Current Date

Search
Close this search box.
Search
Close this search box.

അർണബ് – ‘രാജ്യം അറിയാൻ ആഗ്രഹിക്കുന്നു’

“The nation wants to know” എന്നത് അർണബ് ഗോസ്വാമി നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. രാജ്യം അറിയാൻ ആഗ്രഹിക്കുന്നു എന്നത് അത്ര മോശം കാര്യമല്ല. സംഘ പരിവാർ അനുകൂല മാധ്യമങ്ങളും സംഘടനകളും എല്ലാ കള്ളത്തരവും ചേർത്ത് വെക്കുക രാജ്യവുമായിട്ടാണ്. അതിനെ അവർ വിളിക്കുന്ന പേരാണ് ദേശീയത. എല്ലാം രാജ്യത്തിന് വേണ്ടി എന്ന തോന്നലാണ് അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

രാജ്യം കണ്ട വൻ ദുരന്തമായിരുന്നു പുൽവാമ ഭീകരാക്രമണം. നമ്മുടെ വിലപ്പെട്ട അനവധി ജീവനുകളാണ് അവിടെ ഇല്ലാതായിപ്പോയത്. ഫെബ്രുവരി മാസം വന്നാൽ ആക്രമണത്തിന്റെ രണ്ടാം വാർഷികം നാം ആഘോഷിക്കും. അപ്പോഴും ആക്രമണത്തെ കുറിച്ച അന്വേഷണം എവിടെയുമെത്താതെ നിൽക്കുന്നു. ആക്രമണത്തിൽ സംശയം പ്രകടിപ്പിച്ചു അന്ന് തന്നെ പലരും രംഗത്ത്‌ വന്നിരുന്നു. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് തിരിച്ച 78 ബസ്സുകൾ അടങ്ങിയ വാഹന വ്യൂഹത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ മലയാളിയായ വസന്തകുമാർ ഉൾപ്പെടെ 40 ജവാൻമാർക്കായിരുന്നു ജീവൻ നഷ്ടമായത്.

അതിർത്തിയിലെ സംഘർഷങ്ങൾ പലപ്പോഴും ഒരു രാഷ്ട്രീയം കൂടിയാണ്. രാജ്യത്തിനകത്തെ രാഷ്ട്രീയത്തെ നേരിടാൻ പലപ്പോഴും ഭരണകൂടങ്ങൾക്ക് കഴിയാതെ പോകുന്നു. ആ സമയങ്ങളിലാണ് ഇത്തരം ആക്രണങ്ങൾ രൂപപ്പെടുന്നത്. രാജ്യ സുരക്ഷ നിർബന്ധ കാര്യമാണ്. അതിൽ വിട്ടുവീഴ്ച അസാധ്യവും. അതിർത്തിയിൽ നടക്കുന്ന ഭീകരാക്രമണം നേർക്കുനേർ രാജ്യ സുരക്ഷയുമായി ബന്ധപ്പെടുന്നു എന്നതിനാൽ അതിനെ എതിർത്തു സംസാരിക്കാൻ ആരും രംഗത്ത്‌ വരില്ല. അതിലൂടെ രാജ്യത്തിനകത്തുള്ള വിഷയങ്ങൾ വഴി മാറ്റി കൊണ്ട് പോകാൻ ഭരണകൂടത്തിനു കഴിയുന്നു.

പുൽവാമ ആക്രമത്തിന് ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ പ്രത്യാക്രമണം നടത്തി. തീർത്തും സ്വകാര്യമായ ഒന്നായിരുന്നു ആ ആക്രമണം. ആരും അറിയുന്നതിന് മുമ്പ് അതെങ്ങിനെ ഒരു സ്വകാര്യ ചാനൽ മേധാവി അറിഞ്ഞു എന്നതാണ് ഇപ്പോൾ ഇന്ത്യ ചർച്ച ചെയ്യുന്ന വിഷയം. തങ്ങളുടെ ചാനലിന്റെ “ ബാർക്ക്” rating വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാർക്ക് സി ഇ ഓ യുമായി അർണബ് നടത്തിയ “ ചാറ്റുകൾ” അതീവ ഗൌരവമേറിയതെന്നു പറയുമ്പോഴും ഭരണ തലങ്ങളിൽ അതൊന്നും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല.

ആധുനിക കാലത്ത് വാർത്തയും ഒരു കച്ചവടമാണ്. ഇല്ലാത്ത വാർത്ത ഉണ്ടാക്കിയാണ് “ റിപബ്ലിക്‌ ടി വി” രംഗ പ്രവേശനം ചെയ്തത്. അത് ശശി തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു. ചാനൽ ചർച്ചകളിൽ ജനാധിപത്യ രീതി എന്നത് അർണബിനു തീർത്തും അന്യമാണ്. പല വിഷയങ്ങളിലും സംഘ പരിവാർ ഭരണകൂടത്തിന്റെ മേഗാഫോൺ പോലെയാണ് അദ്ദേഹവും ചാനലും പ്രവർത്തിച്ചത്. അത് കൊണ്ട് തന്നെയാണ് കൊലക്കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ട അർണബിനു വേണ്ടി ബി ജെ പിയും സഖ്യ കക്ഷികളും മുന്നോട്ടു വന്നത്.

ചാനലുകളുടെ RATING നിർണയിക്കുന്ന ഏജൻസിയാണ് BARC. ആളുകളെ സ്വാധീനിച്ചു കൃത്രിമ രൂപത്തിൽ RATING വർധിപ്പിക്കാൻ ശ്രമിക്കുക എന്ന കാരണത്താലാണ് കമ്പനിയുടെ സി ഇ ഓ ആയിരുന്ന ദാസ്ഗുപ്ത ജയിയിലായത്. ഇന്നും കോടതി അദ്ദേഹത്തിന്റെ ജാമ്യം നിഷേധിച്ചിരിക്കുന്നു. ജാമ്യം നൽകാതിരിക്കാൻ പറഞ്ഞ കാര്യങ്ങളിൽ അർണബുമായി നടത്തിയ “ ചാറ്റ്കളും” തെളിവായി കോടതി സ്വീകരിച്ചിരുന്നു. അപ്പോഴും ചോദ്യം ബാക്കിയാണ്. എങ്ങിനെയാണ്‌ രാജ്യത്തെ ബാധിക്കുന്ന അതീവ രഹസ്യ തീരുമാനങ്ങൾ പുറത്തു പോയത്. ബി ജെ പി ഒഴികെ രാജ്യത്തെ മതേതര കക്ഷികൾ ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘ പരിവാരിനും കൂട്ടർക്കും രാജ്യ സുരക്ഷയും ദേശീയതയും ദേശ സ്നേഹവും തീർത്തും രാഷ്ട്രീയവും കച്ചവടവുമാണ്. ഇവ ഉപയോഗിച്ച് എങ്ങിനെ രാജ്യത്തെ ജനതയെ മയക്കിക്കിടത്താം എന്ന കാര്യത്തിൽ അവർ കുറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധനവും ബി ജെ പി വരവ് വെച്ചത് രാജ്യ സുരക്ഷയുടെ കാര്യത്തിലാണ്. ഇന്ത്യൻ വാർത്ത മാധ്യമ ലോകത്ത് ഒരു ദുരന്തമാണ് താനെന്നു അർണബു ഇതിനകം തെളിയിച്ചിരിക്കുന്നു. നുണകൾ വാർത്തകളാക്കി മാറ്റുക എന്നാ കാര്യത്തിൽ തന്റെ മിടുക്ക് അദ്ദേഹം പലവുരു തെളിയിച്ചതാണ്. ഇസ്ലാംമോഫോബിയ വളർത്തുന്ന കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാടുകൾ ലോകം നേർക്ക്‌ നേരെ കണ്ടതാണ്.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. പക്ഷെ സർക്കാർ തീർത്തും മൌനികളാണ്. അവർ കൂടി അറിഞ്ഞ കാര്യം എന്നത് കൊണ്ട് കൂടുതൽ നടപടികൾ നാം പ്രതീക്ഷിക്കരുത്. അതു കൊണ്ട് തന്നെയാണ് സംഘ പരിവാർ കാലത്ത് രാജ്യവും സുരക്ഷയും ഒരു ചോദ്യചിഹ്നമാകുന്നതും. “ THE NATION WANTS TO KNOW” എന്ന ചോദ്യം അർണബിനോട് തിരിച്ചു ചോദിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles