Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് മൗദൂദി: വിമർശകൻറെ വാക്കുകളിൽ

എന്ത് കൊണ്ടവർ മൗദൂദി യെ വെറുക്കുന്നു

കേരളത്തിലെ ഒരു മുസ്ലിം മത സംഘടന ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമർശനങ്ങൾ അല്പം ഭൗതികവാദവും ഇത്തിരി കമ്മ്യൂണിസവും ചേർത്ത് പകർത്തി വെക്കുകയാണ് കുഞ്ഞിക്കണ്ണൻ ചെയ്തത്. പകർപ്പെടുത്തപ്പോൾ മത സംഘടനയിലെ എഴുത്തുകാരൻ കാണിച്ച കൃത്രിമം കുഞ്ഞിക്കണ്ണനും അതേപടി ആവർത്തിച്ചിരിക്കുന്നു. വിശദീകരണം വഴിയെ.

പ്രസ്തുത മതസംഘടനയുടെ മുഖപത്രത്തിൽ ‘മിറ്റ്’എന്ന തൂലികാനാമത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്ന പത്രപ്രവർത്തകനാണ് എം. ഐ. തങ്ങൾ. വർത്തമാനം പത്രത്തിൻറെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം സയ്യിദ് മൗദൂദിയെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പിൽ നിന്ന്:

“മൗലാനാ സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി അന്തരിച്ചു. സുപ്രസിദ്ധ ഇറ്റാലിയൻ വിപ്ലവകാരി മാസ്നിയുടെ വാക്കുകളാണ് മൗലാനയുടെ നിര്യാണ വാർത്ത കേട്ടപ്പോൾ അനുസ്മരിച്ചു പോയത്. മാനവികതയുടെ സഞ്ചാരപഥത്തിൽ നാഴികക്കല്ലുകളായി വർത്തിക്കുന്നവരാണ് മഹാന്മാർ.

അരനൂറ്റാണ്ടിലേറെക്കാലം ഇസ്ലാമിക നവോത്ഥാനത്തിന് തൻറെ ചിന്തകളും ആയുരാരോഗ്യവും പ്രദാനം ചെയ്ത മൗലാന ഈ നൂറ്റാണ്ട് കണ്ട ഇസ്ലാമിക പ്രതിഭകളിൽ മുൻപന്തിയിൽ നിൽക്കുന്നു. ആ ചിന്തകളുമായി സമരസപ്പെടാൻ സാധിക്കാതെ വന്നിട്ടുള്ള സന്ദർഭങ്ങൾ നിരവധിയാണ്. എങ്കിലും അവയുടെ മുമ്പിൽ ഭക്ത്യാദരപൂർവം പലപ്പോഴും നിന്നുപോയിട്ടുണ്ട്. ആ ധിഷണ, ചടുലത,വശ്യത, സർവ്വോപരി അവയിൽ ഓളം വെട്ടുന്ന നിസ്വാർത്ഥതയും ആത്മാർത്ഥതയും അനിതര സാധാരണങ്ങളാണ്.

1903 സപ്തംബർ 15 ന് ചരിത്രം മയങ്ങിക്കിടക്കുന്ന ഹൈദരാബാദിലെ ഔറംഗാബാദിൽ ജനിച്ച അബുൽഅഅ്‌ലാ ജന്മനാ ഭാഗ്യവാനായിരുന്നു.കാലിട്ടടിച്ചു കരഞ്ഞ നിഷ്കളങ്കനായ ആ കുഞ്ഞിന് വളരാൻ ലഭിച്ചത് നൂറ് ശതമാനവും ഇസ്ലാമിക വൽക്കരിക്കപ്പെട്ട ഒരു കുടുംബമാണ്.

ഇസ്ലാമിക ചിട്ടകൾക്കനുസരിച്ച് തന്നെ ആ സയ്യിദ് കുടുംബം അബുൽ അഅലായെ വളർത്തി. വീട്ടിൽ വെച്ച് തന്നെ പ്രാഥമിക വിദ്യാഭ്യാസം നൽകപ്പെട്ടു. പ്രഗത്ഭരായ അധ്യാപകർ, മാതൃകാപരമായ അന്തരീക്ഷം, അവയിൽനിന്ന് അബുൽ അഅ്ലായുടെ മനീഷ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കാനുള്ള കരുക്കൾ വാരിക്കൂട്ടി. പഠനവും വായനയും ഒരു ഭ്രാന്ത് പോലെ അദ്ദേഹത്തെ പിടികൂടി. അതിലെല്ലാവരും അണിനിരന്നു. കാൻറ് മുതൽ മാർക്സ് വരെ.

അവസാനം ഖുർആൻറെ വെളിച്ചത്തിലവ പരിശോധിക്കപ്പെട്ടു. പൊന്നുകൾ കാക്കപ്പൊന്നുകളാണെന്ന് തെളിയിക്കാനുള്ള സാധനയായിരുന്നു തുടർന്നങ്ങോട്ട്. ഖുർആൻ ഏത് കാലഘട്ടത്തിലും അനുയോജ്യമായ സമഗ്രമായ ജീവിത പദ്ധതിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആ വിപ്ലവകാരി രംഗത്തിറങ്ങി.

തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ മൗലാനക്ക് ധാരാളം ശത്രുക്കളെയും അല്പം സുഹൃത്തുക്കളെയും കിട്ടി. ഇമാം ഗസ്സാലിക്ക് ശേഷം ഇസ്ലാമിക ലോകംകണ്ട ഉന്നത ചിന്തകനായിരുന്നു അദ്ദേഹം. ഇഖ്ബാലിൻറെ ജന്മനാട്ടിൽ ഇഖ്ബാൽ വിഭാവന ചെയ്ത ലോകത്തിന് ഇക്ബാൽ അംഗീകരിക്കാത്ത ചിന്തകളിലൂടെ മൗലാന ഊടുംപാവും പണിയാനുള്ള ശ്രമത്തിലേർപ്പെട്ടു.

ഖുർആനിൻറെ അന്തസത്ത, നിഷ്ക്രിയത്വവും ആദ്ധ്യാത്മികതയുടെ തോടിനുള്ളിലേക്കുള്ള പിൻമാമാറ്റവുമാണെന്ന ധാരണകളുടെ കോട്ടക്കുലച്ചിൽ തട്ടാൻ ഏറെക്കാലം കാത്തു നിൽക്കേണ്ടി വന്നില്ല. ഖുർആൻ വിഭാവന ചെയ്യുന്നത് ഒരു സമ്പൂർണ സമൂഹമാണെന്ന ആ ഗർജനത്തിനു മുമ്പിൽ ഓറിയൻറലിസ്റ്റുകൾ പടച്ചുണ്ടാക്കിയ അസത്യത്തിൻറെ ഗോപുരങ്ങൾ തകർന്നു വീണു കൊണ്ടിരിരുന്നു. പാശ്ചാത്യരുടെ ദിവാ സ്വപ്നങ്ങളിൽ കുരിശുയോദ്ധാക്കളുടെ തമ്പുകളിൽ കയറിയ സുൽത്താൻ സ്വലാഹുദ്ദീനെപ്പോലെ ധീരമായി പാഞ്ഞുകയറിയ മൗലാനാ അവർക്കെതിരെ മുസ്ലിം ലോകത്ത് ഒരു പടനിര തന്നെ സൃഷ്ടിച്ചെടുത്തു. മൗലാനാ മൗദൂദി സാഹിബിൻറെ ചിന്തകളിൽ മുത്തുകളെത്രയുണ്ടെന്ന് പരതാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതത്രയെളുപ്പവുമല്ല.ഖുർആനും ദീനും അദ്ദേഹം വ്യാഖ്യാനിച്ച രീതി എത്രകണ്ട് ശരിയാണെന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല. ഇവയിലൊക്കെ ശരി കണ്ടെത്തുന്നവരും തെറ്റ് കണ്ടെത്തുന്നവരുമുണ്ട്.രണ്ട് വിഭാഗത്തിനും അവരുടേതായ വാദമുഖങ്ങളും ന്യായീകരണങ്ങളും കാണും.പക്ഷേ മൗലാനാ മൗദൂദിയെന്ന അനിതരസാധാരണമായ വ്യക്തിത്വം, അതിൻറെ തിളക്കം ഒരിക്കലും കുറച്ചു കാണാൻ കഴിയുന്നില്ല. ജമാലുദ്ദീൻ അഫ്ഗാനിക്കോ അല്ലാമാ ഇഖ്ബാലിന്നോ അതുപോലെ ഈ നൂറ്റാണ്ട് കണ്ട മുസ്‌ലിംലോകത്തെ പ്രതിഭകൾക്കുമോ സാധിക്കാത്ത ഒരു മഹദ്കാര്യം ഇവരുമായൊക്കെ താരതമ്യപ്പെടുത്തുമ്പോൾ അത്രയൊന്നും തൂക്കമില്ലാത്ത മൗലാനാ മൗദൂദി സാഹിബിന് സാധിച്ചുവെന്ന് അംഗീകരിച്ചേ തീരൂ. അത് മറ്റൊന്നുമല്ല. ഇസ്ലാമിനെ ആധുനിക ചിന്താ വേദിയുടെ മുൻനിരയിൽ ഉപവിഷ്ടമാക്കിയെന്നതാണത്.

നീഷയുടെയും ഗോഡ്സെയും നാട്ടിൽനിന്ന് ഇസ്ലാമിക സംസ്കാരത്തിൻറെയും തത്വശാസ്ത്രത്തിൻറെയും മേന്മകളെക്കുറിച്ച് പാടാൻ ആളുകളെ ഇക്ബാൽ നിർബന്ധിച്ചിട്ടണ്ട്. ഫോസ്റ്റിനെ മനുഷ്യനായി അംഗീകരിക്കാൻ വിധിക്കപ്പെട്ട ഗോയ്ഥെയെ, അതിമാനുഷനെ ചിന്തകളിൽ ജനിപ്പിച്ച നീഷേയെ തുറന്നുകാട്ടാൻ പഞ്ചാബിൻറെ മണവും ഇസ്ലാമിൻറെ മനവുമേന്തി “വൈമാറിലെ പനനീർ തോപ്പുകളിലെ”ത്തിയ ഇഖ്ബാലിനെ പക്ഷേ, സാധാരണക്കാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് മറിച്ചും. എന്നാൽ കേംബ്രിഡ്ജിൻറെയും മ്യൂണിക് യൂണിവേഴ്സിറ്റിയുടെയും പടി ചവിട്ടാതെ മൗദൂദി സാഹിബ് അവിടെ സ്വതന്ത്രനായി, ശത്രുതാ ഭയമില്ലാതെ വിരാജിച്ചിരുന്ന തത്വജ്ഞാനികളുടെയും ചിന്തകളുടെയും ശത്രുവായി, പേടിസ്വപ്നമായി മാറി. കുറഞ്ഞ കാലം കൊണ്ട് അവരെ ഓരോരുത്തരേയും കുന്നി പിടിച്ചു വെളിക്ക് കൊണ്ടുവന്ന മൗലാനാ അവരുടെ തൊലിയുരിച്ചു കാട്ടി. ക്രിസ്തീയ യൂറോപ്പിനെ ദൈവത്തിനും സീസർക്കുമായി ഭാഗിച്ചു കൊടുത്ത യാന്ത്രിക സംസ്കാരത്തിൻറെ സന്തതികൾക്ക് ഇസ്ലാമിൻറെ സ്വാധീനം ലോകത്ത് നിന്ന് നശിപ്പിച്ചു കളയേണ്ടതാവശ്യമായിരുന്നു. ശക്തിയിലൂടെ അതിനെ നശിപ്പിക്കാൻ എളുപ്പമല്ലെന്ന് മനസ്സിലാക്കിയ പശ്ചാത്യർ ദ്വിമുഖാക്രമണമാണ് മുസ്ലിം ലോകത്തിന് നേരെ സംഘടിപ്പിച്ചത്. ഒന്ന് ശാരീരികവും രണ്ട് മാനസികവും.

ലോറൻസിനെപ്പോലുള്ള വഞ്ചകരൊരുക്കിയ കെണിയിൽ പെട്ട് ഭിന്നിച്ചു കൊണ്ട് ശാരീരികാക്രമണത്തിന് മുസ്ലിംകൾ തന്നെ കളമൊരുക്കി കൊടുത്തു. യന്ത്ര സംസ്കാരത്തിൻറെ വർണ്ണാഭയിൽ കണ്ണുമഞ്ഞളിച്ചവരെ മാനസികമായി ആക്രമിക്കുക എളുപ്പമായിരുന്നു. ഈ ആക്രമണങ്ങളുടെ ശക്തി തടുക്കാൻ കഴിയാതെ പതറി കിടന്നിരുന്ന മുസ്ലിം മനസ്സുകളെ പിടിച്ചെഴുന്നേല്പിക്കുകയെന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഒരു മുസ്ലിം ചിന്തകൻറെ ദൗത്യം. ഇത് നിറവേറ്റാൻ തന്നെയാണ് അഫ്ഗാനിയും സനൂസിയും ഇഖ്ബാലും മറ്റും ഇറങ്ങിത്തിരിച്ചത്. പക്ഷേ, അവരുടെ ശ്രമങ്ങൾ പൂവണിഞ്ഞില്ല. ഒന്നാമത് എല്ലാവരുടേതും ഒറ്റപ്പെട്ട വഴികളായിരുന്നു. അവരവരുടെ കോണുകളിൽനിന്ന് വീക്ഷിക്കുമ്പോൾ എല്ലാം കിടയറ്റതായിരുന്നു. പക്ഷേ മുസ്ലിം ലോകമാകുന്ന കാട്ടിൽ കയറി ഒറ്റയ്ക്ക് ബഹളം കൂട്ടിയതുകൊണ്ട് വിജയിക്കില്ലെന്ന സത്യം അവർ അംഗീകരിച്ചില്ല അല്ലെങ്കിൽ ആ ഭാഗം ഗൗനിച്ചില്ല. മൗദൂദി സാഹിബ് വിജയിച്ചതിവിടെയാണ്. ചിന്തിച്ചതിലേറെ അദ്ദേഹം പ്രവർത്തിച്ചു. 1941 ആഗസ്റ്റ് 26 ന് പത്താം കോട്ടിലൽ ആ പ്രവർത്തനത്തിന് തുടക്കം കുറിക്കപ്പെട്ടു.”(ചന്ദ്രിക 25. 9.1979)

Related Articles