മഹാൻമാർ വിട പറയുന്നത് അത്യന്തം വേദനാജനകമാണ്. എന്ത് കൊണ്ടാണ് ജനം ദുഃഖത്തിലാണ്ടു പോകുന്നത് ? അതിന് പിന്നിൽ ഒരു പാട് കാര്യങ്ങളുണ്ടാവും. അതെക്കുറിച്ചാണ് ആലോചിക്കേണ്ടത്. കേവലം അനുശോചന പ്രകടനങ്ങൾ കൊണ്ട് കാര്യമില്ല. നാം ഇമാം ഖറദാവിയെക്കുറിച്ച് പറയുമ്പോൾ യൂസുഫുൽ ഖറദാവി എന്ന വ്യക്തിയെക്കുറിച്ചല്ല സംസാരിക്കുന്നത്. തന്റെ ശ്വാസനിശ്വാസങ്ങൾ വരെ ഒരു ഹിജ് രി നൂറ്റാണ്ടുകാലം ഇസ്ലാമിന് സമർപ്പിച്ച അദ്ദേഹം ഒരു വ്യക്തി എന്നതിൽ നിന്ന് ഒരു ചിന്താധാരയായും പ്രവർത്തന രീതിയായും മാറുകയാണ്. നാം ഒരു ചിന്താധാരക്ക് മുമ്പിലാണ് നിൽക്കുന്നത്. അതിന്റെ പേര് യൂസുഫുൽ ഖറദാവി എന്നാണ്. ഒരു അറിവന്വേഷണ പദ്ധതിയുടെയും കർമ രേഖയുടെയും പേരാണ് ഖറദാവി.
പ്രവാചകൻമാർക്ക് ശേഷം ഒരാൾക്കും പാപസുരക്ഷിതത്വമില്ല. തെറ്റുപറ്റാം. യൂസുഫുൽ ഖറദാവിയും അതിൽ നിന്ന് മുക്തനല്ല. പക്ഷെ വെള്ളം രണ്ട് ‘ഖുല്ലത്ത്’ ആയിക്കഴിഞ്ഞാൽ അതിലൽപ്പം അഴുക്ക് കലർന്നാലും പ്രശ്നമാവില്ലല്ലോ. പക്ഷെ ഇവിടെ പരന്നൊഴുകുന്ന ആഴമുള്ള പുഴയാണല്ലോ, തിരയടിക്കുന്ന മഹാ സാഗരമാണല്ലോ. ഈ പുഴയും സാഗരവും, അവയെ എങ്ങനെ കലക്ക് ബാധിക്കാൻ !
തീർച്ചയായും ചോദ്യം ഇത് തന്നെയാണ്. എന്താണ് ഇമാം ഖറദാവിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്? അദ്ദേഹത്തിന്റെ ജീവിതവും മരണവും ജനസാമാന്യത്തെ ഇത്രയേറെ സ്വാധീനിക്കാൻ എന്താണ് കാരണം? ലോകത്തിന്റെ പല ഭാഗങ്ങളിൽ, പല ഭാഷകളിൽ യൂനിവേഴ്സിറ്റികളിലും പഠന കേന്ദ്രങ്ങളിലും ഇമാം ഖറദാവി ഇത്രയേറെ പഠിക്കപ്പെടാൻ എന്താണ് കാരണം? ‘അല്ലാമാ ഡോ. യൂസുഫുൽ ഖറദാവിയുടെ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള രചനകളും – ഒരു വഴികാട്ടി’ എന്ന പേരിൽ ഒരു പുസ്തകം തന്നെയുണ്ട് അറബിയിൽ. അതിൽ പറയുന്നത് , ഇംഗ്ലീഷിൽ മാത്രം ഇമാം ഖറദാവിയെക്കുറിച്ച് ആയിരത്തിലധികം തിസീസുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നാണ്.
ഇമാം ഖറദാവിയെ വേറിട്ടു നിർത്തുന്നത് എന്താണെന്ന് ചോദിച്ചാൽ, അദ്ദേഹത്തിന്റെ ജീവിതവും മരണവും ഇത്രയധികം അലയൊലികൾ സൃഷ്ടിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ പലരിലായി ചിതറിക്കിടക്കാറുള്ള ഗുണവിശേഷങ്ങളെല്ലാം ഈയൊരൊറ്റ വ്യക്തിയിൽ സംഗമിച്ചിരിക്കുന്നു എന്നാണ് ഉത്തരം. ജ്ഞാനികളുടെ ഒരു സുശക്ത സംഘത്തിന് മാത്രം താങ്ങാൻ കഴിയുന്നത് അദ്ദേഹം ഒറ്റക്ക് താങ്ങുകയാണ്. ഈ ഗുണങ്ങൾ ഒറ്റക്കൊറ്റക്കെടുത്താൽ അവ ഓരോന്നോരോന്നായി പല പണ്ഡിതന്മാരിലായി നമുക്ക് കണ്ടെത്താൻ കഴിയും. അവയൊക്കെയും ഒരാളിൽ മേളിക്കുമ്പോൾ അയാൾക്കുണ്ടായിത്തീരുന്ന ശക്തി ആലോചിച്ചു നോക്കൂ. അത്തരത്തിൽ ശാക്തീകരിക്കപ്പെട്ട മറ്റൊരു പണ്ഡിത പ്രതിഭ നമ്മുടെ കാലഘട്ടത്തിലില്ല.
അല്ലാമാ ഖറദാവിയിൽ മേളിച്ച ഈ ഗുണഗണങ്ങൾ ഞാനൊന്ന് എണ്ണിപ്പറയാൻ നോക്കാം.
ഒന്ന് : അറിവിന്റെ വിജ്ഞാനകോശം, ഒപ്പം അവതരണത്തിന്റെ ലാളിത്യം. ശരിക്കും അദ്ദേഹം ഒരു എൻസൈക്ലോപീഡിയ തന്നെയായിരുന്നു. സകല ശറഈ ജ്ഞാനവും അദ്ദേഹത്തിനുണ്ട്. ഭാഷയിലും മൻത്വിഖിലുമൊക്കെ ആഴം തൊട്ട അറിവ്. ഒന്നും ഒഴിവാകുന്നില്ല. ഏതിൽ സ്പെഷ്യലൈസ് ചെയ്യുന്നവന്റെയും ഗുരുവും ഗൈഡുമാകാൻ അദ്ദേഹത്തിന് കഴിയും. എന്നാലോ ജനങ്ങളോട് സംസാരിക്കുമ്പോൾ ഭാഷയിൽ ഒരു തരത്തിലുള്ള ക്ളിഷ്ടതകളുമില്ല. എത് സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാകും. അറിവാഴങ്ങളിൽ ചെന്നെത്തിയവർക്ക് മാത്രം പ്രാപ്യമായ ഒരു വിതാനമാണിത്.
രണ്ട്: അകക്കാമ്പിന്റെയും കാലികതയുടെയും സംയോജനം. അകക്കാമ്പ് ( അസ്വാല ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പാരമ്പര്യത്തിലെ പൈതൃക കൃതികളാണ്. അവ വെറുതെ വായിച്ചു പോവുകയല്ല. അവയുടെ അതോറിറ്റിയായി അദ്ദേഹം മാറുകയാണ്. എന്നാലോ, അദ്ദേഹം പാരമ്പര്യത്തിന്റെ തടവുകാരനും അല്ല. ഏറ്റവും നവീന കാലിക പ്രവണതകളോടും സംഭവ വികാസങ്ങളോടും അദ്ദേഹം സംവദിച്ചു കൊണ്ടിരിക്കും. ഏറ്റവും പുതിയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തോളമറിയുന്നവർ കുറയും. ആ പ്രശ്നങ്ങളിൽ ഇസ്ലാമിന്റെ വിധിയെന്ത് എന്നും കൃത്യമായി അദ്ദേഹം പറഞ്ഞു തരും. അതിനാൽ മുസ്ലിം ഭൂരിപക്ഷ നാടുകളിലുള്ളവരും അതല്ലാത്ത നാടുകളിലുള്ളവരും വിവിധ പ്രശ്നങ്ങളിൽ നിലപാടറിയാൻ ഏറ്റവും മികച്ച അവലംബമായി കാണുന്നത് അല്ലാമാ ഖറദാവിയെയാണ്.
മൂന്ന് : നിലപാടുറപ്പും സൗമ്യതയും ഒന്നിച്ച്. ഉറച്ച അടിത്തറകളിലാണ് അദ്ദേഹം തന്റെ നിലപാടുകൾ കെട്ടിപ്പൊക്കുക. ഒരു ചാഞ്ചാട്ടവുമുണ്ടാവുകയില്ല. അടിസ്ഥാനങ്ങൾ ഒരു സന്ദർഭത്തിലും കളഞ്ഞ് കുളിക്കില്ല. പക്ഷെ പാരുഷ്യവും കാർക്കശ്യവുമുണ്ടാവുകയില്ല. ഏത് പ്രശ്നത്തിലിടപഴകുമ്പോഴും ഒരിക്കലും സൗമ്യഭാവം കൈവിടില്ല. എളുപ്പമാക്കലിന്റെ (തയ്സീർ) ഫിഖ്ഹ് ആണ് കാണാനാവുക. താരതമ്യ (മുവാസനാത്ത് ) ഫിഖ്ഹിലൂടെയും മുൻഗണന (ഔലവിയ്യാത്ത്) യുടെ ഫിഖ്ഹിലൂടെയും ജനങ്ങൾക്ക് ഹൃദ്യമായ ഒരനുഭവം പകർന്നു കൊടുക്കുന്നുണ്ട് അദ്ദേഹം. കടുപ്പിക്കുകയാണെന്നും അയച്ചുവിടുകയാണെന്നുമുള്ള രണ്ട് തരം പരാതികളും അദ്ദേഹത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്നത് കാണാം. ഏറ്റവും മികച്ച പാതയിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം എന്നതിന്റെ സൂചനയായി ഈ വിരുദ്ധാഭിപ്രായങ്ങളെ കാണാം.
നാല് : ചിന്തയുടെയും ഫിഖ്ഹിന്റെയും സംയോജനം. അദ്ദേഹത്തിന്റെ ചിന്തകൾക്ക് നല്ല ആഴമുണ്ടായിരുന്നു. നമ്മുടെ പണ്ഡിതൻമാർക്കിടയിൽ അത്തരം ചിന്തകർ അപൂർവമാണ്. ചരിത്രത്തിലുടനീളമുള്ള വിവിധ ചിന്താ പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ആ ചിന്താ പ്രസ്ഥാനങ്ങൾ മുസ്ലിം ലോകത്തുള്ളതോ പാശ്ചാത്യ ലോകത്തുള്ളതോ ആവാം. അവയെ അദ്ദേഹം നിരൂപണ വിധേയമാക്കും. ചിലപ്പോൾ എതിർക്കും, വേണ്ടത്ര തെളിവുകളോടെ. വാക്യങ്ങളിലോ ശൈലിയിലോ അവതരണത്തിലോ വൈകാരികമായ പ്രതികരണങ്ങൾ കാണാനാവുകയില്ല.
അഞ്ച്: ബാലൻസ്ഡ് ആയ തജീദീദി ധീരത. നമ്മുടെ കാലത്തെ പ്രബോധനപരമായ തജ്‌ദീദിന്റെയും ഫിഖ്ഹീ തജ്ദീദിന്റെയും മേൽവിലാസമാണ് ഡോ.യൂസുഫുൽ ഖറദാവി. തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയ ഒരു പുതിയ ആശയം ജന സമക്ഷം അവതരിപ്പിക്കുന്നതിൽ ഒരാളെയും അദ്ദേഹം ഭയന്നില്ല. എതിർക്കാൻ വരുന്ന ഒരു ചിന്താധാരയുടെ മുമ്പിലും അദ്ദേഹം ചൂളിയില്ല. ഏതെങ്കിലും ചിന്താധാരയിലിറങ്ങി നീന്തുകയല്ല, സ്വയം ഒരു ചിന്താധാരയുണ്ടാക്കി അതിൽ നീന്തിത്തുടിക്കുകയാണ് ചെയ്തത്. തജീദീമിന്റെ പേരിൽ സകല പരിധികളും ലംഘിച്ചുള്ള വളയമില്ലാ ചാട്ടമല്ല അത്. വളരെ കൃത്യവും സന്തുലിതവുമായിരിക്കും ധീരമായ അദ്ദേഹത്തിന്റെ തജ്ദീദി യത്നം. ഇസ്ലാമിനോടുള്ള സ്നേഹമായിരിക്കും അതിന്റെ പ്രചോദനം. അത് ഇസ്ലാമിക ഗൃഹത്തിനകത്ത് നടക്കുന്ന പരിഷ്കരണ യത്നമാണ്. അല്ലാതെ പാശ്ചാതരെ രസിപ്പിക്കാനോ ഭീകര മുദ്ര ചാർത്തപ്പെടും എന്ന് പേടിച്ചിട്ടോ അല്ലെങ്കിൽ ഏതെങ്കിലും ഏകാധിപതികൾ ആവശ്യപ്പെട്ടിട്ടോ നിർഹിക്കുന്ന ഒരു കർമമല്ല.
ജ്ഞാനികളുടെ ഒരു സുശക്ത സംഘത്തിന് മാത്രം താങ്ങാൻ കഴിയുന്നത് അദ്ദേഹം ഒറ്റക്ക് താങ്ങുകയാണ്. ഈ ഗുണങ്ങൾ ഒറ്റക്കൊറ്റക്കെടുത്താൽ അവ ഓരോന്നോരോന്നായി പല പണ്ഡിതന്മാരിലായി നമുക്ക് കണ്ടെത്താൻ കഴിയും. അവയൊക്കെയും ഒരാളിൽ മേളിക്കുമ്പോൾ അയാൾക്കുണ്ടായിത്തീരുന്ന ശക്തി ആലോചിച്ചു നോക്കൂ.
ആറ്: ഫിഖ്ഹിനെയും ദഅ് വത്തിനെയും സംയോജിപ്പിക്കുന്നു. ഗ്രന്ഥക്കെട്ടുകൾക്കിടയിലോ ജനജീവിതവുമായി ബന്ധമില്ലാതെ ദന്തഗോപുരത്തിലോ ഒതുങ്ങിക്കൂടുന്ന ഫഖീഹ് ആയിരുന്നില്ല അദ്ദേഹം. എപ്പോഴുമെപ്പോഴും അദ്ദേഹം ജനങ്ങൾക്കൊപ്പമായിരുന്നു ; അവരിലെ യുവാക്കൾക്കൊപ്പമായിരുന്നു ; അത് പോലുളള മറ്റു വിഭാഗങ്ങൾക്കൊപ്പവും. പ്രബോധന പ്രവർത്തനം നടത്താത്ത പണ്ഡിതൻമാരെയും ഇൽമ് നേടാത്ത പ്രബോധകൻമാരെയുമൊക്കെയാണല്ലോ നാം പലപ്പോഴും കാണുക. എന്നാൽ ഇമാം ഖറദാവി ഫിഖ്ഹിനെയും ദഅ് വത്തിനെയും ഒരേ ചരടിൽ കോർത്ത പണ്ഡിതനായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്ന ഒരു മാതൃകാ പണ്ഡിതന്നെയാണ് നാം അദ്ദേഹത്തിൽ കണ്ടത്. ദഅ് വാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വിഷയങ്ങളിൽ അവഗാഹം നേടിയിരിക്കണമെന്ന സന്ദേശവും ആ ജീവിതം നമുക്ക് നൽകി.
ഏഴ്: വിപ്ളവകാരിയായ ഫഖീഹ്. സ്വേഛാധിപത്യത്തോടും അധിനിവേശത്തോടും സകല അതിക്രമങ്ങളോടും ജീവിതാവസാനം വരെ അദ്ദേഹം പൊരുതി. ജയിലിൽ നിന്ന് ചാട്ടവാറടിയേറ്റതിന്റെ പാടുകൾ മരണം വരെ അദ്ദേഹത്തിന്റെ ചുമലിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടുമുണ്ടല്ലോ:
എന്റെ കൈകൾക്ക് ചങ്ങലയിടുക,
പുറം ചാട്ടവാർ കൊണ്ട് പൊള്ളിക്കുക
കഴുത്തിന്മേൽ കത്തി വെക്കുക
എന്നാലും നിനക്ക് എന്റെ ചിന്തകളെ
ഒരു നിമിഷവും ഉപരോധിക്കാനാവില്ല
വിശ്വാസത്തെയും ദൃഢബോധ്യത്തെയും
പിഴുതുമാറ്റാനുമാവില്ല
അദ്ദേഹം പ്രസംഗം കൂടിയ ഇമാമായിരുന്നില്ല, കർമം കൂടിയ ഇമാമായിരുന്നു. മരണം വരെ തന്റെ നിലപാടുകളിൽ വെള്ളം ചേർത്തില്ല. എപ്പോഴും മർദ്ദിതർക്കൊപ്പം നിന്നു. അതിക്രമികളെയും അധിനിവേശകരെയും നേർക്കുനേരെ നേരിട്ടു. അറബ് വസന്ത വിപ്ലവങ്ങളെ അത്രമേൽ പിന്തുണച്ച ഒരു പണ്ഡിതനെ നിങ്ങൾക്ക് കാണാനാവില്ല. വോട്ടിംഗിൽ കൃത്രിമം കാണിക്കുന്നത് അദ്ദേഹം വൻപാപങ്ങളിൽ ഒന്നായി എണ്ണി. സൈനിക അട്ടിമറികളും മാപ്പർഹിക്കാത്ത വൻ പാപം തന്നെ. സയണിസ്റ്റ് അധിനിവേശത്തിനെതിരെയുളള എല്ലാ ചെറുത്തു നിൽപ്പുകൾക്കും പിൻബലമായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മരണ വിവരം കേട്ട് ആഹ്ളാദിച്ചവരിൽ ആരൊക്കെയുണ്ടെന്ന് നോക്കുക. സയണിസ്റ്റുകൾ, കുറ്റവാളികളായ ഭരണാധികാരികൾ, പ്രതിവിപ്ലവങ്ങളുടെ തല തൊട്ടപ്പൻമാർ …. മതി, ഇത്രയും മതി, അദ്ദേഹം സത്യപാതയിലായിരുന്നു എന്നതിന് സാക്ഷ്യമായി.
ഇവിടെ എണ്ണിപ്പറഞ്ഞ പത്ത് സവിശേഷ ഗുണങ്ങൾ. ഇതിൽ ഏതെങ്കിലുമൊരു ഗുണം പണ്ഡിതൻമാരിലും പ്രബോധകരിലുമൊക്കെ കണ്ടേക്കാം; ഇത്രയും വിശാലമായ അർഥത്തിൽ. ഈ പത്ത് ഗുണങ്ങളും ഡോ. യുസുഫുൽ ഖറദാവിയിൽ ഒത്തുവന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ കാലഘട്ടത്തിന്റെ ഇമാമാക്കുന്നത്.
എട്ട്: രചനകൾക്ക് വേണ്ടി സമർപ്പിതം. അദ്ദേഹം വ്യാപൃതമായ ഏത് കർമ മേഖല നാമെടുത്ത് പരിശോധിച്ചാലും അദ്ദേഹം ഇതല്ലാതെ മറ്റൊന്നും ചെയ്തിട്ടുണ്ടാവില്ല എന്ന് തോന്നിപ്പോകാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾ മാത്രം വിലയിരുത്തുന്ന ഏതൊരാളും ഇതൊക്കെ ചെയ്ത് തീർക്കാൻ ഒരായുഷ്ക്കാലം മതിയാവില്ല എന്ന തീർപ്പിലേ എത്തുകയുള്ളൂ. ഇനി അദ്ദേഹം എഴുതിയ പുസ്തകങ്ങളോ? അവ ചേർത്ത് വെച്ചാൽ നൂറ് വാള്യം വരുന്ന ഒരു വിജ്ഞാനകോശം തന്നെ. വൈവിധ്യമാർന്ന വിഷയങ്ങൾ. ജീവിതത്തിൽ എഴുത്തല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ല എന്ന് നമുക്കപ്പോൾ തോന്നും. സമയത്തിനൊരു ബർകത്ത് / പുണ്യം ഉണ്ടല്ലോ, അത് കൊണ്ട് കിട്ടുന്നതാണത്; പിന്നെ പ്രവർത്തന നൈരന്തര്യം കൊണ്ടും. ഇത്തരമാളുകളുടെ നിശ്ചയദാർഢ്യത്തിന് മുമ്പ് അത് ഏറ്റെടുക്കാനാവാതെ എത് ശരീരവും ഒടുവിൽ തളർന്നു പോകും.
ഒമ്പത്: സ്ഥാപനങ്ങൾ നിർമിച്ചെടുക്കുന്നതിനുള്ള ധിഷണാവൈഭവം. ഇമാം ഖറദാവിയുടെ അന്യാദൃശമായ ഒരു സ്വഭാവ ഗുണമാണിത്. പണ്ഡിതൻമാർക്കും ഫുഖഹാഇനും പ്രബോധകർക്കുമെല്ലാം അദ്ദേഹം പ്രത്യേകം സ്ഥാപനങ്ങളും വേദികളും ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് ഉദാഹരണങ്ങൾ മാത്രം പറയാം. ആഗോള മുസ്ലിം പണ്ഡിത വേദി, യൂറോപ്യൻ ഫത് വ – റിസർച്ച് കൗൺസിൽ, ഖത്തർ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജ്. സ്ഥാപനങ്ങളുണ്ടാക്കാനുള്ള ഈ വൈഭവം മഹാ പണ്ഡിതൻമാരിൽ വരെ നാം പൊതുവെ കാണാറില്ല. ഇതിനൊക്കെ എത്രയധികം സമയവും അധ്വാനവും വേണം!
പത്ത്: പ്രതിയോഗികളുമായി കൊമ്പുകോർക്കാതിരിക്കുക. പാർശ്വ പോരുകളിൽ ഇടപെടാതിരിക്കുക. ചിലർ അതിനിന്ദ്യമായ അധിക്ഷേപങ്ങളും തെറി വാക്കുകളുമാണ് ഖറദാവിക്ക് മേൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. തന്റെ രാഷ്ട്രീയ, ഫിഖ്ഹീ, ഇജ്തിഹാദീ നിലപാടുകൾ കാരണം ഇത്രയധികം ആക്രമിക്കപ്പെട്ട മറ്റൊരാൾ നമ്മുടെ കാലത്ത് ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാൽ വിമർശകരോടും എതിരാളികളോടും നീതി ചെയ്യുന്നതിൽ അദ്ദേഹം ആരെക്കാളും മുമ്പിലുമായിരിക്കും. വിമർശനം ന്യായമെന്ന് കണ്ടാൽ തന്റെ ഇജ്തിഹാദീ പിഴവ് പരസ്യമായി തിരുത്തുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ശരിയാണ്, സ്വേഛാധിപതികളോടും അതിക്രമികളോടും അദ്ദേഹം പോരടിച്ചിട്ടുണ്ട്. പക്ഷെ വഴിയിൽ കാണുന്നവരോടൊക്കെ കൊമ്പുകോർക്കുക അദ്ദേഹത്തിന്റെ രീതിയുമായാരുന്നില്ല. സ്വേഛാധിപത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം യുവാക്കളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. മറ്റു പാർശ്വ സംഘർഷങ്ങളിൽ അവർ വീണു പോയിക്കൂടാ. മഹാ മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെയൊരു ഉയർന്ന വിതാനത്തിൽ എത്താനാറുകയുള്ളൂ.
ഇവിടെ എണ്ണിപ്പറഞ്ഞ പത്ത് സവിശേഷ ഗുണങ്ങൾ. ഇതിൽ ഏതെങ്കിലുമൊരു ഗുണം പണ്ഡിതൻമാരിലും പ്രബോധകരിലുമൊക്കെ കണ്ടേക്കാം; ഇത്രയും വിശാലമായ അർഥത്തിൽ. ഈ പത്ത് ഗുണങ്ങളും ഡോ. യുസുഫുൽ ഖറദാവിയിൽ ഒത്തുവന്നിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ കാലഘട്ടത്തിന്റെ ഇമാമാക്കുന്നത്. ഇമാം എന്നത് ആർക്കും ആരെയും വിളിക്കാവുന്ന സ്ഥാനപ്പേരല്ല. ഈ ദീനിന്റെ സേവനത്തിന് മേൽപ്പറഞ്ഞ ഗുണങ്ങൾ ഒത്ത് വന്ന ആൾ രംഗത്തിറങ്ങുകയും ജീവിതം അതിന് വേണ്ടി ഹോമിച്ച് തീർക്കുകയും ചെയ്യുമ്പോഴേ ആ വ്യക്തി ഇമാമായിത്തീരുകയുള്ളൂ.
വിവ: അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp