Current Date

Search
Close this search box.
Search
Close this search box.

ഈ നിലപാടുകൾ തമ്മിലാണ് സംഘട്ടനം

എങ്ങിനെയാണ് ഒരു നവോത്ഥാന നായകന്‍ രൂപപ്പെടുന്നത്?. ഓരോ നൂറ്റാണ്ടിലും അങ്ങിനെ ഒരാള്‍ ഉണ്ടാവുക എന്നത് ദൈവീക നടപടി ക്രമത്തിന്റെ കൂടി ഭാഗമാണ്. കാലഘട്ടത്തിന്റെ തേട്ടം മനസ്സിലാക്കി വേണം നവോത്ഥാനം നടത്താന്‍. ഇസ്ലാമിക ഖിലാഫത്തില്‍ നിന്നും മുസ്ലിം ഭരണം വളരെയധികം വ്യതിചലിച്ച കാലത്താണ് ഒന്നാം നവോത്ഥാന നായകന്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രംഗത്ത്‌ വന്നത്. ഇസ്ലാമിക വിജ്ഞാന രംഗത്ത്‌ പുത്തന്‍ പ്രവണതകള്‍ രൂപം കൊണ്ട കാലത്താണ് ഇമാം ഷാഫി അവര്‍കള്‍ രൂപപ്പെടുന്നത്. ഇസ്ലാമിക പ്രമാണങ്ങളെ ഭരണ കൂടം ചോദ്യം ചെയ്ത കാലത്താണ് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ രൂപപ്പെട്ടത്.

ഇസ്ലാമിക ലോകത്ത് ഇരുപതാം നൂറ്റാണ്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പേരിനെങ്കിലും ബാക്കിയായ ഖിലാഫത്ത് എന്ന പദം പൂര്‍ണമായി ഇല്ലാതായിപ്പോയ നൂറ്റാണ്ടു കൂടിയായിരുന്നു അത്. സയ്യിദ് മൌദൂദി ജനിക്കുന്നതും ആ നൂറ്റാണ്ടിന്റെ ആദ്യം തന്നെ. ആധുനിക ജനാധിപത്യവും മതേതരത്വവും മുസ്ലിം നാടുകളെ കൂടി കയ്യടുക്കുന്ന അവസ്ഥ കൂടി നിലവില്‍ വന്നു. ഇന്ത്യയിലെ അഹിന്ദുക്കളെ അവരുടെ പൂര്‍വിക മതത്തിലേക്ക് തിരിച്ചു കൊണ്ട് പോകുക എന്ന ലക്ഷ്യവുമായി സ്വാമി ശ്രദ്ധാനന്ദയുടെ നേതൃത്വത്തില്‍ ശുദ്ധി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സമയം കൂടിയായിരുന്നു നൂറ്റാണ്ടിന്റെ ആദ്യ ഭാഗങ്ങള്‍. 1926 ല്‍ സ്വാമി ഒരു മുസ്ലിമിന്റെ കയ്യാല്‍ കൊല്ലപ്പെട്ടു എന്നതു വലിയ കോളിളക്കമുണ്ടാക്കകി.  അവിടെ നിന്നാണ് ഇസ്ലാമിലെ ജിഹാദിനെ കുറിച്ച് സയ്യിദ് മൌദൂദി ഗ്രന്ഥം രചിക്കുന്നത്‌.

അലീഗര്‍ മുസ്ലിം സര്‍വ്വകലാശാലയില്‍ കമ്യുണിസ്റ്റ് ചിന്തകള്‍ക്ക് മേല്‍കൈ വന്ന സമയം കൂടിയായിരുന്നു നൂറ്റാണ്ടിന്റെ ആദ്യ ഭാഗം. സമുദായത്തിലെ അഭ്യസ്തവിദ്യരായ ആളുകള്‍ ഇസ്ലാമിക സംസ്കാരം പൂര്‍ണമായി കയ്യൊഴിയുന്ന അവസ്ഥയും നിലവില്‍ വന്ന കാലം. മത -ഭൗതിക വിദ്യാഭ്യാസം അത്രമേല്‍ ഇസ്ലാമിനെ ഭിന്നിപ്പിച്ച കാലം. രണ്ടും ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി പോയിക്കൊണ്ടിരുന്നു.

Also read: ചിന്തിക്കൂ, നന്ദിയുള്ളവരാകൂ

അതിനിടയില്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയും സാമുദായിക വാദം അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. ഒരു ആദര്‍ശ സമൂഹം എന്ന നിലയിലേക്ക് തിരിച്ചു വന്നല്ലാതെ ഇസ്ലാം അതിജീവിക്കില്ലെന്ന് സയ്യിദ് മൌദൂദി ഉണര്‍ത്തി കൊണ്ടിരുന്നു. 1918 മുതല്‍ 1941 കൂടിയ കാലങ്ങളില്‍ സയ്യിദ് മൌദൂദിയുടെ മുന്നില്‍ വന്ന പ്രധാന സംഭവങ്ങള്‍ ഇങ്ങിനെ വായിക്കാം
– തുര്‍ക്കിയിലെ ഖിലാഫത്ത്
– ശുദ്ധി പ്രസ്ഥാനം
– ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഉയര്‍ന്നു വന്ന മതനിഷേധ പ്രവണതകള്‍
– സാമൂഹിക രംഗത്ത്‌ ഉണ്ടായിത്തീര്‍ന്ന സമുദായീക ധ്രുവീകരണം.

സയ്യിദ് മൌദൂദിയുടെ ഈ കാലഘട്ടത്തില്‍ ഉണ്ടായ രചനകള്‍ വായിച്ചാല്‍ നമുക്ക് കൂടുതല്‍ വ്യക്തത കൈവരും. ഇന്ത്യ വിഭജനത്തിനു തയ്യാറായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് പിന്നീട് ഉണ്ടായ രചനകള്‍ വിലയിരുത്തേണ്ടത്. ഇന്ത്യയില്‍ ബാക്കിയാവുന്ന മുസ്ലിം ജനത മതത്തിന്റെ പേരില്‍ ഉണ്ടാകാന്‍ ഇടയുള്ള ഒരു സാമുദായിക രാഷ്ട്രം എന്നിവയും അദ്ദേഹത്തിന്റെ മുന്നിലുണ്ടായ വിഷയങ്ങള്‍ തന്നെ.

ഇസ്ലാം ഒരു കേവല മതമായി തീരുന്ന അവസ്ഥയെയാണു സയ്യിദ് മൌദൂദി കൈകാര്യം ചെയ്തത്. ലോകത്തിനു മുന്നില്‍ രണ്ടു രീതികള്‍ എന്ന നിലയില്‍ അപ്പോഴേക്കും കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നു. അതില്‍ ഇസ്ലാമിന് ഒരു പങ്കും ആരും കല്‍പ്പിച്ചു നല്‍കിയില്ല. രണ്ടാം ലോക യുദ്ധം ലോകത്തിന്റെ ഗതിയും സ്വഭാവവും മാറ്റിയിരുന്നു. മതത്തിനു സാമൂഹിക ജീവിതത്തില്‍ ഒരു സ്ഥാനവും കല്‍പ്പിച്ചു നല്‍കാന്‍ ആധുനിക സംജ്ഞകള്‍ സമ്മതിച്ചില്ല. മതം ഒരു മാപ്പ് സാക്ഷിയുടെ റോളിലേക്ക് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി.

പ്രവാചകന്‍ പഠിപ്പിച്ച മതം ഒരിക്കലും ഒരു മാപ്പ് സാക്ഷിയുടെ രൂപത്തിലായിരുന്നില്ല എന്നാണു സയ്യിദ് മൌദൂദി പറയാന്‍ ശ്രമിച്ചത്. മതത്തിന്റെ ശരിയായ നിലപാട് ആധുനിക ലോകത്തിനു വെളിവാക്കി കൊടുത്തു എന്നത് തന്നെയാണ് സയ്യിദ് മൌദൂദി ചെയ്ത മഹിതമായ കാര്യം. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ അദ്ദേഹം പലരുമായി പങ്കുവെച്ചു. അവിടെ നിന്നാണ് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടതും. മതത്തെ തങ്ങളുടെ ഇച്ചക്കനുസരിച്ചു രൂപപ്പെടുത്തുന്നതില്‍ ആധുനിക ഭരണ കൂടങ്ങള്‍ പലപ്പോഴും വിജയിക്കുന്നു. മതം സമം തീവ്രവാദം എന്നൊരു സൂത്രവാക്യം അവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വലതും ഇടതും ആ രീതി കൃത്യമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.

മത പണ്ഡിതര്‍ അധികവും അവരുടെ തടവറയിലാണ്. മതം എന്നവര്‍ വേലികെട്ടി തിരിച്ച വട്ടത്തില്‍ മാത്രമായി മത ചര്‍ച്ചകള്‍ ഒതുങ്ങുന്നു. അതെ സമയം സാമൂഹിക വിഷയങ്ങളില്‍ മതത്തെ നോക്കുകുത്തിയായി മാറ്റുകയും ചെയ്യുന്നു. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം തന്നെ എല്ലാത്തിനും മതിയായതാണ്. ആ ബോധം നഷ്ടമായ സമൂഹത്തിനു ബോധം തിരിചു നല്‍കുക എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഭരണകൂടങ്ങള്‍ രംഗത്ത് വരിക എന്നത് സ്വാഭാവികം മാത്രം.

Also read: നാം ആ​ഗ്രഹിച്ചത് അല്ലാഹു ഏറ്റെടുക്കമ്പോൾ!

സാമുദായികത അംഗീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മടി കാണില്ല. കാരണം അത് കൊണ്ട് മൌലികമായ ഒരു മാറ്റവും എവിടെയും സാധ്യമാകില്ല. മുസ്ലിംലീഗ് സമുദായത്തില്‍ വേരുള്ള പ്രസ്ഥാനമാണ്. തങ്ങള്‍ ഒരു മത സംഘടയാണ് എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. കേരള മുസ്ലിം സമുദായത്തിലെ പല ചിന്താഗതിയുള്ളവരും അതിന്റെ ഭാഗമാണ്. ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒന്നാണ് കേരള മുഖ്യമന്ത്രി ഇന്നലെ സഭയില്‍ തട്ടിവിട്ടത്. ഒരേ സമയം അമുസ്ലിം സമൂഹത്തില്‍ ഭീതി പടര്‍ത്താനും മുസ്ലിം സമൂഹത്തില്‍ കലഹം വിതക്കാനും അതിനു കഴിയും. എഴുതി തയ്യാരാക്കിയാണ് മുഖ്യമന്ത്രി അത് വായിച്ചത്. അതായത് ഈ നീക്കം ആസൂത്രിതമാണെന്ന് സാരം. അവിടെയാണു മുഖ്യനും പാര്‍ടിയും തോറ്റ് പോകുന്നതും.

സയ്യിദ് മൌദൂദി വരച്ചു കാണിച്ചതും ഇസ്ലാമിക പ്രസ്ഥാനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും ഒരു തിരഞ്ഞെടുപ്പ് കാലത്തെ മാത്രം കാര്യങ്ങളല്ല. മനുഷ്യ ജീവിതം ഇവിടം കൊണ്ട് തീരും എന്ന നിലപാടും അത് മരണ ശേഷവും തുടരും എന്ന നിലപാടും തമ്മിലുള്ള സംഘട്ടനമാണ് മതവും ഭൗതിക പ്രത്യയശാസ്ത്രങ്ങളും തമ്മില്‍ നടക്കുന്നത്. ആ മൌലികത ഉള്‍ക്കൊണ്ടാല്‍ മാത്രമാണ് യഥാര്‍ത്ഥ മതത്തിന്റെ പ്രസക്തി നമുക്ക് ബോധ്യമാകുക. ആധുനിക പ്രത്യയശാസ്ത്രങ്ങള്‍ ഉള്ള കാലത്തോളം സയ്യിദ് മൌദൂദി ചര്‍ച്ച ചെയ്യപ്പെടുക എന്നത് അത് കൊണ്ട് തന്നെയാണു അനിവാര്യതയായി തീരുന്നതും.

Related Articles