Current Date

Search
Close this search box.
Search
Close this search box.

സംഘ പരിവാര്‍ വരുന്ന വഴി

1951 ലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 489 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 364 സീറ്റ് നേടിയാണ്‌ കോണ്ഗ്രസ് അധികാരത്തിൽ വന്നത്. ബി ജെ പി യുടെ ആദ്യ രൂപമായ ജനസംഘവും അന്നത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അന്ന് അവർക്ക് കിട്ടിയത് മൂന്നു സീറ്റുകൾ മാത്രമാണ്. ആ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു പതിനേഴു സീറ്റുകൾ ലഭിച്ചിരുന്നു. ജനസംഘം 1977 ചില സോഷ്യൽ പാർട്ടികളുമായി യോജിച്ചു ജനത പാർട്ടി എന്ന ഒറ്റപ്പാർട്ടിയായി. അതിൽ നിന്നും ഭിന്നിച്ചു പോയവർ രൂപം നൽകിയ പാർട്ടിയാണ് ബി ജെ പി. അതായത് ജനതാ പാർട്ടി കൊണ്ട് ശരിക്കും പ്രയോജനം ലഭിച്ചത് ആർക്കെന്ന് ഇപ്പോൾ മനസ്സിലാവും.

RSSന്റെ നേതൃത്വത്തിൽ ഉദയം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനസംഘം. ശ്യാമ പ്രസാദ് മൂഖർജിയാണ് അതിന്റെ സ്ഥാപകൻ. ആദ്യ നെഹ്‌റു മന്ത്രി സഭയിൽ അംഗമായിരുന്ന അദ്ദേഹം നെഹ്രുമായി ജമ്മു കാശ്മീർ വിഷയത്തിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്തു പോയി പുതിയ പാർട്ടിക്ക് രൂപം നൽകി. അടിയന്തിരാവസ്ഥ വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ സ്ഥാനമൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. അടിയന്തരാവസ്ഥ പ്രതിപക്ഷ കക്ഷികൾക്ക് ആദർശവും നയനിലപാടുകളും മറന്നു ഒന്നിക്കാൻ കാരണമായി. ജനത പാർട്ടി എന്നത് ഒരു താൽക്കാലിക പ്രതിഭാസം എന്നതിലപ്പുറം മറ്റൊന്നും സംഭവിച്ചില്ല. അതെ സമയം പൊതു മണ്ഡലത്തിൽ അത് ഹിന്ദു വർഗീയ വാദികൾക്ക് നല്ല സ്ഥാനം നൽകുകയും ചെയ്തു.

1980 ലെ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ശക്തമായി തിരിച്ചു വന്നു. ഭരണ കക്ഷിയായിരുന്ന ജനതാ പാർട്ടി മുപ്പതു സീറ്റിൽ ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ ഒതുങ്ങിയ ബി ജെ പി പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ശക്തി വർധിപ്പിച്ചു കൊണ്ടിരുന്നു. അവസാനം ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെട്ടു എന്നത് വർത്തമാന ചരിത്രം. മതേതര കക്ഷികളുമായി കൂട്ടു ചേരാൻ കഴിഞ്ഞു എന്നതാണ് ജനസംഘത്തിൽ നിന്നും ബി ജെ പിയിലേക്കുള്ള വളർച്ചയുടെ പിന്നിൽ. കോണ്ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റു പാർട്ടികളുടെ മൂലധനം. കോണ്ഗ്രസ് തകരുമ്പോൾ അവിടെ പ്രാദേശിക പാർട്ടികൾ ഉയർന്നു വരുന്നു. ദേശീയ തലത്തിൽ ആ വിടവ് നികത്താൻ മറ്റാരും ഉണ്ടായില്ല എന്നത് കൊണ്ട് ആ വിടവിലേക്കു ബി ജെ പി കയറിയിരുന്നു.

ജനതാ പാർട്ടിയും ജനതാദൾ പാർട്ടികളും ഇടതു പാർട്ടികളും ഒരു ദേശീയ ബദൽ എന്ന രീതിയിലേക്ക് ഒരിക്കലും വളർന്നില്ല. ഇടതു പക്ഷം ചില പോക്കറ്റുകളിൽ ശക്തി തെളിയിച്ചെങ്കിലും അതും അധിക കാലം തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. അവസരം മുതലാക്കുന്നതിൽ വിരുതു കാണിച്ചു എന്നതാണ് സംഘ പരിവാർ വിജയത്തിന്റെ പിന്നിലെ രഹസ്യം. സംഘ പരിവാർ മുന്നോട്ട് വെക്കുന്ന വലതുപക്ഷ രാഷ്ട്രീയം തീർത്തും വർഗീയവും വംശീയവുമാണ് എന്നറിയാത്തവരല്ല നമ്മുടെ മതേതര കക്ഷികൾ. താൽക്കാലിക അധികാരത്തിനു വേണ്ടി അവർ ബി ജെ പി യുമായി രഹസ്യ ബാന്ധവവും ചിലപ്പോൾ പരസ്യ ബാന്ധവവും ഉണ്ടാക്കുന്നു. അതിന്റെ ആത്യന്തിക ലാഭം ബി ജെ പി കയ്യടക്കുന്നു.

കേരളത്തിൽ നിന്നും അടുത്ത ദിവസങ്ങളിൽ ഉയർന്നു വരുന്ന വാർത്തകൾ സമാനമാണ്. ഒട്ടകത്തിനു തലവെക്കാൻ ഇടം കൊടുത്ത കഥ നാം കേട്ടിട്ടുണ്ട്. അതിന്റെ പ്രാവർത്തിക രൂപവും നാം അടുത്ത് തന്നെ കാണേണ്ടി വരും എന്നതാകും ഇതിന്റെ ദുരന്തം. കോണ്ഗ്രസ് അതിന്റെ മതേതര ജനാധിപത്യ വഴികളിൽ നിന്നും പിറകോട്ടു പോകുമ്പോൾ അത് അവരുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ ദുരന്തമായി മാറുന്നു. ബി ജെ പിക്ക് ബദൽ എന്നിടത്ത് നിന്നും ബി ജെ പി യുടെ റിക്രൂട്ട്മെന്റ് ഏജൻസി എന്ന നിലയിലേക്ക് പാർട്ടി മാറി പോകുന്നു. മറ്റൊരു പ്രതീക്ഷയായ സി പി എം കാണിക്കുന്ന അഴകൊഴമ്പൻ നിലപാടുകൾ ബി ജെ പി ക്ക് അനുഗുണമായി തീരുന്നു. ചുരുക്കത്തിൽ കേരള മണ്ണിൽ സംഘ പരിവാർ കാലുറപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം പൂർണമായി ദേശീയ കക്ഷികൾക്ക് തന്നെയാണ്. ഇടതു പക്ഷം ബി ജെ പി യോട് കാണിക്കുന്ന ആനുകൂല്യം കൊണ്ട് ഗുണം ലഭിക്കുക പൂർണമായും ബി ജെ പി ക്ക് തന്നെ എന്നതാണ് നമ്മുടെ മുന്നിലെ ചരിത്രം.

Related Articles