Columns

വെല്ലുവിളിക്കപ്പെടുന്ന ഖുര്‍ആന്‍

ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത വിവരം താങ്കള്‍ അറിഞ്ഞു കാണുമല്ലോ?. അറബി ഭാഷയില്‍ ഖുര്‍ആന്‍ പാരായണം പോലെയോ അതില്‍ കൂടുതലോ മനോഹരമായ ആലാപനം താങ്കള്‍ ശ്രവിച്ചിരിക്കുമെന്ന് കരുതുന്നു. അപ്പോള്‍ വലിയ കാര്യമായി പറഞ്ഞു നടക്കുന്ന ഖുര്‍ആനിന്റെ വെല്ലുവിളി എന്നത് മാറ്റാന്‍ സമയമായില്ലേ?.

ഒരു നിരീശ്വരവാദിയായ സ്നേഹിതന്‍ ചോദിച്ചതാണ്. ഖുര്‍ആന്‍ ഒരിക്കലും അങ്ങിനെ കൊണ്ട് വരാന്‍ കഴിയില്ല എന്ന് പറഞ്ഞ കാര്യം സംഭവിച്ചാല്‍ അത് ഖുര്‍ആനിന് തന്നെ അപമാനമാണ്. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയവും ആഖ്യാനവും അവസാന ദിനം വരെ വേറിട്ട്‌ നില്‍ക്കണം എന്നതാണ് അത് കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നതും.

കൊറോണയാണ് അള്‍ജീരിയന്‍ നാസ്തികന്‍ ഖുര്‍ആനിന് പകരമായി കൊണ്ട് വന്ന ആശയം. ഖുര്‍ആനും പുതിയ കണ്ടെത്തലും അറബി ഭാഷയിലാണ് എന്നത് മാത്രമാണ് ഇതിനിടയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഏക സാദൃശ്യം. പാരായണ രീതി മാത്രമല്ല ഖുര്‍ആനിന്റെ വ്യതിരക്തത. ഖുര്‍ആന്‍ പല രീതിയിലും പാരായണം ചെയ്യപ്പെടുന്നു. ആശയ ഗംഭീരമാണ് ഖുര്‍ആനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഖുര്‍ആന്‍ അവതീര്‍ണ്ണമാകുന്നതിന് മുമ്പും അറബികളുടെ ഭാഷ അറബി തന്നെയായിരുന്നു. പക്ഷെ അവര്‍ക്ക് കേട്ട് പരിചയമില്ലാത്ത ഭാഷ എന്നതല്ല ഖുര്‍ആനിന്റെ പ്രത്യേകത പകരം അവര്‍ക്ക് പരിചിതമല്ലാത്ത ആശയം എന്നതായിരുന്നു. അത് തന്നെയാണു എന്നും ഖുര്‍ആന്‍ ഉയര്‍ത്തി പിടിക്കുന്ന പ്രത്യേകതയും.

Also read: ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

ഖുര്‍ആനിലെ തന്നെ ഒരു അദ്ധ്യായം കടമെടുത്താണ് പുതിയ കൊറോണ അദ്ധ്യായം രചിച്ചിരിക്കുന്നത് എന്ന് കാണാം.. അവര്‍ കടമെടുത്ത അദ്ധ്യായം ചര്‍ച്ച ചെയ്യുന്ന കാര്യം തന്നെയെടുക്കാം. പരലോക നിഷേധമാണ് ആ അദ്ധ്യായത്തിന്റെ ആകെത്തുക. ദൈവ നിഷേധിക്കു പരലോകത്ത് സംഭവിക്കാന്‍ ഇടയുള്ള അവസ്ഥകളെയാണ് പ്രസ്തുത അദ്ധ്യായം ( സൂറ: ഖാഫ്) പ്രതിപാതിക്കുന്നത്. ഖുര്‍ആന്‍ ദൈവിക വചനമാണ് എന്നത് കൊണ്ട് തന്നെ അതിനു വക്രത ഉണ്ടാകാന്‍ പാടില്ല. ദൂരെയുള്ള ചൈനയില്‍ നിന്നും വന്ന കൊറോണയെ കണ്ടു അവര്‍ അത്ഭുതപ്പെട്ടു എന്നത് കൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരു ചോദ്യം. ഇതൊരു വല്ലാത്ത രോഗമാണ് എന്ന് നിഷേധികള്‍ പറയുന്നു എന്നതിന് ശേഷം വരുന്ന വാക്ക് “കല്ലാ” എന്നതാണ്. മുന്‍പ് പറഞ്ഞ കാര്യത്തെ തിരുത്താനാണ് ആ പദം ഭാഷയില്‍ പ്രയോഗിക്കാറ്. “ അല്ല അത് ഉറപ്പുള്ള മരണം തന്നെ” എന്ന് പറഞ്ഞാല്‍ കൊറോണ ബാധിച്ചവര്‍ എല്ലാം മരിക്കണം എന്ന് വരും. കൊറോണ ബാധിച്ചവരില്‍ മരണം സംഭവിച്ചത് പത്തു ശതമാനത്തില്‍ താഴെ മാത്രമാണ്.

ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെടാന്‍ ചില കാരണങ്ങള്‍ കൂടി ചേര്‍ത്ത് പറയാറുണ്ട്‌. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തെ അപഗ്രഥനം നടത്തിയാല്‍ നല്ല വരികളാണ് ഈ കൊറോണ അദ്ധ്യായം എന്നാണ് തല്‍പ്പരകക്ഷികള്‍ വാദിക്കുന്നത്. ഖുര്‍ആന്‍ വിഷയങ്ങളെ അപഗ്രഥനം നടത്തുന്ന രീതി ഇങ്ങിനെയല്ല. ഖുര്‍ആന്‍ കാര്യങ്ങളെ എന്നതിനേക്കാള്‍ കാരണങ്ങളെയും പ്രതിവിധികളെയും കൈകാര്യം ചെയ്യുന്നു. കൊറോണ എന്ന രോഗത്തിന് കൈ കഴുകണം എന്ന് മാത്രം പറഞ്ഞു നിര്‍ത്തില്ല. അതെന്തു കൊണ്ട് എന്ന കാരണവും വ്യക്തമാക്കും. ഖുര്‍ആനിന്റെ ചരിത്ര വായന അറിയാത്തവര്‍ക്ക് ഇതൊരു പുതുമയാകാം അതെ സമയം അറിയുന്നവര്‍ക്ക് ഇതൊരു തമാശയായി മാത്രം അനുഭവപ്പെടുന്നു.

പാരഡി രചിക്കല്‍ ഒരു കലയാണ്‌. പക്ഷെ ഒറിജിനല്‍ എഴുത്തുകാരന്റെ വില ആരും അവര്‍ക്ക് നല്‍കാറില്ല. ഭാഷയില്‍ ഈ പുതിയ അദ്ധ്യായം ഖുര്‍ആനിന് തുല്യമായി നിലനില്‍ക്കും എന്നതാണ് മരുഭാഗത്തിന്റെ ന്യായം. മുഹമ്മദിന്റെ കൂടെ അന്ന് മക്കയില്‍ അറിയപ്പെടുന്ന അധിക പേരും ഉണ്ടായിരുന്നില്ല. ഉള്ളവര്‍ ആ നാട്ടുകാര്‍ തന്നെയായിരുന്നു. ഇന്ന വ്യക്തിയാണ് മുഹമ്മദിന് ഖുര്‍ആന്‍ പറഞ്ഞു കൊടുക്കുന്നത് എന്ന ആരോപണം തെളിയിക്കാന്‍ അന്നത്തെ മറു പക്ഷം വിചാരിച്ചാല്‍ വളരെ എളുപ്പമാകുമായിരുന്നു . പകരം അദ്ദേഹത്തിന് പിശാച് ബാധയുണ്ടായി എന്നാണു അവര്‍ ഉന്നയിച്ച ആരോപണം. ഖുര്‍ആന്‍ ഇറങ്ങുന്ന കാലത്ത് ചൈന വിദൂരമാണ്. പക്ഷെ ഇന്ന് ചൈന എന്നല്ല ഒരു നാടും ദൂരെയല്ല. മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം. ഇന്നായിരുന്നെങ്കില്‍ പ്രവാചകന്റെ “ ഇസ്രാ” യും ഒരു അത്ഭുതമാകില്ല. ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡ് പോലും അത്ഭുതമാകില്ല എന്നുറപ്പാണ്.

Also read: പാരന്റിങ് അഥവാ തർബിയ്യത്ത്

അറബിയില്‍ ലക്ഷക്കണക്കിന്‌ കൃതികള്‍ ലഭ്യമാണ്. അതില്‍ എന്ത് കൊണ്ട് ഖുര്‍ആന്‍ എന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന ഉത്തരം ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ജീവിത വീക്ഷണമാണ്. അറബിയില്‍ എന്തെങ്കിലും എഴുതി കൊണ്ട് വരാന്‍ അന്നും ആളുകള്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ജീവിത വീക്ഷണത്തെ മറികടക്കാന്‍ അന്നും ഇന്നും ശത്രുക്കള്‍ പരാജയപ്പെടുന്നു. അന്നും ഇന്നും ജനം ഖുര്‍ആന്‍ സ്വീകരിക്കുന്നത് അതിന്റെ വരികള്‍ കണ്ടല്ല. അവര്‍ അന്വേഷിക്കുന്ന ജീവിത വീക്ഷണം അതില്‍ ഉള്ളത് കൊണ്ടാണ്. അറിയപ്പെടുന്ന കവികളുടെ കാലത്താണ് ഖുര്‍ആന്‍ അവതീര്‍ണമായത് എന്ന് കൂടി നാം ഓര്‍ത്ത്‌ വെക്കണം. കൊറോണ ഒരു നല്ല ആശയമാണ്. പക്ഷെ അതിന്റെ കഥ പറയലല്ല ഖുര്‍ആന്‍ നടത്തുന്നത്. അതില്‍ ജനത്തിനുള്ള പാഠം പറയലാവും. ഖുര്‍ആന്‍ യുദ്ധ കഥകള്‍ പറയുന്നു. അത് യുദ്ധത്തിലെ തന്ത്രങ്ങളും ആയുധങ്ങളും പറയാനല്ല. അതില്‍ നിന്നും വിശ്വാസികള്‍ എന്നും ഉള്‍ക്കൊള്ളേണ്ട പാഠം പഠിപ്പിക്കാനാണ്.

ഈ ലോകവും ശേഷം വരാനിരിക്കുന്ന പരലോകവും ചേര്‍ന്നതാണ് ഖുര്‍ആനിന്റെ ലോകം. ഖുര്‍ആനിന്റെ ഓരോ അദ്ധ്യായവും ഈ കാര്യം വ്യക്തമായി തന്നെ പറയുന്നു. ജീവിതം നശ്വരമാണ്‌ എന്ന ചിന്തയും ഈ ലോകത്തിനു ശേഷം ജീവിതം വീണ്ടും തുരടും എന്ന ചിന്തയും തമ്മിലുള്ള സംഘട്ടനമാണ് ഖുര്‍ആനും എതിരാളികളും തമ്മില്‍ തുടര്‍ന്ന് പോന്നത്. അതിന്നും തുടരും. മലയാളത്തിലെ അധികം പാട്ടുകള്‍ക്കും പാരഡി ലഭ്യമാണ് . എന്നുവെച്ച് ഒരിജിനിലിനെ ആരും തള്ളിപ്പറയാറില്ല. ഇത്തരം വാറോലകള്‍ പണ്ടും ഉദയം ചെയ്തിട്ടുണ്ട്. എന്നിട്ടും ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഖുര്‍ആന്‍ അജയ്യമാണു എന്നതിന്റെ തെളിവും

Facebook Comments
Related Articles
Close
Close