Columns

നമ്മെ വിഴുങ്ങുന്ന മൗനം

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്നെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ, സമകാലിക ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ ഒരു രചനയാണ് നമ്മെ വിഴുങ്ങുന്ന മൗനം (വിവ: സുധാകരന്‍ രാമന്തളി, ഡി സി ബുക്‌സ് )

നമുക്കിടയില്‍ ഇന്ന് വെറുപ്പിന്റെ രാഷ്ട്രീയമാണ് വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നത്.
എന്നാല്‍ ചുറ്റുപാടും അരങ്ങേറുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ പൊതുവേ നാം നിശ്ശബ്ദരാണ്. ഓരോ കൊലപാതക വാര്‍ത്ത വരുമ്പോഴും വിഷലിപ്തമായ വായ്ത്താരി കേള്‍ക്കുമ്പോഴും ‘അതൊന്നും നമ്മെ ബാധിക്കുന്നതല്ല’ എന്നാണ് പൊതുവേ നാം കരുതുന്നത്.

പച്ചയായ കോര്‍പ്പറേറ്റ് പ്രീണനം നടക്കുമ്പോള്‍, കല്‍ബുര്‍ഗിയും ഗോവിന്ദപന്‍സാരെയും നരേന്ദ്ര ധാബോല്‍ക്കറും ഗൗരി ലങ്കേശും പെഹ് ലൂഖാനും മുഹമ്മദ് അഖ്‌ലാക്കും തബ്രീസ് അന്‍സാരിയും ദലിത് കുരുന്നുകളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അതിക്രൂരമായി കൊലചെയ്യപ്പെടുമ്പോള്‍, സഞ്ജീവ് ഭട്ടിനെ പോലുള്ളവരോട് പ്രതികാരം തീര്‍ക്കുമ്പോള്‍, സാംസ്‌കാരിക നായകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന്റെ ഭീകര വകുപ്പുകള്‍ കുത്തിവെക്കുമ്പോള്‍, കശ്മീര്‍ നിലവിളിക്കുമ്പോള്‍, അസം പൗരത്വപ്പട്ടികയുടെ മറവില്‍ അനീതിക്കിരയാവുമ്പോള്‍, ചരിത്രം തുളുമ്പുന്ന സ്ഥലനാമങ്ങള്‍ മായ്ക്കപ്പെടുമ്പോള്‍, എന്തിനധികം..മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്നു വരെ പറഞ്ഞു തുടങ്ങുമ്പോള്‍..നാം ഒന്നും ‘കണ്ടില്ല, കേട്ടില്ല’ എന്ന് നടിക്കുന്നത് മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അന്തസ്സിന് വിരുദ്ധമത്രെ.

ചെന്നായയെയും ആട്ടിന്‍കുട്ടിയെയും ചേര്‍ ത്തു കെട്ടുന്ന ‘സമവാക്യ സിദ്ധാന്ത’മാവട്ടെ വേട്ടക്കാരന് ശക്തി പകരുന്നതും ഇരയെ ദുര്‍ബ്ബലപ്പെടുത്തുന്നതുമായ ആത്മവഞ്ചനയാണ്. ജനാധിപത്യവും മതേതരത്വവും രൂപപ്പെട്ടത് ശൂന്യതയില്‍ നിന്നായിരുന്നില്ല. നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ പ്രോജജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയായിരുന്നു. ഇന്ത്യന്‍ ഫാഷിസം രാഷ്ട്രീയമായും വൈജ്ഞാനികമായും ന്യൂനപക്ഷമാണ്. മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ട് മാത്രമാണ് വെറും 30% വോട്ട് കൊണ്ട് അധികാരം പിടിക്കാന്‍ അവര്‍ക്കായത്.

ജനാധിപത്യത്തിന്റെ എക്കാലത്തെയും സവിശേഷത അത് വിയോജിപ്പുകളെ അംഗീകരിക്കുന്നു എന്നതാണ്. യോജിക്കാനുള്ള അവകാശം ഏത് ഏകാധിപതിയും നമുക്ക് അനുവദിച്ചു തരുന്നതാണ്. എന്നാല്‍ വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിനാല്‍ കറുത്ത വാര്‍ത്ത കളോട് നാം വിയോജിപ്പ് രേഖപ്പെടുത്തിയേ തീരൂ.

Facebook Comments
Related Articles
Show More
Close
Close