Columns

പുണ്യത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം

കാലത്തു ഒരാൾ വീട്ടു മുറ്റത്തു വന്നു. സാധാരണ കൊടുക്കുന്ന ഒരു തുക കൊടുത്തിട്ടും പോകാതെ നിൽക്കുന്ന ആളോട് എന്താണ് ഇനി വേണ്ടത് എന്ന് ചോദിച്ചു. കുപ്പായം വല്ലതും കാണുമോ? ഞാൻ അകത്തു പോയി ഒരു കുപ്പായവുമെടുത്തു പുറത്തേക്കു പോകുന്നത് കണ്ടു നല്ല പാതി പിന്നാലെ വന്നു ചോദിച്ചു. ഈ കുപ്പായം നിങ്ങൾ കൊടുക്കയാണോ..? നിങ്ങൾ ഇട്ടാൽ കാണാൻ നല്ല ചേലുള്ള കുപ്പായമല്ലേ അത്‌. പഴയത് എത്രയെണ്ണമുണ്ട്. അതിലൊന്ന് എടുത്തു കൊടുത്തു കൂടെ. അയാൾ കേൾക്കാതെ അവൾ പറഞ്ഞു… ഞാൻ പറഞ്ഞു. പഴയത് കൊടുക്കാനല്ലല്ലോ പടച്ചവൻ പറഞ്ഞത്. “നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ നിന്നു ദാനം ചെയ്യുന്നത് വരെ ഒരു പുണ്യവും പുണ്യത്തിലെത്തുകയില്ല. ” ഇങ്ങനെ ഒരു വാചകം ഖുർആനിൽ ഇല്ലേ.(ആലു ഇമ്രാൻ 92)

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പലരും കൊടുക്കുക അവരവർക്കു വേണ്ടാത്തത് തന്നെ. നല്ലത് നമുക്കും മുഷിഞ്ഞത് ദാനം ചെയ്യാനും. ഇത്‌ കൊണ്ട് പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല എന്നർത്ഥം. മുൻപ് ഗൾഫിൽ കഴിഞ്ഞ കാലത്ത് സൊമാലിയയിലേക്കും പട്ടിണിയുള്ള മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഡ്രസ്സ്‌ വേണമെന്ന് വളണ്ടിയർ വന്നു പറഞ്ഞപ്പോൾ പഴയത് മുഴുവനും കളയാൻ അവസരം കിട്ടിയ പോലെ തോന്നി. എന്നാൽ അത്‌ കൊടുത്തപ്പോൾ പുതിയവ മാത്രമേ സ്വീകരിക്കൂ എന്ന് അറിയിപ്പുണ്ടായി. പുതിയത് വേണ്ട വിധം കിട്ടാതായപ്പോൾ പഴയതിൽ നല്ലത് അലക്കി തേച്ചു കൊടുക്കാൻ പറഞ്ഞു. ഉപയോഗിക്കുന്നവരുടെ മാന്യതയും കണക്കിലെടുക്കണ്ടേ.

ഇതിനർത്ഥം പഴയതൊന്നും ദാനം ചെയ്യരുത് എന്നല്ല.സമ്പത്തു കുറഞ്ഞവർക്ക്‌ പഴയതും പ്രിയപ്പെട്ടതായിരിക്കും. ഉള്ളവരെ താരതമ്യം ചെയ്തു ഇല്ലാത്തവർ കൊടുക്കുന്ന ഏതിനും പത്തരമാറ്റുണ്ട്. ഉള്ള സമയത്തും ഇല്ലാത്ത സമയത്തും കൊടുക്കുന്നവരെയാണ് തഖ്‌വ (ഭയഭക്തി) ഉള്ളവർ എന്ന് ഖുർആൻ വിശേഷിപ്പിച്ചത്.

വലിയ സമ്പന്നന് ഒരു വലിയ തുക കൊടുക്കുക എന്നത് എളുപ്പമായിരിക്കും. അയാൾക്ക് അതിലും പ്രിയം അയാളുടെ വിലപ്പെട്ട സമയം ആയിരിക്കും. ആ സമയത്തിൽ നിന്നല്പം ഈ ദൃശ പ്രവർത്തനത്തിനു മാറ്റി വെക്കുമ്പോൾ ആണ് അയാൾ പുണ്യത്തിലെത്തുന്നത്. ഇങ്ങനെ നോക്കിയാൽ വിലപ്പെട്ടതും പ്രിയപ്പെട്ടതും ആപേക്ഷികമാണെന്ന് വ്യക്തമാകും.

പുണ്യത്തെ ക്കുറിച്ചും ചാരിറ്റിയെ കുറിച്ചുമുള്ള അക്കാലത്തെ ജൂത സങ്കല്പത്തെ തിരുത്തുക കൂടിയുണ്ട് ഈ വേദവാക്യത്തിലെന്നു ചില ഖുർആൻ വ്യാക്താക്കൾ പറഞ്ഞു വെച്ചിട്ടുണ്ട്.ആഢ്യത്തത്തിന്റെയും അഹങ്കാരത്തിന്റെയും മേമ്പൊടി ചേർത്തിട്ട് മാത്രമേ അവർ വല്ലതും കൊടുത്തിരുന്നുള്ളൂ.

Also read: ഇസ്രയേല്‍ അനുകൂല ലോബികളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കുക

ഈ വാക്യം കേട്ട മാത്രയിൽ അബൂ തല്ഹ എന്ന അനുചരൻ പ്രവാചകന്റെ സവിധത്തിലെത്തി. മക്കയിൽ ഒരു വലിയ കിണറും അതിനു ചുറ്റും നല്ല മരുപ്പച്ചയും അവിടെ എഴുനൂറിലധികം കാരക്ക വൃക്ഷവും ഉള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ട വലിയ തോട്ടം ദൈവമാർഗത്തിൽ ദാനം ചെയ്യാൻ വന്നതായിരുന്നു സ്വഹാബി. പ്രവാചകൻ പുഞ്ചിരിയോടെ ഈ ദാനം സ്വീകരിച്ചു. പിന്നീട് രണ്ടാം ഖലീഫയായ ഉമർ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഖൈബറിലെ തോട്ടവും ദൈവ മാർഗത്തിൽ സമർപ്പിക്കുകയായിരുന്നു. മറ്റൊരു അനുചരനായ സയ്ദ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുതിരകളെയാണ് സമ്മാനിച്ചതു. എന്നാൽ ഈ കുതിരകൾ പിന്നീട് പ്രവാചകൻ ഉസാമ എന്ന സൈന്യാധിപനു കൈമാറി. ഉസാമ യാകട്ടെ സയിദിന്റെ മകനും. ഇതറിഞ്ഞ സയ്ദ് പിന്നീട് പറഞ്ഞുവത്രേ. ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുതിരയെ എന്റെ മകന് കൊടുത്തിട്ടില്ല. അബൂബക്കറും ഉമറും അടക്കം ഒരു വലിയ സൈന്യത്തിന്റെ അധിപനായിരുന്നു ഉസാമ (റ ) അന്നാളുകളിൽ.

നിങ്ങൾ എന്ത്‌ കൊടുക്കുമ്പോഴും നിങ്ങളുടെ മനസ്സിൽ തോന്നുന്ന വികാരവും വിചാരവുമെന്തെന്നു ദൈവത്തിന് നന്നായി അറിയാം എന്നും തുടർ വാചകത്തിൽ ഖുർആൻ പറഞ്ഞിട്ടുണ്ട്.

Facebook Comments
Related Articles
Close
Close