Current Date

Search
Close this search box.
Search
Close this search box.

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിനെയാണ്. അതുകൊണ്ടു തന്നെ അതിൻറെ ലക്ഷ്യം ഇസ്ലാമിൻറെ സംസ്ഥാപനമാണ്.ഖുർആൻറെ ഭാഷയിൽ ഇഖാമതുദ്ദീൻ. മതത്തിനോട് പൊതുവിലും ഇസ്ലാമിനോട് പ്രത്യേകിച്ചും ശത്രുത പുലർത്തുന്ന കുഞ്ഞിക്കണ്ണനും അദ്ദേഹത്തിൻറെ പാർട്ടിയും അതിനെ എതിർക്കുന്നതിലും ആക്ഷേപിക്കുന്നതിലും ഒട്ടും അത്ഭുതമില്ല.

ഇസ്ലാം എന്നത് കേവലം ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രമല്ലെന്ന് അതിനെ പഠിക്കുന്ന ഏവർക്കും അനായാസം ബോധ്യമാകും. അതിൻറെ അടിസ്ഥാന പ്രമാണമായ ഖുർആൻ പരിഭാഷ ഒരു തവണ വായിച്ചാൽ മാത്രം മതി. അതിനു സന്നദ്ധമല്ലെങ്കിൽ വായിച്ചവരോട് ചോദിച്ചാലും മതി. ഏകദൈവവിശ്വാസം, മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം, പ്രവാചകത്വത്തിലുള്ള വിശ്വാസം എന്നീ മൂന്ന് അടിസ്ഥാനങ്ങളിൽ അധിഷ്ഠിതമായ ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതം, കുടുംബഘടന, സമൂഹ സംവിധാനം, സാമ്പത്തിക ക്രമം, രാഷ്ട്രീയ നിലപാട്, ഭരണ സംവിധാനം, പ്രപഞ്ചത്തോടും പ്രകൃതിയോടുമുള്ള സമീപനം തുടങ്ങിയവയെല്ലാം എവ്വിധമായിരിക്കണമെന്ന് അത് പഠിപ്പിക്കുന്നുണ്ട്. വിശദീകരണങ്ങളും പ്രായോഗിക മാതൃകകളും പ്രവാചകൻ മുഹമ്മദ് നബി നൽകുകയും ചെയ്തു.

ഇന്ത്യയിലെ മുസ്ലിംകൾ ന്യൂനപക്ഷമാണ്. അവരിൽ വളരെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ജമാഅത്തെ ഇസ്ലാമിക്കാരായുള്ളൂ. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ഇവിടെ ഇസ്ലാമിക വ്യവസ്ഥ പൂർണ്ണാർത്ഥത്തിൽ സ്ഥാപിക്കാൻ സാധിക്കുകയില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ജമാഅത്തെ ഇസ്ലാമിക്കാർക്കുണ്ട്. കുഞ്ഞിക്കണ്ണൻറെ പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് എളമരം കരീം സമർത്ഥിച്ചത് മുസ്ലിം സമുദായത്തിൻറെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക ശക്തീകരണത്തിന് നേതൃത്വം നൽകാൻ മാത്രം ധൈഷണിക ശേഷിയുള്ളവരാണ് ജമാഅത്തുകാരെന്നാണല്ലോ.

എന്നിട്ടും എന്തിനാണ് നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ സമഗ്ര ഇസ്‌ലാമിൻറെ സംസ്ഥാപനം ലക്ഷ്യമായി പ്രഖ്യാപിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. അതിനു ചില കാരണമുണ്ട്. വിശ്വാസികളെന്ന നിലയിൽ ഇസ്ലാമിൻറെ ചില വശം മറച്ചുവെച്ച് മറ്റു ചില വശങ്ങൾ മാത്രം അവതരിപ്പിക്കുന്നത് അതിനോട് ചെയ്യുന്ന അനീതിയാണ്. ഖുർആൻ വിലക്കിയ ഗുരുതരമായ കുറ്റകൃത്യവും. രണ്ടാമതായി ഇസ്ലാമിനെ സമൂഹം പരിചയപ്പെടേണ്ടത് അതിൻറെ സമഗ്ര സ്വഭാവത്തിലാണ്. സർവ്വോപരി രാജ്യ നിവാസികൾ ഇസ്ലാമിനെ അവ്വിധം മനസ്സിലാക്കിയാൽ ചിലർക്കെങ്കിലും അവയിലെ പല നന്മകളും മേന്മകളും മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചേക്കും. അപ്പോൾ അവരതിൻറെ വക്താക്കളും പ്രചാരകരും പ്രയോക്താക്കളുമായി മാറും. ഉദാഹരണമായി ഇസ്ലാമിൻറെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് മനസ്സിലാക്കാൻ അവസരം ലഭിച്ചാൽ പലിശക്കും ചൂതാട്ടത്തിനുമെതിരായ അതിൻറെ ശക്തമായ കൽപ്പനകളും ദാനധർമ്മങ്ങൾക്കുള്ള ആഹ്വാനങ്ങളും ചിലർക്കെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞേക്കാം. സാംസ്കാരിക വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നവർക്ക് ലഹരിപദാർത്ഥങ്ങൾക്കും ലൈംഗിക അരാജകത്വത്തിനും മറ്റു സാമൂഹ്യ തിന്മകൾക്കുമെതിരായ അതിൻറെ അധ്യാപനങ്ങൾ ബോധ്യമാവുകയും സ്വീകാര്യമാവുകയും ചെയ്തേക്കാം. ഇസ്ലാമിൻറെ രാഷ്ട്രീയ വ്യവസ്ഥ മനസ്സിലാക്കുന്നവർക്ക് ജാതി, മത, സമുദായ, ദേശ,ഭാഷാ, ഭേദങ്ങൾക്കതീതമായ നീതി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ സമകാലീന ഇന്ത്യയിൽ അതെത്രമാത്രം ഉപകാരപ്രദവുമാകുമെന്ന് കുഞ്ഞിക്കണ്ണന് പോലും ബോധ്യമാകും. ഒരു ജൂതൻറെ നീതിക്കുവേണ്ടി അവതീർണ്ണമായ ഒമ്പത് വാക്യങ്ങളുള്ള വേദഗ്രന്ഥമാണല്ലോ ഖുർആൻ.ഇസ്ലാമിക ഭരണത്തിൻറെ എക്കാലത്തെയും മികച്ച മാതൃകയായ ഖലീഫാ ഉമറിൻറെ കാലത്തെ നീതി നിർവഹണത്തിലെ ഏറ്റവും വലിയ ഗുണഭോക്താവ് ഒരു കോപ്റ്റിക് ക്രിസ്ത്യാനിയാണ്. അദ്ദേഹത്തെ ദ്രോഹിച്ചതിൻറെ പേരിലാണ് ഈജിപ്ഷ്യൻ ഗവർണറുടെ മകന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.

ഇതൊക്കെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും നീതി നടത്തിപ്പിൽ പ്രതിഫലിപ്പിക്കാനും സാധിച്ചാൽ അത് ഇന്ത്യൻ മതേതരത്വത്തിണ്ടാക്കുന്ന നേട്ടം മഹത്തരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇസ്ലാമിക വ്യവസ്ഥ സമർപ്പിക്കുന്ന സാമൂഹ്യ നീതി സമൂഹത്തിന് മനസ്സിലാവുകയും സ്വീകാര്യമാവുകയും ചെയ്താൽ മുഴുവൻ മനുഷ്യരുടെയും പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുകയും എല്ലാവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും.

ഖുർആൻ മുഴുവൻ മനുഷ്യർക്കുമുള്ള ദൈവത്തിൻറെ സന്ദേശമാണെന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അത് സമർപ്പിക്കുന്ന സമഗ്ര ജീവിത വ്യവസ്ഥയെ പ്രതിനിധീകരിക്കാനും സമൂഹത്തിന് പരിചയപ്പെടുത്താനും ജമാഅത്ത് ബാധ്യസ്ഥമാണ്. മതമൂല്യങ്ങളെയും മതാധ്യാപനങ്ങളെയും നിഷേധിക്കുകയും കഠിനമായി വെറുക്കുകയും ചെയ്യുന്ന സി.പി.എമ്മുകാർ ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ഇസ്ലാമിനെ വിമർശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിനാൽ കുഞ്ഞിക്കണ്ണൻറെയും അദ്ദേഹത്തിൻറെ സംഘടനയുടെയും എതിർപ്പ് യഥാർത്ഥത്തിൽ ഇസ്ലാമിനോടാണ്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണെന്ന് മാത്രം.

Related Articles