Columns

അതാണ് പ്രശാന്ത് ഭൂഷന്‍ ‌ പറയുന്നത്

India Against Corruption നാം മറന്നു കാണില്ല. ഇന്ത്യന്‍ തലസ്ഥാനത്തെ ഒരിക്കല്‍ ഇളക്കി മറിച്ച സമര ദിനങ്ങള്‍. ഒരു മഹാമാരി കണക്കെ ഇന്ത്യന്‍ സമൂഹത്തെ വലിഞ്ഞു മുറുക്കിയ അഴിമതിയില്‍ നിന്നും ജനം ഒരു മോചനം ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് നിലവിലെ ഒരു രാഷ്ട്രീയ പ്രസ്താനത്തിന്റെയും പിന്തുണയില്ലാതെ 2011 ല്‍ ഒരു ഇരുപത്തിനാലംഗ കോര്‍ കമ്മിറ്റിയുടെ കീഴില്‍ India Against Corruption എന്ന പ്രസ്ഥാനം നിലവില്‍ വന്നത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ അധികാരമുള്ള ഒരു ലോക്പാല്‍ നിയമമായിരുന്നു അവരുടെ മുഖ്യ ഉദ്ദേശം. അവര്‍ ആദ്യം സമീപിച്ചത് ബാബ രാംദേവിനെയായിരുന്നു. അദ്ദേഹത്തിന്റെ പരസ്യമായ സംഘ പരിവാര്‍ ബന്ധം പ്രസ്ഥാനത്തിന് തടസ്സമാകും എന്നത് കൊണ്ട് സാമൂഹിക പരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ അറിയപ്പെടുന്ന അണ്ണാ ഹസാരയെ രംഗത്ത്‌ കൊണ്ട് വന്നു. ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ജനകീയമാകാന്‍ അധിക സമയം വേണ്ടിവന്നില്ല.

പിന്നീട് നാം കാണുന്നത് സംഘടനയില്‍ പിളര്‍പ്പുകളുടെ കാലമായിരുന്നു. അതിന്റെ ഒരു ഭാഗം പതുക്കെ എ എ പി ആയി മാറി. സമരം ഏറ്റെടുത്തു കൊണ്ട് മറ്റൊരു ഭാഗത്തെ അണ്ണാ ഹസാരെ കൊണ്ട് പോയി. പ്രശാന്ത് ഭൂഷനും ഒരു കാലത്തു ഈ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. പിളര്‍പ്പില്‍ അദ്ദേഹം എത്തിപ്പെട്ടത് എ എ പി യിലായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത്‌ പുതിയ വെളിച്ചം എന്നതായിരുന്നു കെജ്രിവാള്‍ നയിക്കുന്ന എ എ പി മുന്നോട്ട് വെച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്കല്ല ജനം ആം ആദ്മി പാര്‍ട്ടിയെ സ്വീകരിച്ചത്. യു പി എ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ അഴിമതി അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. ലക്ഷം കോടികളുടെ അഴിമതി കഥകളായിരുന്നു തലസ്ഥാനത്തു നിന്നും കേട്ട് കൊണ്ടിരുന്നത്. അത് കൊണ്ട് അവിടെ തന്നെ എ എ പി കാര്യമായി പിടി മുറുക്കി.

സംഭവം പതുക്കെ കറങ്ങി തിരിഞ്ഞു ഭരണ കക്ഷിയായ കൊണ്ഗ്രസ്സിനെ പിടികൂടി. പിന്നെയെല്ലാം നാം കണ്ട ചരിത്രം. കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷന്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ മാധ്യമങ്ങളില്‍ കാര്യമായ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. മേല്‍ പറഞ്ഞ കൂട്ടായ്മയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ എസ് എസ് അജണ്ടയായിരുന്നു എന്ന് അദ്ദേഹത്തെ പോലെ ഒരാള്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം വരുന്നില്ല. “ താന്‍ അതില്‍ പെട്ട് പോയതില്‍ ഖേദിക്കുന്നു” എന്നാണു അദ്ദേഹം പറഞ്ഞു നിര്‍ത്തിയത്.  അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ ജനാധിപത്യ രാജ്യത്ത് സാധാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി വെച്ച സാമൂഹിക അവസ്ഥകള്‍ പലപ്പോഴും പൊതു ജനത്തിനു ഒരു “ നെഗറ്റീവ് വികാരം” ഉണ്ടാക്കുന്നു. ഒന്നാം മന്‍മോഹന്‍ സര്‍ക്കാരിന് ഒരു “ ഇടതു സംരക്ഷണം” ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ശരിയായ വഴിയിലൂടെ തന്നെ ചലിക്കാന്‍ കാരണമായി. ആണവ കരാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ മാറ്റം വലുതാണ്. കൊണ്ഗ്രസ്സും ഇടതു പക്ഷവും തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു. പിന്നെ കൊണ്ഗ്രസ്സിന്റെ കഷ്ടകാലം എന്ന് പറയുന്നതാണു നല്ലത്. ഒരു “അരാഷ്ട്രീയ പ്രധാനമന്ത്രി” എന്ന മന്മോഹന്‍ സിംഗിന്റെ രണ്ടാം ഭരണം വാസ്തവത്തില്‍ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെ എന്ന വികാരമാണ് ഇന്ത്യന്‍ ജനതക്ക് നല്‍കിയത്.

Also read: യുദ്ധത്തിനിടയിലെ മാധ്യമപ്രവർത്തനം: സിറിയയിലെ ജേണലിസ്റ്റുകളുടെ കഥ

ഈ അവസരം കൃത്യമായി ഉപയോഗിക്കാന്‍ സംഘ പരിവാരിനു കഴിഞ്ഞു എന്നത് അവരുടെ മിടുക്ക്. അതിലേക്കു ഇന്ത്യയിലെ പ്രമുഖരെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മിടുക്ക്. അഴിമതി സമരത്തില്‍ പങ്കെടുത്ത പലരും പിന്നെ നേര്‍ക്ക്‌ നേരെയോ വളഞ്ഞ വഴിയിലൂടെയോ സംഘ പരിവാര്‍ പാളയത്തില്‍ എത്തിപ്പെട്ടു എന്നത് ചരിത്രം. പറഞ്ഞു വരുന്നത് സംഘ പരിവാര്‍ തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഇത്തരം അരാഷ്ട്രീയ വേദികളെയാണ്. ആര്‍ക്കും യോജിക്കാന്‍ കഴിയുന്ന ഒന്നിലേക്ക് ജനത്തെ എത്തിക്കുക. പിന്നീട് അവരെ പതുക്കെ “ഹൈജാക്ക്” ചെയ്യുക.  

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയവും പറയാതെയാണ് എ എ പി കടന്നു പോകുന്നത്. സ്കൂളും ആശുപത്രിയും റോഡും വൈദ്യുതിയും മാത്രമായി രാഷ്ട്രീയം ചുരുങ്ങാന്‍ പാടില്ല. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു ധാരകള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഒന്ന് സംഘ പരിവാര്‍ നേതൃത്വം നല്‍കുന്ന സവര്‍ണ ഹിന്ദുത്വ ലൈന്‍, മറ്റൊന്ന് മതേതരത്വ നിലപാടുള്ള സംഘങ്ങള്‍. ഈ നിലപാടില്‍ നിന്ന് വേണം രാഷ്ട്രീയത്തിന്റെ അടിത്തറ വികസിക്കാന്‍.  അവിടെയാണ് പലപ്പോഴും എ എ പി പരാജയപ്പെടുന്നതും.  പഴയ സവര്‍ണ്ണ മനസ്സുള്ള വിദ്യാര്‍ഥി നേതാവില്‍ നിന്നും നാം മറ്റൊന്ന് പ്രതീക്ഷിക്കുന്നത് വെറുതെ.

ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ സജീവം. അറുപതു വയസ്സിനു മേല്‍ എല്ലാവര്ക്കും പെന്‍ഷന്‍ എന്നത് മറ്റൊരു ഉദാഹരണം. ആര്‍ക്കും ആകര്‍ഷണം തോന്നുന്ന മുദ്രാവാക്യമാണ് ഇവര്‍ മുന്നോട്ട് വെക്കുക. നാട്ടിലെ രാഷ്ടീയ വിഷയങ്ങളെ അവഗണിച്ചു ജനം പലപ്പോഴും ഇത്തരം ശബ്ദങ്ങളുടെ കൂടെ ചേരും. ഒരു ബിന്ദുവിലേക്ക് മാത്രം ഒതുങ്ങിപ്പോയ ജനത്തെ മറ്റൊരു ദിശയിലേക്കു മാറ്റാന്‍ എളുപ്പമാണ് എന്ന് സംഘ പരിവാര്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിരിക്കുന്നു. ഇത്തരം കൂട്ടങ്ങളുടെ പിന്നില്‍ സംഘ പരിവാരാണ് എന്ന് സംസ്ഥാന ഇന്റലിജന്‍സ് നല്‍കിയ വിവരം നാം അടുത്ത ദിവസം വായിച്ചതാണ്. ആ വാര്‍ത്തയും നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല.

Also read: ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

മതേതര കക്ഷികള്‍ നിസ്സാര കാര്യങ്ങളുടെ പേരില്‍ പരസ്പരം ആക്രമിക്കാന്‍ മുതിരുമ്പോള്‍ അത്തരം കാര്യങ്ങളുടെ പേരില്‍ ജനത്തെ ഒന്നിപ്പിക്കാന്‍ സംഘ പരിവാരിനു കഴിയുന്നു. അതാണ് കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷന്‍ ലോകത്തോട്‌ പറഞ്ഞത്. അതില്‍ നിന്ന് കൊണ്ട് പറയാത്ത അജണ്ട മനസ്സിലാക്കാന്‍ നമുക്ക് കഴിയാതെ പോകുന്നു എന്നിടത്താണ് നമ്മുടെ മനസ്സിലേക്കും സമൂഹത്തിലെക്കും സംഘ പരിവാര്‍ നുഴഞ്ഞു കയറ്റം നടത്തുന്നതും.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker