Columns

യുദ്ധത്തിന്റെ കാര്‍മേഘം ഇരുണ്ടുമൂടി പശ്ചിമേഷ്യ

ഇറാനെ ആക്രമിക്കുന്നതില്‍ നിന്നും അമേരിക്ക അവസാന നിമിഷം പിന്മാറിയത് ഒരു വിവേകമായ തീരുമാനമാണ്. അത് പോലെ അമേരിക്കയുടെ വിവേചനാധികാരം പ്രസിഡന്റ് ട്രംപ് ശരിയായി ഉപയോഗിച്ചു എന്നത് ഒരു കീഴടങ്ങലായി കണക്കാക്കരുത് എന്നാണ് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇറാന് നല്‍കുന്ന ഉപദേശം. ഇറാനെ അക്രമിക്കാനായുള്ള ഫയല്‍ ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റിനെ മുന്നില്‍ തുറന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുദ്ധത്തിന്റെ കാര്‍മേഘം പശ്ചിമേഷ്യയില്‍ നിന്നും പൂര്‍ണമായി മാറിയിട്ടില്ല എന്നുറപ്പാണ്. പക്ഷെ വിവേകപൂര്‍ണമായ ചില വാര്‍ത്തകള്‍ അവിടെ നിന്നും കേള്‍ക്കുന്നു എന്നത് സന്തോഷകരമാണ്.

വിഷയത്തിന് ഒരു രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്നാണ് മേഖലയിലെ ശക്തമായ സാന്നിധ്യമായ യു എ ഇ പറയുന്നത്. അടുത്തിടെ ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ സഊദിയുമായി അമേരിക്ക ചര്‍ച്ച നടത്തിയിരുന്നു. വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും പെട്ടെന്ന് മറ്റൊരു യുദ്ധവുമായി മുന്നോട്ടു പോകേണ്ട എന്നത് തന്നെയാണ് കിട്ടിയ ഉപദേശം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ കക്ഷികളും ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ തീരുമാനം തന്നെയാണ്. ജര്‍മനി ആ ആവശ്യവുമായി ഇപ്പോള്‍ തന്നെ രംഗത്ത്‌വന്നിട്ടുണ്ട്.

അതെസമയം പുതിയ ഭീഷണിയുമായി ഇറാനും രംഗത്തു വന്നിട്ടുണ്ട്. തങ്ങളെ ഭയപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാം എന്ന വ്യാമോഹം വേണ്ടെന്ന രീതിയിലാണ് അവര്‍ പ്രതികരിക്കുന്നത്. ഇന്ന് മുതല്‍ അമേരിക്ക പുതിയ ഉപരോധത്തെകുറിച്ച് പറയുന്നു. നിലവിലുള്ള ഉപരോധത്തിന് പുറമെയാണ് പുതിയ ഉപരോധം. അമേരിക്കയുടെ അനീതിപരമായ ഉപരോധത്തെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇറാന്‍ തുറന്നു പറയുന്നു. ’60 ദിവസത്തെ സമയപരിധിക്കുള്ളില്‍ യൂറോപ്യന്മാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പുതിയ നടപടികള്‍ കൈക്കൊള്ളും. പക്ഷെ അത് മോശമായ രീതിയിലാവില്ല’ എന്നും ഇറാന്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച യു.എസ് ഡ്രോണ്‍ ഇറാനിയന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ കൊണ്ട് വന്നിട്ടുണ്ട്. ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ യു.എസ് സൈബര്‍ ആക്രമണം വേണ്ടത്ര ഫലം ചെയ്തില്ല എന്നാണ് അമേരിക്കയുടെ തന്നെ നിലപാട്. ‘അവര്‍ (അമേരിക്ക) കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും വിജയകരമായ ആക്രമണം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞട്ടില്ല. ‘ഇറാനിലെ വിവര, വാര്‍ത്താവിനിമയ സാങ്കേതിക മന്ത്രി മുഹമ്മദ് ജവാദ് അസാരി-ജഹ്റോമി ഇങ്ങിനെയാണ് ട്വീറ്റ് ചെയ്തത്. അതിനിടെ എന്ത് പ്രതിസന്ധി ഉണ്ടായാലും 2015ല്‍ രൂപം നല്‍കിയ ആണവ കരാറില്‍ നിന്നും ഒരു നിലക്കും പിറകോട്ടു പോകില്ല എന്നാണ് ഇറാനിയന്‍ നിലപാട്. ‘ഞങ്ങളുടേത് ഒരു ദേശീയ തീരുമാനമാണ്. അത്ര പെട്ടെന്നൊന്നും അത് മാറ്റാന്‍ കഴിയില്ല’ എന്നാണ് വിഷയത്തെ കുറിച്ച് ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അറാച്ചി പശ്ചിമേഷ്യന്‍ വിഭാഗത്തിന്റെ ചുമതലയുള്ള ബ്രിട്ടീഷ് മന്ത്രിയോട് പ്രതികരിച്ചത്.

അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദിയിലേക്കും യു എ ഇയിലേക്കുമുള്ള യാത്രയിലാണ്. പ്രദേശത്ത് യുദ്ധ സാഹചര്യങ്ങള്‍ ഒരുക്കിയെങ്കിലും യുദ്ധവുമായി മുന്നോട്ടു പോകാന്‍ മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളുടെ പൂര്‍ണ സമ്മതം ലഭിക്കുന്നില്ല എന്നത് തന്നെയാണ് അമേരിക്കയെ കുഴക്കുന്നത്. ഇറാന്‍ എന്ന ഭീകര രാജ്യത്തിനെതിരെ ഒരു ആഗോള കൂട്ടായ്മ എന്നതാണ് പോംപിയോയുടെ വരവിന്റെ ഉദ്ദേശമായി പറയപ്പെടുന്നത്. ഇറാനുമായും നല്ല ചര്‍ച്ചകള്‍ക്ക് അമേരിക്ക ഒരുക്കമാണ് എന്നും അദ്ദേഹം പറയുന്നു. മുന്‍ധാരണകള്‍ ഇല്ലാത്ത ചര്‍ച്ചകള്‍ നടക്കണം എന്നാതാണ് അദ്ദേഹത്തെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തകള്‍. അതിനോട് ഇറാന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

പഴയ യുദ്ധങ്ങള്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് വീണ്ടുവിചാരം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് കിട്ടുന്ന വിവരം. സ്വതവേ യുദ്ധങ്ങളും കലാപങ്ങളും അരങ്ങു വാഴുന്ന ഒരിടത്ത് പുതിയ സംഭവ വികാസങ്ങള്‍ മേഖലയിലെ മൊത്തം രാജ്യങ്ങളെയും ബാധിക്കും എന്നുറപ്പാണ്. മേഖലയിലെ രാഷ്ട്രങ്ങളെ വരിധിയില്‍ വരുത്താന്‍ കഴിയുന്ന ആയുധങ്ങള്‍ ഇറാന്റെ പക്കലുണ്ട്. മാത്രമല്ല ഇറാഖ് യുദ്ധത്തേക്കാള്‍ ഭീകരമാകും പുതിയ യുദ്ധങ്ങള്‍ എന്ന തിരിച്ചറിവും മേഖലയിലെ രാജ്യങ്ങള്‍ പങ്കു വെക്കുന്നു. ഗള്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന യുദ്ധ കപ്പലുകള്‍ ആരുടേയും സ്വാസ്ഥ്യം നഷ്ടമാകാന്‍ പോന്നതാണ്. എങ്കിലും പഴയതില്‍ നിന്നും ഭിന്നമായി രാഷ്ട്രീയ തീരുമാനം എന്നിടത്തേക്കു മേഖലയിലെ രാജ്യങ്ങള്‍ മാറുന്നത് നല്ല പ്രതീക്ഷ നല്‍കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

പശ്ചിമേഷ്യ അണുവായുധ മുക്തമാകുക എന്നതാവില്ല അമേരിക്കന്‍ നിലപാട്. അങ്ങിനെ വന്നാല്‍ അത് ഇസ്രായേലിനും ബാധകമാക്കണം. അതെ സമയം അമേരിക്കന്‍ വിദേശകാര്യ മന്ത്രി അധികം പ്രഖ്യാപനങ്ങള്‍ നടത്തിയതും ഇസ്രായേല്‍ അധികൃതരുമായുള്ള കൂടികാഴ്ച്ചയിലാണ് എന്ന് പറയാതിരിക്കാനും കഴിയില്ല.

Facebook Comments
Related Articles
Show More

Check Also

Close
Close
Close