Columns

ഇടതു ഭീകരതയുടെ കാമ്പസ് മുഖം

ഏറ്റവും ചുരുങ്ങിയത് ഒരു പതിറ്റാണ്ടെങ്കിലുമുള്ള കേരളത്തിലെ കാമ്പസുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവിടങ്ങളില്‍ നടന്നിട്ടുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതര്‍ഥത്തിലുള്ള പുരോഗമനങ്ങളാണ് വിദ്യാര്‍ഥികളില്‍ ഉണ്ടായിട്ടുള്ളത് എന്ന് വിശകലനം ചെയ്യുന്നത് സമീപകാലത്തെ കാമ്പസ് ജീവിതങ്ങളിലെ അരാജകത്വത്തെ വെളിപ്പെടുത്തുന്നതാണ്. ഏതെങ്കിലും കലാലയങ്ങളില്‍ എന്തെങ്കിലും അനിശ്ചിത സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചരിത്രവും ഭാവിയുമായി ബന്ധിപ്പിക്കാതെ മനസിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് എല്ലാം നമ്മള്‍ക്ക് ഒറ്റപ്പെട്ട സംഭവമായി മാറുന്നത്. നമ്മള്‍ തിരിച്ചറിയേണ്ടുന്ന പ്രധാന വസ്തുതകള്‍ ഇനിയും നമ്മുടെ ചര്‍ച്ച മണ്ഡലങ്ങളില്‍ വന്നിട്ടില്ല എന്നത് ദുഃഖകരമാണ്.

യൂനിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം വന്ന വാര്‍ത്തകള്‍ അടക്കം കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.അതിന്റെ പ്രധാന വക്താക്കള്‍ ഭൂരിപക്ഷ കലാലയങ്ങളുടെയും അധികാരങ്ങള്‍ കയ്യാളുന്ന എസ്.എഫ്.ഐയുമാണ്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ പോയിട്ട് സ്വന്തം അണികളുടെ പോലും അച്ചടക്കത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു നേതൃത്വമാണല്ലോ നമ്മുടെ കലാലയങ്ങളില്‍ ഉള്ളത് എന്ന് നെടുവീര്‍പ്പിടാന്‍ മാത്രം സാധിക്കുന്ന കേവലമായ ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംഘാടക പാളിച്ചയോ ധാര്‍മിക തകര്‍ച്ചയോ അല്ല പ്രസ്തുത സംഭവങ്ങളിലൂടെ നമ്മള്‍ മനസിലാക്കേണ്ടത്. മറിച്ച് ബോധപൂര്‍വം തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി എത്ര അരാഷ്ട്രീയവും അധാര്‍മ്മികവുമായ രീതിയിലാണ് വിദ്യാര്‍ഥികളെ ഈ സംഘടന സമീപിക്കുന്നത് എന്നാണ്.

തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുള്ള ഒട്ടനവധി വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളുടെ ഓരോ വിവരണങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്.ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി എസ്.എഫ്.ഐയോട് വിയോജിച്ചുകൊണ്ട് കാമ്പസില്‍ പഠിക്കുകയാണെങ്കില്‍ അവള്‍ ത്രീവാവാദിയും വര്‍ഗീയവാദിയുമാകാനും പുരുഷാധിപത്യത്തിന്റെ ‘ഇര’യാക്കാനും അധികം സമയം വേണ്ടതില്ല. ഇനി ആണ്‍കുട്ടികളുടെ കാര്യമാണെകില്‍ പൊതുവില്‍ കലാലയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന ഒരു രീതി പെണ്ണ് കേസുമായി അവരെ ബന്ധിപ്പിക്കുക എന്നതാണ്. ഈ അടുത്ത് കണ്ണൂരിലെ പാലയാട് കാമ്പസില്‍ അമല്‍ റാസിക്ക് എന്ന വിദ്യാര്‍ത്ഥിയെ ഈ അര്‍ത്ഥത്തില്‍ തങ്ങളുടെ ആജ്ഞ നിര്‍ദ്ദേശങ്ങളെ അവഗണിച്ചതിന്റെ പേരില്‍ അവന്‍ അതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരു പെണ്ണിനെ വെച്ച് ചില കഥകള്‍ മെനഞ്ഞെടുത്തു. ഇതില്‍ രസകരമായ സംഗതി ഇങ്ങനെ തങ്ങളോട് വിയോജിക്കുന്ന വിദ്യാര്‍ഥികളെ ഇത്തരത്തില്‍ കുടുക്കാന്‍ ഇവരുടെ ഇടയില്‍ തന്നെയുള്ള പെണ്‍കുട്ടികളെ അതിവിദഗ്ധമായി എസ്.എഫ്.ഐ ഉപയോഗിക്കുന്നു എന്നതാണ്. ഇതൊന്നും എവിടെയെങ്കിലും സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒട്ടുമിക്ക എസ്.എഫ്.ഐ ആഭിമുഖ്യ കാമ്പസുകളിലെയും സ്ഥിരം സംഭവങ്ങളാണ്.

ഇങ്ങനെ തങ്ങളെ അംഗീകരിക്കാത്ത ആണോ പെണ്ണോ ആയ ഏതൊരു വിദ്യാര്‍ത്ഥിയെയും ഏതര്‍ത്ഥത്തിലും പീഡിപ്പിക്കുവാനും അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തെ ഇല്ലാതാക്കുവാനും ഇവര്‍ ശ്രമിക്കും. ഇത് എസ്.എഫ്.ഐയോട് വിയോജിക്കുന്നവരുടെ അവസ്ഥയാണെങ്കില്‍ എസ്.എഫ്.ഐയില്‍ നില്‍ക്കുന്ന ആളുകളുടെ അനുഭവങ്ങള്‍ മറ്റൊരു രീതിയിലാണ്. നിരന്തരമായ അക്രമണങ്ങളിലൂടെ കലാലയങ്ങളില്‍ ഗുണ്ടകളെ വളര്‍ത്തിയെടുക്കുക,തങ്ങളുടെ ലാഭങ്ങള്‍ക്ക് വേണ്ടി തങ്ങളില്‍ ഒരു വിഭാഗത്തെ ലഹരിയുടെ അടിമകളാക്കി മാറ്റി അതിലൂടെ അവരെക്കൊണ്ട് പല മോശപ്പെട്ട കാര്യങ്ങളും ചെയ്യിക്കുക,അടുത്ത കാലത്ത് പുറത്തുവന്ന വാര്‍ത്ത പോലെ തങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശരീരങ്ങളിലേക്ക് പോലും കടന്നുചെല്ലാന്‍ സാധിക്കുന്ന തരത്തില്‍ തങ്ങളുടെ അധികാര സ്ഥാനത്തെ രൂപപ്പെടുത്തുക ഇങ്ങനെ ഒരു അധോലോക മാഫിയകള്‍ ചെയ്യുന്ന രൂപത്തിലുള്ള പലതും ഇന്ന് കേരളത്തിലെ പല കാമ്പസുകളിലും നിത്യസംഭവങ്ങളാണ്.

അതിന് ചുക്കാന്‍ പിടിക്കുന്ന എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം കലാലയങ്ങളില്‍ ഇടതു ഭീകരതയാണ് പ്രൊമോട്ട് ചെയ്യുന്നത് എന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗീയ ഫാസിസത്തെ കുറിച്ച് നമ്മോട് സംസാരിക്കുന്ന ഇടതുപക്ഷം അതിന് ബദലായ മറ്റൊരു വിദ്യാര്‍ത്ഥി വിരുദ്ധ/ജനവിരുദ്ധ സംസ്‌കാരത്തെയാണ് കലാലയങ്ങളില്‍ പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവര്‍ ക്ലാസ്സ്മുറികളിലെ ജനാധിപത്യത്തെ കാണാത്തത് അവരുടെ കണ്ണുകളില്‍ അന്ധത ബാധിച്ചത് കൊണ്ടല്ല പ്രവര്‍ത്തനങ്ങളില്‍ കാപട്യം ഉള്ളതുകൊണ്ടാണ്.

Facebook Comments
Show More

Related Articles

Close
Close