Current Date

Search
Close this search box.
Search
Close this search box.

ചെരുപ്പിന് വേണ്ടിയാണു കാല് എന്ന പൊതുബോധമാണ് പ്രശ്നം

അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനോട് ഒരു വിരോധവും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഉന്നതകുല ജാതനായ മുഹമ്മദ്‌ അവര്‍ക്ക് എല്ലാ നിലയിലും സമ്മതനായിരുന്നു. ആ സമൂഹത്തില്‍ മറ്റാരിലും കാണാത്ത പല ഗുണങ്ങളും അവര്‍ മുഹമ്മദില്‍ കണ്ടു. അതിനവര്‍ മുഹമ്മദിന് “ വിശ്വസ്തന്‍” എന്നൊരു പേരും നല്‍കി. കാര്യങ്ങള്‍ അങ്ങിനെ മുന്നോട്ടു പോകുമ്പോഴാണ് അബ്ദുള്ളയുടെ മകനും അബ്ദുല്‍ മുത്തലിബിന്റെ പേരക്കുട്ടിയും തന്റെ സ്വത്വം മാറ്റി പ്പിടിച്ചത്. ഇന്ന് മുഹമ്മദ്,‌ മുഹമ്മദ്‌ രസൂലുല്ലാഹിയായി മാറിയിരിക്കുന്നു. അവിടെ നിന്നാണു എതിരാളികളുടെ എതിര്‍പ്പും ആരംഭിക്കുന്നത്.

Also read: മാനവിതകയുടെ തത്വശാസ്ത്രം ഇസ്ലാമിലെ ആരാധനകളിൽ – 1

അതൊരു സ്ഥിരം സംഭവമായി മാത്രമേ നമുക്ക് തോന്നിയുട്ടുള്ളൂ. തങ്ങളുടെ പൊതു ബോധത്തിന് എതിരായാല്‍ പിന്നെ എല്ലാം തീര്‍ന്നു. അടുത്തിടെ ഒരു ബാലന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കടലാസ് പൂ ഉണ്ടാക്കുന്ന രംഗം കാണിച്ചിരുന്നു. തന്റെ പ്രവര്‍ത്തനം ഒരു പരാജയമാണ് എന്നറിഞ്ഞിട്ടും “ എല്ലാവരും എല്ലായ്പ്പോഴും ജയിക്കണമെന്നില്ല” എന്ന സന്ദേശമാണ് അവന്‍ നല്‍കിയത്. സോഷ്യല്‍ മീഡിയ അതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അടുത്തദിവസം ആ കുട്ടിയുടെ ഒരു അഭിമുഖം വന്നു. തലയില്‍ തൊപ്പി വെച്ചിരുന്നു എന്നത് കൊണ്ട് തന്നെ കുട്ടിയെ അഭിനന്ദിച്ച പലരും അവനെ അപലപിക്കാന്‍ തുടങ്ങി. തൊപ്പി ധരിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു കുറ്റവും അവര്‍ അവനില്‍ കണ്ടില്ല.

തൊപ്പിയും തലപ്പാവും ഇസ്ലാമിക ചിഹ്നമായി കാണാന്‍ കഴിയില്ല. പുരുഷന് തല മറക്കലിന്റെ ഇസ്ലാമിക വിധിയില്ല എന്നത് തന്നെ കാരണം. പ്രവാചകന്‍ അറബി എന്ന നിലയില്‍ തലമറച്ചിരുന്നു. അത് അനുകരിച്ചു വിശ്വാസികള്‍ അങ്ങിനെ ചെയ്യാറുണ്ട്. തല മറക്കുന്നതും മറക്കാതിരിക്കലും ഒരു മതേതര സമൂഹത്തില്‍ ആളുകളുടെ വിഷയമാണ്‌. അതിനെ സഹിഷ്ണുതയോടെ കാണാന്‍ കഴിയുക എന്നതാണു മതേതര ബോധം. വ്യക്തി സ്വാതന്ത്യം സമൂഹത്തിന് പ്രശ്നം സൃഷ്ടിക്കുമ്പോള്‍ മാത്രമാണ് അതില്‍ ഭരണകൂടങ്ങള്‍ ഇടപെടെണ്ടത്. അതെ സമയം താന്‍ എപ്പോഴും സ്വീകരിക്കുന്ന വസ്ത്ര രീതിയുടെ ഭാഗമായ തൊപ്പികൂടി ധരിച്ചു എന്നതു പലരെയും ദേഷ്യം പിടിപ്പിച്ചു എന്നത് ഒരു മാനസിക രോഗമാണ്.

ഒരാള്‍ പൂര്‍ണത കൈവരിക്കുന്നത് അയാളുടെ സ്വത്വം പൂര്‍ണമായി വെളിവാക്കുമ്പോള്‍ മാത്രമാണ്. ഒരാളുടെ ജീവിത രീതി അയാളുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളില്‍ നാം കണ്ടു വരുന്ന പ്രവണത ഇത്തരം അസഹിഷ്ണുത ചില വിഭാഗങ്ങളുടെ നേരെ മാത്രം എന്നതാണ്. പൂര്‍ണമായി അവരുടെ നിലപാടുകളെ അംഗീകരിക്കുമ്പോള്‍ മാത്രമാണ് അവര്‍ സംതൃപ്തരാകുക. ഇതൊരു പുതിയ സംഭവമായി നാം കാണുന്നില്ല. പ്രവാചകന്മാര്‍ എതിര്‍ക്കപ്പെടാന്‍ കാരണം അവരുടെ സ്വഭാവ വൈകല്യം കാരണമല്ല. സമൂഹം കെട്ടിയുണ്ടാക്കിയ പൊതു ബോധത്തെ അവര്‍ ചോദ്യം ചെയ്തു എന്നതാണ്. ഇന്നും പലരെയും ഭീകരരും തീവ്രവാദികള്മാക്കുന്നത് അവര്‍ പൊതു സമൂഹത്തില്‍ മോശക്കാരാണ് എന്നത് കൊണ്ടല്ല. പകരം തങ്ങള്‍ ഉണ്ടാക്കിയ പൊതു ബോധത്തെ അവര്‍ ചോദ്യം ചെയ്യുന്നു എന്നത് മാത്രമാണ്.

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം -1

ഒരു പത്തു വയസ്സുകാരന്‍  തൊപ്പി ധരിച്ചു എന്നത് ഒരു വിഷയമേയല്ല. പക്ഷെ അതിനെ പോലും ഇസ്ലാമോഫോബിയയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഇടതു ലിബറല്‍ സംഘി ബോധം പൂര്‍ണമായും നിലകൊള്ളുന്നത്  ഇസ്ലാം വിരുദ്ധ പ്രതലത്തിലാണ്. പ്രത്യക്ഷത്തില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന് വരികലും അവര്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധതയുടെ അന്തര്‍ധാര സജീവമാണ് എന്ന് വേണം മനസ്സിലാക്കാന്‍.

“ജൂതന്മാരും ക്രിസ്ത്യാനികളും ഒരിക്കലും നിന്നില്‍ സംതൃപ്തരാകുന്നതല്ല- നീ അവരുടെ മാര്‍ഗത്തില്‍ നടക്കാന്‍ തുടങ്ങിയാലല്ലാതെ.” പ്രവാചക കാലത്ത് ഈ രണ്ടു മതങ്ങളും ഒരു രാഷ്ട്രീയം കൂടിയായിരുന്നു. മത പരമായി ഒരിക്കലും പ്രവാചകനെ അംഗീകരിക്കുക എന്നത് അവര്‍ക്കിടയില്‍ അസാധ്യമാണ്.  ഭരണാധികാരി എന്ന നിലയില്‍ അവര്‍ പ്രവാചകനെ അംഗീകരിക്കേണ്ടി വന്നു. പക്ഷെ ആ അംഗീകാരം പോലും താല്‍ക്കാലികം മാത്രം . പ്രത്യുത, അവര്‍ നിത്യതൊഴിലായി സ്വീകരിച്ചിരുന്നതുപോലെ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളോടും അവന്റെ ദീനിനോടും കപടവും വഞ്ചനാത്മകവുമായ കര്‍മനയം നീ എന്തുകൊണ്ട് സ്വീകരിച്ചില്ല; ദൈവപൂജയുടെ തിരശ്ശീലക്കു പിന്നില്‍ ആത്മപൂജ നീ എന്തുകൊണ്ട് നടത്തിയില്ല; ദീനിന്റെ തത്ത്വങ്ങളെയും വിധികളെയും സ്വന്തം ആശയാഭിലാഷങ്ങള്‍ക്കൊത്ത് വാര്‍ക്കാന്‍ നീ എന്തുകൊണ്ട് ധൈര്യപ്പെട്ടില്ല; കപടനാട്യത്തിനും ‘ഗോതമ്പ് കാണിച്ച് ചോളം വില്‍ക്കുന്ന’ കച്ചവടത്തിനും നീ എന്തുകൊണ്ട് തുനിഞ്ഞില്ല- ഇതെല്ലാമാണ് വാസ്തവത്തില്‍ അവരുടെ അമര്‍ഷത്തിനും വെറുപ്പിനുമുള്ള കാരണം. ഇസ്ലാം ഉപേക്ഷിച്ചു താങ്കള്‍ എന്നാണോ അവരുടെ മാര്‍ഗം പിന്തുടരുന്നത് അതുവരെ അവര്‍ താങ്കളില്‍ അതായത് താങ്കളുടെ അനുയായികളുടെ കാര്യത്തിലും തൃപ്തരാവില്ല എന്നത് വീണ്ടും വായിക്കേണ്ട കാലമാണ്. ജാഹിലിയ്യത് കെട്ടിപ്പൊക്കിയ പൊതു ബോധത്തിനുള്ളില്‍ മാത്രമാണ് ഇസ്ലാം അവര്‍ക്ക് സമ്മതമാകുക. അതിനപ്പുറം എന്തും അവര്‍ക്ക് പരിധി ലംഘനമാണ്.

പൂര്‍ണമായി ദീനിലേക്ക് പ്രവേശിക്കുക എന്നതു മാത്രമാണ് വിശ്വാസിയുടെ മുന്നില്‍ ബാക്കിയാവുന്ന വഴി. “ തഖ്‌വ” എന്ന പദത്തിന്റെ ഉദ്ദേശ്യം തന്നെ അതാണ്. ഏതു പരിതസ്ഥിതിയിലും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുക. എല്ലാ തലങ്ങളിലും വിശ്വാസി എന്ന സത്വം കൊണ്ട് നടക്കുക. ചെറിയ അടയാളങ്ങള്‍ പോലും അസ്വസ്ഥത പ്രകടമാക്കുന്ന കാലത്ത് മുസ്ലിമായി ജീവിക്കുക എന്നതു കയ്യില്‍ തീക്കട്ട പിടിച്ചവനെ പോലെ എന്ന പ്രവാചക വചനവും ചേര്‍ത്ത് വായിക്കണം. ചെരുപ്പ് കാലിന്റെ സുരക്ഷക്കാണ്. അതെ സമയം ചെരുപ്പിന് വേണ്ടിയാണു കാല് എന്ന പൊതുബോധം എത്രമാത്രം അപകടകരമാണ്.

Related Articles