Columns

ലക്ഷ്യം ഒരു ജനതയുടെ ആത്മവീര്യം തകര്‍ക്കൽ

കഅബ സന്ദര്‍ശിക്കാന്‍ വരുന്ന ആളുകള്‍ വഴി അവിടെ ഒരു നല്ല കച്ചവട കേന്ദ്രമായി മക്ക മാറിയിരുന്നു. അതാണ് അബ്രഹത്തിനെ വിഷമിപ്പിച്ചത്. കഅബ അവിടെ ജീവിക്കുന്ന ആളുകളുടെ കേന്ദ്രം കൂടിയായിരുന്നു. തന്റെ നാട്ടില്‍ അത്തരം ഒരു ആരാധനാലയം പണിതാല്‍ ആളുകള്‍ അങ്ങോട്ട്‌ വരും എന്ന ധാരണയായിരുന്നു അബ്രഹത്തിന്. അതിനാണയാള്‍ കഅബ പൊളിക്കാന്‍ തീരുമാനിച്ചതും. ബാക്കി സംഭവങ്ങള്‍ നമുക്കറിയാവുന്നതുമാണ്.

ആധുനിക കാലത്തും പള്ളികള്‍ പൊളിക്കുക എന്നത് കൊണ്ട് ഉദ്ദേശം ഒരു ആരാധാനാലയം തകര്‍ക്കുക എന്നതല്ല. ഒരു ജനതയുടെ ആത്മവീര്യം തകര്‍ക്കുക എന്നത് തന്നെയാണ് എതിരാളികള്‍ ഉദ്ദേശിക്കുന്നത്. അത് കൊണ്ടാണ് ലഹലകളുടെ ഭാഗമായി മുസ്ലിം പള്ളികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതും. ഒരു പള്ളിയെ ചൂണ്ടിക്കാണിച്ചാണ് സംഘ പരിവാര്‍ ഭരണ രംഗത്ത്‌ വന്നത്. അത് പൊളിച്ചു കൊണ്ടാണ് അവര്‍ നാട്ടില്‍ വേരുറപ്പിച്ചത്. പള്ളിയുടെ സ്ഥാനത്തു അമ്പലം പണിയും എന്ന് അവര്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഉറപ്പു ഇപ്പോള്‍ പാലിക്കാന്‍ പോകുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പള്ളി പൊളിച്ചു വോട്ടു വാങ്ങിയെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് അമ്പലം പണിതു വോട്ടു നേടും എന്നതാണ് അവരുടെ നിലപാട്.
കലാപ സമയത്ത് പള്ളികള്‍ പൊളിച്ചു കളയുക, കത്തിക്കുക എന്നത് അത്കൊണ്ട് തന്നെ സംഘ പരിവാറിന്റെ സ്ഥിരം തൊഴിലാണ്. ദല്‍ഹിയിലും അതാവര്‍ത്തിച്ചു. പല പള്ളികളും അവര്‍ അഗ്നിക്കിരയാക്കി. പള്ളികളുടെ മുകള്‍ ഭാഗത്ത്‌ കയറി ഹനുമാന്‍ പതാക കെട്ടുന്നതും നാം കണ്ടതാണ്. ഒരു ജനതയുടെ മേല്‍ അധികാരം സ്ഥാപിച്ചു എന്നതാണ് അവരുടെ മനസ്സിലാക്കല്‍. ബാബറി മസ്ജിദിനു ശേഷം മറ്റു ചില പള്ളികളും അവര്‍ ലക്‌ഷ്യം വെച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു.

പൗരത്വ ഭേദഗതി നിയമം എന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതെങ്ങിനെ മുന്നോട്ടു കൊണ്ട് പോകണം എന്നത് അവര്‍ തീരുമാനിച്ചുറപ്പിച്ച കാര്യം കൂടിയാണ്. ഒരു ദിവസം കൊണ്ടാണ് ഡല്‍ഹിയില്‍ കലാപം രൂപം കൊണ്ടത്‌ എന്നു നാം വിശ്വസിക്കരുത്. അറിഞ്ഞിടത്തോളം ദല്‍ഹിയിലെ തന്നെ വളരെ പിന്നോക്ക സ്ഥലങ്ങളിലാണ് കലാപം പടര്‍ന്നത്. അവിടുത്തെ പള്ളികളാണ് അവര്‍ തീവെച്ചും അടിച്ചും നശിപ്പിച്ചത്. ഗുജറാത്തില്‍ നടപ്പാക്കിയ ഉന്മൂലന സിദ്ധാന്തം എന്തോ ചില കാരണം കൊണ്ട് നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നത് ആശ്വാസകരമാണ്.

Also read: മക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ദാമ്പത്യ സംഘര്‍ഷങ്ങള്‍

മക്കക്കാര്‍ തങ്ങളുടെ സമുദായത്തില്‍നിന്ന് ഇസ്‌ലാം അംഗീകരിച്ചവര്‍ മസ്ജിദുല്‍ ഹറാമില്‍ ആരാധന നടത്തുന്നത് തടഞ്ഞിരുന്നു. പള്ളികള്‍ നശിപ്പിക്കുന്നവരെയും അതില്‍ നിന്നും വിശ്വാസികളെ തടയുന്നവരെയും ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌ ഏറ്റവും വലിയ ആക്രമി എന്നാണു. പള്ളികള്‍ നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്നവര്‍ക്ക് ഈ ലോകത്ത് നിന്ദ്യതയും പരലോകത്ത് കടുപ്പമുള്ള ശിക്ഷയും എന്നതാണ് ഖുര്‍ആന്‍ പറയുന്നത്. ചരിത്രത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടു നിന്ന പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പക്ഷെ അവര്‍ അവരുടെ ആളുകളില്‍ നിന്ന് തന്നെ നിന്ദ്യത അനുഭവിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പേര്‍ നാം എവിടെയും കാണുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതവര്‍ അവഗണിക്കപ്പെടുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടു മാത്രമാണ്.

ഇന്ത്യന്‍ നിയമ പ്രകാരവും മറ്റൊരാളുടെ ആരാധാനാലയങ്ങള്‍ തകര്‍ക്കുന്നതും തടസ്സപ്പെടുത്തുന്നതും കുറ്റകരമാണ്. ചരിത്രത്തിലെ വലിയ പള്ളി തകര്‍ക്കല്‍ നാം കണ്ടത് ബാബറി മസ്ജിദിന്റെ കാര്യത്തിലാണ്. അതിന്റെ പേരില്‍ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല എന്നത് ആക്രമികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. മുസ്ലിം സമുദായവും പള്ളികളും തമ്മിലുള്ള ബന്ധം സംഘ പരിവാര്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. പള്ളി വിശ്വാസികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതാണ്. മുസ്ലിം ജനതയെ ഒന്നിപ്പിക്കുന്ന ഒന്നാണ് പള്ളികള്‍. വിശ്വാസികളുടെ പരലോകം മാത്രമല്ല ഈ ലോകവും പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വടക്കേ ഇന്ത്യയില്‍ പല പള്ളികളും അവിടുത്തെ കുട്ടികളുടെ മത പഠന കേന്ദ്രവും കൂടിയാണ്. ഒരു വെടിക്ക് പല പക്ഷികളെയും ഒന്നിച്ചു പിടിക്കാം എന്നതാണ് ആദ്യ പടിയില്‍ തന്നെ പള്ളിയില്‍ പിടിച്ചു കയറുന്നതിന്റെ സംഘ പരിവാര്‍ രാഷ്ട്രീയം.
പുണ്യം കൊണ്ട് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന പള്ളി ഇന്ന് മുസ്ലിംകളുടെ കയ്യിലല്ല. ജൂതന്റെ അനുഗ്രഹത്തില്‍ വേണം ഇന്ന് മുസ്ലിംകള്‍ക്ക് അവിടെ പ്രവേശിക്കാന്‍. ഒരിക്കല്‍ കുരിശു യുദ്ധ യോദ്ധാക്കള്‍ അത് പിടിച്ചെടുത്തു. അധിക കാലം കഴിയുന്നതിനു മുമ്പേ സ്വലാഹുദ്ദീന്‍ അയ്യൂബിയിലൂടെ അത് മുസ്ലിംകളുടെ കയ്യിലെത്തി. പള്ളികളിലൂടെ മുസ്ലിം സമുദായത്തിന്റെ മേല്‍ ആധിപത്യം നേടാനുള്ള ശത്രുവിന്റെ ശ്രമത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന ചരിത്രം നാം ഓര്‍ക്കാതെ പോകരുത് .

Facebook Comments
Related Articles
Show More

Check Also

Close
Close
Close