Current Date

Search
Close this search box.
Search
Close this search box.

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

‘തീവ്രവാദി ആക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും എടുത്ത പ്രയത്നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു….’ കണ്ണ് നിറഞ്ഞതോടെ അൽപനേരം നിർത്തിയാണ് മോദി സംസാരം തുടർന്നത്. (രാജ്യസഭയിൽനിന്ന് കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽനിന്ന് 2021 ഫെബ്രുവരി 10)

ഫ്‌ളാഷ് ബാക്ക് 2002 ഫെബ്രുവരി 28:
ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്. അദ്ദേഹം മോദിയുടെ നാട്ടുകാരൻ കൂടിയായിരുന്നു. ഗുൽബർഗ സൊസൈറ്റിയിലെ വീട്ടുമുറ്റത്തെത്തിയ, മോദി തന്നെ സ്‌പോൺസർ ചെയ്ത കൊലയാളിക്കൂട്ടത്തിൽനിന്ന് രക്ഷിക്കണമെന്ന അവസാനത്തെ അഭ്യർത്ഥന ആയിരുന്നു അത്. പക്ഷെ, ആ വിളി കേൾക്കാൻ മനുഷ്യരായി പിറന്ന ആരും അവിടെ ഇല്ലായിരുന്നു. ഫാഷിസത്തിന്റെ കഠാരകൾ ആ മനുഷ്യനെ വെട്ടിനുറുക്കി, അതും പോരാഞ്ഞു മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു.

അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽ സംഘ് പരിവാർ ഭീകരർ കൂട്ടക്കൊല ചെയ്ത നിരപരാധരായ 68 പേരിൽ ഒരാളായിരുന്നു ഇഹ്‌സാൻ ജാഫ്രി. കാപട്യത്തിന്റെ കണ്ണീരുമായി നടക്കുന്ന നരേന്ദ്ര മോദിയെ പ്രസ്തുത കേസിൽ പൂർണമായും കുറ്റവിമുക്തമാക്കിയ സുപ്രീം കോടതി വിധിയിൽ വലിയ അൽഭുതമൊന്നുമില്ല. വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് വിരമിച്ച ശേഷം എന്ത് പദവിയാണ് ലഭിക്കാൻ പോകുന്നതെന്നും അറിയില്ല.

അതാണല്ലോ ഇവിടത്തെ കീഴ്‌വഴക്കം. ബാബരി മസ്ജിദ് തകർത്ത ക്രിമിനലുകൾക്ക് പള്ളി പൊളിച്ച ഭൂമിയിൽ തന്നെ ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയയാൾക്ക് രാജ്യസഭാ പദവിയാണ് ലഭിച്ചത്. ഇഹ്‌സാൻ ജാഫ്രിയുടെ വിധവയുടെ കണ്ണീർ കാണാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ മുൻ സി.ബി.ഐ മേധാവിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനുമായിരുന്ന ആർ.കെ. രാഘവന് കിട്ടിയത് സൈപ്രസിലെ ഹൈക്കമ്മീഷണർ പദവിയാണ്.

വംശഹത്യക്ക് ചുക്കാൻ പിടിച്ച ഒരുവനും രക്ഷപെടാൻ പോകുന്നില്ല. ബോസ്‌നിയൻ മുസ്ലിംകളെ വംശഹത്യ നടത്താൻ നേതൃത്വം നൽകിയ റഡോവാൻ കറാജിച് എന്ന സെർബ് ഭീകരൻ മരണം വരെ ജയിലിലാണ്.

റുവാണ്ടയിൽ തുത്‌സികളെ പാറ്റകളോട് ഉപമിച്ച് വൻ മരങ്ങൾ വെട്ടുന്നതുപോലെ (തുത്‌സികൾ ഉയരം കൂടിയവരായിരുന്നു) പ്രസ്തുത സമുദായക്കാരെ വെട്ടിവീഴ്ത്താൻ ഹുതു വിഭാഗക്കാരോട് ആഹ്വാനം ചെയ്തത് ആർ.റ്റി.എൽ.എം എന്ന റേഡിയോ സ്‌റ്റേഷൻ വഴിയായിരുന്നു. രാജ്യത്തെ വൻ സമ്പന്നരിൽ ഒരാളായ ഫെലിസിയൻ കാബുഗയായിരുന്നു അതിന്റെ സഹ സ്ഥാപകനും പ്രധാന ഓഹരിയുടമയും.
ഇയാൾക്ക് സർക്കാറിന്റെ സർവ്വ പിന്തുണയുമുണ്ടായിരുന്നു. കൂട്ടക്കൊല ആരംഭിച്ചതോടെ കൊല്ലേണ്ടവരുടെ പട്ടിക തന്നെ റേഡിയോയിലൂടെ പുറത്തുവിട്ടു. വംശഹത്യ അന്വേഷിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭ രൂപീകരിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ കൂട്ടക്കൊല ഉൾപ്പെടെ ഏഴു ക്രിമിൽ കുറ്റങ്ങൾ ഇയാളുടെമേൽ ചുമത്തി. 26 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം 2020ൽ എൺപത്തേഴാം വയസ്സിലാണ് ഇയാൾ പിടിയിലാവുന്നത്. ഇനി വിചാരണ നടക്കും.

അതുകൊണ്ടും തീരുന്നില്ല. എല്ലാറ്റിനും മുകളിൽ ഒരു ശക്തിയുണ്ടല്ലോ. സക്കിയ ജാഫ്രി ഉൾപ്പെടെ, വംശഹത്യക്ക് ഇരയായ ആയിരങ്ങളുടെ ഉറ്റവർക്ക് പ്രതീക്ഷ അവിടെയാണ്, എല്ലാ കോടതികൾക്കും മുകളിലുള്ള കോടതി. ഇരകളുടെ അപ്പീലുകൾ തള്ളാത്ത കോടതി!

Related Articles