Current Date

Search
Close this search box.
Search
Close this search box.

അപഹരിക്കപ്പെടുന്ന ഇസ് ലാമും പരിഹാര മാര്‍ഗ്ഗങ്ങളും

ഭൂമുഖത്ത് നിന്ന് ഇസ്ലാമിനെ നിഷ്കാസനം ചെയ്യാനുള്ള ശത്രുക്കളുടെ ഗൂഡശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമാധാനപരമായ പ്രബോധന പ്രവര്‍ത്തനം നിര്‍വ്വഹിച്ചിരുന്ന പ്രവാചകനും അദ്ദേഹത്തിന്‍റെ സന്തത സഹചാരികളായ ഇസ്ലാമിലെ ആദ്യകാല ഭരണകര്‍ത്താക്കള്‍ ഉള്‍പ്പടെ ഇന്ന് വരേയുള്ള മുസ്ലിം സമൂഹവും നേതാക്കളും ഈ ഗൂഡാലോചനയില്‍ നിന്ന് മുകതമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ല. മുഹമ്മദ് നബി (സ) മാത്രമല്ല പൂര്‍വ്വ പ്രവാചകന്മരും അക്കാലത്തെ വിശ്വാസികളും പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. കിടങ്ങുകള്‍ കൂഴിച്ച് അഗ്നികുണഠം നിര്‍മ്മിച്ച് അതിലേക്ക് വിശ്വാസികളെ ജീവനോടെ വലിച്ചെറിഞ്ഞ് ആസ്വദിക്കുക,കൊടുവാള്‍ കൊണ്ട് ഗളഛേതം ചെയ്യുക, ഈര്‍ച്ചവാള്‍കൊണ്ട് അരിയുക തുടങ്ങി എണ്ണമറ്റ ഉപദ്രങ്ങള്‍ അക്കാലത്തെ സത്യവിശ്വാസികള്‍ അനുഭവിച്ചിരുന്നു.

ഇപ്പോള്‍ ഇസ്ലാമിനെ അവമതിക്കാനും നിഷ്കാസനം ചെയ്യാനും ശത്രുക്കള്‍ കണ്ടത്തിയ മാര്‍ഗ്ഗം നേരിട്ട് ഇടപെടുന്നതിന് പകരം മുസ്ലിം സമൂഹത്തെ ഭിന്നിപ്പിച്ച് ആദര്‍ശവീര്യം തകര്‍ക്കുക. അതിനു ആവശ്യമായ രഹസ്യവും പരസ്യവുമായ പിന്തുണ നല്‍കുക. മുട്ടനാടുകള്‍ ഏറ്റ്മുട്ടി രക്തം ചീന്തുമ്പോള്‍ അത് ഊറ്റികുടിക്കുന്ന കുറുക്കനെ പോലെ മുസ്ലിം രാഷ്ട്രങ്ങളുടെ സമ്പത്ത് ഊറ്റി എടുക്കുക. ഇസ്ലാമിക ഖിലാഫത്തിന്‍രെ പതനത്തിന് വഴിതെളിയിച്ചതും ഈ ഭിന്നിപ്പിക്കല്‍ തന്ത്രമായിരുന്നു. ഖിലാഫത്തിന്‍റെ തകര്‍ച്ചക്ക് ശേഷം രൂപം കൊണ്ട മുസ്ലിം ദേശ രാഷ്ട്രങ്ങളില്‍ ഈ ഭിന്നിപ്പ് തന്ത്രം അതിന്‍റെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്.

Also read: കേരളത്തിലെ കൊലപാതകങ്ങള്‍

മുസ്ലിം സമൂഹത്തെ ദുര്‍ബലമാക്കുക, ഇസ്രായേലിന് മേഖലയില്‍ മേധാവിത്വം നല്‍കുക,അതിനുള്ള ഗൂഡതന്ത്രങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളെ തന്നെ പങ്കാളികളാക്കുക, ആയുധവില്‍പന കൊഴുപ്പിക്കുക, പ്രകൃതി വിഭവങ്ങള്‍ ചുളുവില്‍ കൈകലാക്കുക, പാശ്ചാത്യ സംസ്കാരത്തിലേക്ക് യുവതി യുവാക്കളെ ആഘര്‍ഷിക്കുക, മുസ്ലിം സമൂഹത്തിന്‍റെ സദാചാര അടിത്തറ തകര്‍ക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളിലൂടെയാണ് ശത്രുക്കള്‍ ഇന്ന് ഇസ്ലാമിനെ നിഷ്കാസനം ചെയ്യാന്‍ ഏറെ  ശ്രമിക്കുന്നത്. ഇസ്റായിലുമായി നേരത്തെ ബന്ധങ്ങള്‍ സ്ഥാപിച്ച ഈജ്പ്റ്റിലും ജോര്‍ദാനിലും ഇസ്ലാമിക സംസ്കാരിക ചിഹ്നങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും പകരം എല്ലാ രംഗങ്ങളിലും പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം പ്രകടവുമാണ്.

മുസ്ലിം രാക്ഷ്ട്രങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെ വിവരണാതീതമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നും രണ്ടും ലോക യുദ്ധങ്ങളിലൂടെ ഉണ്ടായതിനേക്കാള്‍ വലിയ ആള്‍നാശവും സാമ്പത്തികവും വിഭവ നഷ്ടവുമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരം യുദ്ധങ്ങളും കലാപങ്ങളും ഉണ്ടാവുന്നു എന്നതല്ല പ്രശ്നം, അത് പരിഹരിക്കാനുള്ള വേദികള്‍ പോലും ആഗോളവല്‍ക്കരണകാലത്ത് നിര്‍ജീവമായിരിക്കുന്നു എന്നതാണ് വേദനാജനകം. പേരിന് മാത്രം നിലകൊള്ളുന്ന ഒ.ഐ.സി. ഇന്ന് കെട്ടിട സമുച്ചയത്തിലും പതാകകളിലും മാത്രം അവശേഷിക്കുന്നു. ചേരിചേരാ വേദിയാകട്ടെ അസ്ഥിപജ്ഞരമായി മാറി.

ഇസ്ലാമിനെ ദുര്‍ബലമാക്കാന്‍ ഇന്ന് ശത്രുക്കള്‍ മുസ്ലിംങ്ങളോട് യുദ്ധം ചെയ്യേണ്ട കാര്യമൊന്നുമില്ല. മുസ്ലിംങ്ങള്‍ തന്നെ പരസ്പരം പോരടിച്ചും വിഴുപ്പലക്കിയും ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ച് വരുന്നുണ്ട്. മുസ്ലിംങ്ങള്‍ ലോകത്ത് എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇസ്ലാം അനുശാസിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കുകയും വിരോധിച്ചവ മല്‍സരബുദ്ധിയോടെ ചെയ്ത്കൊണ്ടിരിക്കുന്ന വൈരുധ്യാത്മക കാഴ്ചകളാണ് കാണുന്നത്. മുസ്ലിം രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദ സന്ദര്‍ശനങ്ങള്‍ അപൂര്‍വ്വമാണെന്ന് മാത്രമല്ല, ഒരു മൊബൈല്‍ വിളിക്ക്പോലും അവര്‍ തയ്യാറല്ല. ഇതിന്‍റെ മറുവശം ശത്രുക്കള്‍ അടിക്കടി സന്ദര്‍ശനം നടത്തി സൗഹൃദം ഊട്ടിഉറപ്പിക്കുന്നു എന്നതാണ്.

ഇസ്ലാമിനെ നിഷ്കാസനം ചെയ്യാനുളള അമേരിക്കന്‍ പാശ്ചാത്യ ശത്രുക്കളുടെ മറ്റൊരു രീതിയാണ് ഏറ്റവും ജുഗ്പ്സാവാഹം. അപരന്മാരെ സൃഷ്ടിച്ച് കൊണ്ട് ഇസ്ലാമിന്‍റെ ശോഭന മുഖം ലോകത്തിന് മുന്നില്‍ വികൃതമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ദാഈശ്, നൈജീരിയയിലെ ബൊക്ക ഹറാം, ഐ.എസ്.ഐ. അല്‍ ഖായിദ, തുടങ്ങിയ എണ്ണമറ്റ ഭീകര സംഘടനകളെ സന്ദര്‍ഭാനുസരണം സൃഷ്ടിക്കുകയും വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുക. ഇസ്ലാമിനെ കുറിച്ച വ്യക്തമായ അറിവില്ലാത്തതിനാലും ശത്രുക്കളുടെ സാമ്പത്തികമായ പ്രലോഭനത്താലും പാവപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ ഇതില്‍ ആകൃഷ്ടരാകുന്നു.

Also read: സ്ത്രീകൾ സുരക്ഷയും സ്വാതന്ത്ര്യവും തേടുമ്പോൾ

പരിഹാര മാര്‍ഗ്ഗങ്ങള്‍

സാമ്രജ്യത്വ ശക്തികള്‍ സൃഷ്ടിച്ച ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഒരു വിശ്വാസി ചെയ്യേണ്ടതെന്താണ്? നിരാശനായി പള്ളിയില്‍ ഭജനമിരിക്കുകയൊ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയൊ അല്ല ചെയ്യേണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. കമ്മ്യുണിസം,ലിബറലിസം,നാഷണലിസം തുടങ്ങിയ പാശ്ചാത്യ നിര്‍മ്മിത പ്രത്യയശാസ്ത്ര ഉല്‍പന്നങ്ങളെല്ലാം സൈദ്ധാന്തിക വിപണിയില്‍ സ്വീകാര്യത നഷ്ടപ്പെട്ടിരിക്കുകയാണ്. നവ മുതലാളിത്ത വ്യവസ്ഥയാകട്ടെ ലോകത്ത് സമാധാനം കൊണ്ട് വരുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു.

ഇത്തരമൊരു പ്രത്യയ ശാസ്ത്രശൂന്യമായ സാഹചര്യതതില്‍ ഇസ്ലാമിന് നല്ല സ്വീകാര്യതയാണ് ലഭിച്ച്കൊണ്ടിരിക്കുന്നത്. ഇതിനെ അട്ടിമറിക്കുകയാണ് ശത്രുക്കളുടെ പ്രഖ്യാപിത ലക്ഷ്യം. അതിനെ മറികടക്കാന്‍ ഖുര്‍ആന്‍ നമേമാട് ആഹ്വാനം ചെയ്തത് “നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടും ക്ഷണിക്കുക” എന്ന ആഹ്വാനം പ്രാവര്‍ത്തികമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയകളുടെ കാലഘട്ടത്തില്‍ ഇസ്ലാമിന്‍റെ സന്ദേശം എവിടെ വേണമെങ്കിലും നമുക്ക് പ്രചരിപ്പിക്കാന്‍ കഴിയുന്നതേയുള്ളൂ.

മുസ്ലിംങ്ങള്‍ക്കിടയിലെ ഐക്യമാണ് ഏറ്റവും പ്രധാനം. ഐക്യപ്പെടുക അല്ലെങ്കില്‍ നശിക്കുക എന്ന രണ്ടിലൊരു മാര്‍ഗ്ഗമേ നമ്മുടെ മുന്നിലുള്ളൂ. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്. 8: 46.  നമസ്കാരമുള്‍പ്പടെയുള്ള ഇസ്ലാമിക ചിഹ്നങ്ങള്‍ കോവിഡ് വൈറസ് കാരണമായി ദുര്‍ബലമാവാന്‍ പാടില്ല.

Also read: ആദം- ഹവ്വയുടെ ഭൂമിയിലേക്കുള്ള ഇറക്കം

വളരെ സുപ്രധാനമായ മറ്റൊരു കാര്യം നമുക്ക് ചെയ്യാനുള്ളത് ഇസ്ലാമിന്‍റെ ആവശ്യകത ആധുനിക സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ്. പല വിഷയങ്ങളിലും അവര്‍ക്ക് കൃത്യമായ ദിശാബോധമില്ല എന്നത് ഒരു വസ്തുതയാണ്. ഇസ്ലാം എല്ലാം കാര്യത്തിലും ഒരു ദിശ കാണിച്ച് കൊടുക്കുന്നത് മനുഷ്യര്‍ക്ക് വലിയൊരു ആശ്വാസമാണ്. അവര്‍ക്ക് ഇസ്ലാമിന്‍റെ സന്ദേശം എത്തിച്ച്കൊടുക്കുന്നത് നമ്മുടെ നിലനില്‍പ്പിന്‍റേയും വിജയത്തിന്‍റേയും മാര്‍ഗ്ഗമാണ്. ഖുര്‍ആന്‍ പറയുന്നു: നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് കല്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിലുണ്ടവട്ടെ. അവര്‍ തന്നെയാണ് വിജയികള്‍. ആലുഇംറാന്‍, 3:104

ഇസ്ലാമിനെ കുറിച്ച ഭീതി ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല കാര്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. ആഗോളവല്‍ക്കരണ കാലത്ത് ഏതെങ്കിലും അര്‍ത്ഥത്തില്‍ പ്രയാസപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല. പട്ടിണി, പാര്‍പ്പിട സൗകര്യമില്ലാത്തവര്‍, രോഗികള്‍, വിദ്യാഭ്യാസം തുടങ്ങി അവരുടെ ആവശ്യങ്ങള്‍ നിരവധിയാവാം. അവരെ കണ്ടത്തുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് നമ്മുടെ വിശ്വാസപരമായ ബാധ്യതയാണ്. കാലത്തെ പിഴച്ചത് കൊണ്ട് ദുരിതങ്ങള്‍ നീങ്ങുകയില്ല. ഒരു മെഴുക് വെട്ടമെങ്കിലും കത്തിച്ച് വെക്കുക മാത്രമേ രക്ഷയുള്ളൂ. അതിന്‍റെ വെളിച്ചം ഈ ലോകത്ത് മാത്രമല്ല നാളെ പരലോകത്തും നമുക്ക് മുന്നിലുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles