Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ഇടതു പക്ഷം വേറെ ലെവലാണ്

നാസർ മൌലവിയെ കുറിച്ച് ആളുകൾക്ക് നല്ലതേ പറയാനുള്ളൂ. തെരുവത്ത് ബസിറങ്ങിയാൽ അദ്ദേഹം തലയും താഴ്ത്തിയാണു നടക്കുക. അദ്ദേഹം നല്ലവനാണ് എന്ന് പറയാനുള്ള കാരണമായി പറയുന്നത് “ നല്ലതിലെക്കും വെടക്കിലേക്കും മൂപ്പരില്ല” എന്നതാണ്.

മേൽ പ്രസ്താവന ശരിയാണെന്ന് കുറെ കാലം ഞങ്ങളും വിശ്വസിച്ചു. പിന്നെയാണ് അതിനെക്കുറിച്ച് ഓർത്തത്. വെടക്കിലേക്കില്ല എന്നതും നല്ലതിലേക്കുമില്ല എന്നതും സമമാകുന്ന സാമൂഹിക ബോധം എത്രമാത്രം അശ്ലീലമാണ്?. തിന്മയിലേക്ക് പാടില്ല എന്നത് പോലെ പ്രാധാന്യമുള്ള കാര്യമാണ് നന്മയിൽ ഉറച്ചു നിൽക്കണമെന്നതും.

കേരള പൊതു സമൂഹത്തിൽ ഇടതുപക്ഷം ഓർക്കപ്പെടാൻ പല കാരണങ്ങളുമുണ്ട്. നവോത്ഥാനം നടന്ന മണ്ണിൽ ഇടതു പക്ഷ സാമൂഹിക ബോധം പെട്ടെന്ന് വേരു പിടിച്ചു എന്നത് ചരിത്രമാണ്. “ ദാസ് ക്യാപ്പിറ്റൽ” വായിച്ചാണ് കേരളത്തിൽ ഇടതു പക്ഷ പ്രസ്ഥാനം വേര് പിടിച്ചത് എന്നാരും പറയില്ല. ജാതി മേൽക്കോയ്മയും ജന്മികളും ബ്രിട്ടീഷ് അധികാരികളും കൂടി കേരള മണ്ണിൽ നട്ടുവളർത്തിയ സാമൂഹികവസ്ഥയെ പിടിച്ചു കെട്ടാൻ ഇടതു പക്ഷം രംഗത്ത്‌ വന്നിരുന്നു. എല്ലാ നല്ല കാര്യത്തിലും ജനം അവരുടെ നേതാക്കളെ കണ്ടതായി നാം പറഞ്ഞു കേൾക്കുന്നു.

ചങ്ങമ്പുഴ രചിച്ച ഒരു പ്രശസ്ത കവിതയാണ് വാഴക്കുല. ഒരു കാലഘട്ടത്തിൽ കേരള സമൂഹം എങ്ങിനെ ചിന്തിച്ചിരുന്നു എന്നതിന്റെ നേർ രൂപമായി ഈ കവിത വിലയിരുത്തപ്പെടുന്നു. കാലഘട്ടത്തോട് കലഹിക്കുന്ന , അടിമ ഉടമ, ജന്മി കുടിയാൻ സമ്പ്രദായവും ഉച്ചനീചത്വവും നിലനില്ക്കേ,വിശപ്പിനോട് പൊരുതിയ ഒരു സമൂഹവമാണ് 1937 ൽ ചങ്ങമ്പുഴ രചിച്ച അതിപ്രശസ്തമായ വാഴക്കുല. അന്ന് ജന്മിയുടെ തോക്കിനു മുന്നിൽ വാരിക്കുന്തം കൊണ്ട് പ്രതിരോധം തീർത്ത കഥയാണ് ഇടതു പക്ഷ രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നത്.

രൂപീകരണം മുതൽ കേരള സാമൂഹിക നിർമ്മിതിയിൽ ഇടതു പക്ഷത്തിന്റെ സ്ഥാനം ആരും ചോദ്യം ചെയ്യില്ല. കേരളം അന്ന് മുതൽ അവർ മാറിമാറി ഭരിക്കുന്നു. അത് കൊണ്ട് തന്നെ കേരളത്തിന്റെ നന്മ തിന്മകളിൽ അവരുടെ പങ്കു നമുക്ക് അവഗണിക്കാൻ കഴിയില്ല. കേരളത്തിൽ സംഘ പരിവാർ കടന്നു കയറ്റത്തെ തടഞ്ഞു നിർത്തുന്നത് തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് എന്ന് ഇടതു പക്ഷ നിരീക്ഷകരും ബുദ്ധി ജീവികളും പ്രവർത്തകരും അവകാശവാദം ഉന്നയിക്കാറുണ്ട്. ഇടതുപക്ഷം ഇതിലും സജീവമായിരുന്ന ബംഗാളിൽ സംഘ പരിവാർ വളർന്നത് ഇടതുപക്ഷത്തിന്റെ ചിലവിലാണ്. കേരളത്തിൽ അവർ വേരുപിടിക്കാതിരിക്കാൻ കാരണം കേരളം കാത്ത് സൂക്ഷിക്കുന്ന നവോഥാന ചിന്തകൾ തന്നെയാണ്.

കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി വളർന്നു വരുന്ന ഗുണ്ടാ സംസ്കാരമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ സർക്കാരുകൾക്ക് തലവേദനയാണ് ഗുണ്ടകൾ. പല രാജ്യങ്ങളിലും അവിടുത്തെ പോലീസ് സംവിധാനത്തെ മറികടക്കാൻ മാത്രം അവർ ശക്തരാണ്. കേരളം വളരുന്നതോടൊപ്പം നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങളും വർധിക്കുന്നു. വർധിക്കുന്നു എന്നതിനേക്കാൾ നമ്മെ അലോസരപ്പെടുത്തുന്നത് അതെല്ലാം ചെന്ന് ചേരുന്നത് നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൌണ്ടിലേക്കാണ് എന്നതാണ്. വർത്തമാന കള്ളക്കടത്ത് ചർച്ചയിൽ ഭരണ കക്ഷി തന്നെ ചർച്ചയുടെ മർമ്മമാകുന്നത് അത്ര നല്ല സൂചനയല്ല.

എന്തൊക്കെ പറഞ്ഞാലും സി പി എമ്മും അനുബന്ധ ഘടകങ്ങളും വല്ലാത്ത പ്രതിരോധത്തിലാണ്. ഒരു പ്രസ്ഥാനത്തിന് വന്ന വ്യതിയാനം നാം കാണാതെ പോകരുത് . നമ്മുടെ യുവതയെ വഴി മാറ്റി നടത്തുന്നതിൽ അധികാരത്തിന്റെ തണൽ നൽകുന്ന സഹായം ഇന്ന് പരസ്യമായ രഹസ്യമാണ്. ഒരു കാലത്ത് സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതാൻ മോന്നോട്ടു വന്നെന്നു പറയപ്പെടുന്ന പ്രസ്ഥാനങ്ങൾ ഇന്ന് സാമൂഹിക വിരുദ്ധരുടെ സ്വകാര്യ അഹങ്കാരമായി മാറുന്നത് ആരെയും നിരാശപ്പെടുത്തും. പ്രതികൾ പാർട്ടിയിലെ ഉന്നതരുടെ വാഹനങ്ങൾ തന്നെ സ്വർണ തട്ടിപ്പിന് ഉപയോഗപ്പെടുത്തുക എന്നത് ഭയപ്പെടുത്തുന്ന മാറ്റമാണ്.

തങ്ങൾ സുരക്ഷിരാണ് എന്ന ബോധം കേരളത്തിലെ മാഫിയ സംഘങ്ങൾക്ക് വന്നിരിക്കുന്നു. കേരളത്തിലെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിന്നാൽ തീരുന്നതാണ് കേരളത്തിലെ മാഫിയ ബന്ധങ്ങൾ. ഒരു കാലത്ത് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ തിന്മകളെ പൊരുതി തോൽപ്പിച്ചു എന്ന് പറയപ്പെടുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച അപചയത്തിനു കേരളം നൽകേണ്ടി വരുന്ന വില വലുതാകും. മുട്ടു ന്യായം പറഞ്ഞു കാര്യങ്ങളെ വഴി തിരിച്ചു വിടാൻ നമുക്ക് കഴിയും. ഓരോ ദിനവും കേരളത്തിൽ സൂര്യൻ ഉദിക്കുന്നത് പുതിയ ദുരന്തങ്ങൾ കേട്ട് കൊണ്ടാണ്. ദുരന്ത നാടകത്തിലെ വില്ലൻ പലപ്പോഴും നായക പരിവേഷം കെട്ടുന്നു എന്നതാണ് വർത്തമാന ദുരന്തം. മാഫിയ സംഘങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല എന്ന് സി പി എം പ്രസ്ഥാനവന ഇറക്കേണ്ടി വന്നു എന്നതു തന്നെ മോശം പ്രവണതയാണ്.

Related Articles