എന്റെ സുഹൃത്ത് ശഫീഖിനു കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദിയില്‍ നിന്നും ഒരു എഴുത്ത് ലഭിച്ചു. ഒരു ഭക്ഷ്യ വിതരണ സ്ഥാപനാണ് അദ്ദേഹം നടത്തുന്നത്. അതില്‍ ഇങ്ങിനെ എഴുതിയിട്ടുണ്ട്. “ നിങ്ങളുടെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിക്കുകയും അത് വഴി ഹലാല്‍ ഭക്ഷണം ലഭിക്കും എന്ന സന്ദേശം നല്‍കുന്നതായ വിവരം ശ്രദ്ധയില്‍ പെട്ടു. ഏതെങ്കിലും തരത്തിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് ആയിത്താചരണവും കുറ്റകരവുമാണ്. ആയതിനാല്‍ ഈ നോട്ടീസ് കിട്ടി ഏഴു ദിവസത്തിനുള്ളില്‍ ആ നോട്ടീസ് നീക്കം ചെയ്യണം. അല്ലെങ്കില്‍ ബഹിഷ്കരണം പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഹിന്ദു ഐക്യ വേദി നിര്‍ബന്ധിതമാകുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു”.
സംഘ പരിവാര്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നു. മുഖ്യ ശത്രുക്കളായി പ്രഖ്യാപിച്ചതില്‍ ഒന്നാം സ്ഥാനത്ത് മുസ്ലിംകള്‍ എന്ന കാര്യം അവര്‍ ഇപ്പോഴും മാറ്റിയിട്ടില്ല. ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍ പഴയ പോലെ അവരെ ശാരീരിക ഉന്മൂലനം നടത്തിയിട്ട് വേണ്ട. അവരുടെ സംസ്കാരങ്ങളും ചിഹ്നങ്ങളും നശിപ്പിച്ചാല്‍ മതി. ശാരീരിക ഉന്മൂലനം എന്നതിലും സംഘ പരിവാര്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ അതിനു ആധുനിക കാലത്ത് പരിമിതിയുണ്ട്. അതെ സമയം സാംസ്കാരികമായി തകര്‍ക്കുക എന്നത് അത്ര ക്ലേശകരമായി അവര്‍ കരുതുന്നില്ല. മുസ്ലിം ഭരണാധികാരികള്‍ നല്‍കിയ സ്ഥലപ്പേരുകള്‍ പോലും മാറ്റാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. മുസ്ലിംകള്‍ ഇന്ത്യന്‍ സംസ്കാരം ഉള്‍ക്കൊണ്ടു ജീവിക്കണം എന്നതാണ് അവര്‍ മുന്നോട്ടു വെക്കുന്ന ആശയവും.
ഭക്ഷണം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വിശപ്പ് മാറ്റാനുള്ളതു മാത്രമല്ല. അതൊരു നിലപാടിന്റെ കൂടി വിഷയമാണ്. എന്താണ് കഴിക്കേണ്ടത് എന്ന ചോദ്യത്തിന് ഇസ്ലാം നല്‍കുന്ന മറുപടി “ ഹലാല്‍ ത്വയ്യിബ്” എന്നാണു. അനുവദനീയം നല്ലത് എന്നിങ്ങനെ അതിനെ വിശദീകരിക്കാം. മതം പൂര്‍ണമായി എന്ന് പറയുന്ന ഖുര്‍ആന്‍ വചനത്തിന്റെ ആദ്യ ഭാഗം ചര്‍ച്ച ചെയ്യുന്നതും ഭക്ഷണത്തെ കുറിച്ച് തന്നെ. അല്ലാഹിവിന്റെ നാമം ഉച്ചരിക്കാതെ അറുത്ത ഭക്ഷണം കഴിക്കല്‍ കുറ്റകരമാണ് എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതെ സമയത്ത് അത് കഴിക്കാം എന്ന നിലപാട് അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതിനു തുല്യമായി ഇസ്ലാം പറയുന്നു. ഇതൊക്കെ പറഞ്ഞത് ഇസ്ലാമിന്റെ മക്കാ കാലത്താണ്. അന്ന് ഇസ്ലാമിലെ നിര്‍ബന്ധ ആരാധന കര്‍മ്മങ്ങള്‍ നിലവില്‍ വന്നിരുന്നില്ല എന്നുകൂടി ഓര്‍ക്കണം.
മുസ്ലിംകളുടെ ആരാധന കര്‍മം പോലെ തന്നെയാണ് അവരുടെ ഭക്ഷണ ക്രമവും. ഹലാല്‍ ഭക്ഷണം പൂട്ടിച്ചാല്‍ അടുത്ത ശ്രമം നമസ്കാരത്തിലേക്ക് വരാം. മുസ്ലിംകള്‍ ഹലാല്‍ ഭക്ഷണം കഴിക്കുന്നു എന്നത് മറ്റുള്ളവരോട് ചെയ്യുന്ന അക്രമമല്ല. അവര്‍ അവരുടെ മത വിശ്വാസം ആചരിക്കുന്നു എന്ന് മാത്രമാണ്. അത് ജാതി ഉച്ചനീചത്വത്തിന്റെ വിഷയവുമല്ല. ഹലാല്‍ ഭക്ഷണം കഴിക്കുന്നവര്‍ സമൂഹത്തില്‍ ഉന്നതരും മറ്റുള്ളവര്‍ മോശവും എന്നൊരു ധാരണയും അത് കൊണ്ട് ഉണ്ടാകുന്നില്ല. അതെ സമയം ഈ വിഷയത്തില്‍ പണ്ട് ലവ് ജിഹാദ് വിഷയത്തില്‍ നടത്തിയ അതെ നടപടി ക്രമം തന്നെയാണ് സംഘ പരിവാര്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. സമൂഹത്തില്‍ അനാവശ്യമായ ഭയം സൃഷ്ടിക്കുക എന്നതാണ് അതിലെ ഒന്നാമത്തെ പടി.
ഇവിടെ ഹലാല്‍ ഭക്ഷണം ലഭിക്കും എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മുസ്ലിംകള്‍ക്ക് എന്ന് മാത്രമല്ല ആര്‍ക്കും വിശ്വസിച്ചു കഴിക്കാന്‍ കഴിയുന്ന ഭക്ഷണം എന്ന് തന്നെയാണ്. അറബ് നാടുകളില്‍ ഹലാല്‍ മാംസം വിതരണം ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളുണ്ട്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന സംഘ പരിവാര്‍ പദ്ധതിയാണു ഇതിനു പിന്നില്‍. ബാബറി മസ്ജിദ് പൊളിച്ചു രാമക്ഷേത്രം പണിയുന്നത് രാമന് നാട്ടില്‍ അമ്പലമില്ല എന്ന കാരണത്താലല്ല, അതും ഒരു ഭയപ്പെടുത്തലാണ്. കാശ്മീര്‍, മുത്വലാഖ് തുടങ്ങി പൗരത്വ നിയമവും ഈ ഭയപ്പെടുത്തലിന്റെ ഭാഗമാണ്.
ഹലാല്‍ ഭക്ഷണത്തിനെതിരെ ബഹിഷ്കരണം എന്നതു വ്യക്തിയുടെ സ്വാതന്ത്രമാണ്. അതെ സമയം പ്രക്ഷോഭം എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും. ഭരണ ഘടന അംഗീകരിക്കില്ല എന്നത് സംഘ പരിവാര്‍ വ്യക്തമാക്കിയ കാര്യമാണ്. ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നു, മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിക്കുന്നു എന്നത് ഒരു കേവലം പറച്ചിലായി കരുതരുത്. അതിന്റെ കൂടെ ഭക്ഷണം വസ്ത്രം പെരുമാറ്റം ഇടപാടുകള്‍ എന്നിവക്ക് കൂടി മാറ്റം വരുമ്പോഴേ ആ വിശ്വാസവും അംഗീകാരവും പൂര്‍ത്തിയാകൂ. സംഘ പരിവാരല്ല മതം എന്തെന്ന് പറയേണ്ടത്. അത് മതം തന്നെയാണ്. അതെങ്ങിനെ നാട്ടില്‍ സാധ്യമാകും എന്ന് പറയേണ്ടത് ഇന്ത്യന്‍ ഭരണ ഘടനയും. കേരളത്തില്‍ ഇതാണു അവസ്ഥയെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്നത് ആലോചനക്കു അപ്പുറമാണ്.