Current Date

Search
Close this search box.
Search
Close this search box.

ത്വാഇഫിലെ ഗിരിനിരകൾ

ഞങ്ങൾ ഹരിത നഗരിയായ ത്വാഇഫ് കാണാൻ പുറപ്പെട്ടിരിക്കുകയാണ്. മക്കയിൽ നിന്ന് രിയാദിലേക്കുള്ള വഴിയിൽ സമുദ്രനിരപ്പിൽ നിന്ന് ആറായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരിയാണ് പഴയ ഹിജാസിന്റെ ഭാഗമായ ത്വാഇഫ്. “അവർ ചോദിക്കുന്നു : ഈ ഖുർആൻ, രണ്ട് നഗരങ്ങളിലെ മഹാപുരുഷൻമാരിലാർക്കെങ്കിലും അവതരിക്കാതിരുന്നതെന്ത് ?” (അസ്സുഖുറുഫ് 31 ) എന്ന ഖുർആൻ സൂക്തത്തിൽ പരാമർശിക്കപ്പെട്ട രണ്ട് നഗരങ്ങളിൽ ഒന്ന് മക്കയും മറ്റേത് ത്വാഇഫും ആണെന്ന് വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ത്വാഇഫ് ഇസ്ലാമിക ചരിത്രത്തിൽ ഓർക്കപ്പെടുന്നത് സൈദ്ബ്നു ഹാരിഥിനോടൊപ്പം ഥഖീഫ് ഗോത്രത്തിൽ അഭയം തേടിച്ചെന്ന പ്രവാചകനെ കല്ലെറിഞ്ഞോടിച്ച സംഭവത്തിലൂടെയാണ്. ചോര പൊടിയുന്ന ശരീരവുമായി പ്രവാചകൻ നടത്തിയ ഹൃദയാവർജകമായ പ്രാർത്ഥനയും, “ഈ രണ്ട് മലകൾക്കിടയിൽ ഇവരെ ഞാൻ ഞെരിച്ച് കളയട്ടെയോ” എന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് തിരുനബി നൽകിയ കരുണാർദ്രമായ മറുപടിയും ചരിത്ര പ്രസിദ്ധമാണ്. ഇസ്ലാമിൽ നിന്ന് മുഖം തിരിച്ച ത്വാഇഫ് പിന്നീട് ഇസ്ലാമിന് കീഴടങ്ങി. നിരവധി ഭരണമാറ്റങ്ങൾക്കും പടയോട്ടങ്ങൾക്കും പിൽക്കാലത്ത് ഈ നഗരം സാക്ഷ്യം വഹിച്ചു. 1925 ൽ സൗദ് ഭരണകൂടം ഹിജാസ് കീഴടക്കുന്നതോടെയാണ് ത്വാഇഫ് സൗദി ഭരണത്തിന് കീഴിൽ വരുന്നത്. സൗദി അറേബ്യയുടെ വേനൽക്കാല തലസ്ഥാനം എന്നാണ് വേനലിലും സുഖകരമായ തണുപ്പ് കാത്തുസൂക്ഷിക്കുന്ന ഈ നഗരി ഇപ്പോൾ അറിയപ്പെടുന്നത്.

ലേഖകൻ കുടുംബത്തോടൊപ്പം

മക്കയിൽ നിന്ന് ത്വാഇഫിലേക്കുള്ള വഴിയിൽ പ്രവേശിച്ചപ്പോൾ തന്നെ മനസ്സിലായി, ജിദ്ദ-മക്ക വഴിയിൽ കണ്ട മലനിരകൾ ഇനി കാണാൻ പോകുന്ന അത്യുന്നതമായ ഗിരിശൃംഗങ്ങളുടെ തുടക്കം മാത്രമായിരുന്നുവെന്ന്. ത്വാഇഫിനോടടുക്കുന്തോറും മലനിരകളുടെ വലുപ്പവും ഉയരവും ഗാംഭീര്യവും കൂടിക്കൂടി വന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ ചെറിയ ചെറിയ പച്ചപ്പും ദൃശ്യമായി. ആദ്യത്തെ സൗദി സന്ദർശനത്തിൽ റിയാദിൽ നിന്ന് ത്വാഇഫ് വഴി ജിദ്ദയിലേക്ക് ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. എവിടെയോ വെച്ച് മക്കയിലേക്കും ജിദ്ദയിലേക്കും വഴികൾ പിരിഞ്ഞു പോയത് ഓർമയുണ്ട്. ചെങ്കുത്തായ മലനിരകൾ ഒഴിവാക്കിക്കൊണ്ടായിരുന്നു ബസ്സിന്റെ യാത്രാപഥം. ത്വാഇഫ് ചുരത്തിന്റെ നെറുകയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഗിരിനിരകളുടെ മഹാപ്രപഞ്ചം .

വയനാടൻ ചുരത്തിന്റെ ഹരിത ഭംഗിയല്ല ഇത്. ഭീമാകാരമായ ശിലാഘണ്ഡങ്ങൾ അത്യത്ഭുതകരമായ പർവത ശ്രേണികളായി ഒന്നിനോടൊന്ന് ചേർന്ന് നാല്ചുറ്റും ഉയർന്ന് പരന്ന് കിടക്കുന്ന വിസ്മയക്കാഴ്ച . അനന്തതയിലേക്ക് എടുത്തെറിയപ്പെട്ട പ്രതീതി. അനേകം മുടിപ്പിൻ വളവുകൾ പിന്നിട്ട് ഞങ്ങൾ ഉയരത്തിൽ നിന്ന് ഉയരത്തിലേക്ക് കയറുകയാണ്. കാറിന്റെ വിൻഡോ ഗ്ലാസിലൂടെ താഴേക്ക് നോക്കുമ്പോൾ ഉള്ള് കാളും. ഞങ്ങളുടെ മുന്നിലും പിന്നിലും വാഹനങ്ങൾ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. മുകളിൽ എത്തിയപ്പോഴേക്കും സുഖകരമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഇപ്പോൾ ഞങ്ങൾ ത്വാഇഫിന്റെ സമതലത്തിലാണ്. മുകളിൽ നിന്നുള്ള കാഴ്ച പൂർണമായി ആസ്വദിക്കുന്നതിന് വേണ്ടി വണ്ടി ഒരിടത്ത് പാർക്ക് ചെയ്തു. അവിടം കുരങ്ങൻമാരുടെ വിഹാരരംഗമാണ്. വയനാടൻ ചുരത്തിൽ കാണുന്ന ചെറിയ കുരങ്ങൻമാരല്ല. മൂടു ചുവന്ന വലിയ ബബൂണുകൾ.

ത്വാഇഫ് ചുരത്തിന്റെ വിശാലഭംഗി വായുവിൽ സഞ്ചരിച്ച് ആസ്വദിക്കുന്നതിന് വേണ്ടി കേബിൾ കാർ സംവിധാനവുമുണ്ട്. സമാ ത്വാഇഫ് (Taif Heights) എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ട്. അൽ ഹദാ കാബിൾ കാർ എന്നാണ് അത് അറിയപ്പെടുന്നത്. അജ്മൽ കൗണ്ടറിൽ പോയി ടിക്കറ്റെടുത്തു. ചുരത്തിൽ നിന്ന് താഴോട്ടും തിരിച്ചു മേലോട്ടും യാത്ര ചെയ്യാൻ അരമണിക്കൂറിലധികം സമയമെടുക്കും. പുറംകാഴ്ചകൾ കാണാവുന്ന വിധത്തിൽ നാല് ഭാഗവും ഗ്ലാസ് കൊണ്ട് മറച്ച കാബിൾ കാറിന് അകത്താണ് ഞങ്ങൾ ഇരിക്കുന്നതെങ്കിലും, ചെങ്കുത്തായ മലമുകളിൽ നിന്ന് ഒരു പിടിവള്ളിയുമില്ലാതെ താഴേക്ക് തെന്നിവീഴുന്നത് പോലെ തോന്നും.

ആ ഗിരിസാനുക്കളിലേക്ക് വീണ്ടും കണ്ണോടിച്ചപ്പോൾ ഓർത്തു പോയത് , ആധുനിക ഗതാഗത സൗകര്യങ്ങൾ വരുന്നതിന് മുമ്പ് എത്ര സാഹസികമായിട്ടാണ് മരുഭൂവാസികളായ അറബികൾ ഈ മലനിരകൾ താണ്ടി യാത്ര ചെയ്തിട്ടുണ്ടാവുക എന്നാണ്. മക്കയിൽ നിന്ന് കാറിൽ ത്വാഇഫിലെത്തണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂർ വേണം. കല്ലെറിഞ്ഞ് ആട്ടിയോടിക്കപ്പെടാൻ വേണ്ടി മാത്രം തിരുനബിയും പുത്രന് തുല്യം നബി സ്നേഹിച്ചിരുന്ന സൈദിന് ബ്നു ഹാരിസും നടന്നും ഒട്ടകപ്പുറത്തേറിയും ത്വാഇഫിലേക്ക് യാത്ര പോയത് ഏതേത് ദുർഘട വഴികളിലൂടെയായിരിക്കും ! മരുക്കാറ്റിന്റെ സംഗീതവും പാറക്കൂട്ടങ്ങളുടെ മർമരങ്ങളും മാത്രം കേട്ട് , നക്ഷത്രങ്ങൾ മിന്നിമറയുന്ന ആകാശത്തിന് ചുവട്ടിൽ , വിജനമായ മരുഭൂവീഥികളിൽ എത്ര രാത്രികൾ അവർ കഴിച്ചു കൂട്ടിയിട്ടുണ്ടാവണം! സൂര്യൻ കത്തിക്കാളുന്ന നട്ടുച്ചകളിൽ ഏത് പച്ചപ്പുകളിലായിരിക്കും അവർ തണൽ തേടിയിട്ടുണ്ടാവുക? ഏത് നീരുറവുകളിൽ നിന്നായിരിക്കും തുകൽ സഞ്ചികളിൽ തങ്ങൾക്കും ഒട്ടകങ്ങൾക്കും കുടിക്കാനുള്ള വെളളം ശേഖരിച്ചിട്ടുണ്ടാവുക! കാബിൾ കാറിന്റെ വേഗത ഞങ്ങൾ അറിയുന്നേയില്ല.

ഞങ്ങളുടെ മുന്നിൽ ഗിരിനിരകൾ അടുക്കുകളായി സഞ്ചരിക്കുകയാണ്. താഴേക്ക് നോക്കിയപ്പോൾ മലകൾ നടന്ന് കയറാൻ വേണ്ടി ആരോ വെട്ടിയുണ്ടാക്കിയ ഊട് വഴികൾ കാണാനായി. പാറകളുടെ മുകളിലും പൊത്തുകളിലും ധാരാളം കുരങ്ങൻമാരെയും കണ്ടു. ദൂരെ നിന്ന് നോക്കുമ്പോൾ അവ കുരങ്ങിന്റെ കുഞ്ഞുങ്ങളാണെന്നേ തോന്നൂ. എങ്ങനെയായിരിക്കാം ഈ ജീവിവർഗം ഈ ഗിരിഗഹ്വരങ്ങളിൽ എത്തിപ്പെട്ടത്? മനുഷ്യർ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണമല്ലാതെ മറ്റെന്താണ് കായ്കനികളില്ലാത്ത ഈ ശിലാപാളികളിൽ അവർക്ക് തിന്നാനുണ്ടാവുക? മനസ്സിൽ ഉയർന്നുവന്ന ചോദ്യങ്ങൾ ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു.

കാബിൾ കാറിലെ സഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. ആകാശം മൂടിക്കെട്ടി നിൽക്കുന്നു. നല്ല ഒരു മഴക്ക് സാധ്യതയുണ്ട്. എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. ഷവർമയും മന്ദിയും ബുഖാരി ചോറും അൽഫഹമും
ഷവായയും മററു അറബ്‌ വിഭവങ്ങളും വിളമ്പുന്ന ധാരാളം ഭക്ഷണ ശാലകൾ പരിസരങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും കുടുംബങ്ങൾക്ക് ഇരുന്നു കഴിക്കാൻ സൗകര്യമുള്ളത് കണ്ടെത്തണമെങ്കിൽ നഗരത്തിലെത്തണം എന്ന് അന്വേഷണത്തിൽ അറിവായി. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ത്വാഇഫ് നഗരത്തിലേക്ക് നീങ്ങി. ഹരിത നഗരം എന്ന വിശേഷണം ത്വാഇഫിന് നന്നായി ചേരും. പഴവും പച്ചക്കറിയും സമൃദ്ധമായി വിളയുന്ന പ്രദേശമാണിത്. ത്വാഇഫിലെ തേനും പനിനീർ പൂക്കളും പ്രസിദ്ധമാണ്. “പനിനീർപൂക്കളുടെ നഗരം ” (മദീനത്തുൽ വുറൂദ്) എന്ന ഒരു അപരനാമം തന്നെയുണ്ട് ത്വാഇഫിന്. പൂന്തോട്ടങ്ങൾ കൊണ്ട് അലങ്കരിച്ച വൃത്തിയും വെടിപ്പുമുള്ള കൊച്ചു നഗരം. വലുതും മനോഹരവുമായ ഒരു പള്ളിയുടെ സമീപത്തായി കണ്ട റെസ്റ്റോറന്റിൽ നിന്ന് സമൃദ്ധമായി ഭക്ഷണം കഴിച്ച്‌ യാത്ര തുടർന്നു.

ജബൽ റഹ് മ

ബനീ സഅദിലേക്കാണ് ഞങ്ങൾ പോകുന്നത്. അനാഥത്വത്തിലേക്ക് പിറന്നുവീണ തിരുനബിയെ മുല കൊടുത്ത് വളർത്താൻ ഏൽപിക്കപ്പെട്ട ഹലീമാബീവിയുടെ ഗോത്രമാണ് ചരിത്രത്തിലെ ബനൂ സഅദ് . നബിയുടെ കുടുംബവുമായി രക്തബന്ധമുള്ള അറേബ്യയിലെ പ്രമുഖ ഗോത്രങ്ങളിലൊന്നായിരുന്നു അത്. ത്വാഇഫിൽ നിന്ന് ഏതാണ്ട് 75 കിലോമീറ്റർ അകലെയുള്ള ബനൂ സഅദ് ഗ്രാമത്തിൽ ഹലീമാ സഅദിയ ജീവിച്ചിരുന്നത് എന്ന് കരുപ്പെടുന്ന വീടിന്റെ അവശിഷ്ടങ്ങളും അതിന്റെ പരിസരവും ധാരാളം നന്ദർശകരെ ആകർഷിക്കുന്നുണ്ട്. പക്ഷെ, ഇതിന്റെ ചരിത്രപരമായ ആധികാരികത സംശയാസ്പദമാണ്. ഈ ആശയക്കുഴപ്പം ഗൂഗിൾ മാപ്പിനും ഉണ്ടെന്ന് തോന്നുന്നു. ഹലീമാ സഅദിയ എന്ന് ലൊക്കേഷൻ കൊടുത്തപ്പോൾ ത്വാഇഫ് – ബനൂ സഅദ് ഹൈവേയിൽ നിന്ന് മാറി വിജനമായ മറ്റൊരു വഴിയിലൂടെയാണ് ഒന്നര മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങൾ ആ സ്ഥലത്ത് എത്തിച്ചേർന്നത്.

സമയം സന്ധ്യയോടടുത്തിരുന്നു. കുന്നിൽ ചെരിവിലാണ് ഗ്രാമം . ഒരു മലയുടെ മുകളിൽ നിന്ന് ഒട്ടകങ്ങൾ വരി വരിയായി ഇറങ്ങിവരുന്നു. കുഞ്ഞ്ഒട്ടകങ്ങളുമുണ്ട്. ഒരു ചെറിയ പിക്കപ്പ് വണ്ടിയിൽ ആ വഴിക്ക് വന്ന ചെറുപ്പക്കാരായ കുറച്ച് സ്വദേശികൾ വണ്ടിയിൽ നിന്നിറങ്ങി ഒട്ടകങ്ങളെ ഉമ്മ വെക്കുന്നതും അവയ്ക്ക് തീറ്റ കൊടുക്കുന്നതും കണ്ടു. ഞങ്ങളുടെ കാറിനെ തൊട്ടുരുമ്മി ആ സാധുമൃഗങ്ങൾ പതുക്കെ നടന്നു പോയി. പിന്നെയും കുറെ കഴിഞ്ഞാണ് നീണ്ട വടിയുമായി ഒട്ടകക്കാരൻ പ്രത്യക്ഷപ്പെട്ടത്. ചെറുപ്പക്കാരുടെ വണ്ടിയെ ചുറ്റിപ്പറ്റി നിന്ന ഒട്ടകങ്ങൾ അയാളെ കണ്ടപാടെ വേഗത്തിൽ നടന്നകന്നു. തൊട്ടടുത്ത ഒരു കുന്നിൻ മുകളിലെ വീടുകൾക്കിടയിലെവിടെയോ അവ അപ്രത്യക്ഷമായി. ഹലീമാ സഅദിയയുടേത് എന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് ശരിയായ റോഡ് പോലും ഇല്ലായിരുന്നു. കുന്നിൻമുകളിലും താഴ് വരയിലും കുറച്ചു സന്ദർശകർ കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും നിൽക്കുന്നുണ്ട്. കുറച്ച് കെട്ടിടാവിഷ്ടങ്ങളല്ലാതെ കാണാൻ യഥാർത്ഥത്തിൽ ഒന്നുമുണ്ടായിരുന്നില്ല അവിടെ . ഞങ്ങൾ പെട്ടെന്ന് മടങ്ങി. ഇരുട്ട് മൂടിത്തുടങ്ങിയിരിക്കുന്നു. കുന്നിൻ മുകളിലൂടെ അജ്മൽ എങ്ങോട്ടോ വണ്ടിയോടിക്കുകയാണ്. കൂരകൾക്കു മുന്നിൽ കുട്ടികൾ കളിക്കുന്നുണ്ട്. ആടുകളുടെ കരച്ചിലും കേൾക്കാം.

കുറെ മുന്നോട്ടു പോയപ്പോൾ ബനൂ സഅദ് എന്ന് അറബിയിലും ഇംഗ്ളീഷിലും വലിയ അക്ഷരങ്ങളിൽ എഴുതിയ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിച്ചേർന്നു. ഒരു കൊച്ചു ടൗൺഷിപ്പിന്റെ കവാടമാണത്. പാറകളുടെ ആകൃതിയിലുള്ള കൃതൃമമായ കൊത്തുപണികളോടു കൂടിയ ഒരു നീണ്ട മതിൽ അവിടം അലങ്കരിക്കുന്നു. അതും കടന്ന്, പാറക്കൂട്ടങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന വിജനമായ വഴിയിലൂടെ വണ്ടി പിന്നെയും മുന്നാട്ട് പോവുകയാണ്. ഈ ഇരുട്ടത്ത് എങ്ങോട്ടാണ് ഞങ്ങളെ കൊണ്ട് പോകുന്നത്? വണ്ടി ചെന്ന് നിന്നത് കുന്നിൻ മുകളിൽ കല്ലുകൾ അടുക്കി വെച്ച് ഉണ്ടാക്കിയ കോട്ട പോലുള്ള ഒരു പുരാതന കെട്ടിടത്തിന്റെ മുന്നിലാണ്. മങ്ങിയ വെളിച്ചത്തിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവ്യക്തമായി കാണാം. കല്ലും മരവും ഉപയോഗിച്ച് പടുത്തുയർത്തിയ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വാസസ്ഥലമായിരുന്നുവത്രെ അത്. താഴെ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഒരു കുടുംബം താമസിക്കുന്നുണ്ട്. കൂട്ടിൽ ആടുകൾ കരയുന്നുണ്ട്.

അസമയത്ത് ഞങ്ങളുടെ സംസാരം കേട്ട് വീടിനകത്ത് നിന്ന് ഒരു വൃദ്ധൻ ഇറങ്ങിവന്നു. സ്ഥലം കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അഹ്‌ലൻ വസഹ്‌ലൻ എന്ന് പറഞ്ഞ് ഞങ്ങളെ സ്വാഗതം ചെയ്തു. പകൽ വന്നെങ്കിലേ കാണാൻ പറ്റൂ എന്ന് സൗമ്യമായി ഉപദേശിച്ചു. സലാം പറഞ്ഞ് വിട ചൊല്ലാനൊരുങ്ങിയപ്പോൾ ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് ഞങ്ങളെ ക്ഷണിച്ചു. ഗ്രാമവാസിയോ നഗരവാസിയോ ആവട്ടെ, ഒരു അറബിയെസ്സംബന്ധിച്ചിടത്തോളം അത് ഉപചാരവാക്കല്ല, ആത്മാർത്ഥമായ വിളി തന്നെയാണ്. കുട്ടികളടക്കം ഒൻപത് പേരുള്ള ഒരു സംഘത്തിന് ഒരു മുന്നൊരുക്കവുമില്ലാതെ എന്ത് ഭക്ഷണമാണ് അദ്ദേഹത്തിന് തരാനുണ്ടാവുക എന്ന് ഞാൻ കൗതുകപ്പെട്ടു. സമയം വല്ലാതെ വൈകിയത് കാരണം സ്നേഹപൂർവം ആ വയോധികന്റെ ക്ഷണം നിരസിക്കുകയേ നിർവാഹമുണ്ടായിരുന്നുളളൂ.

ത്വാഇഫ് ചുരത്തിലെ കുരങ്ങൻമാർ

ഞങ്ങൾ കണ്ട കെട്ടിടാവിഷ്ടങ്ങളിൽ നിന്ന് അധികം ദൂരെയല്ലാതെ പഴയതും ഗംഭീരവുമായ ഒരു കോട്ടയുണ്ടത്രെ. രാത്രിയായത് കാരണം അങ്ങോട്ട് പോയിട്ട് പ്രയോജനമില്ലാത്തത് കൊണ്ട് , ബനൂസഅദിനോട് വിട പറഞ്ഞ് ത്വാഇഫിലേക്ക് മടങ്ങി. നഗരത്തിൽ തിരിച്ചെത്തുമ്പോഴേക്കും മഴ പെയ്തു തോർന്നിരുന്നു. നഗരദീപങ്ങൾ മഴ വെളളത്തിൽ പ്രതിഫലിക്കുന്നു. ഫഹദ് രാജാവിന്റെ പേരിലുളള ത്വാഇഫിലെ അതിവിശാലമായ പള്ളിയുടെ പരിസരത്ത് കുറച്ചുനേരം ചെലവഴിച്ചതിന് ശേഷം ഞങ്ങൾ നഗരം വിട്ടു. ത്വാഇഫ് ചുരത്തിലെ രാക്കാഴ്ചകൾ ആസ്വദിച്ച്, മക്കയിലൂടെ വീണ്ടും ജിദ്ദയിലേക്ക്.

ജിദ്ദയിലെത്തിയപ്പോൾ മഴക്ക് സാധ്യതയുണ്ടെന്നും പിറ്റെ ദിവസം സ്കൂളുകൾക്ക് അവധിയാണെന്നുമുള്ള വിവരം ലഭിച്ചു. പിറ്റേന്ന് രാവിലെ ഇടിവെട്ടി മഴ പെയ്തു. മരുഭൂമിയിലെ മഴ അപൂർവമായ അനുഭവമാണ്. വല്ലപ്പോഴും വിരുന്നെത്തുന്ന മഴയെ സ്വീകരിക്കാൻ ഗൾഫ് നഗരങ്ങൾ വേണ്ടത്ര സജ്ജമല്ലാത്തത് കൊണ്ട് വെളളക്കെട്ടുകളും അത് കൊണ്ടുണ്ടാവുന്ന അപകടങ്ങളും സാധാരണമാണ്. കുറച്ച് നേരം മഴ പെയ്യുമ്പോഴേക്കും തെരുവുകളും റോഡുകളും വെളളത്തിൽ മുങ്ങും. അല്ലെങ്കിലും, മനുഷ്യരുടെ എല്ലാ മുൻകരുതലുകളെയും തെറ്റിക്കാൻ ഒരു കാറ്റോ മഴയോ ഇടിമിന്നലോ മതിയാവുമല്ലോ. മഴ കാരണമുള്ള അപകടങ്ങളിൽ പെട്ട് ജിദ്ദയിൽ രണ്ട് പേരാണ് ഇത്തവണ മരണമടഞ്ഞത്. 2009 ലെ കനത്ത മഴ വിതച്ച മഹാദുരന്തം ഓർമയിലുള്ളത് കൊണ്ട് ചെറിയ മഴ പോലും ജിദ്ദയിലുള്ളവർക്ക് ഇപ്പോഴും പേടിസ്വപ്നമാണ്. മഴ പെയ്തതോടെ കാലാവസ്ഥ കൂടുതൽ സുഖദമായി. പകൽ ഇളം ചൂടും രാത്രി ഇളം തണുപ്പും. വരാനിരിക്കുന്ന ശൈത്യത്തിന്റെ മുന്നൊരുക്കമാണ് ഈ മഴ.

ഹറമിൽ ഒരു ജുമുഅഃ
മസ്ജിദുൽ ഹറാമിൽ ജുമുഅക്ക് കൂടണം എന്നത് വലിയ ആഗ്രഹമായിരുന്നു. രാവിലെ പത്ത് മണിക്ക് തന്നെ ജിദ്ദയിൽ നിന്ന് ഞങ്ങൾ മക്കയിലെത്തി. മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും ഉംറ തീർത്ഥാടകർ നിറഞ്ഞുകഴിഞ്ഞിരുന്നു. ജമുഅക്ക് വേണ്ടി മാത്രം വന്നവരും ധാരാളമുണ്ട്. എസ്കലേറ്ററുകളിൽ ആളുകളുടെ തിക്കും തിരക്കും. കുറച്ചുനേരം എസ്കലേറ്റർ പ്രവർത്തന രഹിതമായതോടെ ഏത് വഴിക്ക് പോകണം എന്നറിയാതെ ഞങ്ങൾ അനിശ്ചിതത്വത്തിലായി. വീൽചെയറിലായിരുന്ന ഉമ്മയെ അജ്മൽ വേറൊരു വഴിക്ക് കൊണ്ടുപോയി. മസ്ജിദുൽ ഹറാമിന്റെ ഉള്ളിൽ നിന്ന് വേർപെട്ടു പോയാൽ പുറത്ത് എവിടെയെങ്കിലും കണ്ടുമുട്ടുകയേ വഴിയുളളൂ. ഏത് വഴിയിലൂടെ എവിടെയാണ് എത്തിപ്പെടുക, ഏത് വഴിയിലൂടെയാണ് പുറത്തിറങ്ങുക എന്നൊന്നും പറയാൻ കഴിയില്ല.

മസ്ജിദുൽ ഹറാമിലെ ജുമുഅ:

പള്ളിയുടെ ഉളളിൽ എത്തുമ്പോഴേക്കും കാർപറ്റ് വിരിച്ച ഭാഗങ്ങളൊക്കെ ഞങ്ങൾക്ക് മുന്നെ വന്നവർ കയ്യടക്കിക്കഴിഞ്ഞിരുന്നു. കിട്ടിയ സ്ഥലത്ത് ഇരുന്നു. മസ്ജിദുൽ ഹറാമിൽ എവിടെയും നമസ്കാര സ്ഥലമാണ്. ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. നേരത്തെ എത്തിയവർ ഖുർആൻ പാരായണത്തിലും പ്രാർത്ഥനയിലും സുന്നത്ത് നമസ്കാരത്തിലും മുഴുകിയിരിക്കുന്നു. 11.30 ആയപ്പോൾ ബാങ്ക് വിളി മുഴങ്ങി. നമസ്കാരത്തിന് മുമ്പ് ജുമുഅ അറിയിച്ചുകൊണ്ടുള്ള ബാങ്കാണത്. ഏതാണ്ട് 12.10 ന് ഖതീബ് മിമ്പറിൽ കയറിയ ശേഷം വീണ്ടും ബാങ്കുവിളിച്ചു. അത്യന്തം മനോഹരമാണ് മസ്ജിദുൽ ഹറാമിലെ ഓരോ ബാങ്കുവിളിയും. ശുദ്ധമായ അറബി ഭാഷയിൽ ആത്മീയമായ ഉദ്ബോധനം ഉൾക്കൊളളുന്ന ഖുത്ബ .പളളി നിറഞ്ഞു കവിഞ്ഞിരുന്നു. നമസ്കാരം കഴിഞ്ഞ് ആളുകൾ പുറത്തേക്കൊഴുകി. കൂടെ ഞങ്ങളും. ജുമുഅക്ക് ഇത്രയും വലിയ ആൾക്കൂട്ടമാണെങ്കിൽ ഹജ്ജിന്റെ അവസ്ഥ എന്തായിരിക്കുമെന്നും ജനലക്ഷങ്ങളെ മസ്ജിദുൽ ഹറാം എങ്ങനെയാണ് ഉൾക്കൊള്ളുകയെന്നും ഞാൻ അത്ഭുതപ്പെട്ടു. അസ്വർ നമസ്കാരത്തിന് ശേഷം ഞങ്ങൾ മസ്ജിദുൽ ഹറാമിനോട് വിട ചൊല്ലി. (തുടരും)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles