Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം

കുഞ്ഞിക്കണ്ണൻ എഴുതുന്നു”മൗദൂദിസത്തിൻറെ പ്രത്യയശാസ്ത്ര സംഘടനാ ശൃംഖലകളിൽ നിന്നുതന്നെയാണ് സദാചാര പോലീസിംഗും ഭീകര വിധ്വംസക പ്രവർത്തനങ്ങൾ പരിപാടിയാക്കിയിരിക്കുന്ന പല പേരുകളിലും രൂപത്തിലുമുള്ള തീവ്രവാദസംഘങ്ങൾ പൊട്ടിമുളച്ചു ഭീഷണിയായി വളർന്നിട്ടുള്ളതെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.”(പുറം: 39)

ഇവിടെ പറഞ്ഞ നിരീക്ഷകർ കുഞ്ഞിക്കണ്ണനും അയാളുടെ പാർട്ടിക്കാരുമായിരിക്കും. അവർക്കല്ലേ ഇത്തരം നട്ടാൽ മുളക്കാത്ത നുണകൾ എഴുന്നള്ളിക്കാൻ കഴിയുകയുള്ളൂ.

വ്യവസ്ഥാപിത ഭരണകൂടങ്ങളിള്ളിടത്തൊന്നും വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നിയമം കയ്യിലെടുക്കാൻ പാടില്ലെന്ന് ഖുർആനികാധ്യാപനങ്ങളുടെ വെളിച്ചത്തിൽ പ്രബോധനം ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതിനാൽ സദാചാര പോലീസിംഗിലോ ഭീകര വിധ്വംസക പ്രവർത്തനത്തിലോ ഏർപ്പെട്ട ഒരു ജമാഅത്ത്കാരനെയെങ്കിലും ഹാജരാക്കാൻ കുഞ്ഞിക്കണ്ണനെ വെല്ലുവിളിക്കുന്നു. അദ്ദേഹം വിചാരിക്കുന്നുണ്ടാവും; എല്ലാവരും കമ്യൂണിസ്റ്റുകാരെപ്പോലെ വിധ്വംസകരും ഭീകര പ്രവർത്തകരുമാണെന്ന്. എന്നാൽ കുഞ്ഞിക്കണ്ണന് തെറ്റി. അക്കൂട്ടത്തിൽ പെട്ട ആരും ഞങ്ങളിലില്ല.

“ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിക്കാർ ഹുകൂമതെ ഇലാഹി എന്ന ദൈവരാജ്യ സ്ഥാപനത്തിൽ നിന്നും ഇഖാമതുദ്ദീൻ എന്നതിലേക്ക് തങ്ങളുടെ ലക്ഷ്യത്തെ പരിമിതപ്പെടുത്തിയിട്ടുള്ളത് മതരാഷ്ട്ര സ്ഥാപനത്തെ സംബന്ധിച്ച അവരുടെ ആശയ ധാരകൾ വിമർശിക്കപ്പെട്ടതോടെയാണെ”ന്ന് കുഞ്ഞിക്കണ്ണൻ എഴുതുന്നു. ജവഹർലാൽ നെഹ്റുവിനെപ്പോലുള്ളവരുടെ കടുത്ത വിമർശനങ്ങളെ തുടർന്നാണ് ഹുകൂമതെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീനാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (പുറം:39)

എന്നാൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ഒരു ദിവസം പോലും ഹുകൂമതെ ഇലാഹി അതിൻറെ ലക്ഷ്യമായി പ്രഖ്യാപിക്കുകയോ എഴുതിവെക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ജമാഅത്ത് വിമർശകൻ എഴുതുന്നു, 1956 ലാണ് ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമതുദ്ദീൻ ആക്കിയതെന്ന്. കമ്മ്യൂണിസ്റ്റുകാരനായതിനാലായിരിക്കാം, ഒരു പുസ്തകം നിറയെ ഇങ്ങനെ കള്ളം എഴുതി വെക്കാൻ കഴിഞ്ഞത്.

ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മത രാഷ്ട്ര സ്ഥാപനമല്ലെന്ന് ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് വ്യക്തമായി തെളിയിച്ചിട്ടുണ്ട്. കുഞ്ഞിക്കണ്ണൻ ആരോപിക്കുന്ന പോലെ ജമാഅത്തെ ഇസ്ലാമി ഒന്നും മറച്ചു വെച്ചിട്ടില്ല. പുരോഗതിയുടെയും സാമ്രാജ്യത്വവിരുദ്ധയുടെയും പദാവലികൾ ആരോടും കടം വാങ്ങേണ്ട ഗതികേട് ജമാഅത്തെ ഇസ്ലാമിക്കില്ല. അതിൻറെ അടിസ്ഥാന ആദർശ വാക്യമായ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്നതിനേക്കാൾ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും സ്വേച്ഛാധിപത്യ വിരുദ്ധവും ഏകാധിപത്യ വിരുദ്ധവും മുതലാളിത്ത വിരുദ്ധവുമായ മറ്റൊരു മുദ്രാവാക്യം ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ ജമാഅത്തെ ഇസ്ലാമി മതപരമായ ധ്രുവീകരണത്തിനുള്ള അവസരമാക്കാൻ ഉപയോഗിച്ചുവെന്നാണ് വിമർശകൻ എഴുതുന്നത്. എന്നാൽ പൗരത്വനിയമ ഭേദഗതിക്കെതിരായ അലയൻസ് എഗൈൻസ്റ്റ് സി. എ.എ., ഏൻ.ആർ.സി.,എൻ.പി.ആർ. എന്ന സമര മുന്നണി രൂപീകരിച്ചത് തന്നെ ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ളവർ ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ വെച്ചാണ്.രവി നായർ, യശ്വന്ത് സിൻഹ, യോഗീന്ദർ യാദവ്, ഹർഷ് മന്ദിർ, സന്ദീപ് പാണ്ഡെ, പ്രൊഫസർ അപൂർവാനന്ദ, ജസ്റ്റിസ് റോസ് ലെ പാട്ടീൽ പോലുള്ളവർ അംഗങ്ങളായ പ്രസ്തുത സമര സമിതി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സആദതുല്ലാ ഹുസൈനി ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതിക്കെതിരായ സമരം നടന്നത് ജമാഅത്ത് ഇസ്ലാമിക്ക് പങ്കുള്ള സമിതിയുടെ ആഹ്വാനപ്രകാരമാണെന്നർത്ഥം. ഇതൊന്നുമറിയാത്ത കുഞ്ഞിക്കണ്ണൻ എന്തൊക്കെയോ എഴുതി വിട്ടിരിക്കുന്നു.

കേരളത്തിലെ സമര മുന്നണിയിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിർത്താൻ ഭരണസ്വാധീനമുപയോഗിച്ച് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് നാണം കെട്ട് പിന്മാറുകയാണല്ലോ സി.പി.എം. ചെയ്തത്.

ഇസ്ലാമിക രാഷ്ട്രത്തിൽ മുസ്ലിംകളല്ലാത്ത പൗരൻമാർക്ക് ജിസ് യ കൊടുക്കേണ്ടി വരുമെന്നൊക്കെയാണ് വിമർശകൻ പറയുന്നത്. ജിസ് യ എന്ത് എന്ന് വേറെ പഠിക്കുക.ഇസ്ലാമിക രാഷ്ട്രത്തിലെ മുസ്‌ലിംകളല്ലാത്ത പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ബാധ്യതകളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. മതേതര രാഷ്ട്രത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ ഒട്ടും കുറവല്ലാത്ത അധികാരാവകാശങ്ങൾ അവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമെന്നതിന് സമകാലീന മുസ്ലിം രാജ്യങ്ങൾ തന്നെ സാക്ഷിയാണ്. അത് എവിടെയും തെളിയിക്കാൻ സാധിക്കും.

ഏതായാലും ജിസ് യ ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കിയതല്ലല്ലോ. കമ്മ്യൂണിസ്റ്റ് നാടുകളിൽ കമ്മ്യൂണിസ്റ്റുകാരല്ലാത്തവർക്ക് തങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കിയാൽ ഉടലിൽ തല തന്നെ ഉണ്ടാവുകയില്ല എന്നതാണല്ലോ എല്ലാ കമ്മ്യൂണിസ്റ്റ് നാടുകളിലെയും അനുഭവം. അങ്ങനെയാണല്ലോ ഒമ്പതര കോടിയെ കൊന്നൊടുക്കിയത്.

Related Articles