Columns

സുന്നീ ഐക്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും

സുന്നീ ഐക്യം കേരളം മുസ്‌ലിം സമൂഹത്തില്‍ കുറെ നാളായി കേട്ട് വരുന്നതാണ്. വാസ്തവത്തില്‍ അതിലെന്താണ് തടസ്സം എന്ന ചോദ്യത്തിന് ഉത്തരം ചെന്ന് നില്‍ക്കുന്നത് രാഷ്ട്രീയമായ ഐക്യവും പ്രാധാന്യമാണ് എന്നിടത്താണ്. ജീവിക്കുന്ന സമൂഹത്തില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. കേവലം മതം പറഞ്ഞാലും രാഷ്ട്രീയം അറിയാതെ തന്നെ പുറത്തു വന്നു കൊണ്ടിരിക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ രാഷ്ട്രീയം പറയാതെ മത സംഘടനകള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് കൈവന്നിരിക്കുന്നത്. ഇന്ന് വരെ രാഷ്ട്രീയം പറയാത്ത പലരും പുതിയ സാഹചര്യത്തില്‍ അത് പറയാന്‍ മാത്രമായി സദസ്സുകള്‍ രൂപീകരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമായ ചര്‍ച്ച ഫാസിസത്തോടുള്ള നിലപാടാണ്. ഹിറ്റ്‌ലറെ പറയാതെ ജര്‍മനിയുടെ നാസിസം പൂര്‍ണമാകില്ല എന്നത് പോലെ മോഡി സര്‍ക്കാരിനെ കുറിച്ച് പറയാതെ ഇന്ത്യന്‍ ഫാസിസവും പൂര്‍ണമാകില്ല. കേരളത്തിലെ മത സംഘടനകളില്‍ പലരും ഈ തുറന്നു പറയല്‍ നടത്തിയിട്ടില്ല. ഭരണ കൂടങ്ങളില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ പലരെയും തടയുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സമസ്തയുടെ യോജിപ്പിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ എന്ന് ചര്‍ച്ച ചെയ്താല്‍ അതിന്റെ വിശ്വാസം എന്നതിനേക്കാള്‍ എത്തിചേരുക അതിന്റെ രാഷ്ട്രീയ കാരണങ്ങളില്‍ തന്നെയാവും. സമസ്തയുടെ യോജിപ്പിനു വേണ്ടി പലപ്പോഴും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അടുത്ത ദിവസം കൂടുതല്‍ അകലുന്നതിന്റെ വാര്‍ത്തകളാണ് വന്നു കൊണ്ടിരുന്നത്. അടുത്തിടെ ഒരു സമസ്ത നേതാവിനെ ഉത്തരേന്ത്യന്‍ ബറേല്‍വികളിലെ ഒരു വിഭാഗം ഗ്രാന്റ് മുഫ്തിയായി നിയമിച്ചപ്പോള്‍ അവര്‍ക്കിടയിലുള്ള വിഭാഗീയത നാം കണ്ടതാണ്.

കേരള മുസ്‌ലിം സമുദായത്തിന് സമസ്തയുടെ യോജിപ്പ് കൊണ്ട് നേട്ടം ഉണ്ടാകില്ലെങ്കിലും അവരുടെ ഒന്നിച്ചുള്ള വിലപേശല്‍ രാഷ്ട്രീയ രംഗത്ത് മാറ്റം വരുത്തും എന്നത് തീര്‍ച്ചയാണ്. ഇടതു പക്ഷ, കോണ്‍ഗ്രസ്സ് നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ഒരു വിഭാഗത്തില്‍ കൂടുതല്‍. അതെ സമയം ലീഗ് രാഷ്ട്രീയത്തിനാണ് അപ്പുറത്ത് പ്രാമുഖ്യം. സമസ്തകളുടെ അടിസ്ഥാന വിശ്വാസ പ്രമാണം രണ്ടു വിഭാഗത്തിനും ഒന്ന് തന്നെയാണ്. കേരളത്തില്‍ അവരുടെ കര്‍മ്മ ശാസ്ത്ര വിശ്വാസ മദ്ഹബുകളും ഒന്ന് തന്നെ. മറ്റു വിഷയങ്ങളിലും അവര്‍ക്കിടയില്‍ അഭിപ്രായ അന്തരമില്ല. രണ്ടു വിഭാഗമായി നില്‍ക്കുന്നത് കൊണ്ട് രണ്ടു പേരും മത്സരിച്ചു സമൂഹത്തില്‍ അന്ധവിശ്വാസവും നൂതന രീതികളും കടത്തിക്കൂട്ടാനുള്ള ശ്രമത്തിലാണ്. അതിന്റെ പേരില്‍ പല ബ്രാന്‍ഡ് ‘ദിക്ര്‍ സദസ്സുകളും’ സമ്മേളനങ്ങളും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതിനു മുകളില്‍ നിലവിലുള്ള രാഷ്ട്രീയ സമസ്യക്ക് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ല എന്നതാണ് ഇന്ന് സമസ്തകള്‍ നേരിടുന്ന മുഖ്യ വിഷയം.

നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പയാണ്. ഫാസിസം അതിന്റെ പത്തി കൂടുതല്‍ ചീറ്റിയത് മുസ്‌ലിംകളുടെ നേര്‍ക്കാണ്. അത് കൊണ്ട് തന്നെ ഒരു സമുദായം എന്ന നിലയില്‍ നേതൃത്വങ്ങള്‍ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാര്‍ ആകേണ്ടതുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍,നായര്‍ സമൂഹങ്ങള്‍ കൃത്യമായി രാഷ്ട്രീയം പറയാറുണ്ട്. അത് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ ഏതെങ്കിലും മുസ്ലിം നേതാവ് രാഷ്ട്രീയം പറഞ്ഞാല്‍ അതൊരു വലിയ അപരാധമായി അവര്‍ കൊട്ടിഘോഷിക്കും. അത് കൊണ്ട് തന്നെ ആ രീതിയില്‍ അവര്‍ രാഷ്ട്രീയം പറയാറില്ല. അരാഷ്ട്രീയമാണ് പലപ്പോഴും മുസ്‌ലിം സംഘടനാ സംവിധാനങ്ങള്‍. ഭൂമിയിലുള്ള കാര്യങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ ചര്‍ച്ച ചെയ്യുക ആകാശത്തുള്ള കാര്യങ്ങളാണ്. ജീവിച്ചിരിക്കുന്ന മനുഷ്യനാണ് ഇസ്‌ലാമിന്റെ മുഖ്യ പ്രതിപാത വിഷയം. പക്ഷെ മുസ്ലിം സംഘടകളുടെ ചര്‍ച്ച മരിച്ചവരെ കുറിച്ചാണ്. ചിലപ്പോള്‍ ആ ചര്‍ച്ച മനുഷ്യരെ കുറിച്ച് പോലുമാകില്ല.

തന്റെ കാലത്തെ മുഴുവന്‍ വിഷയങ്ങളെയും പ്രവാചകനും ഖുര്‍ആനും പ്രതിപാദിച്ചു. ഒരു നിലപാടിന്റെ പേരിലാണ് ഇസ്‌ലാം എന്നും നില നിന്നത്. പക്ഷെ നിലപാടില്ലായ്ക എന്ന അവസ്ഥയിലേക്ക് മുസ്ലിം സംഘടനകള്‍ വന്നു പെട്ടതാണ് ഇന്ന് സമുദായം നേരിടുന്ന മുഖ്യ വിഷയവും.

Facebook Comments
Show More

Related Articles

Check Also

Close
Close
Close