Current Date

Search
Close this search box.
Search
Close this search box.

“ ഈ വാക്ക് ഇവിടെ കൂടുതൽ പറയരുത്”

അറബ് വസന്തത്തിനു മൂന്നു വര്ഷം മുമ്പാണ് ഞാൻ ഈജിപ്ത് സന്ദർശിച്ചത്. കൈറോവിൽ റൂം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. reception ൽ പോയി കാര്യങ്ങളെല്ലാം ശരിപ്പെടുത്തി തിരിച്ചു വരുമ്പോൾ എന്റെ വായിൽ നിന്നും മതി എന്ന അർത്ഥത്തിലുള്ള “ കഫാ” എന്ന വാക്ക് പുറത്തു വന്നു. പെട്ടെന്ന് തിരിഞ്ഞു കൊണ്ട് ഹോട്ടൽ ജോലിക്കാരൻ പറഞ്ഞത് “ ഈ വാക്ക് ഇവിടെ കൂടുതൽ പറയരുത്” എന്നായിരുന്നു. തനിക്കു ശേഷം തന്റെ മകനെ അവരോധിക്കാനുള്ള ഹുസ്നി മുബാറക്കിന്റെ ശ്രമത്തെ ഈജിപ്ത്യൻ ജനത എതിർക്കാൻ ഉപയോഗിച്ച പദമായിരുന്നു “ കിഫായ” എന്ന് പിന്നീടാണ് ഓർത്തത്‌.

അറബ് വസന്തത്തിനു പത്തു വയസ്സ് തികഞ്ഞിരിക്കുന്നു. 2010 ഡിസംബർ മാസത്തിലാണ് ടുണിഷ്യയിൽ നിന്നും അത് പൊട്ടിപ്പുറപ്പെട്ടത്. 2010 ഡിസംബർ 18-ന് തുനീഷ്യയിലെ തെരുവിൽ മുഹമ്മദ് ബൂഅസ്സീസി എന്ന ബിരുദധാരിയായ തെരുവു കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്ത പ്രതിഷേധത്തോടെയാണ് പ്രക്ഷോഭങ്ങളുടെ ആദ്യ തീപ്പൊരി ഉയരുന്നത്. പോലീസിന്റെ അഴിമതിയിലും അപമര്യാദയോടെയുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബൂഅസ്സീസി ആത്മഹത്യ ചെയ്തത്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും പടർന്നു. ഈജിപ്തിൽ ഭരണമാറ്റം വരെ ഉണ്ടായി. ഹുസ്നി മുബാറക്ക്‌ എന്ന ഏകാധിപതിയുടെ പതനവും ജനാധിപത്യത്തിന്റെ ഉദയവും നാം കണ്ടു. പത്തു വര്ഷം കഴിയുമ്പോൾ ഒന്നാം അറബ് വസന്തം എന്ത് നേടി എന്ന ചർച്ച എല്ലായിടത്തും നടക്കുന്നു.

ടുണിഷ്യ ഈജിപ്ത് യമൻ ലിബിയ സിറിയ ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് അറബ് വസന്തത്തിന്റെ അലയടികൾ കടന്നു ചെന്നെങ്കിലും ജനാധിപത്യ രീതി തുനീഷ്യയിൽ മാത്രമായി ഒതുങ്ങി. ഈജിപ്തിലും മാറ്റം സംഭവിച്ചിരുന്നെങ്കിലും അത് പെട്ടെന്ന് തന്നെ അവസാനിച്ചു. മറ്റു രാജ്യങ്ങളിൽ ഇപ്പോഴും ആഭ്യന്തര കലാപങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. സർക്കാർ തന്നെ ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കുന്നില്ല എന്നതായിരുന്നു തുനീഷ്യയിലെ തെരുവ് കച്ചവടക്കാരൻ തീ കൊളുത്തി മരിക്കാൻ കാരണമായി പറഞ്ഞത്. ആ മരണം ബാക്കിയുള്ള കച്ചവടക്കാർക്ക് കാര്യമായി ഗുണം ചെയ്തില്ല എന്നാണു ഇപ്പോൾ വരുന്ന വാർത്ത. അറബ് ലോകത്ത് ജനാധിപത്യം ഇന്നും വിരളമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തുണ്ടായ വലിയ മാറ്റം കോളനി രാജ്യങ്ങൾ ഇല്ലാതായി എന്നതാണ്. നമ്മുടെ ഇന്ത്യ പോലും ഒരു കാലത്ത് കോളനി വാഴ്ചയുടെ പിടിയിലായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു യുദ്ധങ്ങൾ ലോകത്തിന്റെ ഗതിവിഗതികളിൽ കാര്യമായ മാറ്റം വരുത്താൻ കാരണമായി. ലോകത്തിന്റെ അധികം ഭാഗങ്ങളിലും ജനാധിപത്യം ശക്തിപ്പെട്ട കാലം കൂടിയായിരുന്നു കഴിഞ്ഞ നൂറ്റാണ്ട്. അവിടെയും അറബ് ലോകം വ്യതിരിക്തത പുലർത്തി. പലയിടത്തും രാജഭരണവും മറ്റിടങ്ങളിൽ ഏകാധിപത്യ രീതിയിലുള്ള ഭരണവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. അറബ് ലോകത്ത് ജനാധിപത്യ ക്രമം വരുന്നതിൽ പടിഞ്ഞാറ് എന്നും എതിരായിരുന്നു. പല ഏകാധിപതികളെയും സംരക്ഷിച്ചത് പടിഞ്ഞാറ് തന്നെയായിരുന്നു.

സമ്പത്തിന്റെ കാര്യത്തിൽ ലോകത്തോട്‌ മത്സരിക്കാൻ പല അറബ് രാജ്യങ്ങൾക്കും കഴിയുന്നുണ്ടെങ്കിലും രാഷ്ട്രീയ രംഗത്ത് അറബ് ലോകത്തിന്റെ സ്വാധീനം തീരെ കുറവാണ്. അധികം അറബ് രാജ്യങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്. അറബ് വസന്തത്തിന്റെ പത്തു വർഷം തികയുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്‌ ഈ നാടുകളിൽ ഇപ്പോൾ കൂടുതൽ ശക്തമായ ഏകാധിപത്യ ഭരണമാണ് എന്നത് തന്നെയാണ്.

മനുഷ്യൻ സ്വാതന്ത്രനാകുന്നത് ഭക്ഷണം ലഭിക്കുമ്പോൾ മാത്രമല്ല എന്നാണ് പറയപ്പെടുന്നത്. തന്റെ വിചാര വികാരങ്ങൾ സ്വസ്ഥമായി പങ്കുവെക്കാനുള്ള അവസരത്തിൽ മാത്രമാണ് മനുഷ്യ സ്വാതന്ത്ര്യം പൂർണമാകുന്നത്. അങ്ങിനെ വന്നാൽ ഇന്ന് അറബ് ലോകം രാഷ്ട്രീയ സ്വതന്ത്രം നേടി എന്ന് പറയാൻ കഴിയില്ല. ഏകാധിപതികളായ ഭരണാധികാരികളായിരുന്നു അധിക കാലവും അവരെ ഭരിച്ചത്. ജനങ്ങളുടെ ദുരിതം തീർക്കുക എന്നതായിരുന്നില്ല അതിൽ അധിക പേരുടെയും മുഖ്യ അജണ്ട. അത് കൊണ്ടാണ് ഭരണാധികാരികൾ സമ്പന്നരാകുകയും ജനങ്ങൾ ദരിദ്രരാകുന്നതിനും ലോകം സാക്ഷിയാകുന്നത്. ഒന്നാം അറബ് വസന്തം കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനത്തിന് കിട്ടിയ ഒരു അവസരമായിരുന്നു. അതിനു കൃത്യമായ ജനപിന്തുണ ലഭിച്ചു എന്നത് കൊണ്ട് തന്നെയാണ് അത് വിജയിച്ചതും. അറബ് വസന്തം തങ്ങളുടെ അവസാനത്തിനു തുടക്കമാകും എന്ന് തിരിച്ചറിഞ്ഞ ഏകാധിപത്യ വ്യവസ്ഥയുടെ പിന്തിരിപ്പൻ നടത്തിപ്പുകാർ ആ വസന്തത്തെ എന്ത് വില കൊടുത്തും അവസാനിപ്പിക്കാൻ രംഗത്ത്‌ വന്നതും അത് കൊണ്ട് തന്നെ.

ജനം വോട്ടു ചെയ്താണ് മുഹമ്മദ്‌ മുർസി അധികാരത്തിൽ വന്നത്. ഒരു വര്ഷം കൊണ്ട് ജനരോഷം കൊണ്ട് ഇറങ്ങിപ്പോകാൻ മാത്രം എന്ത് രാഷ്ട്രീയ മാറ്റമാണ് ഈജിപ്തിൽ നടന്നത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ്. മിഡിൽ ഈസ്റ്റ് വടക്കൻ ആഫ്രിക എന്നീ പ്രദേശങ്ങളെ കാലാവസ്ഥ ദുർബല പ്രദേശങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ശുദ്ധ ജല ദൌർലഭ്യം, വരൾച്ച, മരുഭൂമി വൽക്കരണം , കഠിനമായ ചൂട് , പൊടിക്കാറ്റ് എന്നിവയാണു പ്രദേശത്തിന്റെ പ്രത്യേകതളായി പറയപ്പെടുന്നത്‌. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഈ വിഷയങ്ങൾ പ്രദേശത്ത് അധികരിച്ചിട്ടുണ്ട് എന്നാണു പഠനങ്ങൾ പറയുന്നത്. ഈ കാലവസ്ഥ വ്യതിയാനം അറബ് വസന്തത്തിനു കാരണമായിട്ടുണ്ട് എന്ന കണ്ടെത്തലുകളും വരുന്നുണ്ട്. ഭക്ഷ്യക്ഷാമം, വിളനാശം, വില വർധന എന്നിവ പലരെയും രാജ്യത്തിന്റെ പല ഭാഗത്തേക്കും നീങ്ങാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ഭരണ കൂടങ്ങൾ കാര്യമായ ഒന്നും ചെയ്തില്ല എന്ന രോഷം സമാനമായ ഒരു അവസരം കിട്ടിയപ്പോൾ ആളുകളെ പ്രതിഷേധിക്കാൻ കാരണമാക്കി എന്ന പഠനവും ഈ അറബ് വസന്തത്തിൽ കാണാം. സിറിയയിൽ 20016 – 2012 കാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനം ആളുകളെ ഗ്രാമങ്ങളിൽ നിന്നും പട്ടണത്തിലേക്ക് മാറി താമസിക്കാൻ കാരണമാക്കി എന്നും പറയപ്പെടുന്നു.

ഈ നാടുകളിൽ നടമാടിയ ഭരണ വൈകല്യങ്ങൾ ജനത്തെ വല്ലാതെ ക്ഷുഭിതരാക്കിയിട്ടുണ്ട്. കൈക്കൂലി പട്ടിണി എന്നിവ നേരിൽ അനുഭവിച്ച ജനം കിട്ടിയ അവസരം ഉപയോഗിച്ചു. അറബ് വസന്തം മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ലോകത്ത് അഭയാർത്ഥികളെ സൃഷ്ടിച്ചു എന്നൊരു ആരോപണം ഉന്നയിക്കാറുണ്ട്. വാസതവത്തിൽ അതൊരു ആരോപണമല്ല. സിറിയയിൽ നിന്ന് മാത്രം ഏകദേശം ആറു മില്യൻ ജനങ്ങൾ അഭയാർത്ഥികളായിട്ടുണ്ട്. ബശാരുൾ അസദ് എന്ന ഭരണാധികാരി സ്വന്തം ജനതയോട് കാണിക്കുന്ന ക്രൂരതകൾ കണ്ടു നില്ക്കാൻ മാത്രമേ ലോകത്തിനു കഴിഞ്ഞുള്ളു. അറബ് വസന്തം സിറിയയിൽ എത്തിയപ്പോൾ അതൊരു സുന്നി ഷിയാ വിഷയമായി മാറിയിരുന്നു. പ്രശ്നം സിറിയയുടെ ആഭ്യന്തരം എന്നതിനേക്കാൾ വൻ ശക്തികളുടെ ശക്തി പ്രകടനം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.

ലിബിയയിലും യമനിലും ആഭ്യന്തര യുദ്ധം അതിന്റെ പാരമ്യത്തിലാണ്. ഈജിപ്ത് പഴയതിനേക്കാൾ മോശമായ രൂപത്തിലേക്ക് മാറിയിരിക്കുന്നു. ജി സി സി രാജ്യങ്ങളുടെ ഇടയിൽ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നു. തുർക്കിയും സഊദിയും ആരാണ് കേമൻ എന്ന മത്സരം നടക്കുന്നു. അതിനിടയിൽ ഇസ്രായേൽ അറബ് നാടുകളിൽ സ്ഥാനം പിടിച്ചു എന്ന കാര്യമാണ് കൂടുതൽ ഗുരുതരം. അറബ് വസന്തം കൂടുതൽ അസ്വസ്ഥരാക്കിയത് ഇസ്രയേൽ രാഷ്ട്രത്തെയാണ്. മുർസിയുടെ തകർച്ച ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും അവരെ തന്നെ. അറബ് വസന്തത്തെ എതിർത്ത എല്ലാവരും ഒരേ ചേരിയിൽ വന്നു എന്നതാണ് വർത്തമാന ചരിത്രം. രണ്ടാം അറബ് വസന്തം എന്നൊന്ന് സാധ്യമാണ് എന്ന രീതിയിൽ തന്നെയാണ് ലോകം കാര്യങ്ങളെ വിലയിരുത്തുന്നത്. ഒന്നാം അറബ് വസന്തത്തിനു കാരണമായ എല്ലാം അതിനേക്കാൾ ശക്തമായി തന്നെ നിലനിൽക്കുന്നു. സൈനിക ശക്തി കൊണ്ട് എത്ര കാലം പ്രതിഷേധങ്ങളെ അമർച്ച ചെയ്യാം എന്നത് സമയത്തിന്റെ വിഷയമാണ്‌. ഭരണ കൂടങ്ങൾ അംഗീകരിക്കുമ്പോഴും ഇസ്രയേൽ രാജ്യത്തെ അംഗീകരിക്കാൻ അറബ് ജനം അത്ര പെട്ടെന്ന് സന്നദ്ധമാകില്ല എന്നുറപ്പാണ്. അറബ് സമൂഹത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാൻ കിട്ടുന്ന ഒരു അവസരവും ഇസ്രയേൽ വേണ്ടെന്നു വെക്കില്ല.

അറബ് വസന്തത്തിന്റെ ഒരു പതിറ്റാണ്ട് നൽകുന്ന സൂചന അത്ര നല്ലതല്ല. ആരാണ് ശത്രു ആരാണ് മിത്രം എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് അറബ് ലോകം. പഴയ ശത്രുവിനെ മാറ്റി പുതിയ ശത്രുക്കളെ പ്രതിഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. പുതിയ ശത്രു സ്വന്തം ജനതയിൽ നിന്ന് തന്നെ എന്നാണു ഭരണകൂടങ്ങൾ പറയുന്നത്. യമനും സഊദിയും യു എ ഇ യും സിറിയയും ലിബിയയും തമ്മിൽ തല്ലിച്ചാകുന്ന കാലത്ത് കൈ നനയാതെ മീൻ പിടിക്കാൻ ഇസ്രായേലിന് കഴിയുന്നു എന്നിടത്താണ് കാര്യങ്ങൾ നില്കുന്നത്.

പിൻകുറി: എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സീസി ഭക്തനുമായി അടുത്ത ദിവസം സംസാരിക്കാൻ ഇടവന്നു. അവന്റെ വാക്കുകളിലെ പിശുക്ക് എനിക്ക് മനസ്സിലായി. അതാണ് ഇന്നത്തെ ഈജിപ്ത് എന്ന് കൂടി ചേർത്ത് വായിക്കണം

 

Related Articles