ഈജിപ്ത്തിന്റെ പൊതു ജീവിതത്തില്‍ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ സ്ഥാനം ഇന്നും അനിഷേധ്യമായി തുടരുന്നു. 972 ല്‍ ഫാത്തിമിയ ഭരണകൂടമാണ് അല്‍ അസ്ഹര്‍ സ്ഥാപിച്ചത്. ഖുര്‍ആന്‍, ഇസ്ലാമിക പാഠങ്ങള്‍, അറബി ഗ്രാമര്‍, ചാന്ദ്രിക കലണ്ടര്‍ എന്നിവയെ കുറിച്ച് അവിടെ പഠിപ്പിച്ചിരുന്നു. ഷിയാ വിഭാഗമായിരുന്ന ഫത്തിമികളില്‍ നിന്നും പന്ത്രണ്ടാം നൂറ്റാണ്ടില്‍ സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് പിടിച്ചെടുത്തപ്പോള്‍ അന്ന് മുതല്‍ സുന്നി മുസ്ലിം ലോകത്തിന്റെ കീഴിലായി അല്‍ അസ് ഹർ. ഈജിപ്തിലെ തന്നെ രണ്ടാമത്തെ വലിയ ലൈബ്രറി ഇവിടെയാണ്.
പിന്നീട് മാറിവന്ന ഭരണകൂടങ്ങള്‍ അല്‍ അസ് ഹറിനെ കാര്യമായി തന്നെ പരിഗണിച്ചു. “ ശൈഖുല്‍ അസ്ഹര്‍” എന്ന സ്ഥാനപ്പേര് നല്‍കിയത് അടിമ വംശ ഭരണകൂടമായിരുന്നു. പിന്നീട് വന്ന ഉസ്മാനിയ ഭരണ കൂടവും അല്‍ അസ്ഹറിനെ പുരോഗതിയിലേക്ക് നയിച്ചു. ഇസ്ലാമിക വിഷയങ്ങള്‍ക്ക് പുറമേ മറ്റു വിഷയങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ജമാല്‍ അബ്ദുന്നാസര്‍ 1961 ല്‍ സര്‍വ്വകലാശാലയുടെ രൂപം മാറ്റി. എങ്കിലും സുന്നി മുസ്ലിം ലോകത്തും പ്രത്യേകിച്ച് ഈജിപ്ത്യന്‍ സമൂഹത്തിലും കാര്യമായ സ്ഥാനം നിലനിര്‍ത്താന്‍ ഇന്നും അല്‍ അസ്ഹറിന് കഴിയുന്നുണ്ട്. എല്ലാ കാലത്തെയും ഭരണകൂടങ്ങള്‍ക്ക് അനുകൂല സമീപനമാണ് എന്നും അല്‍ അസ്ഹര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. ഈജിപ്തിലെ തിരഞ്ഞെടുത്ത ആദ്യത്തെ സിവിലിയന്‍ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചു സീസി അധികാരത്തില്‍ വരുമ്പോള്‍ ആ സദസ്സിലും നാം ശൈഖുല്‍ അസ്ഹറിനെ കണ്ടിട്ടുണ്ട്. ഹുസ്നി മുബാരക്കിനെതിരെ ജനം തെരുവില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മൗനം പാലിച്ചു എന്ന ആരോപണം അങ്ങിനെ അവര്‍ ഇല്ലാതാക്കി.
പ്രസിഡന്റ് ഫതാഹ് സീസിയും മുന്‍ സാംസ്കാരിക മന്ത്രിയും ദീര്‍ഘകാലം കൈറോ സര്‍വ്വകലാശാലയില്‍ അധ്യാപകനുമായിരുന്ന Gaber Asfour ഉം മനസ്സിലാക്കിയ കാര്യം ഒരു മതനവീകരണം കൊണ്ട് മാത്രമേ ഈജിപ്തിന്റെ ഭൗതിക പുരോഗതി സാധ്യമാകൂ എന്നതാണ്. അതിനു ഈജിപ്റ്റ് ഭരണകൂടം കാണുന്ന പദ്ധതി അല്‍ അസ്ഹറിനെ നവീകരിക്കുക എന്നതും. മത തീവ്രത ഉണ്ടാകാന്‍ ഇപ്പോഴും സാധ്യത ഇവിടെ നിന്നു തന്നെയാണ് എന്ന് ഭരണ കൂടം വിശ്വസിക്കുന്നു. മുന്‍ പ്രസിഡന്റ് മുര്‍സി തന്റെ കാലത്ത് സമൂഹത്തെ മതം പഠിപ്പിക്കാന്‍ ശക്തമായ പിന്തുണ സര്‍വകലാശാലക്ക് നല്‍കിയിരുന്നു.
Also read: ഇസ് ലാമിനെ സരളമായി പരിചയപ്പെടാം
പ്രസിഡന്റ്റ് സിസിയും മതെതരവാദികളും ഇപ്പോഴും സംശയത്തോടെ തന്നെയാണ് അല്‍ അസ്ഹറിനെ നോക്കി കാണുന്നത്. സര്‍വ്വകലാശാലയുടെ അയവില്ലാത്ത മത സമീപനത്തെ ഗുരുതരമായ അവസ്ഥയായി അവര്‍ മനസ്സിലാക്കുന്നു. ആധുനിക ലോകത്തെ നേരിടുന്നതില്‍ ഇപ്പോഴുള്ള “ curriculum” ഗുണം ചെയ്യില്ല എന്നും ഭരണകൂടം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. പട്ടിണി കാരണം ജീവിതം അവസാനിക്കും എന്ന അവസ്ഥയില്‍ ശവം തിന്നാന്‍ കഴിയും എന്ന കര്‍മ്മശാസ്ത്ര സംബന്ധിയായ വിഷയത്തെ പോലും മത തീവ്രവാദം എന്ന ഗണത്തിലാണ് പുതിയ ഭരണകൂടം എത്തിനില്‍ക്കുന്നത്.
ഈജിപ്തില്‍ മത നിയമങ്ങളില്‍ നിര്‍ദ്ദേശം നല്‍കുന്നത് “ ദാര്‍ – അല്‍ – ഇഫ്തയും അല്‍ അസ്ഹരുമാണ്. ഇതിനുവേണ്ടി തന്റെ കീഴില്‍ സീസി പുതിയ ഒരു മന്ത്രിസഭ തന്നെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. മറ്റു രണ്ടു സ്ഥാപനങ്ങളെയും തരംതാഴ്ത്തുക എന്നതായിരുന്നു ഇതിനു പിന്നിലെ ഉദ്ദേശം. അല്‍ അസ്ഹര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ തീരുമാനത്തില്‍ നിന്നും സീസിക്ക് പിന്നോട്ട് പോകേണ്ടി വന്നു.
സീസി ഭരിക്കുന്നത് ആര്‍ക്കു വേണ്ടി എന്ന ചോദ്യം സാധാരണ ഈജിപ്ത് പൗരന്മാര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു. നാട്ടില്‍ പ്രമാണിമാര്‍ സുഖകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. അതെ സമയം മതത്തെ പുനര്‍ നിര്‍ണയിക്കാനുള്ള ശ്രമത്തിലാണ് സീസിയും കൂട്ടരും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. മതത്തെ നാടിന്റെ സാമൂഹിക അവസ്ഥയില്‍ നിന്നും എങ്ങിനെ പറിച്ചു നടാം എന്ന ചോദ്യത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ നടക്കുന്ന മത നവീകരണ പ്രസ്ഥാനം.
അധികാരത്തിലും പൊതു മണ്ഡലത്തിലുമില്ലെങ്കിലും ബ്രദര്‍ഹുഡിന് ഇപ്പോഴും ശക്തമായ വേരുകള്‍ പൊതു സമൂഹത്തിലുണ്ട് എന്നത് സീസിയുടെ ഉറക്കം കെടുത്തുന്നു എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈജിപ്ത്യന്‍ പൊതു രംഗത്ത് അല്‍ അസ്ഹര്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാദീനമാണ് ഭരണ കൂടത്തെ ഉറക്കം കെടുത്തുന്ന മറ്റൊരു വിഷയം. ഈജിപ്ത് ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുന്നു എന്നതും പൊതു സമൂഹത്തിനു അത്ര സമ്മതമല്ല. ഫലസ്തീന്‍ ജനതയോട് ഈജിപ്ത് ഭരണകൂടം പിന്തിരിഞ്ഞു നില്‍ക്കുമ്പോഴും നാട്ടിലെ സാധാരണ ജനത അവരോടു കൂടെയാണ്.
Also read: സാമൂഹ്യ ധാര്‍മികതയുടെ പരിണാമമെങ്ങോട്ട്?
കഴുത വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കുതിരയുടെ പുറകിലടിച്ചാല്‍ വണ്ടി പോകില്ല എന്നാണ് സീസിയുടെ ഭരണത്തെ കുറിച്ച് മറ്റൊരു നിരീക്ഷണം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ ഊന്നാതെ മതത്തിനും മത ചിഹ്നങ്ങള്‍ക്ക് നേരെയും വാളെടുക്കുന്ന രീതി എത്ര നാള്‍ എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. വ്യാവസായിക രംഗത്തും ഭക്ഷ്യ രംഗത്തും സാമ്പത്തിക രംഗത്തും നാട് പിന്നോട്ട് പോയത് മതം കൊണ്ടല്ല. നാടിനെയും നാട്ടുകാരെയും മറന്നു ജീവിച്ച ഭരണാധികാരികളുടെ നിലപാടുകള്‍ കാരണമാണ്. ഈജിപ്തിനെ ഒരു പൂര്‍ണ മത രഹിത സമൂഹമാക്കി മാറ്റുന്നതില്‍ അല്‍ അസ്ഹര്‍ ഒരു തടസ്സമാണെന്നു സീസിയും കൂട്ടരും തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടാണ് മത നവീകരണം എന്നത് അസ്ഹര്‍ നവീകരണം എന്നതിലേക്ക് പെട്ടെന്ന് പോയത്. അതില്‍ ഭരണകൂടം എത്ര മാത്രം വിജയിക്കുന്നു എന്നിടത്ത് നിന്നാണ് അസ്ഹറിന്റെ ഭാവി.