസ്സയില്‍ നിരന്തരം യുദ്ധം ചെയ്ത് ആയിരക്കണക്കിന് സിവിലിയന്മാരെ കൊന്നൊടുക്കുകയും നിരവധി വീടുകളും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും അടിസ്ഥാന സംവിധാനങ്ങളും തകര്‍ക്കുകുയം ചെയ്ത ഇസ്രായില്‍ എപ്പോഴെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ? ഇസ്രായിലി ഭീകരതക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഫലസ്ത്വീനികളുടെ വീടുകള്‍ ഇടിച്ചുനിരപ്പാക്കുന്ന മനുഷ്യത്വഹീനമായ നടപടികള്‍ സയണിസ്റ്റ് ഭരണകൂടം തുടരുകയുമാണ്.

Related Articles