Current Date

Search
Close this search box.
Search
Close this search box.

കമ്മ്യൂണിസ്റ്റുകാർ ആരോപണങ്ങൾ സ്വയം റദ്ദ് ചെയ്യുന്നു

ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ. അമേരിക്കയിലെ ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരിൽ പ്രമുഖനായി ഗണിക്കപ്പെടുന്ന ബർണാർഡ്ലെവീസ് പാശ്ചാത്യ സംസ്കാരം നേരിടുന്ന വെല്ലുവിളികളെ വിശകലനം ചെയ്തുകൊണ്ട് 1990 ൽ ‘അറ്റ്ലാൻറിക് മനൻതലി’യിൽ എഴുതിയ ലേഖനംപാശ്ചാത്യ സംസ്കാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക സംസ്കാരമാണെന്ന് ചരിത്ര വിരുദ്ധമായി സംഭവങ്ങളെ ഉദ്ധരിച്ച് സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്…..
ഇസ്ലാമിൻറെ വ്യവസ്ഥയ്ക്ക് വേണ്ടി വാദിക്കുന്ന ആധുനിക ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ തങ്ങളുടെ വിശുദ്ധ യുദ്ധ പദ്ധതിക്കാവശ്യമായ ആശയ പരിസരം ഒരുക്കിയെടുക്കുന്നത് ബർണാർഡ്ലെവിസിനെപ്പോലെയുള്ള പണ്ഡിതന്മാരുടെ വീക്ഷണത്തിൽ നിന്നാണ്.”(പുറം: 16)

കുഞ്ഞിക്കണ്ണന് ഒരായിരം നന്ദി. തീവ്രവാദത്തിൻറെയും ഭീകര പ്രവർത്തനങ്ങളുടെയും മാസ്റ്റർ ബ്രൈൻ സയ്യിദ് മൗദൂദിയും ഹസനുൽ ബന്നായും സയ്യിദ് ഖുത്വബുമാണെന്ന തൻറേതുൾപ്പെടെയുള്ള ഇസ്ലാം വിമർശകരുടെ വാദം സ്വയം റദ്ദ് ചെയ്തല്ലോ.

എന്നാൽ സയ്യിദ് മൗദൂദിയെയും ഹസനുൽ ബന്നായെയും സയ്യിദ് ഖുത്വ് ബിനെയും അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ. അവരെ ജിഹാദീ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കാൻ എന്താണ് മാർഗം? കുഞ്ഞിക്കണ്ണൻ അത് കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം എഴുതുന്നു:”ഈ വിധ ഓറിയൻറലിസ്റ്റ് ഇസ്ലാമിക പഠനങ്ങൾക്ക് ആധാരം ഇസ്ലാമിനെ മതരാഷ്ട്ര സിദ്ധാന്തമായി അവതരിപ്പിച്ച മൗലാനാ മൗദൂദിയുടെയും ഹസനുൽ ബന്നയുടെയും സെയ്ദ്ഖുത്തുബ് തുടങ്ങിയവരുടെയും ഇസ്ലാമിക പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ്.”(പുറം: 17)

അപ്പോൾ കാര്യം വളരെ വ്യക്തം. സയ്യിദ് മൗദൂദിയുടെയും ഹസനുൽ ബന്നായുടെയും സയ്യിദ് ഖുത്വ് ബിൻറെയും ഉറുദുവിലും അറബിയിലുമുള്ള പുസ്തകങ്ങൾ വായിച്ച് ആരും തീവ്രവാദികളോ ഭീകരപ്രവർത്തകരോ ജിഹാദികളോ ആയില്ല. അവയ്ക്ക് ഓറിയൻറലിസ്റ്റുകൾ ഇംഗ്ലീഷിലെഴുതിയ വ്യാഖ്യാനങ്ങൾ വായിച്ചാണ് പുഷ്ത് സംസാരിക്കുന്ന അഫ്ഘാനികളും അറബി സംസാരിക്കുന്ന മറ്റുള്ളവരും ഭീകരത സൃഷ്ടിക്കുന്ന ജിഹാദികളായി മാറിയത്!

വിദ്വേഷവും ശത്രുതയും അതിൻറെ പാരമ്യതയിലെത്തുമ്പോൾ സ്വബോധം നഷ്ടപ്പെടുമെന്ന് പറയപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിലല്ലേ ഇത്രയും വിചിത്ര വാദങ്ങൾ എഴുതി വെക്കാൻ കഴിയുകയുള്ളൂ!

അറിഞ്ഞോ അറിയാതെയോ കുഞ്ഞിക്കണ്ണൻ ഇസ്ലാമിക പ്രസ്ഥാനങ്ങളെ ആരോപണ മുക്തമാക്കിയിരിക്കുന്നു. അദ്ദേഹം എഴുതുന്നു:”ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽക്വയ്ദ,അൽനുസ്റ(പേരുകൾ ഗ്രന്ഥകാരൻറേതാണ്) തുടങ്ങി വ്യത്യസ്ത രൂപങ്ങളിലും നാമങ്ങളിലും പ്രവർത്തിക്കുന്ന ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ അമേരിക്കൻ സാമ്രാജ്യത്വ കേന്ദ്രങ്ങളുടെ സൃഷ്ടിയാണ്. ആഗോള ഭീകരവാദത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടപ്പെട്ട ഒസാമ ബിൻ ലാദനും മുജാഹിദീൻ മിലിറ്ററിയും അൽക്വയ്ദയും താലിബാനുമെല്ലാം റീഗൻ ഭരണകാലത്തെ സി.ഐ.എ. മേധാവി വില്യം കാസി അക്കാലത്തെ സൗദി അറേബ്യയിലെ രഹസ്യാന്വേഷണ വിഭാഗത്തിൻറെ സഹായത്തോടെ പാകിസ്ഥാൻ സൈനിക ജനറൽ അക്ബർ ഖാൻറെയും ഐ.എസ്. ഐ. മേധാവികളുടെയും മുൻകൈയിൽ രൂപപ്പെടുത്തിയതായിരുന്നു.”(പുറം:16)

ജമാഅത്തെ ഇസ്ലാമിക്കോ ഇഖ് വാനുൽ മുസ്ലിമൂനോ സുഊദി അറേബ്യയിലെ ഭരണകൂടവുമായോ അവിടുത്തെ രഹസ്യാന്വേഷണ വിഭാഗവുമായോ പാക്കിസ്ഥാൻ സൈനിക മേധാവി അക്ബർ ഖാനുമായോ ഐ.എസ്.ഐ.യുമായോ വിദൂരബന്ധം പോലുമില്ലെന്ന് അറിയാത്ത ആരുമുണ്ടാവില്ല. അപ്പോൾ കുഞ്ഞിക്കണ്ണൻ മൗലാനാ മൗദൂദിക്കും ഹസനുൽ ബന്നാക്കും സയ്യിദ് ഖുത്വ് ബിനുമെതിരെ എഴുതിയ എല്ലാ ആരോപണങ്ങളും അദ്ദേഹം തന്നെ ഒരിക്കൽ കൂടി റദ്ദ് ചെയ്തിരിക്കുന്നു.

Related Articles