Current Date

Search
Close this search box.
Search
Close this search box.

തഖ് വയും ജിഹാദും

അല്ലാഹുവിനെ സൂക്ഷിക്കേണ്ട പ്രകാരം സൂക്ഷിക്കുക എന്നതിന് സമാനമാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ “ ജിഹാദ്” ചെയ്യേണ്ട പോലെ ജിഹാദ് ചെയ്യുക എന്നത്. തഖ്‌വ ജിഹാദ് എന്നീ സാങ്കേതിക പദങ്ങള്‍ വിശ്വാസിയുടെ ജീവിതവുമായി അത്രമാത്രം അടുത്ത് നില്‍ക്കുന്നു. പക്ഷെ ഈ രണ്ട് പദങ്ങളും മാസസ്സിലാക്കേണ്ട രീതിയില്‍ ഇപ്പോഴും മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിയിട്ടില്ല എന്നതാണ് വസ്തുത.

തഖ്‌വ എന്നത് കൊണ്ട് ഉദ്ദേശം ജീവിതത്തില്‍ മുഴുവന്‍ അല്ലാഹുവിന്റെ തൃപ്തി നേടാന്‍ ശ്രമിക്കുക എന്നതോടൊപ്പം അല്ലാഹുവിന്റെ കോപത്തില്‍ നിന്നും രക്ഷ തേടലുമാണ്. അത് കൊണ്ട് തന്നെ ഈ പദം ഖുര്‍ആന്‍ ഉപയോഗിച്ചത് ആരാധന കാര്യങ്ങളുടെ കൂടെയല്ല എന്ന് കൂടെ ഓര്‍ക്കണം. അതെ സമയം നിത്യ ജീവിതത്തിലെ കാര്യങ്ങള്‍ പറയുന്നിടത്താണ് തഖ്‌വ ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ “ അല്ലാഹുവിനെ സൂക്ഷിക്കേണ്ട പ്രകാരം സൂക്ഷിക്കുക” എന്നതിന് വലിയ പ്രസക്തിയുണ്ട്. വിശ്വാസികളുടെ ഒന്നാമത്തെ കടമ ആ സൂക്ഷ്മതയെ കുറിച്ച് മനസ്സിലാക്കലാണ്. കല്ലും മുള്ളും നിറഞ്ഞ പാതയില്‍ ശ്രദ്ധിച്ചു മുന്നേറുന്ന അവസ്ഥയുടെ പേരാണ് തഖ്‌വ. ചുറ്റുമുള്ള തിന്മകളെ എത്രമാത്രം അകറ്റാന്‍ കഴിയുന്നു എന്നത് നോക്കിയാണ് ഒരാളുടെ സൂക്ഷമതയുടെ നിലവാരം അളക്കുക.
ആരാധനാ കാര്യങ്ങളില്‍ ഉണ്ടാകേണ്ട സൂക്ഷമത മാത്രമായി തഖവ ചുരുങ്ങരുത്. അതെ ആവേശത്തോടെ ജീവിതത്ത്ന്റെ മറ്റു മേഖലകളും കൊണ്ട് നടക്കാന്‍ വിശ്വാസിക്ക് കഴിയണം. ആ ആര്ജവതിന്റെ പേരാണ് ജിഹാദ്. അപ്പോള്‍ തഖവയില്‍ നിന്നാണ് ജിഹാദ് വളരേണ്ടത്.

അല്ലാഹുവിൻറെ മാര്‍ഗത്തിലെ ജിഹാദും അങ്ങിനെ തന്നെ. അതും കൃത്യമായി മനസ്സിലാക്കേണ്ട ഒന്നാണ്. തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നത് “ ഇതിനു വേണ്ടി അല്ലാഹു നിങ്ങളെ തിരഞ്ഞെടുത്തു” എന്നാണ്. “ ദീനില്‍ ഒരു ബുദ്ധിമുട്ടും നിങ്ങളുടെ മേല്‍ അല്ലാഹു ഉണ്ടാക്കി വെച്ചിട്ടില്ല, നിങ്ങളുടെ പിതാവായ ഇബ്രാഹിമിന്റെ മാര്‍ഗം” എന്നാണ് തുടര്‍ന്ന് പറയുന്നത്. ഇബ്രാഹിം പ്രവാചകന്‍ ജീവിതത്തില്‍ ഒരു പാട് കഷ്ടതകള്‍ അനുഭവിച്ച പ്രവാചകനാണ്‌. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ശരിയായ ജിഹാദ് നടത്താന്‍ വിശ്വാസികളെ അല്ലാഹു ഉപദേശിക്കുന്നു.

Also read: നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?

ഇബ്രാഹിം നബിയുടെ ജീവിതം ത്യാഗത്തിന്റെ പര്യായമാണ്. ത്യാഗവും സൂക്ഷ്മതയും ജീവിതത്തില്‍ കൊണ്ട് നടക്കാന്‍ കഴിയുനവര്‍ക്ക് മാത്രമേ ജിഹാദ് സാധ്യമാകൂ. പെട്ടെന്നുള്ള ഒരു വികാരത്തിന്റെ പേരല്ല ജിഹാദ്. അതൊരു ജീവിത രീതിയാണ്. സമര ജീവിതം. അത് സ്വന്തത്തോട്‌ വേണം. പിശാചിനോട്‌ വേണം. തിന്മയുടെ ആളുകളോട് വേണം. ഇബ്രാഹിം നബി ആദ്യം ജിഹാദ് ചെയ്തത് സ്വന്തത്തോടാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം ത്യജിക്കാന്‍ കഴിയുന്ന മനസ്സ് അതാണു ഇബ്രാഹിം നബി. അതില്‍ സമ്പത്തും സമയവും അധ്വാനവും ഉൾചേരുന്നു.

ശരിയായ ജിഹാദ് ഉണ്ടാകുന്നത് ശരിയായ തഖ് വാ ബോധത്തില്‍ നിന്നാണ്. അതാണ്‌ ഇബ്രാഹിം നബിയുടെ ജിഹാദ്. അത് കൊണ്ടാണ് ജിഹാദ് എന്നതിന് മുമ്പ് അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആകണമെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിച്ചതും. അല്ലാഹുവിന്റെ തൃപ്തിയും കോപവും സൂക്ഷിച്ചു കൊണ്ടാകണം ജിഹാദ് നടത്തേണ്ടത്. ഇസ്ലാമിലെ ജിഹാദ് സുതാര്യമാണ്. ഒരു വിശ്വാസിയുടെ ജീവിതം തന്നെയാണ് അയാളുടെ ജിഹാദ്. അയാളുടെ വാക്കിലും പ്രവര്‍ത്തിയിലും ഇടപാടുകളിലും അത് ദര്‍ശിക്കാം. അതെ സമയം ഇന്ന് ലോകം മനസ്സിലാക്കിയ ജിഹാദ് തികഞ്ഞ ഭീകര പ്രവര്‍ത്തനമാണ്. പലപ്പോഴും അതിന്റെ ആളുകള്‍ ആരെന്നു പോലും മനസ്സിലാവാറില്ല.

ജിഹാദ് എന്നത് ഇസ്ലാമിലെ ഉന്നത പദമാണ്. അതൊരു മോശപ്പെട്ട വാക്കല്ല. പക്ഷെ ഇന്ന് പലരും അത് ഉപയോഗിക്കുന്നത് ചിലരെ മോശമാക്കാന്‍ വേണ്ടിയാണു. അല്ലാഹു വേദനാജനകമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായി പറഞ്ഞത് ജിഹാദാണ്‌. അത് സ്വന്തത്തിലും സമ്പത്തിലുമുള്ള സമരമാണ്. അതിന്റെ ഒന്നാമത്തെ പടി ജീവിത വിശുദ്ധിയും. ചുരുക്കത്തില്‍ വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് മാത്രമേ അല്ലഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യാന്‍ കഴിയൂ. അത് കൊണ്ട് തന്നെ തഖ് വയും ജിഹാദും ഇരട്ട സഹോദങ്ങലാണ്. രണ്ടും അതിന്റെ രീതിയില്‍ മന്സ്സിലാക്കുക എന്നതാണു വിശ്വാസിയുടെ ഒന്നാമത്തെ ജോലി. അത് മനസ്സിലായില്ല എന്നതാണ് ജിഹാദ് ഇത്രമാത്രം തെറ്റിദ്ധരിപ്പിക്കാന്‍ കാരണവും.

Related Articles