Current Date

Search
Close this search box.
Search
Close this search box.

നികുതിദായകരുടെ പണവും യു.എസ് അധിനിവേശങ്ങളും

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ദുബൈ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിൽ അമേരിക്കയുടെ പവലിയൻ സ്‌പോൺസർ ചെയ്തത് യു.എ.ഇയാണെന്നും 60 മില്യൻ ഡോളറാണ് ആതിഥേയർ ചെലവിട്ടതെന്നും സൂചിപ്പിച്ചിരുന്നു. അവിശ്വസനീയമെന്നാണ് പലരും ഇതേക്കുറിച്ച് പറഞ്ഞത്.

അവിശ്വസിക്കേണ്ട കാര്യമില്ല. പാരീസ് ആസ്ഥാനമായുള്ള Bureau International des Expositiosn എന്ന 170 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയാണ് എക്‌സ്‌പോ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര എക്‌സിബിഷനുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ, നികുതിദായകരുടെ പണം അന്താരാഷ്ട്ര എക്‌സ്‌പോകൾക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന ഫെഡറൽ നിയമം 1990കൾ മുതൽ അമേരിക്കയിൽ നിലവിലുണ്ട്.

എക്‌സ്‌പോകളിൽ അമേരിക്കക്ക് പങ്കെടുക്കാൻ വിലക്കൊന്നുമില്ല, ആരെങ്കിലുമൊക്കെ ചെലവഴിക്കണമെന്നു മാത്രം!

‘നികുതിദായകരുടെ പണം’ എന്ന വാചകമാണ് വലിയ കോമഡി. ഇതേ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് വിവിധ രാജ്യങ്ങളിൽ അധിനിവേശം നടത്തി ലക്ഷക്കണക്കിന് നിരപരാധരെ അമേരിക്ക കൊന്നൊടുക്കിയത്. ഇതേ നികുതിപ്പണം ഉപയോഗിച്ചാണ് കഴിഞ്ഞ 20 വർഷം അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സാമ്രാജ്യത്വം അധിനിവേശം നടത്തിയത്. യുദ്ധത്തിനും അധിനിവേശത്തിനുമായി ചെലവിട്ടത് 2.3 ട്രില്യൻ ഡോളർ (രണ്ട് ലക്ഷം കോടിയിലേറെ രൂപ)!

അതിനു മുമ്പ് ഇറാഖ് അധിനിവേശത്തിന് ചെലവിട്ടത് നികുതിദായകരുടെ 1.1 ട്രില്യൻ ഡോളർ. യെമനിലും സിറിയയിലും സിവിലിയന്മാരെ കൊന്നു തള്ളാൻ ബില്യൻ കണക്കിന് ഡോളറുകൾ ചെലവിട്ടതും നികുതിദായകരുടെ പണം തന്നെ. കൊടിയ മനുഷ്യാവകാശ ലംഘനം നടത്തുന്ന അൽ സീസിയുടെ സൈനിക രാജിനും കൊടുക്കുന്നുണ്ട് നികുതിദായകരുടെ മില്യൻ കണക്കിന് ഡോളറുകൾ.

ക്യൂബയെയും വെനിസ്വലയെയും ലാറ്റിനമേരിക്കയിലെ തങ്ങളുടെ എതിരാളികളെയും തകർക്കാനായി ചെലവിട്ട ബില്യൻ കണക്കിന് ഡോളറുകൾ വേറെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്ന യു.എസ് സൈനിക താവളങ്ങൾ മെയിന്റയിൻ ചെയ്യാനും നികുതിദായകരുടെ പോക്കറ്റിൽ കയ്യിട്ടാണ് അമേരിക്കൻ ഭരണകൂടം പണം കണ്ടെത്തുന്നത്.

ദുബൈ എക്‌സ്‌പോയിൽ അമേരിക്ക സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് മാത്രമല്ല, എക്‌സ്‌പോയിലെക്ക് ഒരു കമ്മീഷണർ ജനറലിനെയും പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചിട്ടുണ്ട്. ഭാവിയിലെ എക്‌സ്‌പോകളിൽ അമേരിക്കൻ പവലിയനുകൾക്ക് സ്റ്റേറ്റിന്റെ ഫണ്ട് ഉറപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമാണത്തിന് കോൺഗ്രസിനെ പ്രേരിപ്പിക്കുമെന്നാണ് കമ്മീഷണർ ജനറൽ റോബർട്ട് ക്ലാർക്ക് പറയുന്നത്. എക്‌സ്‌പോ സന്ദർശിക്കാൻ കോൺഗ്രസിന്റെ പ്രതിനിധി സംഘം വരുമെന്നും അപ്പോൾ ലോബിയിംഗ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2027ൽ സ്‌പെഷ്യലൈസ്ഡ് എക്‌സ്‌പോക്ക് മിന്നസോട്ട ആതിഥ്യമരുളുമ്പോഴേക്കും ഫണ്ട് വിലക്ക് നീക്കേണ്ടതുണ്ട് അമേരിക്കക്ക്.

ആറു മാസത്തെ എക്‌സ്‌പോയിൽ 20 ലക്ഷം സന്ദർശകരെങ്കിലും അമേരിക്കൻ പവലിയനിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. പെയ്‌സ് എക്‌സ് ഫാൽക്കൺ റോക്കറ്റും മൂന്നാമത്തെ പ്രസിഡന്റ് തോമസ് ജെഫേഴ്‌സന്റെ ശേഖരത്തിലുള്ള ഖുർആൻ പ്രതിയുമാണ് യു.എസ് പവലിയനിലെ പ്രധാന ആകർഷണ കേന്ദ്രം. കൂട്ടത്തിൽ, യു. എസ് അധിനിവേശ ഭീകരതയുടെ ഇരകളെ ഓർക്കാനൊരു സ്മാരകം കൂടി ആകാമായിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles