രൂക്ഷമായ ഈ വംശഹത്യക്കിടെ എന്റെ സഹോദരി-സഹോദങ്ങളുടെ മക്കളോട് മധുരമുള്ള മിഠായികള്‍ തരാമെന്ന വാഗ്ദാനം പാലിക്കാനായോ എന്ന് എനിക്ക് ഉറപ്പില്ല. ഒരു ചോക്ലേറ്റ് ബാര്‍ തേടി ഞാന്‍ ദിവസങ്ങളോളം ഗസ്സ സിറ്റിയിലുടനീളം അലഞ്ഞു. ഒടുവില്‍ ഈ പഴയ നഗരത്തിലെ ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്, നിധി പോലെ ഒളിഞ്ഞിരിക്കുന്ന ഒരു ചോക്ലേറ്റ് ബാര്‍ എനിക്ക് കിട്ടി. അങ്ങനെ ഏറെ പണിപ്പെട്ട് ഞാന്‍ അത് എന്റെ കുട്ടികള്‍ക്കായി ഏഴ് ചെറിയ കഷണങ്ങളാക്കി മുറിച്ചു നല്‍കി. ഓരോ കുട്ടിയും ഒരു കഷണം എടുക്കുമ്പോള്‍, അതിന്റെ മധുരം എന്റെ നാവില്‍ ഞാന്‍ അനുഭവിച്ചു. കുട്ടികള്‍ക്ക് അതിനേക്കാള്‍ കൂടുതല്‍ മധുരമുണ്ടായിരുന്നിരിക്കാം.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എന്റെ സഹോദരിയുടെ അഞ്ചു വയസ്സുകാരിയായ മകള്‍ ലന സ്വകാര്യമായി എന്നോട് പറഞ്ഞു ‘അങ്കിള്‍, എന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?” ഞാന്‍ കൗതുകത്തോടെ ചോദിച്ചു: ഇല്ല ലന, പറയൂ’. ‘ഒരു ചോക്ലേറ്റ് ബാര്‍ മുഴുവന്‍ കഴിക്കുക എന്നതാണ് എന്റെ സ്വപ്‌നം,’ കൊച്ചു ലന പറഞ്ഞു. ഒരു നിമിഷം, ഞാന്‍ നിശബ്ദനായി, എനിക്ക് ഒന്നും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഈ 21-ാം നൂറ്റാണ്ടിലും ഒരു കുട്ടിക്ക് ചോക്ലേറ്റ് ബാര്‍ മുഴുവനായി കഴിക്കുക എന്നത് എങ്ങനെ ഒരു സ്വപ്നമായി മാറി? ഈ ചെറിയ ആഗ്രഹം പോലും സാക്ഷാത്കരിക്കാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല ? ആ നിമിഷം മുതല്‍ ആ ചോദ്യ എന്നില്‍ തന്നെ തുടര്‍ന്നു. ഒടുവില്‍ ഞാന്‍ മനസ്സിലാക്കി, നമുക്കും നമ്മുടെ കുട്ടികള്‍ക്കും ഏറ്റവും ലളിതമായ സ്വപ്നങ്ങള്‍ പോലും സാക്ഷാത്കരിക്കാന്‍ കഴിയാത്തതിന്റെ കാരണം, ദാരിദ്ര്യമല്ല, വിധിയല്ല, മറിച്ച് ഇസ്രായേലാണ്. അധിനിവേശവും ഉപരോധവും യുദ്ധവുമാണ്.
നിഷ്‌കളങ്കമായ പ്രതീക്ഷകള്‍
ഈ സംഭവം വംശഹത്യയുടെ മറ്റൊരു ദിവസത്തെ എന്നെ ഓര്‍മ്മിപ്പിച്ചു. ഒരിക്കല്‍ കുഞ്ഞുങ്ങള്‍ അവരുടെ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കേട്ട് ഞാന്‍ ഗസ്സയിലെ തെരുവില്‍ നില്‍ക്കുകയായിരുന്നു. ഈ വംശഹത്യയുദ്ധം അതിജീവിക്കുകയാണെങ്കില്‍ അവരുടെ ഏറ്റവും നിഷ്‌കളങ്കവും ചെറുതുമായ ആഗ്രഹങ്ങളാണ് അവര്‍ പങ്കുവെക്കുന്നത്. ചിലര്‍ക്ക് രക്തസാക്ഷികളായ തങ്ങളുടെ സഹോദരങ്ങളെ വീണ്ടും കാണണമെന്നാണ് ആഗ്രഹം. മറ്റു ചിലര്‍ക്ക് ചൂടുള്ള റൊട്ടിയും ചിക്കനും കഴിക്കണമെന്നാണ് ആഗ്രഹം. തന്റെ ബാത്‌റൂമിലെ ടാപില്‍ വെള്ളം കിട്ടിയിരുന്നെങ്കില്‍, എനിക്ക് ഭാരമേറിയ വെള്ളം നിറച്ച ബക്കറ്റുകള്‍ ദീര്‍ഘദൂരം ചുമക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഒരു കൊച്ചുപെണ്‍കുട്ടി തന്റെ ആഗ്രഹമായി പറഞ്ഞത്. ഇവയെല്ലാം ഒരിക്കലും ഒരു കുട്ടിയും ആഗ്രഹിക്കേണ്ട കാര്യമല്ല. മറിച്ച് ഒരാളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളായിരുന്നു.
എന്നാല്‍, എന്റെ മനസ്സിനെ ശരിക്കും സ്പര്‍ശിച്ച ശബ്ദം സുന്ദരനായ ഒരു കൊച്ചു ആണ്‍കുട്ടിയുടെതായിരുന്നു, അവന്‍ പതിയെ എന്റെ ചെവിയില്‍ വന്നു പറഞ്ഞു. ‘എന്നും രാവിലെ സ്‌കൂളിലേക്ക് പോകാന്‍ വേണ്ടി എന്റെ ഉമ്മ എന്നെ വിളിക്കുന്നത് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് എന്റെ സ്വപ്‌നം’ ഞാന്‍ അവന്റെ അരികില്‍ മുട്ടുകുത്തിയിരുന്ന് പതിയെ ചോദിച്ചു, ‘മോനോ, അതാണോ നിന്റെ ഏറ്റവും വലിയ സ്വപ്‌നം ?’ അവന്‍ തലയാട്ടി പറഞ്ഞു, ‘അത് അസാധ്യമായ ഒരു സ്വപ്നമാണ്. കാരണം എന്റെ സ്‌കൂള്‍ തകര്‍ക്കപ്പെട്ടു, എന്റെ ഉമ്മ കൊല്ലപ്പെട്ടു.’ ഞാന്‍ ഒരു നിമിശം സ്തബ്ദനായി നിന്നു, എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അപ്പോള്‍ കുട്ടികളില്‍ ഒരാള്‍ എന്നോട് ചോദിച്ചു, ‘അങ്കിള്‍, നിങ്ങളുടെ സ്വപ്നം എന്താണ്?’ ഒരു നിമിഷം മൗനമായ ശേഷം ഞാന്‍ പറഞ്ഞു: ”നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുക എന്നതാണ് എന്റെ സ്വപ്നം”
ലളിതമായ ആഗ്രഹങ്ങള്‍
പിന്നീട്, എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ പങ്കുവെക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കുടുംബത്തോടൊപ്പം ഒരിക്കല്‍ കൂടി ഭക്ഷണം കഴിക്കുക, വീട്ടിലെ സ്വന്തം ബെഡില്‍ സുരക്ഷിതമായി കിടന്നുറങ്ങുക തുടങ്ങി ലളിതവും ആര്‍ദ്രവുമായ ആഗ്രഹങ്ങളായിരുന്നു അവ. ഗസ്സ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കണമെന്നാണ് എഞ്ചിനീയറായ ഒരു സഹപ്രവര്‍ത്തകന്‍ സ്വപ്നം കണ്ടത്. ഈജിപ്തിലെ പിരമിഡുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ മകളെ ഈഫല്‍ ടവര്‍ കാണിക്കാന്‍ കൊണ്ടുപോകണമെന്നും മറ്റു ചിലര്‍ ആഗ്രഹം പറഞ്ഞു. ‘എന്റെ ഒരേയൊരു സ്വപ്നം എന്റെ കുഞ്ഞുങ്ങളെ ഒന്ന് ഇക്കിളിപ്പെടുത്തണം എന്നതായിരുന്നു’ മറ്റൊരു സുഹൃത്ത് പറഞ്ഞg. ഞങ്ങള്‍ പ്രതികരിക്കുന്നതിന് മുമ്പ്, അദ്ദേഹം പതിയെ പറഞ്ഞു ആ സ്വപ്നം അസാധ്യമാണ്. കാരണം ഈ യുദ്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം എനിക്ക് എന്റെ എല്ലാ കുട്ടികളെയും നഷ്ടപ്പെട്ടു. ലനയുടെ ചോക്ലേറ്റിനുള്ള ആഗ്രഹവും ആ സുന്ദരനായ ആണ്‍കുട്ടിയുടെ പതിഞ്ഞ ശബ്ദവുമടക്കം ഇസ്രായേല്‍ കാരണം ഞങ്ങളുടെ ഏറ്റവും ലളിതമായ സ്വപ്നങ്ങള്‍ പോലും എങ്ങനെ നടക്കാതെ പോകുന്നു എന്ന് അപ്പോള്‍ ഞാന്‍ ഓര്‍ത്തു.
എന്റെ സ്വപ്‌നം
അന്ന് രാത്രി ഞാന്‍ എന്റെ സ്വന്തം സ്വപ്നത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു, രണ്ട് വര്‍ഷമായി ഇസ്രായേല്‍ എന്നില്‍ നിന്ന് തട്ടിയെടുത്ത എന്റെ മകള്‍ ഫുറാത്തിനെക്കുറിച്ചുള്ള ഒരു ലളിതമായ സ്വപ്‌നമായിരുന്നു അത്. ഈ വംശഹത്യ യുദ്ധം ആരംഭിച്ചപ്പോള്‍ എന്റെ ഭാര്യ ഇസ്ലാമിനും മകന്‍ ഇയാദിനുമൊപ്പം വിദേശത്തായിരുന്ന എന്റെ 4 വയസ്സുള്ള കുഞ്ഞ് ഫുറാത്ത് എന്നെ ബാബ അസൂമി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. യൂഫ്രട്ടീസ് നദിയുടെ അറബി പദമായ അവളുടെ പേരിന്റെ അര്‍ത്ഥം പുതിയതും ശുദ്ധവുമായ വെള്ളം എന്നായിരുന്നു. അവളുടെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ അവളുടെ കൂടെ തന്നെയുണ്ടായിരുന്നു. ആ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ അവളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷങ്ങളും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവളുടെ പുഞ്ചിരി ഇരുണ്ട ദിവസങ്ങളില്‍ എന്നെ പ്രകാശിതമാക്കുമായിരുന്നു.
രാവിലെ 10 മണിയോടെ ഞാന്‍ അവളെ കുളിപ്പിക്കുമായിരുന്നു. അപ്പോള്‍ അവള്‍ എന്റെ മടിയില്‍ വെച്ച് ഉറങ്ങും. അവളെ ചേര്‍ത്തുപിടിച്ച് അവളുടെ മുടിയുടെ മണം പിടിച്ചതെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായിരുന്നു. എനിക്ക് ഇപ്പോഴും അതെല്ലാം കൃത്യമായി ഓര്‍മ്മയുണ്ട്. പുതുമയുള്ള, മധുരമുള്ള, അതുല്യമായ ഓര്‍മകളായിരുന്നു അവ. അവള്‍ ഞങ്ങളെ വേര്‍പിരിഞ്ഞ കഴിഞ്ഞ 750 ദിവസങ്ങളിലും ഞാന്‍ അതോര്‍ത്ത് ദുഖിക്കാറുണ്ട്.
എന്റെ സ്വപ്‌നം ലളിതമാണ്: ഒരിക്കല്‍ കൂടി, അവളുടെ മുടിയുടെ ആ മണം അനുഭവിക്കണം. എന്നാല്‍, ഇസ്രായേല്‍ കാരണം ഈ സ്വപ്നവും നിഷേധിക്കപ്പെട്ടുവെന്ന് എനിക്കറിയാം. ഒരു ബാര്‍ ചോക്ലേറ്റ്, ഒരു ഗ്ലാസ് ശുദ്ധജലം, ഒരു ഉമ്മയുടെ ശബ്ദം, ഒരു കുട്ടിയുടെ മുടിയുടെ ഗന്ധം, തകര്‍ന്നടിഞ്ഞ വീട്ടിലെ ചിരിയുടെ ഊഷ്മളത എന്നിവയാണ് ഇപ്പോള്‍ ഗസ്സയിലെ ഞങ്ങളുടെ സ്വപ്‌നങ്ങള്‍. ഇവ ആഡംബരങ്ങളല്ല. അവയാണ് നമ്മളെ ഒരു മനുഷ്യനാക്കുന്നത്. ആദ്യം തന്നെ ഇസ്രായേല്‍ നമ്മില്‍ നിന്ന് മോഷ്ടിക്കുന്നത് ഇവയാണ്. എന്നാല്‍, ഞങ്ങള്‍ ഒരിക്കലും തളരില്ല, ഞങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും. കുഞ്ഞു ലനക്ക് അവളുടെ ചോക്ലേറ്റ് മുഴുവനായി ലഭിക്കും, എന്റെ മകളുടെ മധുരഗന്ധം ഞാന്‍ വീണ്ടും ശ്വസിക്കും, അതെ ഫലസ്തീന്‍ സ്വതന്ത്രമാകുക തന്നെ ചെയ്യും.
വിവ: പി.കെ സഹീര്‍ അഹ്‌മദ്
അവലംബം: electronicintifada.net