Current Date

Search
Close this search box.
Search
Close this search box.

അതാണ് ഈ കാലത്ത് മതങ്ങൾ ചെയ്യേണ്ടത്

ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മതങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനം. മിക്കവാറും എല്ലാ മതങ്ങളും ഒരു ദൈവത്തെ അംഗീകരിക്കുന്നു. പക്ഷെ ആ ദൈവത്തിനു മനുഷ്യ ജീവിതത്തിൽ എത്ര മാത്രമാണ് സ്വാധീനം എന്നതിനേക്കാൾ ആ ദൈവത്തെ കുറിച്ച സങ്കൽപ്പം കൂടി ഒരു കാരണമാണ്. പ്രവാചകന്റെ കാലത്ത് മക്കയിലും മദീനയിലും മറ്റു പ്രബലമായ മതങ്ങൾ നിലനിന്നിരുന്നു. അവർക്കും പ്രവാചകന്മാരുടെ ചരിത്രങ്ങൾ പറയാനുണ്ടായിരുന്നു. മുഹമ്മദ്‌ നബി , ഈസാ നബി എന്നീ പ്രവാചകന്മാരെ ഒഴികെ മറ്റെല്ലാവരെയും ജൂതർ അംഗീകരിച്ചു. മുഹമ്മദ്‌ നബിയെ ഒഴികെ മറ്റെല്ലാ പ്രവാചകരെയും കൃസ്ത്യാനികളും അംഗീകരിച്ചു. അല്ലാഹുവിനു പുത്രന്മാരെ സങ്കൽപ്പിച്ചു എന്നതാണ് ഈ രണ്ടു മതങ്ങളും ചെയ്ത വലിയ അപരാധം. അതെ സമയം ഒരു ദൈവത്തിന്റെ സ്ഥാനത്ത് അനേകം ദൈവങ്ങളെ കുടിയിരുത്തി എന്നതാണ് മക്കക്കാർ ചെയ്ത അപരാധം.

മേൽ ധാരണകളെ തിരുത്തിയാണ് മുഹമ്മദ്‌ നബി കടന്നു വന്നത്. പ്രവാചകൻ സ്വന്തമായി ഒന്നും പറഞ്ഞില്ല. പകരം എല്ലാവരും അംഗീകരിക്കുന്ന ഇബ്രാഹിം നബിയിലേക്ക് ജനത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. “ നിങ്ങൾ ഇബ്‌റാഹീമിന്റെ മാർഗം നിഷ്‌കളങ്കരായി പിൻപറ്റേണ്ടതാകുന്നു” എന്നാണു ഖുർആൻ പ്രവാചകനോട് പറയാൻ ആവശ്യപ്പെടുന്നത്. മുഹമ്മദ്‌ നബി ഒറ്റപ്പെട്ട ഒരു പ്രവാചകനല്ല. മുൻ കഴിഞ്ഞു പോയ പ്രവാചകരുടെ കണ്ണിയിൽ പെട്ട അവസാനത്തെ പ്രവാചൻ. പ്രവാചകന്റെ കാലത്തെ പ്രബലമായ മൂന്ന് മതങ്ങളും ഇബ്രാഹിം പ്രവാചകൻ എന്ന ഒരു ബിന്ദുവിൽ യോജിക്കുന്നു എന്നത് കൊണ്ട് ആ ഏകകത്തെ ഇസ്ലാം ഉയർത്തിക്കാട്ടി. ജൂത കൃസ്ത്യാനികളെ സംബോധന ചെയ്തു കൊണ്ട് ഖുർആൻ ഇങ്ങിനെ പറയാൻ ആവശ്യപ്പെട്ടു. “’അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്കു വരുവിൻ, അതായത്, അല്ലാഹു അല്ലാത്ത ആർക്കും നാം ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. നമ്മളിൽ ചിലർ ചിലരെ അല്ലാഹുവെക്കൂടാതുള്ള റബ്ബുകളായി വരിക്കാതിരിക്കുക.’ ഈ സന്ദേശം സ്വീകരിക്കാതെ പിന്തിരിയുന്നുവെങ്കിൽ അവരോടു തുറന്നുപറയുവിൻ: ‘ഞങ്ങൾ മുസ്‌ലിംകൾ (അല്ലാഹുവിന്റെ മാത്രം അടിമത്തവും അനുസരണവും സ്വീകരിക്കുന്നവർ) ആണെന്നതിന് നിങ്ങൾ സാക്ഷികളായിരിക്കുവിൻ.’

മതങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇന്നും നിലനിൽക്കുന്നു. മത അനുയായികൾ തമ്മിൽ പലപ്പൊഴും സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്. മതങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടായി എന്നത് സൂക്ഷ്മത കുറഞ്ഞ പ്രയോഗമാണ്. മറ്റു മത വിശ്വാസികളെ നശിപ്പിക്കാൻ ആവശ്യപ്പെടുന്ന മതങ്ങൾ അന്നും ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മുഹമ്മദ്‌ നബിയുടെ വരവിനു മുമ്പ് മക്കയിലും മദീനയിലും അന്ന് നിലനിന്നിരുന്ന മതാനുയായികൾ തമ്മിൽ സംഘട്ടനം നടന്നിരുന്നു. അത് ഖുർആൻ തന്നെ ഇങ്ങിനെ സാക്ഷ്യപ്പെടുത്തുന്നു . “ ഇപ്പോൾ അല്ലാഹുവിങ്കൽനിന്ന് അവരിൽ വന്നെത്തിയ വേദത്തോട് അവരുടെ നിലപാട് എന്ത്? അതാവട്ടെ, നേരത്തേ അവർക്കൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തുന്നതാകുന്നു. അത് വന്നെത്തുംമുമ്പ് അവർതന്നെ സത്യനിഷേധികൾക്കെതിരിൽ വിജയവും സഹായവും പ്രാർഥിച്ചിരുന്നതുമാണ്. പക്ഷേ, തങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ആ സംഗതി വന്നെത്തിയപ്പോൾ അവർ നിഷേധിക്കയാണ് ചെയ്തത്” .

ആ വിഷയത്തെ ഇങ്ങിനെ വിശദീകരിക്കുന്നു. “ നബി(സ) തിരുമേനി ആഗതരാവുന്നതിനുമുമ്പ്, തങ്ങളുടെ പ്രവാചകന്മാർ പ്രവചിച്ചുകൊണ്ടിരുന്ന അന്ത്യപ്രവാചകന്റെ ആഗമനത്തെ യഹൂദർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ആ പ്രവാചകൻ വേഗം വരണമേയെന്നും അങ്ങനെ അവിശ്വാസികളുടെ ശക്തി ക്ഷയിച്ച് തങ്ങൾക്ക് വീണ്ടും പുരോഗതി ലഭിക്കേണമേ എന്നും അവർ സദാ പ്രാർഥിച്ചുകൊണ്ടിരുന്നു. തിരുമേനിയുടെ ആഗമനത്തിനുമുമ്പ് തങ്ങളുടെ അയൽവാസികളായ യഹൂദർ, വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ജീവിച്ചിരുന്നത് എന്ന വസ്തുതക്ക് മദീനാനിവാസികൾതന്നെ സാക്ഷികളാണ്. മദീനയിലെ അറബികളോട് ജൂതന്മാർ അടിക്കടി ഇങ്ങനെ പറയാറുണ്ടായിരുന്നു: ”ഇന്ന് ആർക്കുവേണമെങ്കിലും ഇഷ്ടംപോലെ ഞങ്ങളോടക്രമം ചെയ്യാവുന്നതാണ്; ആ പ്രവാചകൻ ആഗതരായതിനുശേഷം ഈ അക്രമികളെയെല്ലാം ഞങ്ങൾ ഒരു പാഠം പഠിപ്പിക്കും!” അവരുടെ ഈ മുന്നറിയിപ്പുകൾ മദീനാനിവാസികൾ സാധാരണ കേൾക്കാറുണ്ടായിരുന്നു. ഇതുകൊണ്ടായിരുന്നു, നബിതിരുമേനിയെക്കുറിച്ച് അറിവ് കിട്ടിയ ഉടൻ, ”യഹൂദർ നമ്മെ മുൻകടക്കരുത്; ഈ പ്രവാചകനെ അനുഗമിക്കുന്നതിൽ നമുക്ക് മുൻകൈയെടുക്കാം” എന്നിങ്ങനെ പരസ്പരം ഉപദേശിച്ചുകൊണ്ട് തിരുമേനിയിൽ വിശ്വസിക്കാൻ അവർ മുന്നോട്ട് വന്നത്. എന്നാൽ, വരാനിരിക്കുന്ന പ്രവാചകനെ പ്രതീക്ഷിച്ച് നിമിഷങ്ങൾ എണ്ണിക്കൊണ്ടിരുന്ന യഹൂദർ ആ പ്രവാചകൻ ആഗതരായതോടെ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത ശത്രുക്കളായി മാറിയത് മദീനക്കാരെ വിസ്മയിപ്പിച്ചു”. പക്ഷെ ഇതൊക്കെയാണെങ്കിലും മുഹമ്മദ്‌ നബി രംഗത്ത്‌ വന്നപ്പോൾ പരസ്പം യുദ്ധം ചെയ്തിരുന്നവർ പിന്നീട് ഇസ്ലാമിനെതിരെ ഒന്നിക്കുന്ന ചരിത്രവും നാം കണ്ടു.

മതങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ എന്നും മുന്നിൽ നിന്നത് സമൂഹത്തിൽ കപടരായിരുന്നു. അതിനവർക്ക് കാരണമുണ്ടായിരുന്നു. അവരുടെ ഉദ്ദേശങ്ങൾ നടക്കാൻ മതങ്ങൾ തമ്മിൽ എന്നും ശത്രുത മനസ്സോടെ പെരുമാറണം. അതിനവർ ഇല്ലാത്ത കാര്യങ്ങൾ പരത്തിക്കൊണ്ടിരുന്നു. മതത്തെ ആദർശം എന്നതിനപ്പുറം ഒരു ആവേശവും വികാരവുമായി കാണുന്നവരാണ് അധികവും. അത് തന്നെയാണ് മതങ്ങളെ മോശം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്നവർ ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്. കേരളം മത സൗഹാറദ്ദത്തിനു കേളികേട്ട സ്ഥലമായിരുന്നു. കേരളം നേടിയ നവോത്ഥാനവും ഉയർന്ന സാക്ഷരത നിരക്കും അത്തരം ഒരു സാഹചര്യത്തിന് ആക്കം കൂട്ടി. ഇസ്ലാമോഫോബിയ എന്നത് ഇന്ത്യക്ക് പുറത്തു രൂപം കൊണ്ട സംജ്ഞയാണ്. ഇസ്ലാമിനെ കാണിച്ചു മറ്റുള്ളവരിൽ ഭയം നിറയ്ക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. കുറച്ചു കാലം മുമ്പ് വരെ കേരളീയന് ഇതെല്ലം കേട്ടുകേൾവി മാത്രമായിരുന്നു. ഇന്നിപ്പോൾ നമ്മുടെ നാട്ടിലും അതൊരു സത്യമായി തീർന്നിരിക്കുന്നു. സംഘ പരിവാർ കേരളമണ്ണിലും പിടിമുറുക്കുന്നു. സാമുദായിക ധ്രുവീകരണം ഒരു നല്ല വോട്ടു ബാങ്ക് എന്ന രീതിയിൽ മതേതര രാഷ്ട്രീയ പാർട്ടികളും എത്തിച്ചേർന്നിരിക്കുന്നു. മതങ്ങളെ മോശമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന കാലത്ത് അതിനെ മറികടക്കാനുള്ള വഴികൾ മതങ്ങൾ തന്നെയാണ് കണ്ടെത്തേണ്ടത്‌.

മറ്റുള്ളവരുടെ മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നതും ആചരിക്കുന്നതും ആഘോഷിക്കുന്നതും ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ആഘോഷങ്ങളും ആചാരങ്ങളും ഒരു സംസ്കാരം കൂടിയാണ്. ഇസ്ലാമിലെ ആഘോഷങ്ങളിൽ ഏകദൈവവിശ്വാസം അലിഞ്ഞു ചേർന്നിരിക്കുന്നു. അതെ സമയം അതിൽ നിന്നും ഭിന്നമാണ്‌ മറ്റു മത ആഘോഷങ്ങൾ. ഒരു മതം എന്ന നിലിയിൽ ആർക്കും അവരുടെ ആചാരങ്ങളും ആഘോഷങ്ങളും കൊണ്ട് നടക്കാൻ അവകാശമുണ്ട്‌. മാറിയ സാഹചര്യത്തിൽ ശത്രു കിട്ടിയ അവസരം ഉപയോഗിച്ച് മതങ്ങൾക്കിടയിൽ ശത്രുത ജനിപ്പിക്കുന്നു. അതിനെ പ്രതിരോധിക്കാൻ വേണ്ട കാര്യങ്ങൾ നടപ്പിലാക്കുന്നിടത്താണ് വിജയം. കേരളത്തിലെ കൃസ്ത്യാനികളും മുസ്ലിംകളും തമ്മിൽ അടുത്ത കാലം വരെ നല്ല നിലയിലായിരുന്നു മുന്നോട്ടു പോയിരുന്നത്. ലവ് ജിഹാദ് എന്ന നുണയിലൂടെ കൃസ്ത്യൻ സമൂഹത്തിൽ ചെറിയ ന്യൂനപക്ഷത്തെ വശത്താക്കാൻ സംഘ പരിവാരിനു കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഗുണം അവർ അനുഭവിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൃസ്ത്യൻ മേഖലകളിൽ കടന്നു കയറാനും അധികാരം ഉറപ്പിക്കാനും സംഘ പരിവാരിനു കഴിഞ്ഞു. ലവ് ജിഹാദ് എന്ന ഈ കളവിന് നേത്രത്വം നൽകിയത് മതത്തിന്റെ ഉന്നതരായ ആളുകൾ തന്നെ എന്നത് കൂടുതൽ അപകടകരമാകുന്നു. ഈ ഈർപ്പം സി പി എം പോലുള്ള രാഷ്ട്രീയ പാർട്ടികൾ പെട്ടെന്ന് മനസ്സിലാക്കി കളിയ്ക്കാൻ തുടങ്ങി. രാഷ്ട്രീയത്തിലൂടെ മത സ്പർദ്ദയും അധികാരവും എന്ന രണ്ടു ഗുണം നേടാൻ കഴിയും എന്നവർ കണക്കു കൂട്ടി.

അത് കൊണ്ട് തന്നെ മുമ്പില്ലാത്ത അവസ്ഥകൾ ഇപ്പോൾ നിലനിൽക്കുന്നു. കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി സമുദായങ്ങൾക്കിടയിൽ കൂടുതൽ നല്ല ബന്ധം ഉണ്ടാക്കേണ്ടതു അനിവാര്യതയായി മാറുന്നു. ഇസ്ലാം വിശാലമാണ്. അതിനെ സങ്കുചിതമാക്കാൻ പലരും ശ്രമിക്കുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്താൻ സാധ്യമായ വഴികൾ സ്വീകരിക്കുക എന്നതോടൊപ്പം സമുദായങ്ങൾ തമ്മിൽ ഉണ്ടാകാനിടയുള്ള അകൽച്ച ഇല്ലാതാക്കാനും ഇസ്ലാം ആഗ്രഹിക്കുന്നു. അതു കൊണ്ട് തന്നെ മറ്റുള്ളവരുടെ ആഘോഷങ്ങൾ ആ രീതിയിൽ ഉപയോഗപെടുത്തുക എന്നത് ഇസ്ലാമിക പ്രസ്ഥാനം ഒരു വഴിയായി സ്വീകരിക്കുന്നു. “ ഹിക്മത്” എന്നതിന് ഒരു നിർണിത രൂപമില്ല. അത് സാഹചര്യവും സമയവും നോക്കിയാണ് തീരുമാനിക്കേണ്ടത്. പുതിയ കാലത്ത് പുതിയ രീതികൾ എന്നത് പിറകോട്ടു പോകാലോ ആദർശത്തിൽ നിന്നുള്ള വ്യതിയാനമോ ആയി കണക്കാക്കില്ല. ശത്രു എറിയുന്നതിന്റെ ഒരു മുഴം എറിയാൻ കഴിയുമ്പോൾ മാത്രമാണ് സത്യത്തിനു മണ്ണിൽ ഉറച്ചു നില്ക്കാൻ കഴിയുക. ഓണവും ക്രിസ്തുമസും മറ്റുള്ളവരുടെ ആഘോഷമാണ്. ആ അവസരങ്ങൾ സമുദായങ്ങളെ പരസ്പരം ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത് മത വിരുദ്ധമല്ല. അതാണ് ഈ കാലത്ത് മതങ്ങൾ ചെയ്യേണ്ടതും.

Related Articles