Columns

സമുദായം കഴിവ് നേടും എന്നുറപ്പാണ്

ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതെല്ലാം വരുന്ന അഞ്ചു കൊല്ലം കൊണ്ട് അവര്‍ നടപ്പാക്കും എന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്. “ Nation First” എന്ന തലക്കെട്ടിലാണ് “CAB” യെ കുറിച്ച് പറയുന്നത്. അതില്‍ തന്നെയാണ് 370 വകുപ്പിനെ കുറിച്ചും പറയുന്നത്.

Cultural Heritage എന്നതിന്റെ താഴെയാണു ബാബറി മസ്ജിദും ഏക സിവില്‍ കോഡും വരുന്നത്. അത് കൂടാതെ  കൃഷി സമ്പത്ത് വ്യവസ്ഥ വിദ്യാഭ്യാസം എന്നീ വിഷയങ്ങളും പ്രകടന പത്രിക വിശദമായി പറയുന്നു. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 57 ബില്ലുകളാണ് സഭയില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചത്. അതില്‍ പ്രകടന പത്രിക പറഞ്ഞ നാല് കാര്യങ്ങള്‍ മാത്രമാണ് കടന്നു വന്നത്.
– മുത്വലാഖ്
– കാശ്മീര്‍
– യു എ പി എ
– പൗരത്വ ബില്‍
അതെ സമയം രാജ്യം കടന്നു പോയിക്കൊണ്ടിരുക്കുന്ന രൂക്ഷമായ സാമ്പത്തിക കാര്യത്തില്‍ കാര്യമായ ഒരു ചര്‍ച്ചയും ബില്ലും നമ്മുടെ സഭകളില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കിട്ടിയ സമയം കൊണ്ട് സംഘ് പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള അവസരം അവര്‍ വേണ്ടെന്നു വെച്ചില്ല. അവതരിപ്പിക്കപ്പെട്ട ബില്ലുകളിലെ ഒരു പ്രത്യേകത അതില്‍ അധികവും മുസ്ലിം വിരുദ്ധം എന്നതാണ്.

ഒരു ലക്ഷ്യം മുന്നില്‍ കണ്ടു മാത്രമേ എന്തും ആരംഭിക്കാന്‍ കഴിയൂ. മുസ്ലിം വിരുദ്ധത എന്നതാണ് അതില്‍ സംഘ് പരിവാര്‍ തിരഞ്ഞെടുത്തത്. ഇന്ത്യ സ്വാതന്ത്രം നേടുമ്പോള്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ ഒമ്പത് ശതമാനമായിരുന്നു, അതിപ്പോള്‍ പതിനാലു ശതമാനം എന്നിടത്തേക്ക് എത്തിയിരിക്കുന്നു എന്നതാണ് പൗരത്വ ബില്‍ അവതരണ വേളയില്‍ അമിത്ഷ പറഞ്ഞത്. അതെ സമയം മറ്റു ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നദ്ദേഹം ആവലാതിപ്പെടുന്നു. അപ്പോള്‍ ഈ ബില്ലിന്റെ ഉദ്ദേശം കൃത്യമാണ്. ആദ്യം വിദേശികള്‍ എന്ന പേരില്‍ കുറെ ആളുകളെ പുറംതള്ളുക. ശേഷം ദേശീയ പൗരത്വ പട്ടിക എന്ന പേരില്‍ മറ്റുളളവരെയും നാട് കടത്തുക. പുതിയ നിയമം വന്ന കാരണം മുസ്ലിംകള്‍ ഒഴികെ മറ്റാര്‍ക്കും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വരില്ല എന്നുറപ്പാണ്. നിയമത്തെ കൂട്ട് പിടിച്ചു എങ്ങിനെ ഇന്ത്യയില്‍ മുസ്ലിം സമുദായത്തെ അമര്‍ച്ച ചെയ്യാം എന്നതു മാത്രമാണ് ഇപ്പോള്‍ സംഘ പരിവാര്‍ ചിന്തിക്കുന്നത്. അതായത് സംഘ പരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെ ഉപയോഗിച്ച് അവരുടെ ഭരണ ഘടന നടപ്പാക്കാന്‍ ഒരുങ്ങുന്നു. അവരോടൊപ്പം ചേരാന്‍ മതേതര കക്ഷികളും രംഗത്ത്‌ വരുന്നു എന്നത് കാണാതെ പോകരുത്.

ബില്ലില്‍ എടുത്തു പറയുന്ന മൂന്നു രാജ്യങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. അവിടെ അമുസ്ലിം സമൂഹം പീഡിപ്പിക്കപ്പെടുന്നു എന്നാണു ഇന്ത്യ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. അതെ സമയം തൊട്ടടുത്ത രാജ്യമായ മ്യാന്മറില്‍ രോഹിങ്കന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ലോക കോടതിയുടെ മുന്നില്‍ വിചാരണ നടക്കുന്നു. ഇന്ത്യയില്‍ തന്നെ ന്യൂനപക്ഷങ്ങള്‍ പീഡനത്തിനു ഇരയാകുന്നു. അപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ജനതയാണ് വിഷയമെങ്കില്‍ എല്ലാവരും അതില്‍ ഉള്‍ക്കൊള്ളണം. ഒരു വിഭാഗത്തിന്റെ പീഡനം മാത്രം വിഷയമായാല്‍ അതിനര്‍ത്ഥം വംശീയത എന്നത് തന്നെയാണ്.
ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശത്രുക്കള്‍ ശ്രമിച്ചപ്പോഴെല്ലാം അത് ഇസ്ലാമിന് അനുകൂലമായി മാറിയ ചരിത്രമാണ്‌ നമ്മുടെ മുന്നിലുള്ളത്. ഹുദൈബിയ അതിന്റെ ഒരു ഉദാഹരണം മാത്രം. ശത്രുവിന്റെ മുന്നില്‍ കീഴടങ്ങുക എന്നതല്ല അതിനുള്ള പ്രതിവിധി. പ്രതീക്ഷയും വിശ്വാസവും ചേര്‍ത്ത് പിടിച്ചു മുന്നേറാന്‍ നമുക്ക് കഴിയണം. രാജ്യത്തെ രൂക്ഷമായി അഭിമുഖീകരിക്കുന്ന പലതും മാറ്റി വെച്ച് സംഘ പരിവാര്‍ അജണ്ടയുമായി മുന്നേറുന്ന ഭരണ കൂടത്തിന്റെ കുത്സിതശ്രമങ്ങളെ പ്രതിരോധിക്കാന്‍ സമുദായം കഴിവ് നേടും എന്നുറപ്പാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker