Columns

ത്വലാഖും മുത്വലാഖും

മുത്വലാഖും ഒരു ത്വലാഖും തമ്മിലുള്ള വ്യത്യാസമെന്ത്? ഒരു സഹോദരന്‍ ചോദിക്കുന്നു. രണ്ടും ഫലത്തില്‍ ഒന്ന് തന്നെയാണ്. ഒരു ത്വലാഖ് ചെയ്താല്‍ മൂന്നു ശുദ്ധി കാലത്തിനിടയില്‍ വേണമെങ്കില്‍ ഭാര്യയെ തിരിച്ചെടുക്കാം. സമയം കഴിഞ്ഞാല്‍ സ്ത്രീക്ക് വേറെ വിവാഹം കഴിക്കാം. അല്ലെങ്കില്‍ പഴയ ഭര്‍ത്താവിനെ തന്നെ സ്വീകരിക്കാം. ഫലത്തില്‍ വിവാഹ ബന്ധം രണ്ടിടത്തും ഇല്ലാതായി പോകും. മൂന്നു ത്വലാഖ് ചെയ്താലും ഒന്ന് ചെയ്താലും സ്ത്രീയുടെ കാര്യം പോക്കാണ്.

സ്ത്രീകള്‍ക്ക് ഈ നിയമം എന്ത് ഗുണമാണ് ചെയ്യുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പഴയതു പോലെ മൂന്നിന് പകരം ഒരു ത്വലാഖ് ഇപ്പോഴും ചെയ്യാം. അത് കുറ്റകരമല്ല. ഭാര്യയെ മൂന്ന് ത്വലാഖും ചെയ്യുന്നു എന്നതിന് പകരം ഒരു ത്വലാഖ് ചെയ്തു എന്ന് പറഞ്ഞ് കത്തയക്കാം. അങ്ങിനെ കത്തയച്ചത് അടുത്ത ദിവസം ഞാന്‍ കണ്ടിരുന്നു. ഒരു പ്രഭാതത്തില്‍ ഒരു കാരണവുമില്ലാതെ ത്വലാഖ് ചെയ്യുന്ന പലരും നാട്ടിലുണ്ട്. നിസാര കാര്യങ്ങളുടെ പേരില്‍ വിവാഹ മോചനം നേരിടുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. ഒന്നോ മൂന്നോ എന്നതിന് പകരം വിവാഹ മോചനത്തിന് വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ് ചെയ്യേണ്ടത്. അത് പള്ളിക്കമ്മിറ്റികള്‍ക്കും സാധ്യമാണ്. പലപ്പോഴും ഭര്‍ത്താവ് തന്റെ ഭാര്യയെ ഒഴിവാക്കി എന്ന നിലയില്‍ കത്തയക്കുമ്പോള്‍ മാത്രമാണ് അവരും ഈ വിവരം അറിയുന്നത്. വിവാഹം നടത്തി കൊടുക്കുന്നവര്‍ എന്ന നിലയില്‍ ഒഴിവാക്കുമ്പോഴും അവര്‍ അറിയേണ്ടതാണ്.

മൂന്ന് ത്വലാഖ് ഒന്നിച്ചു ചെയ്താല്‍ ഭര്‍ത്താവിനെ ജയിലില്‍ പാര്‍പ്പിക്കുക എന്നത് മാത്രമാണ് ഓര്‍ഡിനന്‍സില്‍ കാണുന്നത്. അത് കൊണ്ട് എന്ത് ഗുണം എന്നറിയില്ല. ഒരു ത്വലാഖ് കൊണ്ടും സംഗതി നടക്കും എന്നിരിക്കെ മൂന്നില്‍ മാത്രം ഇങ്ങിനെ കടിച്ചു തൂങ്ങേണ്ട കാര്യമെന്ത്?. അകാരണമായി വിവാഹ മോചനം ചെയ്യപ്പെടുക എന്ന നിലയില്‍ നിന്നും സ്ത്രീക്ക് ഈ നിയമവും ഒരു സംരക്ഷണവും നല്‍കില്ല. ഇസ്ലാമില്‍ വിവാഹം വളരെ എളുപ്പവും വിവാഹ മോചനം വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സാധ്യമാണ്. രണ്ടു വ്യത്യസ്ത രംഗത്തു നിന്നും വരുന്ന രണ്ടു പേര് എന്ന നിലയില്‍ അവര്‍ കൂടി ചേരുമ്പോള്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാവുക എന്നത് സാധാരണമാണ്. അത്തരം സാധ്യതകളെ മറികടക്കാന്‍ ഇസ്ലാം മാര്ഗങ്ങള് നിശ്ചയിച്ചു തരുന്നു. അതിനപ്പുറം തുറന്ന ചര്‍ച്ചകള്‍ എന്നതാണ് മറ്റൊരു പരിഹാരം. രണ്ടു പേരുടെ പക്ഷത്തു നിന്നും ആളുകളെ ഉള്‍ക്കൊള്ളിച്ചു വേണം ചര്‍ച്ച നടത്താന്‍. അവിടെയും അവസാനിക്കാത്ത വിഷയങ്ങളിലാണ് വിവാഹ മോചനം കടന്നു വരിക. ഈ വഴികളൊന്നും അധികം വിവാഹ മോചന വിഷയത്തിലും നടന്നു കാണുന്നില്ല. രണ്ടു കൂട്ടര്‍ക്കും ആവശ്യമുള്ളപ്പോള്‍ ഒഴിവാക്കാനുള്ള വഴികളാണ് അടക്കേണ്ടത്. അതിന് ഈ നിയമം പോരാതെ വരും.

മുത്വലാഖ് ഓര്‍ഡിനനന്‍സ് മരവിപ്പിക്കണം എന്ന സമസ്തയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നു. വിവാഹ മോചനം അല്ലാഹു അനുവദിച്ചതില്‍ ഏറ്റവും വലിയ വിഷമമുള്ള കാര്യം എന്നാണു മതം പഠിപ്പിക്കുന്നത്. അതെ സമയം വിവാഹ മോചനത്തിന്റെ തോത് ദിനേന വര്‍ധിച്ചു വരുന്നു. വിവാഹ ജീവിതം മനോഹരമാക്കാന്‍ സമുദായത്തെ പഠിപ്പിക്കുക എന്നതാണ് അതിനൊരു പരിഹാരം. മുത്വലാഖ് എന്നതല്ല ത്വലാഖ് എന്നതാവണം മുസ്ലിം സംഘനകളുടെ ഉന്നം. മുത്വലാഖ് നിര്ത്തലാക്കിയത് വലിയ സ്ത്രീ വിമോചനമാണ് എന്ന് മനസ്സിലാക്കാനുള്ള വല്ലാത്ത ബുദ്ധിയുടെ രാഷ്ട്രീയം ഇനിയും മനസ്സിലായിട്ടു വേണം. മുസ്ലിം യുവാക്കളെ പച്ചയോടെ ചുട്ടു കൊല്ലുന്ന നാട്ടിലാണ് നാം ജീവിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം.

Facebook Comments
Related Articles
Show More
Close
Close