Current Date

Search
Close this search box.
Search
Close this search box.

നാലാം തൂൺ, മണ്ണാങ്കട്ട

വിചിത്രവും കൗതുകമുണർത്തുന്നതുമായ നിരവധി കാര്യങ്ങൾ കണ്ടെത്താൻ കഴിയും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയുമ്പോൾ. കേരളത്തിലെ ജനങ്ങളായ നാമൊക്കെ തന്നെയാണല്ലോ വോട്ട് ചെയ്തത്. ഫലം വന്നപ്പോൾ പത്ത് മണ്ഡലങ്ങളിൽ യു.ഡി.എഫിന് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം. ഭൂരിഭാഗവും മലബാർ ഭാഗത്ത്. ഫലം വന്നതിന് ശേഷം യു.ഡി.എഫ് തരംഗമെന്ന് മാധ്യമങ്ങൾ. 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തിയതോടെ രാഹുൽ തരംഗമുണ്ടായിരുന്നു. അത് യു.ഡി.എഫിന് ഗുണം ചെയ്തു. 20 ൽ 19 എണ്ണത്തിലും വിജയിക്കുകയും ചെയ്തു.

ഇത്തവണ രാഹുലുണ്ടെങ്കിലും രാഹുൽ തരംഗമില്ലായിരുന്നു. കാര്യമതല്ല. ഇത്രയധികം ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷം യു.ഡി.എഫിനുണ്ടാകുമെന്ന് നമ്മുടെ മാധ്യമങ്ങൾക്കോ അവയിലെ തെരഞ്ഞെടുപ്പ് വിദഗ്ദർക്കോ പ്രവചിക്കാൻ സാധ്യക്കാതെ പോയതെന്താണ്? ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം എന്ന് സാമാന്യമായി പറഞ്ഞെങ്കിലും നാല് മുതൽ ആറ് വരെ സീറ്റുകൾ ഇടത്‍ മുന്നണി നേടുമെന്നാണ് പൊതുവെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ജനങ്ങളും അതു തന്നെ കരുതി; വോട്ട് ചെയ്തതൊക്കെ അവർ തന്നെയാണെങ്കിലും.

എത്ര വസ്തുതാവിരുദ്ധമായ ധാരണകളിൻ മേലാണ് വോട്ടെണ്ണും ദിനം വരെ മാധ്യമങ്ങളും നമ്മളും ജീവിച്ചു പോന്നത്. ഉദാഹരണത്തിന്, എല്ലാവരും ശ്രദ്ധിച്ച വടകര മണ്ഡലത്തിൻ്റെ കാര്യമെടുക്കുക. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നത്രെ! പ്രവചനാതീതം!! അവസാന വിശകലനത്തിൽ നേരിയ സാധ്യത ഷാഫി പറമ്പിലിന് എന്നൊക്കെ എഴുതിവിട്ടു, ന്യൂസ്റൂമിൽ നിന്ന് വിളിച്ച് പറഞ്ഞു. അതനുസരിച്ച് ആയിരത്തിൽ താഴെയോ പരമാവധി പോയാൽ അഞ്ചക്കത്തിലെത്താത്ത ഭൂരിപക്ഷത്തിനോ ഷാഫി ജയിക്കുമായിരിക്കും എന്ന് കരുതാനേ ന്യായമുള്ളൂ. അതുതന്നെ ഉറപ്പില്ല. ചിലപ്പോൾ ശൈലജ ടീച്ചർ തന്നെ ആയെന്നും വരാം. ഫലം വന്നപ്പോഴോ? 2019 ലെ കെ. മുരളീധരൻ്റെ ഭൂരിപക്ഷത്തേയും മറികടന്ന് 1, 14838 ൻ്റെ ഭൂരിപക്ഷം.

രണ്ടാമതൊരു ഉദാഹരണം കൂടി നോക്കാം. തൃശൂരിലെ സുരേഷ്ഗോപിയുടെ വിജയം. എൻ.ഡി.എ യ്ക്ക് ഒരു സീറ്റുപോലും കിട്ടുമെന്ന് ഉറപ്പിച്ചു പറയാൻ ഒരു നിരീക്ഷകന് പോലുമാവുന്നില്ല. എന്നാലോ, ഒന്ന് മുതൽ മൂന്ന് വരെ സീറ്റ് നേടിയേക്കാമെന്നും. എന്നിട്ടെന്തായി. 75079 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് സുരേഷ്ഗോപി ജയിക്കുന്നു. ജാതി, മത സമവാക്യങ്ങൾ, അടിയൊഴുക്ക്, പെട്ടെന്നുണ്ടാകുന്ന ചുഴികളും കണ്ടെത്തിയും വാക്യത്തിൽ പ്രയോഗിച്ചുകൊണ്ടുമായിരുന്നു നിരീക്ഷണങ്ങൾ നടത്തിയത്.

യാഥാർഥ്യത്തോട് ഇത്രമേൽ അകലമുള്ള നിഗമനങ്ങളിലെത്തിച്ചേരുന്നത് എന്തുകൊണ്ടായിരിക്കാം? ആവേശഭരിതമാകാതെ നിലം വസ്തുനിഷ്ഠമായി പഠിച്ചെടുത്താൽ നൂറ് ശതമാനം കൃത്യതയില്ലെങ്കിലും ഏറെക്കുറെ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന നിരീക്ഷണങ്ങൾ മാധ്യമങ്ങൾക്ക് നടത്താനാവും. അധ്വാനിക്കണമെന്ന് മാത്രം. ജില്ലകൾ തോറും ബ്യൂറോകളും മൂന്നും നാലും റിപ്പോർട്ടർമാരും പ്രാദേശിക റിപ്പോർട്ടർമാരുമൊക്കെയുള്ള പത്രങ്ങൾക്കും ചാനലുകൾക്കും ഭൂമിയിലേക്കിറങ്ങി വോട്ടർമാരിൽ നിന്നും ശാസ്ത്രീയമായി വിവര ശേഖരണം നടത്തിയാൽ സംഗതി പിടികിട്ടും.

വെറുതെ പറയുന്നതല്ല. യോഗേന്ദ്രയാദവിനെ നോക്കൂ. കോർപ്പറേറ്റ്, ചങ്ങാത്ത മാധ്യമങ്ങളും ജേണലിസ്റ്റുകളും മോദി വീണ്ടും വരുമെന്ന് ആർത്ത് വിളിച്ചപ്പോൾ, നാനൂറോ അതിനപ്പുറമോ നേടുമെന്ന് കട്ടായം പറഞ്ഞപ്പോൾ രാജ്യത്ത് എന്ത് സംഭവിക്കുമെന്ന്, ഓരോ ഘട്ടം വോട്ടെടുപ്പിൻ്റെയും ഫലമെന്താവുമെന്ന്, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു, അതെങ്ങിനെ വോട്ടായി മാറുമെന്ന് അദ്ദേഹം കൃത്യതയോടെ വിശകലനം ചെയ്തു.

ബി.ജെ.പി യ്ക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് അദ്ദേഹം തെരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടത്തിലും പറഞ്ഞു കൊണ്ടേയിരുന്നു. ജൂൺ നാലിന് എട്ട് മണി മുതൽ യോഗേന്ദ്ര യാദവിൻ്റെ നിഗമനങ്ങളെ ശരിവെയ്ക്കുന്ന ഫലങ്ങളാണ് പുറത്തേക്ക് വന്നത്. അദ്ദേഹം ആ  വസ്തുതകളിലേക്ക് എത്തിച്ചേർന്നതിനെ കുറിച്ച് പറയുന്നുണ്ട്. “ഞാൻ ബുദ്ധിജീവികളോട് സംസാരിച്ചില്ല, ഞാൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല, ഞാൻ ആക്ടിവിസ്റ്റുകളോട് സംസാരിച്ചില്ല. ഞാൻ സാധാരണക്കാരോട് മാത്രമാണ് സംസാരിച്ചത്”.

മലയാളത്തിലെ മാധ്യമപ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കാലത്തെ ഗൈഡായി ഉപയോഗിക്കാവുന്നതാണിത്. സ്ഥാനാർഥി വാഹനത്തിനു പിന്നാലെയോടി, റബ്ബറൈസ്ഡ് റോഡിലൂടെ മാത്രം സഞ്ചരിച്ച്, രാഷ്ട്രീയക്കാരോട് മാത്രം സംസാരിച്ച്, തന്നെപ്പോലുള്ള മറ്റ് മാധ്യമപ്രവർത്തകരുടെ നിരീക്ഷണങ്ങൾ അല്ലറ ചില്ലറ ഭേദഗതികളോടെ മാറ്റിയെഴുതി നടത്തുന്ന അർബൻ ജേർണലിസം മലയാളത്തിലേക്ക് മാത്രം കടന്നു വരാതിരിക്കാൻ ന്യായമില്ലല്ലോ.

ജനാധിപത്യത്തിൻ്റെ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നത് ക്ലീഷെ. പക്ഷെ, ജനഹിതത്തെ മാറ്റി വെച്ച് തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റ് ഫാഷിസ്റ്റ്, ഏകാധിപത്യ പ്രവണത കാണിക്കുമ്പോഴോ? സംശയമെന്ത്, ഭരണകൂട്ടം മുട്ടുകുത്താൻ പറയും, മാധ്യമങ്ങൾ മുട്ടിലിഴഞ്ഞ് കുഴലൂതും! കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ ദേശീയ മാധ്യമങ്ങളെ നിരീക്ഷിച്ചാൽ അങ്ങനെയേ പറയാനാവൂ. പത്ത് വർഷവും അവ നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്തിക്കൊണ്ടേയിരുന്നു.

ജനങ്ങൾ അറിയേണ്ടതില്ലാത്ത ഒന്നും അവ കൊടുത്തില്ല, ആവശ്യമുള്ളതിനെ ആവോളം പെരുപ്പിച്ചു. അവസാനം തെരത്തെ ടുപ്പിലും അവർ അയാൾക്കൊപ്പം നിന്നു. 400+സീറ്റുകൾ നേടിക്കൊടുക്കുന്നതിനായി അവർ അത്യധ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് തീർന്നിട്ടും തീർന്നില്ല. എക്സിറ്റ് പോളിലൂടെ സംഘ്പരിവാറിനെ അധികാരത്തിലെത്തിച്ചു, ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നൽകി ചിലർ, മറ്റു ചിലർ നാനൂറിന് തൊട്ടടുത്തും അപ്പുറത്തും നിർത്തി എൻ.ഡി.എയുടെ ഭാവി സുരക്ഷിതമാക്കി.

പക്ഷെ, മുഖ്യധാര മാധ്യമങ്ങളെ ജനങ്ങൾ ഉപേക്ഷിച്ചത് അവ അറിഞ്ഞില്ല. ഭരണവിമർശനം എന്ന നാലാം തൂൺ ഉത്തരവാദിത്തത്തിൽ നിന്നും പിൻമടങ്ങുന്ന മുഖ്യധാരയെ അവരുപേക്ഷിച്ചു. ദിനേന മോദി സ്തുതി പറയുന്ന വാർത്തകളും സംഘ് സങ്കീർത്തനങ്ങളാലപിക്കുന്ന പരസ്യങ്ങൾ കൊണ്ടും പൂരിതമായ പത്രങ്ങൾ അവർ നിവർത്തി നോക്കിയില്ല, ടെലിവിഷനുള്ള ആ പഴയ പേർ -വിഡ്ഢിപ്പെട്ടി – തിരിച്ചു നൽകി. ആയതിനാൽ അവർ സാമൂഹ്യ മാധ്യമങ്ങളുടെ പിറകെ പോയി. ഇത്തവണ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിജയിച്ചത് സാമൂഹ്യ മാധ്യമങ്ങൾ കൂടിയാണ്.

മുഖ്യധാരാ മാധ്യമങ്ങളുടെ പരിമിതികൾ അവയ്ക്കുണ്ടായിരുന്നില്ല. ഒരു അരിപ്പയിലൂടെയും കടന്നുപോകാതെ അവരുടെ വർത്തമാനങ്ങൾ ജനങ്ങളിലെത്തി. ധ്രുവ് റാഡിയും രവീഷ് കുമാറും മുഹമ്മദ് സുബൈറും ബർക്കാദത്തും പ്രണോയ് റോയിമാരൊക്കെ പ്രതിപക്ഷ നേതാക്കളായത് അങ്ങനെയാണ്. അക്ഷരാർഥത്തിൽ ഇൻഫ്ലുവൻസർമാരായി. ഒപ്പീനിയൻ മെയ്ക്കേഴ്സിനു പകരം ഇൻഫ്ലുവൻസർമാർ!!

അല്ലെങ്കിൽ ഡിജിറ്റൽ ലോകത്തെ പ്രചാരണത്തിൽ സംഘ്പരിവാറിനെ മറികടക്കാവുന്ന കോപ്പ് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾക്കൊന്നുമില്ല. 2014 ൽ തന്നെ മോദി അധികാരത്തിലെത്താൻ പ്രധാന കാരണങ്ങളിലൊന്ന് ഡിജിറ്റൽ മേൽകൈ ആയിരുന്നു. 2019 ൽ അവരത് കൂടുതൽ സമർഥരായി ഉപയോഗിച്ചു. 2024 ലും അതേപടി തന്നെ തുടരുമായിരുന്നു. അപ്പോഴാണ് നഗരത്തിൻ്റെ അങ്ങേയറ്റത്തു നിന്നും ഓടിയെത്തി അവർ ജനങ്ങളോട് സംവദിച്ചത്. അവർ ആരുടെയും ഹാൻഡിലുകളായി വന്നവരല്ല. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി വന്നവർ. ഡിജിറ്റൽ മേഖലയിൽ സംഘ് പരിവാറിനും പ്രതിപക്ഷത്തിനുമിടയിലുള്ള ഈ വിടവിനെ നികത്തിയത് ഈ താരങ്ങളായിരുന്നു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അൽഭുതമാണ് ഈ രംഗപ്രവേശം. മാർച്ച് മാസത്തിൽ ധ്രുവ് റാഠിയുടെ വിവിധ സോഷ്യൽ മീഡിയകളിലെ ആകെ സബ്സ്ക്രൈബേഴ്സ് 2.5 കോടിയായിരുന്നു. ഫലപ്രഖ്യാപന ദിനമായപ്പോഴേക്കും യൂട്യൂബിൽ മാത്രം 2.15 കോടി കടന്നു. ഫലം വരുന്നതിന് മുമ്പ് അദ്ദേഹം പുറത്ത് വിട്ട വീഡിയോക്ക് നൽകിയ തലക്കെട്ട് My last message before election result 2024 എന്നായിരുന്നു. വിദേശത്ത് പഠിച്ച്, കേവലമൊരു എൻ്റർടെയ്ൻമെൻ്റ് വ്ളോഗറായ മുപ്പത് വയസ് പോലുമെത്തിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ ഓടി വന്ന് തൻ്റെ ദൗത്യം നിർവഹിച്ച് തിരിച്ചു പോകുന്നു!! ആ വീഡിയോക്ക് താഴെ വന്ന കമൻ്റുകൾ നാല് കോടിയോട് അടുത്തെത്തി നിൽക്കുന്നു. മഹാഭൂരിഭാഗവും സാധാരണക്കാരുടെ നിഷ്കളങ്കമായ നന്ദിയും അഭിനന്ദന പ്രവാഹവും.

ഡിജിറ്റൽ മീഡിയ തുറന്നിട്ട വലിയ തുറസ്സുകളിൽ നിന്നാണ് ജനാധിപത്യത്തിലേക്ക് ഇന്ത്യ തിരിച്ചു വന്നത്. എന്നാൽ ഒരു സങ്കേതമെന്ന നിലക്ക് വ്യവസ്ഥയുടെയും അധികാരത്തിന്റെയും ഭരണകൂട താൽപര്യത്തിൻ്റെയും ഭാഗമായി ഡിജിറ്റൽ ലോകം മാറാനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.

Related Articles