Current Date

Search
Close this search box.
Search
Close this search box.

സുഡാനിലെ പട്ടാള അട്ടിമറി

പട്ടാളത്തെ ഭരണത്തിൽ കൂട്ടിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സുഡാനിൽ ഇന്ന് അരങ്ങേറിയ സൈനിക അട്ടിമറി. ഒന്നുകിൽ പട്ടാളം ജനകീയ സർക്കാറിനെ അട്ടിമറിക്കും, അല്ലെങ്കിൽ ഇലക്ഷൻ നടത്താമെന്ന് വാഗ്ദാനം നൽകി ജനകീയ കൗൺസിലിനെ പുറത്താക്കും. രണ്ടും പട്ടാള അട്ടിമറി തന്നെ. ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസി സർക്കാറിനെ അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് അൽ സീസി ചെയ്തതും സുഡാനിൽ ട്രാൻസിഷ്യനൽ സർക്കാറിനെ അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് ബുർഹാൻ എന്ന പട്ടാള മേധാവി നടത്തിയതും കൂ തന്നെ.

വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനെ പിരിച്ചുവിടുന്ന മൂന്നാമതൊരു തരം അട്ടിമറിക്കും ആഫ്രിക്കൻ ഭൂഖണ്ഡം ഈയ്യിടെ സാക്ഷ്യം വഹിച്ചിരുന്നു. അത് തുനീഷ്യയിൽ ആയിരുന്നു. അരാഷ്ട്രീയക്കാരനായ പ്രസിഡന്റ് സഈദ് കൈസാണ് ഇവിടെ വില്ലൻ.

സുഡാനിൽ മൂന്നു പതിറ്റാണ്ടുകാലം ഭരണം കയ്യാളിയ സൈനിക ഭരണാധികാരി ഉമർ ഹസൻ ബഷീറിനെതിരെ 2018-2019ൽ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് 2019 ജനുവരിയിൽ സൈന്യവും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവിധ വിഭാഗങ്ങൾ ചേർന്നുള്ള ഫോഴ്‌സസ് ഓഫ് ഫ്രീഡം ആന്റ് ചെയ്ഞ്ച് അലയൻസ് (എഫ്.എഫ്.സി) എന്ന ജനകീയ കമ്മിറ്റിയും അധികാരം പങ്കിടുന്ന സോവറിൻ കൗൺസിൽ നിലവിൽ വന്നത്.

സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ കൗൺസിൽ തലവനായപ്പോൾ പ്രധാന മന്ത്രി പദവി ജനകീയ കൗൺസിൽ നിർദേശിച്ച പ്രമുഖ സാമ്പത്തിക, ആസൂത്രണകാര്യ വിദഗ്ധൻ അബ്ദുല്ല ഹംദോക്കിന് ലഭിച്ചു. മാഞ്ചസ്റ്റർ സർവ്വകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഹംദോക്ക് 1981 മുതൽ 87 വരെ സുഡാന്റെ ധനകാര്യ സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.

സൈന്യത്തിന് മേൽകയ്യുള്ള ഭരണമാണ് കഴിഞ്ഞ രണ്ടു വർഷമായി സുഡാനിൽ നടന്നുവരുന്നത്. ഇതിൽ ജനങ്ങൾ അസ്വസ്ഥരായിരുന്നു. 2022ൽ പൊതു തെരഞ്ഞെടുപ്പ് നടത്തി ജനകീയ സർക്കാരിന് ഭരണം കയ്യാളുമെന്നായിരുന്നു സൈനിക മേധാവി നൽകിയ ഉറപ്പ്. ഭരണകൂടത്തിന്റെ നയനിലപാടുകളിൽ പ്രതിഷേധിച്ച് കുറച്ചുകാലമായി ജനങ്ങൾ പ്രക്ഷോഭത്തിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയും നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ പിന്നാലെയാണ് സൈന്യത്തിന്റെ അട്ടിമറി. രണ്ടു ദിവസം മുമ്പ് യു.എസ് പ്രത്യേക ദൂതൻ ജെഫ്രി ഫെൽറ്റ്മാന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ സൈനിക മേധാവിയും ഹംദോക്കുമായി എത്തിയ കരാറിനു വിരുദ്ധമായാണ് പട്ടാള അട്ടിമറി. പ്രധാനമന്ത്രിയെ തടവിലാക്കിയ പട്ടാള മേധാവി ഇപ്പോൾ പറയുന്നത് 2023ൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ്.

അതു നടക്കുമോ, ജനകീയ പ്രക്ഷോഭത്തിൽ പട്ടാളം അടിയറവു പറയുമോ എന്നൊന്നും ഇപ്പോൾ പറയാറായിട്ടില്ല. ദീർഘകാലം സൈനിക ഭരണത്തിൽ കഴിഞ്ഞ രാജ്യമാണ് സുഡാൻ. എന്നാൽ, മുൻ പട്ടാള മേധാവി ഉമർ ബഷീർ ചെയ്യാത്തതും സുഡാൻ ജനത ഇഷ്ടപ്പെടാത്തതുമായ പല കാര്യങ്ങളും അബ്ദുൽ ഫത്താഹ് ബുർഹാന്റെ കീഴിലുള്ള ഭരണകൂടം നടപ്പിൽ വരുത്തിയിരുന്നു. അതിൽ ഏറ്റവും ഗൗരവമുള്ളതായിരുന്നു ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച നടപടി. 1967 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നുവരെ ഖർത്തൂം ആതിഥ്യമരുളിയ മൂന്നാമത് അറബ് ലീഗ് ഉച്ചകോടി പാസ്സാക്കിയ പ്രമേയമാണ് ഇസ്രായിലിനോടുള്ള മൂന്ന് ‘നോ’കൾ- ‘No to peace with Israel, no to recognition of Israel and no to negotiations with Israel’. അത് അട്ടിമറിച്ച പാരമ്പര്യമാണ് പട്ടാള മേധാവി ബുർഹാനും അതിനു കൂട്ടുനിന്ന സ്ഥാനഭ്രഷ്ടനായ പ്രധാന മന്ത്രി അബ്ദല്ല ഹംദോക്കിനുമുള്ളത് എന്നതും മറന്നുകൂടാ.

മാലി, ഗീനിയ, ഛാഡ്… ഈ വർഷം പട്ടാള അട്ടിമറി അരങ്ങേറിയ ആഫ്രിക്കൻ രാജ്യങ്ങളാണിത്. അക്കൂട്ടത്തിൽ ഇനി സുഡാനും. നൈജറിൽ ഇക്കഴിഞ്ഞ മാർച്ചിൽ അട്ടിമറി ശ്രമം പരാജയപ്പെടുകയായിരുന്നു. ഗിനിയയിൽ ജനങ്ങളെ വെറുപ്പിച്ച ഏകാധിപതിയെയാണ് സൈന്യം പുറന്തള്ളിയതെങ്കിൽ ഛാഡിൽ സ്വേഛാധിപതിയായ ഭരണാധികാരി പ്രസിഡന്റ് ഇദ്‌രീസ് ദെബിയെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. എന്നാൽ ഇദ്‌രീസിന്റെ മരണത്തിനു പിന്നാലെ മകൻ അവിടെ അധികാരത്തിലേറി. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏകാധിപതികൾക്ക് ജനാധിപത്യം ഉൽഘോഷിക്കുന്ന അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെ സർവ്വ പിന്തുണയുമുണ്ട് എന്നതാണ് വലിയ തമാശ.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles