Current Date

Search
Close this search box.
Search
Close this search box.

അതാണ് ദൈവത്തിന്റെ നടപടി ക്രമം

ശത്രുക്കള്‍ക്കെതിരെ നിരന്തരം ദൈവിക ശിക്ഷ ഇറങ്ങിയ കഥകളാണ് മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥം മുഴുവന്‍. അതിനേക്കാള്‍ ശക്തമാണ് ഇന്നത്തെ “ so called കാഫിറുകള്‍”. എന്നിട്ടുമെന്തേ ദൈവത്തിന്റെ നടപടിക്രമം നടക്കാതെ പോകുന്നു. “ ദൈവത്തിന്റെ നടപടി ക്രമങ്ങള്‍ക്ക്‌ മാറ്റമില്ല പകരമില്ല” എന്നാണല്ലോ പ്രമാണം?.
ഒരു സുഹൃത്ത്‌ ഇങ്ങിനെ ചോദിക്കുന്നു.

അതില്‍ അവസാനം പറഞ്ഞത് ആദ്യം പറയണം “ അല്ലാഹുവിന്റെ നടപടി ക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്റെ നടപടി ക്രമത്തിന് യാതൊരു വ്യതിയാനവും നീ കണ്ടെത്തുകയില്ല” എന്നത് ഖുര്‍ആന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രസ്താവിച്ചതാണ്. അദ്ധ്യായം അല്‍ അഹ്സാബ്, അല്‍ ഫതഹ് എന്നിവടങ്ങളിലും സമാനമായ വാക്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

പ്രവാചകന്റെ മക്കാ മദീന ഘട്ടങ്ങളിലായിട്ടാണ് ഈ വചനങ്ങള്‍ അവതീര്‍ണ്ണമായത്. ശതുക്കളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്നിടത്താണ് ഈ പ്രയോഗങ്ങള്‍ കാണാന്‍ കഴിയുക. അല്ലാഹുവിനെ സഹായിച്ചവരെ സഹായിക്കുക എന്നതും ദൈവിക നിലപാടിന്റെ ഭാഗമാണ്.

Also read: ഗണിതശാസ്ത്രവും മുസ്‌ലിംകളും

ശത്രുക്കള്‍ക്കെതിരെ ദൈവിക ശിക്ഷ എന്നത് ഒരു സ്ഥിരം പരിപാടിയായല്ല ഖുര്‍ആന്‍ പറയുന്നത്. അല്ലാഹു നേരിട്ട് ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഇടപെടല്‍ അന്നും ഇന്നും ഉണ്ടാകുമെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ സഹായം ഒരിക്കലും ഏകപക്ഷീയമായ ഒന്നല്ല. മൂസാ പ്രവാചകനെയും അനുചരന്മാരേയും ഫറോവയില്‍ രക്ഷപ്പെടാന്‍ ദൈവിക സഹായമുണ്ടായി എന്ന് ഗ്രന്ഥം പറയുന്നു. ഫറോവയെ നന്നാക്കാനുള്ള എല്ലാ വഴികളും പ്രവാചകന്‍ മൂസ്സ പ്രയോഗവല്ക്കരിച്ചിരുന്നു. തന്റെ എല്ലാ പ്രവര്‍ത്തനവും അവസാനിച്ചു എന്നിടത്തു നിന്നാണ് പ്രവാചകന്‍ മൂസയുടെ മുന്നില്‍ ചെങ്കടല്‍ പിളര്‍ന്നു വഴി ഒരുങ്ങിയത്. അതെ പ്രവാചകനും സംഘവും തങ്ങളുടെ വാഗ്ദത്ത ഭൂമിയില്‍ എത്തിയപ്പോള്‍ തങ്ങളുടെ മടി കാരണം അവര്‍ക്ക് വാഗ്ദാന ഭൂമിയിലേക്ക്‌ കടക്കാന്‍ കഴിഞ്ഞില്ല. പ്രവാചകന്‍ കൂടെ ഉണ്ടായിട്ടും ആ സമൂഹത്തിന്റെ മേല്‍ ദൈവിക കോപമാണ് ഉണ്ടായത്. അതിന്റെ ഫലമായി അവര്‍ മരുഭൂമിയില്‍ ഗതി കിട്ടാതെ അലഞ്ഞു നടന്നു എന്നാണു പറയപ്പെടുന്നത്‌. അങ്ങിനെ അവര്‍ അലഞ്ഞു നടക്കുന്ന കാലത്താണു പ്രവാചകന്‍ മൂസ്സ മരണപ്പെടുന്നതും.

ദൈവീക സമ്മതമില്ലാതെ ജനതയെ വിട്ടു പോയ പ്രവാചകന്‍ യൂനുസിനെ അവിടേക്ക് തന്നെ തിരിച്ചു കൊണ്ട് വന്ന സംഭവവും ഖുര്‍ആന്‍ പറയുന്നു. തന്റെ തെറ്റ് മനസ്സിലാക്കി പാശ്ചാതാപം നടത്തിയ പ്രവാചകനെയും നാം വായിക്കുന്നു.
വിശ്വാസികള്‍ തങ്ങളുടെ കടമ കഴിവനുസരിച്ച് പൂര്‍ണമായി നടപ്പാക്കി എന്ന് വരുമ്പോള്‍ മാത്രമാണ് ദൈവിക സഹായം വരിക. മുസ്ലിം എന്ന നിലയില്‍ സമുദായത്തിന് മൊത്തമായി പല ഉത്തരവാദിത്തങ്ങളും ചെയ്തു തീര്‍ക്കാനുണ്ട്. അതില്‍ വീഴ്ച വരുത്തുന്ന സമൂഹത്തിനു ദൈവിക സഹായം ഉണ്ടാവുക എന്നത് അസാധ്യമാണ്. പ്രവാചകന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ നേതൃത്വത്ത അനുസരിക്കുന്നതിലുണ്ടായ ചെറിയ പിഴവുകളുടെ പേരില്‍ പല അടിയന്തിര ഘട്ടങ്ങളിലും മുസ്ലിംകള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിലെ ദൈവം ഒരു സമുദായിക വാദിയല്ല. ദൈവിക സഹായം ഈ ലോകത്ത് ആര്‍ക്കും ലഭിക്കും. ഈ ലോകത്ത് വഴിപ്പെട്ടവര്‍ക്കും പെടാത്തവര്‍ക്കും ഗുണം ചെയ്യുന്നവന്‍ എന്നാണു വിശ്വാസികള്‍ അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കുന്നത്. വിശ്വാസികള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുക എന്നത് അല്ലാഹു സ്വയം ഏറ്റെടുത്ത കാര്യമാണ്. അങ്ങിനെ പ്രതിരോധം ആവശ്യമാണ്‌ എന്ന് വരുന്ന സന്ദര്‍ഭത്തില്‍ മാത്രം. ഇന്ത്യന്‍ മുസ്ലിംകളും ലോക മുസ്ലിം സമൂഹവും നിരുപാധികമായി ദൈവിക സഹായത്തിനു അര്‍ഹതയുള്ളവരെന്ന മിഥ്യാധാരണ വിശ്വാസികള്‍ക്കില്ല. ദൈവിക കല്‍പ്പനകളെ അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്ന ജനതയുടെ കാര്യത്തില്‍ സഹായം ഒരു കടമയായി അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. അതിന്നും സാധ്യമാണ്.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

ആദര്‍ശ പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ എന്നും ശത്രുക്കള്‍ ഒന്നിക്കും. അതിനു മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. പ്രവാചകന്റെ കാലത്ത് മക്കയിലും മദീനയിലും ആ സഖ്യം നാം കണ്ടതാണ്. ശത്രുക്കളുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ഇസ്ലാം വളര്‍ന്നതും പന്തലിച്ചതും. ഇന്നും കാര്യങ്ങള്‍ മാറിയിട്ടില്ല. ഇസ്ലാമോഫോബിയ എന്ന ഒരു രീതി തന്നെ ശത്രുക്കള്‍ പ്രായോഗവല്‍ക്കരിച്ചു. സാധ്യമായ എല്ലാ രീതിയിലും ശത്രുക്കള്‍ അത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇസ്ലാം ലോകത്ത് ജീവിക്കുന്നു എന്നത് തന്നെയാണ് ദൈവിക സഹായത്തിന്റെ വലിയ രൂപമാണ് . പല മുസ്ലിം രാജ്യങ്ങളില്‍ സാമ്പത്തിക ശേഷി കൂടുതലാണ്. പക്ഷെ അത് ആര്‍ക്കാണ് കൂടുതല്‍ ഉപയോഗപ്പെടുന്നത്?. അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പോലും ആരാണ്? . ഉത്തരം ലഭിക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യം വരില്ല. അത് കൊണ്ട് തന്നെ അവര്‍ അനുഭവിക്കുന്ന വലിയ ശിക്ഷ നിന്ദ്യതയാണ്. അവരിലൂടെ ലോകത്തെ ഇസ്ലാമിക മുന്നേറ്റങ്ങളെ തടയിടാന്‍ ഇസ്ലാം വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നു. എന്നിട്ടും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇന്നും ലോകത്ത് സജീവ സാന്നിധ്യം അറിയിക്കുന്നു.

പ്രാര്‍ഥനയെ കുറിച്ച് പറഞ്ഞിടത്ത് ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒരു വാചകം “ അവര്‍ എനിക്ക് ഉത്തരം നല്‍കട്ടെ” എന്നാണു. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുക എന്നത് കൊണ്ട് വിവക്ഷ ദൈവിക ദീനിനെ പൂര്‍ണമായി അനുസരിക്കുക എന്നതാണ്. അങ്ങിനെ ഉത്തരം നല്‍കാന്‍ സന്നദ്ധരായി സമൂഹം മുന്നോട്ട് വന്നാല്‍ അവിടെ ദൈവത്തിന്റെ നേരിട്ട് ഇടപെടല്‍ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നു. കടമകളെ കുറിച്ച് അശ്രദ്ധരാവുകയും അവകാശങ്ങളെ കുറിച്ച് അതിര് കടന്ന ബോധവും കൊണ്ട് ഒരാളും ഒരു സമൂഹവും ഈ ലോകത്ത് ഒന്നും നേടിയിട്ടില്ല . അത് തന്നെയാണ് ദൈവിക സഹായത്തിന്റെ കാര്യത്തിലും എന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു. അത് തന്നെയാണു ദൈവത്തിന്റെ മാറാത്ത തെറ്റാത്ത നടപടി ക്രമവും.

Related Articles