Current Date

Search
Close this search box.
Search
Close this search box.

സംഘ പരിവാറിന്റെ വിഷയം ഹലാലോ ഹറാമോ അല്ല

ഇസ്ലാം ഒരു നിലപാടിന്റെ പേരാണ്. ജാഹിലിയ്യത്തും മറ്റൊരു നിലപാടിന്റെ പേരാണ്. അങ്ങിനെ നോക്കിയാൽ ഹലാലും ഒരു നിലപാടാണ്. അതിനെ നമുക്ക് ധാർമ്മിക നിലപാട് എന്ന് വിളിക്കാം. ഇസ്ലാമിൽ രണ്ടു നിബന്ധനകൾ ഒത്തു വരുന്ന ഏതു ഭക്ഷണവും ആർക്കും കഴിക്കാം. അതിൽ ഒന്ന് ഹലാൽ എന്ന നിബന്ധനയാണ്. അനുവദനീയം എന്ന് അതിനെ മലയാളത്തിൽ വിളിക്കാം. ആരാണ് അനുവദിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഏകനായ ദൈവം എന്നാകും. വിശ്വാസികളുടെ ജീവിതം പൂർണമായി ദൈവ ഹിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവരുടെ നടത്തവും ഇരുത്തവും കിടത്തവും തീനും കുടിയുമെല്ലാം ദൈവിക തീരുമാനത്തിന് അനുഗുണമായി മാത്രം മുന്നോട്ടു പോകുന്നു. അതിനെയാണ് ഒറ്റ വാക്കിൽ ഇസ്ലാം എന്ന് വിളിക്കുന്നത്‌.

ഹലാൽ മറ്റൊരു വാക്കിൽ പറഞ്ഞാൽ ധാർമ്മിതയുമായി ചേർന്ന് നിൽക്കുന്നു. കഴിക്കുന്ന ഭക്ഷണം ഹലാൽ ആകുക എന്നത് കൊണ്ട് ഉദ്ദേശ്യം ആ ഭക്ഷണം അനുവദനീയമായ മാർഗത്തിലൂടെ സമ്പാദിച്ചത് എന്നത് പോലെ അത് കഴിക്കാൻ ദൈവം അനുവദിച്ചു എന്ന് കൂടിയാണ്. ഹോട്ടലുകളിൽ ഹലാൽ എന്ന് വിളിക്കപ്പെടുക അവിടെ വിളമ്പുന്ന മാംസവുമായി ബന്ധപ്പെട്ടാണ്. ഇസ്ലാമിക നിയമ പ്രകാരം നിഷിദ്ധ ഭക്ഷണങ്ങളിൽ ഒന്ന് ദൈവത്തിന്റെ പേര് ഉച്ചരിക്കാതെ അറക്കപ്പെടുന്നവയുടെ മാംസമാണ്. ഈ നിലയിൽ ഭക്ഷണ ക്രമം നോക്കുന്നത് ലോകത്ത് മുസ്ലിംകൾ മാത്രമാകും. അത് കൊണ്ട് തന്നെ മുസ്ലിംകളുടെ കച്ചവടം ലക്ഷ്യം വെച്ചാണ് പലരും ഹോട്ടലിനു മുന്നിൽ ഹലാൽ ബോർഡ് തൂക്കുന്നത്‌. അതൊരു കച്ചവട തന്ത്രം മാത്രമായെ നമുക്ക് അനുഭവപ്പെടൂ.

മുസ്ലിം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മാംസത്തിന്റെ പേക്കറ്റിനു മുകളിൽ ഹലാൽ പരസ്യം കാണാൻ കഴിയും. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന മാംസ പേക്കറ്റിൽ അത് കാണാം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വലിയ അന്തരം ഈ ഹറാം ഹലാൽ തന്നെയാണ്. മൃഗങ്ങളുടെ ജീവിതത്തിൽ ഹലാലിനു പ്രസക്തിയില്ല. കിട്ടുന്ന എന്തും കഴിക്കുക എന്നതാണ് അവർ പിന്തുടരുന്ന നിലപാട്. എന്തും കഴിക്കുക എന്നതിലപ്പുറം എന്ത് എങ്ങിനെ കഴിക്കുന്നു എന്ന വിഷയത്തിൽ കൃത്യമായ നിലപാട് കാത്തു സൂക്ഷിക്കുന്നു എന്നതാണ് മനുഷ്യരുടെ പ്രത്യേകത. നേരത്തെ പറഞ്ഞത് പോലെ ഭക്ഷണത്തിലും വസ്ത്രത്തിലും ഇസ്ലാം കൃത്യമായി സംസാരിക്കുന്നു. അത് കേവലം വായിച്ചു തീർക്കാനുള്ളതല്ല പകരം പ്രാവർത്തികമാക്കാനുള്ളതാണെന്ന് വിശ്വാസി മനസ്സിലാക്കുന്നു.

ഇസ്ലാമിൽ ഭക്ഷണം അനുവദനീയമാകാൻ മറ്റൊരു നിബന്ധന കൂടിയുണ്ട്. അതിനെ “ നല്ലത്” എന്ന് വിളിക്കാം. പന്നി മാംസം നല്ലതായാലും നിഷിദ്ധമാണ്, അത് പോലെ കേടു വന്ന ആട് മാംസം “ നല്ലത്”: എന്ന ഗണത്തിൽ വരില്ല. രണ്ടും നിഷിദ്ധമായി ഇസ്ലാം കണക്കാക്കുന്നു. അത് പറയുമ്പോൾ സംഘ പരിവാർ എന്തിനു കോപിക്കണം. ഇസ്ലാമിൽ ഹലാൽ മാത്രമേ കഴിക്കാവൂ എന്നുണ്ട്, അതെ സമയം ഹലാൽ നിർബന്ധമായി കഴിക്കണം എന്ന നിർബന്ധം ഇസ്ലാമിനില്ല. ഈ നിലപാട് സ്വീകരിച്ചാൽ പിന്നെ എന്ത് കഴിക്കണം എന്ന് വ്യക്തിക്ക് തീരുമാനിക്കാം. അതെ സമയം “ ഹലാൽ ഹറാമുകൾ” വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നുതാണ്. “ചത്തതും ചീഞ്ഞതും എന്നതു അതു കൊണ്ട് തന്നെ വിശ്വാസിയുടെ ഭക്ഷണത്തിന് പുറത്താണ്.

ഇസ്ലാമിലെ ഭക്ഷണ ക്രമം അത് കൊണ്ട് തന്നെ നല്ലത് ഭക്ഷിക്കുക എന്നത്തിന്റെ ചുരക്കപ്പേരാണ്. ശബരിമല പോലും ഇന്ന് ഹലാൽ ഹറാം വിവാദത്തിൽ എത്തി നിൽക്കുന്നു. ഹലാൽ ശർക്കര എന്നത് പുതിയ അറിവാണ്. ശർക്കരയും പഞ്ചസാരയും രൂപപ്പെടുന്നത് കരിമ്പിൽ നിന്നാണ്. കരിമ്പിൽ നിന്നുണ്ടാക്കുന്ന അസംസ്കൃതമായ ഒരു മധുരവസ്തുവാണ്‌ ശർക്കര. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു. വടക്കേ മലബാറിൽ ഇതിനെ വെല്ലം എന്നുംവിളിക്കുന്നു.

വെട്ടിയെടുത്ത കരിമ്പ്, ഇലകൾ നീക്കം ചെയ്ത് ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. പോത്തുകളോ ഒട്ടകമോ വലിക്കുന്ന ചക്കാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര്, വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുന്നു. ഇത്‌ വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി വാർത്തെടുക്കുന്നു. ഇതിൽ ഹലാൽ ഹറാം എന്നിവ എങ്ങിനെ കയറി വരുന്നു എന്നത് ഒരു പഠന വിഷയമാണ്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും സ്വാതന്ത്രമുള്ള രാജ്യമാണ് ഇന്ത്യ. അവിടെയാണ് സംഘ പരിവാർ ചോദ്യം ഉന്നയിക്കുന്നത്.

ഗോ മൂത്രത്തിലും ചാണകത്തിലുമാണ് ലോകം നില നിൽക്കുന്നത് എന്ന് വിശ്വസിക്കാനും നാട്ടിൽ നിയമമുണ്ട്. പക്ഷെ എല്ലാവരും കാലത്ത് തന്നെ വെറും വയറ്റിൽ ഒരിറക്ക് ഗോ മൂത്രം കഴിക്കണം എന്ന് പറയാൻ നാട്ടിൽ നിയമമില്ല. ഭക്ഷണത്തിൽ തുപ്പൽ ഇസ്ലാമല്ല. അത് കൊണ്ട് ഇസ്ലാമിനെ ഇല്ലാതാക്കാൻ ജാഹിലിയ്യതിനെ കൂട്ട് പിടിച്ചിട്ടു കാര്യമില്ല എന്ന് കൂടെ പറയണം. സംഘ പരിവാറിന്റെ വിഷയം ഹലാലോ ഹറാമോ അല്ല . ഇസ്ലാം തന്നെയാണ്. പ്രവാചക കാലത്ത് ഈ ചോദ്യം മറ്റു പലരും ചോദിച്ചിരുന്നു. അത് എന്നും ചോദിയ്ക്കാൻ ആളുണ്ടാവുക എന്നത് ഒരു ചരിത്ര നിയോഗം കൂടിയാണ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles