പകലിന്റെ തുടക്കത്തിലും ഒടുക്കത്തിലുമാണ് ഞങ്ങളുടേതും അതിന് മുന്നത്തേയും തലമുറയിലുള്ളവർ നിത്യവും ഉറക്കെ വിശുദ്ധ ഖുർആൻ പാരായണം ചെയ്തിരുന്നത്. സുബ്ഹിക്ക് ശേഷം സൂറത്തു റഹ്മാൻ, മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ സൂറത്തു യാസീൻ, സൂറത്തുൽ മുൽക്ക് തുടങ്ങി ചില പതിവുകളുണ്ടായിരുന്നു അതിന്.
കാറ്റത്തൊരു പൂവിന്റെ നറുമണം പരക്കും പോലെ വീടുകളിൽ നിന്നും ദർസുകളിൽ നിന്നുമെല്ലാം മഗ്‌രിബിന്റെ നേരത്ത് ഈണത്തിൽ ഖുർആൻ പുറത്തു കേട്ടു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ ‘ഖുർആൻ ടൈം’ അതായിരുന്നു. അതുകൊണ്ടുതന്നെ, ഖുർആൻ അവതരിച്ച ഹിറാ ഗുഹ കാണാൻ പോകുന്നത് സുബ്ഹിനോ മഗ്രിബിനോ ശേഷം ആയിരിക്കണമെന്ന് നേരിയൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് മക്കയിൽ നിന്നൊരുനാൾ മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഞാനും ജുമൈലും ജബലുന്നൂറിലേക്ക് പോയത്.
പകലസ്തമിച്ചിട്ടും അവിടെ നിറയെ വെളിച്ചമുണ്ടായിരുന്നു. നബി (സ) യോടുള്ള ഇഷ്ടം കൊണ്ടു മാത്രം ആ വലിയ പർവ്വതം കയറാൻ വന്ന പല പ്രായത്തിലുമുള്ളവരെ കണ്ടു . പണ്ടത്തെ പോലെയല്ല, മുകളിലേക്കുള്ള വഴി കുറേയേറെ സൗകര്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പാതി വഴി കയറിയെത്തും മുന്നേ ഞാൻ തളർന്നു. ഇനി വയ്യ എന്ന ഓരോ പേടി നേരത്തും ഓരോ കിതപ്പിലും ഖദീജ (റ) ബീവിയുടെ ത്യാഗം കൂടുതൽ കൂടുതൽ അറിഞ്ഞു. കുറച്ചു ദൂരം കയറിയപ്പോൾ മുകളിലേക്കുള്ള, കുറേക്കൂടി പ്രയാസമുള്ള മറ്റൊരു വഴി കണ്ടു. സൗകര്യങ്ങളുണ്ടാവുന്ന മുമ്പ് ഇപ്പോൾ ഞങ്ങളീ കയറുന്ന വഴിയും അതു പോലെയോ അതിനേക്കാളോ ബുദ്ധിമുട്ടുള്ളതായിരിക്കുമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ ഉൾക്കിടിലമുണ്ടായി.പക്ഷേ, അതിനേക്കാൾ അതിശയിച്ചത് മുമ്പൊരിക്കൽ എഴുതിയതു പോലെ നബി (സ) യും അബൂബക്കറും ഖദീജ (റ) യും അസ്മ (റ) യുമെല്ലാം നാടിന്റെ ഭൂമിശാസ്ത്രം എത്ര നന്നായി അറിയുന്നവരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴായിരുന്നു. ഇന്നയിടത്ത്, ഇന്ന മലയുടെ മുകളിൽ ഗുഹകളുണ്ടെന്ന്, ഹിറാ ഗുഹയിൽ കഅ്ബ നോക്കി സ്വസ്ഥതയോടെ ഇരിക്കാമെന്ന്, സൗർ ഗുഹയിൽ ഒളിച്ചിരിക്കാൻ പറ്റുമെന്ന്…അങ്ങനെ ഓരോ ‘സ്പോട്ടും’ അറിയാമായിരുന്ന, മലകയറ്റം വശമുണ്ടായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും!!
ജബലുന്നൂറിൽ നിന്ന് നോക്കിയാൽ വൈദ്യുതി വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മക്ക കാണാം. ആ കാഴ്ചക്ക് നല്ല ഭംഗിയുണ്ടായിരുന്നു. മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നവരുടെ കൂട്ടത്തിൽ, പ്രവാചകൻ ഉമ്മത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങളെ കുറിച്ചു തന്നെ സംസാരിക്കുന്ന ചില മലയാളികളെ കണ്ടു. മറ്റു ഭാഷകളിലെ മനുഷ്യരും അതു മാത്രമായിരിക്കണം പറയുന്നത്. അനുഭവിക്കുന്നതും കേട്ടോ ചരിത്രത്തിൽ വായിച്ചോ മാത്രം അറിയുന്നതും തമ്മിലെ അതീവ വലുതായ വ്യത്യാസം കൊണ്ട് അങ്ങനെ ചില ഗുണങ്ങളുണ്ട്. ശുദ്ധീകരിക്കപ്പെടാനും ഉൾക്കാഴ്ചയുണ്ടാവാനും തിരിച്ചറിവു കളിലൂടെ പുതിയ മനുഷ്യനാവാനും വേണ്ടി കൂടിയാണ് ഹറമിലെ വിലപ്പെട്ട സമയത്തിൽ നിന്ന് കുറച്ചെടുത്ത് നമ്മൾ ഇതെല്ലാം കാണാൻ പോകുന്നത്.
സാധാരണ ഒരാൾക്ക് വേണ്ടിവരുന്നതിലും അധികം സമയമെടുത്താണ് ഞാൻ മുകളിലെത്തിയത്. നല്ല തിരക്കുണ്ടായിരുന്നു അവിടെ. നമസ്കരി ക്കുന്നവർ, റസൂലിന്റെ പുണ്യ പാദം പതിഞ്ഞ ഹിറാ ഗുഹയിലേക്ക് ഒന്ന് കടക്കാൻ തിരക്കു കൂട്ടുന്നവർ… എന്തുകൊണ്ടോ ആ ആൾക്കൂട്ടത്തിൽ ഇരിക്കാൻ തോന്നിയില്ല.
ഒരൽപം മാറിയിരുന്നു. അവിടെയെവിടെ നിന്നോ വശ്യമായ ഒരു ഈണം കേൾക്കുന്നുണ്ട്. വെളിച്ചക്കുറവും ആൾക്കൂട്ടവും കാരണം അതിന്റെ ഉറവിടം മനസ്സിലായില്ല. പക്ഷേ, ആ മധുര ശബ്ദം അവഗണിച്ചു പോകാനും പറ്റുമായിരുന്നില്ല. ആ മല മുകളിൽ ജോലി നിശ്ചയിക്കപ്പെട്ട ഒരു ശുചീകരണ തൊഴിലാളി (അങ്ങനെയാണ് എനിക്ക് മനസ്സിലായത് ) തൻ്റെ ജോലിക്കിടെ ഖുർആൻ ഓതുകയാണ്! ഇത്ര ഇഴുകിച്ചേർന്ന്, സ്വയം മറന്നൊരു ഓത്ത് അതിന് മുമ്പോ ശേഷമോ ഞാൻ കേട്ടിട്ടില്ല. ഭംഗിയായി, ഈണത്തിൽ, മറ്റെല്ലാം മറന്ന്, അർഥമുൾക്കൊണ്ട്, അദ്ദേഹം ഖുർആൻ ഓതിക്കൊണ്ട് ജോലി ചെയ്യുകയാണ്. ഒന്നും മിണ്ടാതെ, നേർത്തൊരു ശബ്ദം കൊണ്ടു പോലും അതിന് മുടക്കം തട്ടിക്കാതെ, ആസ്വദിക്കുക മാത്രം ചെയ്ത് ദൂരെ കഅ്ബയിലേക്ക് നോക്കി എത്ര നേരം നിന്നു കാണുമെന്ന് എനിക്കറിയില്ല. ഹിറാ ഗുഹയിൽ നിന്ന് ഖുർആൻ കേട്ടു എന്ന കാൽപനികമായ യാദൃശ്ചികത കൊണ്ടു മാത്രമായിരുന്നില്ല സന്തോഷം തോന്നിയത്. ശരിക്കും മനസ്സുകളെ പിടിച്ചു നിർത്താനുള്ള ഒരു മാസ്മരികത യുണ്ടായിരുന്നു ആ ഓത്തിന്.
ഖുർആൻ പാരായണം കേട്ട് മനസ്സു മാറി ആളുകൾ നല്ലവരാകുന്നത് എങ്ങനെയാണെന്ന്, ഖിറാ അത്ത് ആശ്വാസവും ആസ്വാദ്യവും ആകുന്നത് എപ്പോഴാണെന്ന്, കഠിനമായ നേരങ്ങളെ ഖുർആൻ കൊണ്ട് മറികടക്കുന്ന തെങ്ങിനെയാണെന്ന് (യുദ്ധം ദുരിതത്തിലാകുന്ന ഫലസ്തീനികൾ ഖുർആനിൽ അഭയവും സാന്ത്വനവും കണ്ടെത്തുന്ന അതേ പോലെ) അപ്പോൾ എനിക്ക് മനസ്സിലായി. മണിക്കൂറുകൾ നീണ്ട ട്രെക്കിങ്ങിനൊടുവിൽ കിതച്ചു കൊണ്ട് മുകളിലെത്തുന്ന എല്ലാ രാജ്യത്തെയും വിശ്വാസികൾക്ക് ഒരുപോലെ മനസ്സിലാകുന്ന വിരുന്ന് നൽകിയതിന് എനിക്കദ്ദേഹത്തോട് സ്നേഹം തോന്നി. തിരിച്ചിറങ്ങുമ്പോഴും ആ ശബ്ദത്തിന്റെ മധുരം നെഞ്ചിലും കാതിലും തങ്ങി നിൽക്കുന്നുണ്ടായിരുന്നു!!!
Summary:
Author shares one of her most beautiful experiences with the Qur’an during her Umrah journey in Saudi Arabia, while visiting Jabal al-Noor—the mountain that houses the Cave of Hira, renowned as the site of the first revelation of the Qur’an. Her reflection emphasizes the profound and almost otherworldly nature of the Qur’an, highlighting its spiritual fantasticality and the deep emotional impact it had on her in that sacred moment.