സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താത്ത ‘യഅജൂജ് – മഅജൂജ് സൈന്യം’ പോലുളള ട്രോളന്മാർ പുളക്കുന്ന സോഷ്യൽ മീഡിയ വെച്ച് നിങ്ങൾക്ക് തുർക്കിയയെ മനസ്സിലാക്കാനാവില്ല. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാതെ, സ്വന്തം ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ‘അഭിപ്രായ സർവെ’ ആയി പുറത്ത് വിടുന്നവരെയും മറ്റെല്ലാ ശബ്ദങ്ങളെയും ഒതുക്കിക്കളയും വിധം കൂവി വിളിക്കുന്നവരെയും ആശ്രയിച്ചാലും ഇത് തന്നെ സ്ഥിതി. ഈ ചാനലുകളും സാമൂഹിക മാധ്യമങ്ങളും നമുക്ക് പറഞ്ഞു തരുന്ന തുർക്കിയയും, വോട്ട് പെട്ടികൾ നമുക്ക് പറഞ്ഞു തന്ന തുർക്കിയയും രണ്ടും രണ്ടാണ്.
തുർക്കിയയിൽ കഴിഞ്ഞ മെയ് പതിനാലിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് ഉർദുഗാൻ നേടിയത് 49.5 % വോട്ടാണ്. ചിത്രം ഇപ്പോൾ കൂടുതൽ തെളിഞ്ഞ് വന്നിരിക്കുകയാണ്. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ തീരുമാനമായില്ലെന്നതും രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നതും സത്യമാണ്. പക്ഷെ നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്ന ഒരു വസ്തുതയുണ്ട്. കഴിഞ്ഞ 21 കൊല്ലമായി അക് പാർട്ടിയുടെ ബാനറിൽ താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയക്കൊടി നാട്ടിയ നേതാവാണ് അദ്ദേഹം.
ഇനി എതിരാളി കമാൽ കലിഗ്ദാറിന്റെ കാര്യമെടുക്കാം. ഉർദുഗാനെതിരെ മൽസരിച്ച എല്ലാ തെരഞ്ഞെടുപ്പുകളും അദ്ദേഹം തോറ്റിട്ടേ ഉള്ളൂ. ഇത്തവണയും അദ്ദേഹം ശരിക്കും തോറ്റതാണ്. 44 ശതമാനത്തിൽ പരം വോട്ടല്ലേ നേടാൻ കഴിഞ്ഞുള്ളൂ. രണ്ടാം റൗണ്ടിലും അദ്ദേഹം വിജയിക്കാനുള്ള സാധ്യതകൾ കാണുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പും നടന്നിരുന്നല്ലോ. അതിൽ ഉർദുഗാൻ നേതൃത്വം നൽകുന്ന ജനകീയ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ നാം നിരന്തരം കേട്ടുകൊണ്ടിരുന്നതിന് വിരുദ്ധമാണ് സംഭവിച്ചതൊക്കെയും. ‘ഇനി ഉർദുഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ചാലും പാർലമെന്റിൽ ഭൂരിപക്ഷം കിട്ടില്ല’ എന്നായിരുന്നു അത്തരത്തിലുള്ള ഒരു വർത്തമാനം. പാർലമെന്റിൽ ഭൂരിപക്ഷം കിട്ടിയിരിക്കെ രണ്ടാം റൗണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ ലഭിച്ചിരിക്കുകയാണ് ഉർദുഗാന്ന്.
തുർക്കിയയിലെ സംഭവ വികാസങ്ങൾ അടുത്ത് നിന്ന്, യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും ഒരു പുതുമയുമില്ല. സോഷ്യൽ മീഡിയയിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും തുർക്കിയയെ കണ്ടവർക്ക് ഈ റിസൾട്ട് ഒരു ഷോക്കുമായിരിക്കും. വർഷങ്ങളായുള്ള തങ്ങളുടെ അനുഭവ പരിചയത്തിലൂടെ ‘വിശ്വാസ്യത’ നേടിയെടുത്ത അഭിപ്രായ സർവെ കമ്പനികൾ പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രോപഗണ്ടാ യുദ്ധം നടത്തുന്നതാണ് നാം കണ്ടത്. തങ്ങളുടെ പാശ്ചാത്യ യജമാനൻമാരോട് കമാൽ കലിഗ്ദാർ 7- 8 ശതമാനത്തിൽ കുറയാത്ത വോട്ടുകൾ അധികം നേടുമെന്ന് തട്ടിവിടാനും ഈ കമ്പനികൾ മടി കാണിച്ചിട്ടില്ല. ഒരു പക്ഷെ ഇക്കണോമിസ്റ്റ്, ലെപോയി (Le Point ), ലെ എക്സ്പ്രസ്, ദേർ സ്പീഗൽ, ഇൻഡിപെൻഡന്റ് പോലുള്ള പത്രങ്ങൾ ഈ കമ്പനികളുടെ റിപ്പോർട്ടുകളെയാവും അവലംബിച്ചിട്ടുണ്ടാവുക. മുഴുവൻ പത്ര ധർമങ്ങളെയും മൂല്യങ്ങളെയും കൊഞ്ഞനം കുത്തുന്ന പ്രോപഗണ്ടാ ഉരുപ്പടികളാണ് അവയിൽ വന്നു കൊണ്ടിരുന്നത്.
ഉർദുഗാനെ ഡിക്ടേറ്റർ ( സ്വേഛാധിപതി ) ആയി ചിത്രീകരിക്കുന്ന പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടിയും സഖ്യകക്ഷികളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു യാഥാർഥ്യമുണ്ട്. കഴിഞ്ഞ 21 വർഷമായി ഉർദുഗാൻ അധികാരത്തിൽ തുടരുന്നത് ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമാണ്. ജനാധിപത്യ രീതിയിലൂടെയല്ലാതെ ഒരു ദിവസം പോലും അദ്ദേഹം അധികാരത്തിലിരുന്നിട്ടില്ല. അദ്ദേഹം ഒരു ഡിക്ടേറ്റർ ആയിരുന്നെങ്കിൽ തെരഞ്ഞെടുപ്പിന്റെ അവസാന പരിണതിയെക്കുറിച്ച് ഇതെഴുതുമ്പോൾ പോലും ഇത്രയേറെ അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകുമായിരുന്നില്ലല്ലോ.
എല്ലാറ്റിനും പുറമെ, മറ്റെല്ലാ തെരഞ്ഞെടുപ്പിലുമെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും മറ്റാരെക്കാളും പണിയെടുക്കുന്നത് ഉർദുഗാൻ തന്നെയാണ്. മനുഷ്യ സാധ്യം അല്ല എന്ന് പറയാവുന്ന വിധം അദ്ദേഹം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്ദർശനം നടത്തി. തന്നെ ജനങ്ങൾക്ക് മുമ്പിൽ തുറന്നു വെച്ചു. തന്റെ കാഴ്ചപ്പാടുകളും താൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവരുമായി പങ്ക് വെച്ചു. അവരോട് വോട്ട് അഭ്യർഥിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഒരു എതിരാളിയോ? ഉർദുഗാനെതിരെ ഒറ്റ സ്ഥാനാർഥിയായിക്കിട്ടാൻ എന്തെല്ലാം പിന്നാമ്പുറ കളികളും കുതന്ത്രങ്ങളും ഭീഷണികളുമാണ് പുറത്തെടുത്തത്! ഇവരൊക്കെയാണ് ഉർദുഗാനെ ഏകാധിപതി, അടിച്ചൊതുക്കുന്നവൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണങ്ങൾ അവർക്ക് തന്നെയാണ് കൂടുതൽ ചേരുക.
ഉർദുഗാൻ തെരഞ്ഞെടുപ്പിനെ നേരിട്ട സന്ദർഭം കൂടി നോക്കണം. കോവിഡ് ദുരിതങ്ങൾ ഒരു ഭാഗത്ത്. യുക്രെയ്ൻ യുദ്ധവും മറ്റും കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ സൃഷ്ടിച്ച കനത്ത സാമ്പത്തിക പ്രതിസന്ധികൾ മറുവശത്ത്. പിന്നെ കനത്ത നാശം വിതച്ച ഒരു ഭൂകമ്പം. പൊതുവെ ജനങ്ങളിൽ നിരാശ പടർന്നിരുന്നു എന്നതാണ് ശരി. എന്നിട്ടും ഉർദുഗാൻ അമ്പത് ശതമാനത്തോളം വോട്ട് നേടി. മുൻ തെരഞ്ഞെടുപ്പുകളിലാകട്ടെ അദ്ദേഹം മുൻ റെക്കാഡുകൾ തിരുത്തിക്കുറിക്കുകയും ചെയ്തു. അതൊക്കെ എപ്പോഴും ആവർത്തിക്കുക പ്രയാസമാണ്. പക്ഷെ തുടർച്ചയായി ജയിച്ചു കൊണ്ടിരിക്കുക എന്നത് ഒട്ടും നിസ്സാരമായി കാണേണ്ട ഒന്നല്ല. തന്റെ ജനങ്ങളുമായി സ്ഥാപിച്ചെടുത്ത ആത്മബന്ധമാണ് അതിന് കാരണം. ആ ബന്ധത്തിന്റെ ശക്തിയാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.
ഇനി തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തിന്റെ കാര്യത്തിലോ? വിശ്വസിക്കാൻ പ്രയാസം തോന്നുന്ന തരത്തിലുള്ള വൻ ജന പങ്കാളിത്തമാണ് തെരഞ്ഞെടുപ്പുകളിൽ കാണാനാവുക. തുർക്കിയയിൽ ജനാധിപത്യം എത്ര ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന് തെളിവ്. വിമർശകർ എന്തൊക്കെപ്പറഞ്ഞാലും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാറ്റങ്ങൾ കൊണ്ട് വരാം എന്ന ജനവിശ്വാസമാണെല്ലോ അതിൽ പ്രതിഫലിക്കുന്നത്. എന്നാൽ തങ്ങൾ ആഗ്രഹിച്ച റിസൾട്ട് കിട്ടാതെ വരുമ്പോൾ വിജയിയെ ഡിക്ടേറ്റർ ആയി മുദ്ര കുത്തുന്ന രീതിയാണ് കാണാനുള്ളത്. യാഥാർഥ്യം അംഗീകരിക്കാനുള്ള വിമുഖത എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ.
ചുരുക്കം പറഞ്ഞാൽ, ഇക്കഴിഞ്ഞത് മനോഹരമായ ഒരു തെരഞ്ഞെടുപ്പ്. വിജയിച്ചത് തുർക്കിയൻ ജനാധിപത്യം; ഒപ്പം ഒരിക്കൽ കൂടി ഉർദുഗാനും. അഭിവാദ്യങ്ങൾ. എല്ലാം നല്ലതിനാകട്ടെ എന്ന് പ്രാർഥിക്കുന്നു.
വിവ. അശ്റഫ് കീഴുപറമ്പ്
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE