Current Date

Search
Close this search box.
Search
Close this search box.

‘ഡെയിലി സ്റ്റാർ’ വായനക്കാരോട് ബൈ പറഞ്ഞിരിക്കുന്നു

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ നീണ്ട നിരതന്നെ കാണാം. അക്കൂട്ടത്തിൽപെടുന്നു ദിനപത്രങ്ങളും. പരസ്യവരുമാനത്തിലെയും പ്രചാരത്തിലെയും ഇടിവുകാരണം പല പത്രങ്ങലും ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ലെബനാനിലെ പ്രഥമ ഇംഗ്ലീഷ് ദിനപത്രമായ ‘ഡെയിലി സ്റ്റാർ’ വായനക്കാരോട് ബൈ പറഞ്ഞിരിക്കുന്നു.

ലെബനാന്റെ കാര്യത്തിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല വില്ലനായത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ ശരിക്കും പത്രങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല.

അറബ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നാണ് ‘ഡെയിലി സ്റ്റാർ’. 1952ലാണ് പത്രം പിറവിയെടുത്തത്. അറബ് ലോകത്തെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ‘അൽ ഹയാത്തി’ന്റെ എഡിറ്റർ ഇൻ ചീഫ് കാമിൽ മറോവയാണ് സ്ഥാപകൻ. 1975 മുതൽ 1990 വരെ നീണ്ട ലെബനാനിലെ ആഭ്യന്തര യുദ്ധവേളയിൽ പ്രസിദ്ധീകരണം നിലച്ചെങ്കിലും 96ൽ പത്രം പുനരാരംഭിച്ചു. 2010ൽ മുൻ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള കമ്പനി പത്രം ഏറ്റെടുത്തെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മാസങ്ങളോളം ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായി.

കോവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാവാതെ 2020 ഫെബ്രുവരിയിൽ പത്രം അച്ചടി നിർത്തിയെങ്കിലും വെബ് എഡിഷൻ സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ സാന്നിധ്യം അറിയിച്ചിരുന്നു. ഒക്ടോബർ 13ന് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്ന പരിപാടിയും നിർത്തി. ഒക്ടോബർ 31 മുതൽ സമ്പൂർണ ലേ ഓഫ് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ ലെബനാനിൽ അടച്ചുപൂട്ടുന്ന അഞ്ചാമത്തെ ദിനപത്രമാണ് ഡെയിലി സ്റ്റാർ. നാൽപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള അൽ സഫീർ അറബിക് ദിനപത്രം 2017ലും അൽ അൻവർ അടുത്ത വർഷവും അടച്ചിരുന്നു. ഹരീരി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അൽ മുസ്തഖ്ബൽ പ്രിന്റ് എഡിഷൻ നിർത്തി ഡിജിറ്റൽ ദിനപത്രമാക്കി. അറബ് ലോകത്തെ മറ്റൊരു പ്രമുഖ പത്രമായ അന്നഹറും നേരത്തെ ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു.

ഏഷ്യയിൽ ഈ വർഷം അടച്ചുപൂട്ടുന്ന രണ്ടാമത്തെ പ്രമുഖ പത്രമാണ് ഡെയിലി സ്റ്റാർ. ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട ഹോങ്കോങ്ങിലെ അവസാനത്തെ പത്രവും അടച്ചുപൂട്ടിയത് ഇക്കഴിഞ്ഞ ജൂണിലാണ്. ‘ഏപ്പ്ൾ ഡെയ്‌ലി’യുടെ അവസാന പതിപ്പ് ജൂൺ 25ന് അച്ചടിച്ചത് ഒരു ദശലക്ഷം കോപ്പികളാണ്. പത്തു ലക്ഷത്തോളം കോപ്പികളും മണിക്കൂറുകൾക്കകം വിറ്റുതീർന്നു. സാധാരണ അടിക്കാറുള്ളത് 80,000 കോപ്പികൾ. ജനസാന്ദ്രത കൂടിയ മഹാനഗരത്തിലുടനീളം ആളുകൾ അതിരാവിലെ തന്നെ പത്രത്തിനായി കാത്തുനിൽക്കുകയായിരുന്നു. കമ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിൽ ഞെരിഞ്ഞമരുന്ന ജനാധിപത്യത്തിന്റെ അവസാനത്തെ പ്രതീകമായാണ് അവർ ഏപ്പ്ൾ ഡെയ്ലിയെ കണ്ടത്. എട്ടര മണിയാകുമ്പോഴേക്ക് കോപ്പികൾ പൂർണമായും വിറ്റുതീർന്നു.

2.3 മില്യൺ ഡോളർ വരുന്ന പത്രത്തിന്റെ സ്വത്തുക്കൾ പോലീസ് മരവിപ്പിക്കുകയും അഞ്ച് മുൻനിര എഡിറ്റർമാരെയും എക്സിക്യൂട്ടീവുകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായതെന്ന് പത്രം വ്യക്തമാക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി അറബ് ലോകത്തെ പല പ്രമുഖ പത്രങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ മുൻനിര ഇംഗ്ലീഷ് പത്രമായ ‘സൗദി ഗസറ്റ്’ 43 വർഷത്തിനുശേഷം അച്ചടി നിർത്തി പൂർണമായും ഡിജിറ്റൽ എഡിഷനായി മാറിയത് 2019 മാർച്ചിലാണ്. ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘അറബ് ന്യൂസ്’ കഴിഞ്ഞാൽ രണ്ടാമത്തെ ഇംഗ്ലീഷ് ദിനപത്രമാണ് ‘സൗദി ഗസറ്റ്’. പ്രചാരത്തിൽ മുൻനിരയിലുള്ള ‘ഉക്കാദ്’ അറബി പത്രത്തിന്റെ സഹോദര സ്ഥാപനമാണിത്. എന്നിട്ടും പ്രിന്റ് എഡിഷൻ നിർത്താൻ മാനേജ്‌മെന്റ് നിർബന്ധിതരായി.

Related Articles