Current Date

Search
Close this search box.
Search
Close this search box.

തബസ്സും ശൈഖ് നല്‍കുന്ന വെളിച്ചം

വെളിച്ചം ഊതിക്കെടുത്തുന്നവര്‍ എന്നൊരു പ്രയോഗം ഖുര്‍ആന്‍ നടത്തുന്നുണ്ട്. അല്ലാഹു വെളിച്ചം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്ന് തൊട്ടുടനെയും പറയുന്നുണ്ട്. ശത്രു വെളിച്ചം ഊതിക്കെടുത്താന്‍ ശ്രമിച്ചാല്‍ വിളക്ക് തന്നെ വേണ്ട എന്ന് നമുക്ക് തീരുമാനിക്കാം. അല്ലെങ്കില്‍ കൊടുങ്കാറ്റിലും ആ വെളിച്ചത്തെ കെട്ട് പോകാതെ സൂക്ഷിക്കാം. എന്ത് വേണമെന്ന് നാമാണ് തീരുമാനിക്കേണ്ടത്.

മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് വിഷയം കേവലം പെണ്‍കുട്ടികള്‍ തലമറക്കുന്ന കാര്യമായി നാം ചുരുക്കി കാണുന്നില്ല. തല മറക്കല്‍ മുസ്ലിം സ്ത്രീയുടെ അവിഭാജ്യ ഘടകമാണ്. അത് വേണ്ടെന്നു വെച്ചാല്‍ മുസ്ലിം സ്ത്രീ പിന്നെ സമൂഹത്തില്‍ നിന്നും അകലും. അടുത്ത കാലത്ത് മുസ്ലിം ജനത കൈവരിച്ച വിദ്യാഭ്യാസ പുരോഗതി വളരെ വലുതാണ്. ആരെയും അസൂയപ്പെടുത്താന്‍ പാകത്തില്‍ അത് വളര്‍ന്നിരുന്നു . പ്രത്യേകിച്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവരുടെ നിലവാരം വളരെ മുന്നോട്ട് പോയി. അതിനെ തടയിടാന്‍ സംഘപരിവാറും അനുബന്ധ ഘടകങ്ങളും പല പദ്ധതികളും ആലോചിച്ചു കാണും. അവസാനം അവര്‍ തീരുമാനിച്ചു . സ്ത്രീയുടെ വസ്ത്രത്തില്‍ തന്നെ പിടിക്കാം. അങ്ങിനെ അവള്‍ എന്നെന്നേക്കുമായി വീട്ടില്‍ അടഞ്ഞിരിക്കും.

കര്‍ണാടക സര്‍ക്കാര്‍ വല്ലാതെ വിഷമിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കിയത്. വിശ്വാസവും ജീവിതവും ഒന്നിച്ചു കൊണ്ട് പോകാന്‍ പ്രജകള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട്. പക്ഷെ മുസ്ലിം ജനതക്ക് അത് അത്ര പെട്ടെന്ന് അനുവദിച്ചു നല്‍കാന്‍ ഭരണകൂടവും ചിലപ്പോള്‍ നീതിന്യായ വ്യവസ്ഥയും അനുവാദം നല്‍കുന്നില്ല എന്നത് നമ്മുടെ മുന്നിലെ വര്‍ത്തമാന സത്യമാണ്.

അപ്പോഴാണു കര്‍ണാടക സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ തബസ്സും ശൈഖ് ഒന്നാം സ്ഥാനത്തെത്തുന്നത്. എന്താണോ മുസ്ലിം സ്ത്രീകള്‍ക്ക് ഭരണകൂടം വിലക്കിയത് അതില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നതിലും വലിയ പ്രതികാരം വേറെയില്ല. ഇതിനെ നാം തിന്മയെ നന്മ കൊണ്ട് നേരിടുക എന്ന് പറയും. ചരിത്രത്തില്‍ എന്നും പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടാണ് മുസ്ലിം ജനത മുന്നോട്ട് പോയിട്ടുള്ളത് . അവരുടെ രക്തം കൊണ്ട് ഭൂമി ഏറെ ചുകന്നിട്ടുണ്ട്. അവരെ അവകാശങ്ങള്‍ മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ തന്നെ വിലക്കിയിട്ടുണ്ട് . പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുക എന്നതാണ് ഇസ്ലാം. ഹിജാബ് ധരിച്ചു കൊണ്ട് തന്നെ പഠനത്തിലും പരീക്ഷയിലും ഒന്നാം സ്ഥാനത്തെത്തുക എന്ന തീര്‍ത്തും ശ്രമകരമായ വഴികള്‍ അവള്‍ താണ്ടിക്കടന്നു .

ഭീഷണിയും അവസരങ്ങള്‍ തടയലും കൊണ്ട് ഒരു നന്മയും ഇല്ലതാകില്ല. തബസ്സും ഇന്ത്യന്‍ മുസ്ലിം സ്ത്രീയുടെ ആവേശമാണ്. നിയമം വഴിയും ഭീഷണി വഴിയും വെളിച്ചം ഊതിക്കെടുത്താന്‍ സംഘ പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നു. ഈ ഭൂമി നിലനില്‍ക്കാന്‍ ഒരു കാരണം നന്മയുടെ വിജയമാണ്. അതാണ് രക്ഷിതാവ് സ്വയം ഏറ്റെടുത്തത് . സത്യ നിഷേധികള്‍ എത്ര വെറുത്താലും ശരി. നാം വിളക്കിനെ മുറുകെ പിടിക്കുക . ഒരിക്കല്‍ തിരി അണഞ്ഞു പോയാലും പിന്നീട് അത് തെളിയിക്കാം. വിളക്ക് വലിച്ചെറിഞ്ഞാല്‍ പിന്നീട് പരിപൂര്‍ണ ഇരുട്ട് മാത്രം .

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles