Current Date

Search
Close this search box.
Search
Close this search box.

ഇസ്രായിലി സൈനികരുടെ താണ്ഡവം തുടരുന്നു

മാർച്ച് 22ന് ആരംഭിച്ച ഇസ്രായിലി സൈനികരുടെ താണ്ഡവത്തിൽ ഇതുവരെ രക്തസാക്ഷികളായ ഫലസ്ത്വീനികളുടെ എണ്ണം 24 ആയി ഉയർന്നിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ ആറു ദിവസമായി സയണിസ്റ്റ് സൈനികരുടെ സംഹാര താണ്ഡവമാണ്. ഇന്നലെ അവർ രണ്ടു ഫലസ്ത്വീനികളെ വധിച്ചു. ബുധനാഴ്ച വെടിവെച്ചു കൊന്നത് മൂന്നു പേരെ.

എല്ലാ റമദാനിലും അധിനിവേശ പ്രദേശങ്ങളിൽ പ്രകോപനം സൃഷ്ടിക്കൽ ഇസ്രായിലിന്റെ പരിപാടിയാണ്. മസ്ജിദുൽ അഖ്‌സയിൽ കടന്നുകയറൽ, പ്രാർഥനക്കെത്തുന്നവരെ തടയൽ, വെസ്റ്റ് ബാങ്കിലും ഗസ്സയിലും പ്രകോപനപരമായ റെയ്ഡ് നടത്തി ഫലസ്ത്വീനികളെ പിടിച്ചുകൊണ്ടുപോകൽ തുടങ്ങിയവ കാലങ്ങളായി ഇസ്രായിൽ സൈന്യം തുടർന്നുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കുന്നവരെ വെടിവെച്ചു കൊല്ലും. ഈ വർഷവും അതിൽ മാറ്റമില്ല.

കഴിഞ്ഞ വർഷം റമദാനിൽ (മേയ്)ഗസ്സയുടെ മേൽ ഇസ്രായിൽ സൈന്യം നടത്തിയ ഭീകര താണ്ഡവത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 250ലേറെ ഫലസ്ത്വീനികളാണ് രക്തസാക്ഷികളായത്.

തങ്ങളെ കല്ലെറിയുന്നു, സ്‌ഫോടക വസ്തുക്കൾ എറിയുന്നു തുടങ്ങിയവയാണ് ഫലസ്ത്വീനികളെ വെടിവെച്ചുകൊല്ലാൻ ഇസ്രായിൽ പട്ടാളം പറയുന്ന സ്ഥിരം ന്യായവാദങ്ങൾ. കല്ലെറിയുന്നവരെ വെടിവെച്ചു കൊല്ലുന്നതിലെ ന്യായം അവിടെ നിൽക്കട്ടെ, എന്തിനാണ് റമദാൻ കാലത്ത് വെസ്റ്റ് ബാങ്കിലേക്ക് റെയ്ഡുമായി ഇസ്രായിലി പട എഴുന്നള്ളുന്നത് എന്ന ചോദ്യത്തിനാണല്ലോ ആദ്യം ഉത്തരം കിട്ടേണ്ടത്.

നിരപരാധികളെയാണ് സയണിസ്റ്റ് സൈന്യം കൊന്നുതള്ളുന്നത്. അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തുനിൽപ് പോരാട്ടം അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നിയമവിധേയമാണെന്നിരിക്കെ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കുന്ന ഇസ്രായിലി പട്ടാളം ഫലസ്ത്വീനികളെ സംബന്ധിച്ചേടത്തോളം ലെജിറ്റിമേറ്റ് ടാർഗറ്റ് തന്നെയാണ്. അത് വകവെച്ചു കൊടുക്കാൻ തയ്യാറല്ലാത്ത ചിലരുണ്ട്. ഇസ്രായിലി ഭീകരതയെ താലോലിക്കുന്ന അത്തരക്കാർക്കും ഫലസ്ത്വീനികളുടെ ചോര കൊണ്ടുള്ള ഈ കളിയിൽ പങ്കുണ്ട്. ഇത്രയും ഫലസ്ത്വീനികൾ കൊല്ലപ്പെട്ടിട്ടും അധിനിവേശ ശക്തിയുടെ ഭീകരതക്ക് കയ്യൊപ്പ് ചാർത്തുന്നതിൽ പതിവു പോലെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. ഇസ്രായിൽ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഫലസ്ത്വീൻ വേട്ടക്ക് പൂർണ പിന്തുണ അറിയിച്ചത് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസാണ്.

ബുധനാഴ്ച ഇസ്രായിൽ കൊന്നുതള്ളിയ മൂന്നു പേരിൽ ഒരാൾ പതിനാലുകാരനും മറ്റൊരാൾ മുപ്പത്തിനാലുകാരനായ അഭിഭാഷകനുമാണ്. പതിനാലുകാരനെ കൊന്നത് കല്ലെറിഞ്ഞിട്ടാണോയെന്ന് ഇസ്രായിൽ മിലിട്ടറി വ്യക്തമാക്കിയിട്ടില്ല. വെസ്റ്റ്ബാങ്കിലെ ബെയ്ത ടൗണിൽ ബന്ധുവിനെ സ്‌കൂളിൽ വിട്ടു വരുമ്പോഴാണ് അഭിഭാഷകനായ മുഹമ്മദ് അസ്സാഫിനെ സയണിസ്റ്റ് പട്ടാളം വെടിവെച്ചു കൊന്നത്.

അധിനിവേശ ഭീകരതയിൽ സഹികെട്ട് മാർച്ച് 30ന് തെൽ അവീവിനു സമീപം ഒരു ഫലസ്ത്വീനി നടത്തിയ വെടിവെപ്പിൽ അഞ്ച് ഇസ്രായിലികൾ കൊല്ലപ്പെട്ടതോടെ ജനങ്ങളെ ആയുധമണിയിക്കാനുള്ള പുറപ്പാടിലാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ആയുധം കൈവശം വെക്കാൻ ലൈസൻസുള്ള എല്ലാ ഇസ്രായിലികളോടും ഇതാണ് അതിനു പറ്റിയ സമയമെന്നാണ് കടുത്ത ഫലസ്ത്വീൻ വിരുദ്ധനായ ബെന്നറ്റ് പരസ്യമായി പറഞ്ഞത്. കഴിഞ്ഞ മൂന്നാഴ്ചക്കകം തോക്ക് ലൈസൻസിനുള്ള പതിനാലായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതായി ഇസ്രായി സുരക്ഷാ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വർഷത്തിൽ ഒമ്പതിനായിരത്തോളം അപേക്ഷ ലഭിക്കുന്നിടത്താണ് ഇത്രയധികം അപേക്ഷകൾ എന്നതാണ് ഗൗരവമായ കാര്യം. ഇസ്രായിലികളെ ആയുധമണിയിച്ച് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

നാല് അറബ് രാജ്യങ്ങളിലെ വിദേശമന്ത്രിമാരെ സ്വീകരിച്ചിരുത്തി സയണിസ്റ്റ് ഭരണകൂടം സമാധാന സന്ദേശം വിളമ്പിയിട്ട് അധികനാളുകൾ ആയിട്ടില്ല എന്നുമോർക്കുക.

Related Articles