Current Date

Search
Close this search box.
Search
Close this search box.

സുഹൈബ് ലാഭം കൊയ്‍തിരിക്കുന്നു..!

സ്വഹാബിമാർ - 7

ഐശ്വര്യങ്ങളും സമൃദ്ധിയും കളിയാടിയ ചെറുപ്പകാലമായിരുന്നു അദ്ദേഹത്തിന്റേത്. പേര്‍ഷ്യന്‍ അധിപതിയായിരുന്ന കിസ്‌റാ രാജാവിന്റെ കീഴില്‍ ഉബുല്ല എന്ന സ്ഥലത്തെ ഭരണാധികാരിയും അവിടുത്തെ തന്നെ ഗവര്‍ണറുമായിരുന്നു പിതാവ്. ദീര്‍ഘനാള്‍ മുമ്പേ തന്നെ ഇറാഖിലേക്ക് കുടിയേറിയ അറബികളില്‍ പെട്ടയാളായിരുന്നു സുഹൈബിന്റെ പിതാവ്. ടൈഗ്രീസ് നദീതീരത്തുള്ള ആ വലിയ കൊട്ടാരത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയായിരുന്നു കുട്ടിയായിരുന്ന സുഹൈബിന്റെ ചെറുപ്പകാലം.

ഇറാഖ് റോമക്കാര്‍ ആക്രമിച്ച സമയം. കുറേ പേരെ ബന്ദികളായി പിടിച്ച കൂട്ടത്തില്‍ അവനുമുണ്ടായിരുന്നു, സുഹൈബ് ബിന്‍ സിനാന്‍! സുഹൈബിനെ അടിമക്കച്ചവടക്കാര്‍ ഏറ്റെടുത്തു. അങ്ങനെ കുറേനാളുകള്‍ക്ക് ശേഷം അടിമയായ സുഹൈബ് മക്കയിലെ അബ്ദുല്ലാഹിബ്‌നു ജുദ്ആന്‍ എന്നയാളുടെ കൈയിലെത്തി. ചെറുപ്പകാലം മുഴുവനും റോമില്‍ ആയിരുന്നതിനാല്‍ സുഹൈബിന് റോമന്‍ ഭാഷയും ശൈലിയും നല്ല വശമുണ്ടായിരുന്നു.യജമാനന്‍ ജുദ്ആന്‍, സുഹൈബിന്റെ ബുദ്ധികൂര്‍മ്മതയും നിഷ്‌കളങ്കതയും ശരിക്കും ഇഷ്ടപ്പെട്ടു. അദ്ദേഹം അവനെ സ്വതന്ത്രനാക്കുകയും തന്റെ ബിസിനസ് പാര്‍ട്ട്ണര്‍ ആക്കുകയും ചെയ്തു.

സുഹൈബിന്റെ ഇസ്‍ലാം സ്വീകരണവും അമ്മാര്‍ ബിന്‍ യാസിര്‍ (റ) ന്റെ ഇസ്്‌ലാമാശ്ലേഷണവും ഒന്നിച്ചായിരുന്നു. ദാറുല്‍ അര്‍ഖമില്‍ വെച്ചായിരുന്നു ഇരുവരുടെയും ഇസ്‍ലാം സ്വീകരണം. അതോടെ സന്മാര്‍ഗ്ഗത്തിലേക്കുള്ള സുഹൈബ് (റ) ന്റെ പാത തെളിയുകയായിരുന്നു. ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ രാജപാത! ദാറുല്‍ അര്‍ഖമിന്റെ വാതിലുകള്‍ ഒരു പുതുലോകത്തേക്കുള്ള പ്രവേശികയാണ്. ഒരുപാട് അടിയുറച്ച ഉത്തരവാദിത്വങ്ങളും കരാറുകളും ഏറ്റെടുക്കേണ്ടുന്ന സ്ഥലമാണത്. പാവപ്പെട്ടവരും പാമരരുമായവരെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും ദാറുല്‍ അര്‍ഖമിന് ശേഷമുള്ള ജീവിതം. പിന്നെ എന്തുകൊണ്ടാവും സുഹൈബും അമ്മാറും ദാറുല്‍ അര്‍ഖമിലേക്ക് പോയത്?

അതങ്ങനെയാണ്. ഈമാനിന്റെ അപ്രതിരോധ്യമായ വിളിയാളമാണത്! അദമ്യമായ സ്‌നേഹവും സന്മാര്‍ഗ്ഗവും ഒത്തിണങ്ങിയ തിരുദൂതര്‍ (സ) യുടെ ഊഷ്മളമായ വിളിക്ക് ചെവികൊടുക്കാതിരിക്കുന്നതെങ്ങനെ! എല്ലാറ്റിനുമപ്പുറം ഹിദായത്ത് എന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കും. അങ്ങനെ വിശ്വാസികളുടെ പട്ടികയില്‍ സുഹൈബ് (റ) ഇടംപിടിച്ചു. അവിടെ മാത്രമല്ല, പീഡനമുറകളും യാതനകളും ഏറ്റുവാങ്ങാനും അദ്ദേഹം പ്രഥമസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. എപ്പോഴും റസൂലിന്റെ കൂടെ സുഹൈബുണ്ടാവും. ബൈഅത്ത് ചെയ്യുന്നിടത്തും പ്രവാചകരോടൊത്തുള്ള യാത്രകളിലും സുഹൈബുണ്ടാവും. യുദ്ധരംഗത്തും പ്രവാചകരുടെ ഇടംവലം സുഹൈബ് (റ) സജീവമായുണ്ടായിരുന്നു.

സുഹൈബ് (റ) ന്റെ ത്യാഗോജ്ജ്വലമായ ജീവിതമാരംഭിക്കുന്നത് മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റയുടെ സമയത്തായിരുന്നു. മക്കയില്‍ നിന്നും അദ്ദേഹം നേടിയെടുത്ത മുഴുവന്‍ സമ്പാദ്യവും മക്കയില്‍ തന്നെ വിട്ടേച്ചു പോരുകയായിരുന്നു സുഹൈബ് (റ). റസൂല്‍ (സ) യുടെ ഹിജ്‌റ മുടക്കാന്‍ ഖുറൈശികള്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അല്ലാഹുവിന്റെ സഹായത്താല്‍ പ്രവാചകനും സ്വഹാബികളും രഹസ്യമായി മക്ക കടന്നു. സുഹൈബ് (റ) മക്കയില്‍ തനിച്ചായി.

ഒട്ടകപ്പുറത്തേറി ഹിജ്‌റ ചെയ്യാനൊരുങ്ങിയ സുഹൈബ് (റ) നെ ശത്രുക്കള്‍ വഴിയില്‍ തടഞ്ഞു. സുഹൈബ് (റ) അവരോട് പറഞ്ഞു:’ ഹേ ഖുറൈശികളേ, നിങ്ങള്‍ പുറത്താക്കിയ ആളാണ് ഞാന്‍. അല്ലാഹുവാണ, എന്റെയടുത്തേക്ക് ആരെങ്കിലും വന്നാല്‍ എന്റെ കൈയിലുള്ള അവസാന അമ്പും തീരുന്നത് വരെ ഞാന്‍ പോരാടും. എല്ലാത്തിനെയും വെട്ടിവീഴ്ത്തും ഞാന്‍! ധൈര്യമുള്ളവര്‍ മുന്നിലേക്ക് വാ!. ഇനി നിങ്ങള്‍ക്ക് എന്റെ പണമാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ അത് തിരിച്ച് തരാനും ഞാന്‍ തയ്യാറാണ്’. ഇതുകേട്ട ഖുറൈശികള്‍ അദ്ദേഹത്തോട് പറഞ്ഞു:’ നീ ഇവിടെ വന്നപ്പോള്‍ പരമദരിദ്രനായിരുന്നു. ഇപ്പോള്‍ നിന്റെയടുക്കല്‍ പണമുണ്ട്. ഈ പണവും കൊണ്ടാണോ നീ ഇവിടുന്ന് പോവുന്നത്?’.

അതുകേട്ടതും തന്റെ മുഴുവന്‍ സ്വത്തുവകകളും മക്കയില്‍ തന്നെ ഉപേക്ഷിക്കാന്‍ സുഹൈബ് (റ) തയ്യാറായി. അങ്ങനെ ഒറ്റക്ക് ഏറെ സന്തുഷ്ടവാനായി അദ്ദേഹം തന്റെ ഹിജ്‌റ തുടര്‍ന്നു. ഖുബാഇല്‍ വെച്ച്, പ്രവാചകന്‍ അങ്ങകലെ നിന്നും നടന്നുവരുന്ന സുഹൈബ് (റ) നെ കണ്ടു. ഉടന്‍ പ്രവാചകന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:’ അബൂയഹ്‌യയുടെ കച്ചവടം വിജകരമായിരിക്കുന്നു..അബൂയഹ്‌യയുടെ കച്ചവടം വിജകരമായിരിക്കുന്നു..’.

അപ്പോഴാണ് ആയത്തിറങ്ങിയത്: ‘വേറെ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു’ എന്ന ആയത്ത് ഇറങ്ങിയത്. അതെ, യൗവനത്തില്‍ മക്കയില്‍ നിന്ന് സമ്പാദിച്ച മുഴുവന്‍ സമ്പാദ്യവും സുഹൈബ് (റ) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിറ്റിരിക്കുകയാണ്. അദ്ദേഹത്തിന് അതിലൊരു ഖേദവും തോന്നിയില്ല. ഈമാനുള്ളപ്പോള്‍ എന്ത് പണം, എന്ത് സമ്പാദ്യം?

പ്രവാചകന് സുഹൈബ് (റ) നെ വലിയ ഇഷ്ടമായിരുന്നു. നിര്‍മ്മല ഹൃദയത്തിനുടമ, തഖ്‌വാ നിര്‍ഭരനായ വ്യക്തിത്വം, രസികന്‍ ഇതെല്ലാമായിരുന്നു സുഹൈബ് ബിന്‍ സിനാന്‍ (റ). അതീവ ഉദാരനായിരുന്നു അദ്ദേഹം. സര്‍വതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചു. ആവശ്യക്കാരനെ ചേര്‍ത്തണക്കുന്ന ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും നല്‍കുകയും ചെയ്യുന്ന ആളായിരുന്നു സുഹൈബ് (റ). ഒരിക്കല്‍ ഉമര്‍ (റ) സുഹൈബ് (റ) നോട് ചോദിച്ചു:’ താങ്കള്‍ ധാരാളമായി അഗതികള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ടല്ലോ. ഇത്ര അമിതമാവേണ്ടതുണ്ടോ?. മറുപടിയായി സുഹൈബ് (റ) പറഞ്ഞത് ഇങ്ങനെയായിരുന്നു:’ പ്രവാചകന്‍ (സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്:’ നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭക്ഷണം കഴിപ്പിക്കുന്നവനാണ്’.

ജീവിതകാലത്ത് ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ സുഹൈബ് (റ) ന് സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കാന്‍ സുഹൈബ് (റ) നെ ഉമര്‍ (റ) നിശ്ചയിച്ചത് വലിയ നേട്ടമായിട്ടാണ് അദ്ദേഹം മനസിലാക്കിയിരുന്നത്. സുബ്ഹി നമസ്‌കാരത്തില്‍ അക്രമിയാല്‍ ഉമര്‍ (റ) അക്രമിക്കപ്പെട്ട സമയം. അമീറുല്‍ മുഅ്മിനീന്‍ അന്ത്യത്തോടടുക്കുകയാണ്. വസിയ്യത്തെന്നോണം അദ്ദേഹം പറഞ്ഞു: ‘സുഹൈബ് ഇമാം നില്‍ക്കട്ടെ’.

ഖലീഫയാണ് സാധാരണ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാറുള്ളത്. തനിക്ക് ശേഷം പുതിയ ഖലീഫ നിയമിതനാവുന്നത് വരെ സുഹൈബ് (റ) ഇമാമാവട്ടെ എന്ന് ഉമര്‍ (റ) തീരുമാനിക്കുകയായിരുന്നു. അതില്‍പരം വലിയ നേട്ടമെന്താണ്!. എല്ലാം അല്ലാഹു തന്റെ പ്രിയദാസന്‍ സുഹൈബ് ബിന്‍ സിനാന്‍ (റ) ന് കനിഞ്ഞരുളിയ അനുഗ്രഹങ്ങള്‍ മാത്രം!

വിവ: മുഖ്‍താർ നജീബ്


സ്വഹാബിമാർ – 6 വായിക്കാൻ

Related Articles